ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മൊറോക്കോയിലെ മാരാക്കേഷിൽ നടക്കുന്ന നാലാമത്തെയും അവസാനത്തെയും G20 FMCBG യോഗം പുറത്തിറക്കുന്ന ഔദ്യോഗിക പ്രസ്‌താവന ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും (FMCBG) അംഗീകരിച്ചു

Posted On: 13 OCT 2023 1:57PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 13 ഒക്ടോബർ 2023

അന്താരാഷ്ട്ര നാണയ നിധി-ലോകബാങ്ക് വാർഷിക യോഗങ്ങൾക്കൊപ്പം, ഇന്ത്യൻ അധ്യക്ഷതയ്ക്ക് കീഴിലെ ജി20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) നാലാമത്തെയും അവസാനത്തെയും യോഗം 2023 ഒക്ടോബർ 12-13 തീയതികളിലായി മൊറോക്കോയിലെ മാരാക്കേഷിൽ  നടക്കുകയാണ്.

G20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ഔദ്യോഗിക പ്രസ്‌താവന യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ജി 20 ഉച്ചകോടിയിൽ സമവായത്തിലൂടെ തയ്യാറാക്കിയ നേതാക്കളുടെ ന്യൂ ഡൽഹി പ്രഖ്യാപനത്തിൽ (NDLD) പരാമർശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ FMCBG ഔദ്യോഗിക പ്രസ്‌താവനയിൽ ഉൾക്കൊള്ളുന്നു.

ബഹുമുഖ വികസന ബാങ്കുകളെ (MDBs) ശക്തിപ്പെടുത്തുന്നതിനുള്ള G20 സ്വതന്ത്ര വിദഗ്ധ സംഘത്തിന്റെ  റിപ്പോർട്ടിനെ FMCBG യുടെ ഔദ്യോഗിക പ്രസ്താവന സ്വാഗതം ചെയ്യുന്നു. MDB-കളുടെ വീക്ഷണം, പ്രവർത്തന മാതൃക, സാമ്പത്തിക ശേഷി എന്നിവയിൽ പരിവർത്തനമുണ്ടാകേണ്ടതിന്റെ ആവശ്യകത FMCBG-കൾ അംഗീകരിച്ചു. 1) സ്വകാര്യ മൂലധന സമാഹരണം, 2) മൂലധന പര്യാപ്തതാ ചട്ടക്കൂട് ശുപാർശകളുടെ നിർവ്വഹണം-മൂലധന വർദ്ധന ഉൾപ്പെടെയുള്ള സാമ്പത്തിക ശേഷി വർധിപ്പിക്കൽ, 3) ഒരു സമഗ്ര സംവിധാനമെന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ MDB-കളെ പ്രേരിപ്പിക്കുക എന്നിവയാണ് FMCBG-കൾ പരിഗണിക്കുന്ന മൂന്ന് അടിസ്ഥാന ശിലകൾ. മുന്നോട്ടുള്ള പ്രയാണത്തിൽ, മികച്ചതും ബൃഹത്തും കൂടുതൽ ഫലപ്രദവുമായ MDB കൾ കെട്ടിപ്പടുക്കുന്നതിനുള്ള റിപ്പോർട്ടിലെ ശുപാർശകൾ പ്രാവർത്തികമാക്കാനുള്ള നിരന്തര പ്രവർത്തനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്രിപ്‌റ്റോ ആസ്തികൾ സംബന്ധിച്ച G20 രൂപരേഖയും FMCBG-കൾ സ്വീകരിച്ചു. വിശദവും പ്രവർത്തന-അധിഷ്‌ഠിതവുമായ ഈ രൂപരേഖ ആഗോള നയം ഏകോപിപ്പിക്കാനും ക്രിപ്‌റ്റോ ആസ്തികളിൽ പ്രായോഗിക തന്ത്രങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കാനും സഹായിക്കും. വളർന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും (EMDEs) ഇവ സൃഷ്ടിക്കുന്ന സവിശേഷ സ്വാധീനവും കണക്കിലെടുത്തിട്ടുണ്ട്.

ഇത് കൂടാതെ, ജൂലൈയിലെ FMCBG യോഗത്തിനും G20 ന്യൂ ഡൽഹി നേതാക്കളുടെ ഉച്ചകോടിക്കും ശേഷം പൂർത്തിയാക്കിയ വിവിധ G20 ഫിനാൻസ് ട്രാക്ക് വർക്ക് സ്ട്രീമുകളിൽ നിന്നുള്ള ഫലങ്ങൾ ഔദ്യോഗിക പ്രസ്താവന പ്രതിഫലിപ്പിക്കുന്നു.

G20 യുടെ വരാനിരിക്കുന്ന ബ്രസീലിയൻ അധ്യക്ഷതയെ സ്വാഗതം ചെയ്യുന്ന ഔദ്യോഗിക പ്രസ്താവന ശക്തവും സുസ്ഥിരവും സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച കൈവരിക്കുന്നതിന് ആഗോള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾക്കായി കാക്കുന്നതായും വ്യക്തമാക്കുന്നു.

അന്തിമ G20 FMCBG ഔദ്യോഗിക പ്രസ്താവന ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്:

https://dea.gov.in/sites/default/files/Final%20G20%20FMCBG%20October%202023%20Communique.pdf

അല്ലെങ്കിൽ

 

ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2023/oct/doc20231013260201.pdf

(Release ID: 1967366) Visitor Counter : 106