മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

നിര്‍ണായകവും തന്ത്രപരവുമായ മൂന്ന് ധാതുക്കളുടെ ഖനനത്തിനുള്ള റോയല്‍റ്റി നിരക്കിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി- ലിഥിയം, നിയോബിയം, അപൂർവ ഭൗമ  മൂലകങ്ങള്‍ (ആര്‍ഇഇകള്‍) എന്നിവ.

Posted On: 11 OCT 2023 3:21PM by PIB Thiruvananthpuram

നിര്‍ണായകവും തന്ത്രപരവുമായ 3 ധാതുക്കളുടെ കാര്യത്തില്‍ റോയല്‍റ്റി നിരക്ക് വ്യക്തമാക്കുന്നതിനായി 1957 ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസിപ്പിക്കലും നിയന്ത്രിക്കലും) നിയമത്തിന്റെ ('എംഎംഡിആര്‍ ആക്റ്റ്) രണ്ടാം ഷെഡ്യൂള്‍ ഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. , ലിഥിയം, നിയോബിയം, ആര്‍ഇഇകള്‍ എന്നു ചുരുക്കപ്പേരുള്ള  അപൂർവ ഭൗമ മൂലകങ്ങള്‍ എന്നിവയാണ് അവ.

അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസിപ്പിക്കലും നിയന്ത്രിക്കലും) ഭേദഗതി നിയമം, 2023 ഓഗസ്റ്റ് 17 മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റ് കാര്യങ്ങള്‍ക്കൊപ്പം, ലിഥിയം, നിയോബിയം എന്നിവയുള്‍പ്പെടെ ആറ് ധാതുക്കളെ ഈ ഭേദഗതി ആണവ ധാതുക്കളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തു. അതുവഴി ഈ ധാതുക്കള്‍ക്ക് ലേലത്തിലൂടെ സ്വകാര്യമേഖലയ്ക്ക് ഇളവുകള്‍ അനുവദിക്കുന്നതും ഒഴിവാക്കി. കൂടാതെ, ലിഥിയം, നിയോബിയം, ആര്‍ഇഇകള്‍ (യുറേനിയം, തോറിയം എന്നിവ അടങ്ങിയിട്ടില്ലാത്തത്) ഉള്‍പ്പെടെ 24 നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളുടെ (നിയമത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ഡി-യില്‍ ലിസ്റ്റുചെയ്തിരിക്കുന്ന) ഖനന പാട്ടവും സംയുക്ത ലൈസന്‍സും കേന്ദ്ര ഗവണ്‍മെന്റ് ലേലം ചെയ്യുമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്തു.

റോയല്‍റ്റി നിരക്ക് സംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ഇന്നത്തെ അംഗീകാരം രാജ്യത്ത് ആദ്യമായി ലിഥിയം, നിയോബിയം, ആര്‍ഇഇ എന്നിവയുടെ ബ്ലോക്കുകള്‍ ലേലം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രാപ്തമാക്കും. ധാതുക്കളുടെ റോയല്‍റ്റി നിരക്ക്, ബ്ലോക്കുകളുടെ ലേലത്തില്‍ പങ്കെടുത്തു ലേലം വിളിക്കുന്നവര്‍ക്ക് ഒരു പ്രധാന സാമ്പത്തിക പരിഗണനയാണ്. കൂടാതെ, ഈ ധാതുക്കളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) കണക്കാക്കുന്നതിനുള്ള രീതിയും ഖനി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്, ഇത് ലേല മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സഹായിക്കും.

എംഎംഡിആര്‍ നിയമത്തിന്റെ രണ്ടാം ഷെഡ്യൂള്‍ വിവിധ ധാതുക്കള്‍ക്ക് റോയല്‍റ്റി നിരക്ക് നല്‍കുന്നു. രണ്ടാം ഷെഡ്യൂളിലെ ഇനം നമ്പര്‍ 55, റോയല്‍റ്റി നിരക്ക് പ്രത്യേകമായി നല്‍കിയിട്ടില്ലാത്ത ധാതുക്കളുടെ റോയല്‍റ്റി നിരക്ക് ശരാശരി വില്‍പ്പന വിലയുടെ (എഎസ്പി) 12% ആയിരിക്കും. അതിനാല്‍, ലിഥിയം, നിയോബിയം, ആര്‍ഇഇ എന്നിവയുടെ റോയല്‍റ്റി നിരക്ക് പ്രത്യേകമായി നല്‍കിയിട്ടില്ലെങ്കില്‍, അവരുടെ നിലവിലെ റോയല്‍റ്റി നിരക്ക് എഎസ്പിയുടെ 12% ആയിരിക്കും, ഇത് മറ്റ് നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്. കൂടാതെ, ഈ റോയല്‍റ്റി നിരക്ക് 12% മറ്റ് ധാതു ഉത്പാദക രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല. അതിനാല്‍, ലിഥിയം, നിയോബിയം, ആര്‍ഇഇ എന്നിവയുടെ ന്യായമായ റോയല്‍റ്റി നിരക്ക് ഇനിപ്പറയുന്ന രീതിയില്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു:

(i)      ലിഥിയം - ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ച് വിലയുടെ 3%,

(ii) നിയോബിയം - ശരാശരി വില്‍പ്പന വിലയുടെ 3% (പ്രാഥമികവും ദ്വിതീയവുമായ സ്രോതസ്സുകള്‍ക്ക്),

(iii) REE- അപൂര്‍വ ഭൗമ  ഓക്‌സൈഡിന്റെ ശരാശരി വില്‍പ്പന വിലയുടെ 1%

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ദേശീയ സുരക്ഷയ്ക്കും നിര്‍ണായക ധാതുക്കള്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. 2070-ഓടെ ഊര്‍ജ്ജ സംക്രമണത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും നെറ്റ്-സീറോ എമിഷന്‍ കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും കണക്കിലെടുത്ത് ലിഥിയം, ആര്‍ഇഇ പോലുള്ള നിര്‍ണായക ധാതുക്കള്‍ പ്രാധാന്യം നേടിയിട്ടുണ്ട്. തദ്ദേശീയമായ ഖനനം പ്രോത്സാഹിപ്പിക്കുന്നത് ഇറക്കുമതി കുറയ്ക്കുന്നതിനും അനുബന്ധ വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും രൂപീകരണത്തിനും ഇടയാക്കും. ഈ നിര്‍ദ്ദേശം ഖനനമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) അടുത്തിടെ ആര്‍ഇഇ, ലിഥിയം ബ്ലോക്കുകളുടെ പര്യവേക്ഷണ റിപ്പോര്‍ട്ട് കൈമാറി. കൂടാതെ, ജിഎസ്‌ഐയും മറ്റ് പര്യവേക്ഷണ ഏജന്‍സികളും രാജ്യത്തെ നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കള്‍ക്കായി പര്യവേക്ഷണം നടത്തുന്നു. നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളായ ലിഥിയം, ആര്‍ഇഇ, നിക്കല്‍, പ്ലാറ്റിനം ഗ്രൂപ്പ് ധാതുക്കള്‍, പൊട്ടാഷ്, ഗ്ലോക്കോണൈറ്റ്, ഫോസ്ഫോറൈറ്റ്, ഗ്രാഫൈറ്റ്, മോളിബ്ഡിനം തുടങ്ങിയ ധാതുക്കളുടെ ലേലത്തിന്റെ ആദ്യഘട്ടം ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പരിശ്രമിക്കുകയാണ്.

--NS--



(Release ID: 1966688) Visitor Counter : 147