പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമാരംഭവേളയിൽ (2023 ഒക്ടോബർ 8-10) നടത്തിയ സംയുക്ത പ്രസ്താവന

Posted On: 09 OCT 2023 6:57PM by PIB Thiruvananthpuram

ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ, 2023 ഒക്ടോബർ 8 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. വിദേശകാര്യ - കിഴക്കൻ ആഫ്രിക്കൻ സഹകരണമന്ത്രി ജനുവരി മകാംബ (എംപി), വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് അംഗങ്ങൾ, മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ടാൻസാനിയ വ്യവസായ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും പ്രസിഡന്റ് സാമിയ സുലുഹു ഹസനെ അനുഗമിച്ചു.

പ്രസിഡന്റ് സാമിയ സുലുഹു ഹസന് 2023 ഒക്ടോബർ 9ന് ന്യൂഡൽഹിയിൽ രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ ആചാരപരമായ സ്വീകരണം നൽകി. മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കാൻ അവർ രാജ്ഘട്ട് സന്ദർശിച്ചു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പ്രസിഡന്റ് സാമിയ സുലുഹു ഹസനോടുള്ള ബഹുമാനസൂചകമായി ഔദ്യോഗിക വിരുന്ന് സംഘടിപ്പിക്കുകയും ചെയ്യും.

പ്രസിഡന്റ് സാമിയ സുലുഹു ഹസനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഊഷ്മളവും സൗഹാർദപരവുമായ അന്തരീക്ഷത്തിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി – പ്രാദേശിക - അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ചേർന്നുനിൽക്കുന്നതും സൗഹാർദപരവും സഹകരണപരവുമായ നിലവിലെ ബന്ധങ്ങളെ ഇരുനേതാക്കളും അഭിനന്ദിക്കുകയും, വർഷങ്ങളായി പങ്കിട്ട മൂല്യങ്ങളുടെയും ആദർശങ്ങളുടെയും നീണ്ട ചരിത്രത്താൽ കൂട്ടിയിണക്കപ്പെട്ട കാലങ്ങളായുള്ള പങ്കാളികളാണ് ഇന്ത്യയും ടാൻസാനിയയുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. 2016 ജൂലൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ടാൻസാനിയ സന്ദർശനം ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കി. ഇത് വികസന സഹകരണത്തിന് ഗണ്യമായ ഉത്തേജനം നൽകിയതായും ഇരുവരും പറഞ്ഞു.

സാമ്പത്തിക – സാങ്കേതിക - ശാസ്ത്ര സഹകരണത്തിനായുള്ള പത്താം സംയുക്ത കമ്മീഷന്റെ സഹ അധ്യക്ഷനെന്ന നിലയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അടുത്തിടെ നടത്തിയ സന്ദർശനങ്ങളും, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ നേതൃത്വത്തി‌ലുള്ള പാർലമെന്ററി പ്രതിനിധി സംഘം ടാൻസാനിയയിലേക്ക് നടത്തിയ സന്ദർശനവും നേതാക്കൾ അനുസ്മരിച്ചു. കൂടാതെ, നിരവധി ടാൻസാനിയൻ മന്ത്രിമാരുടെ സമാന സന്ദർശനങ്ങൾ ഈ വർഷം നടന്നു. ഇത്തരം ഉന്നതതല സന്ദർശനങ്ങൾ ടാൻസാനിയയും ഇന്ത്യയും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന് ഊർജം പകർന്നതായി ഇരുനേതാക്കളും സമ്മതിച്ചു.

പ്രസിഡന്റ് സാമിയ സുലുഹു ഹസൻ 2023 ഒക്ടോബർ 10ന് നടക്കുന്ന ഇന്ത്യ-ടാൻസാനിയ വ്യാവസായിക–നിക്ഷേപ ഫോറത്തിൽ പങ്കെടുക്കും. അതിൽ ഇന്ത്യൻ-ടാൻസാനിയൻ വ്യവസായസമൂഹത്തെ അവർ അഭിസംബോധന ചെയ്യും. പ്രധാനപ്പെട്ട ഇന്ത്യൻ വ്യവസായ പ്രമുഖരുമായി അവർ വ്യക്തിപരമായ കൂടിക്കാഴ്ചകളും (B2B) നടത്തും.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുമായി, ഇന്ത്യ-ടാൻസാനിയ ബന്ധം ‘തന്ത്രപരമായ പങ്കാളിത്ത’ത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നതായി ഇരു നേതാക്കളും പ്രഖ്യാപിച്ചു. സമുദ്രസുരക്ഷ, പ്രതിരോധ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ സംയുക്തമായി പ്രവർത്തിക്കാൻ തന്ത്രപരമായ പങ്കാളിത്തം ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു.

സന്ദർശനവേളയിൽ, വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. അനുബന്ധം എ ആയി പട്ടിക ചേർത്തിട്ടുണ്ട്.

രാഷ്ട്രീയ ബന്ധങ്ങൾ

ഇൻഡോ-പസഫിക്കിനായുള്ള കാഴ്ചപ്പാട്, ഇന്ത്യൻ മഹാസമുദ്ര റിം അസോസിയേഷന്റെ ഇൻഡോ-പസഫിക് വീക്ഷണം നടപ്പാക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിൽ വർധിച്ചുവരുന്ന ഉഭയകക്ഷി രാഷ്ട്രീയ ഇടപെടലിലും തന്ത്രപരമായ സംഭാഷണത്തിലും ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയും ടാൻസാനിയയും വ്യാപാരത്തിന്റെ നീണ്ട ചരിത്രവും ജനങ്ങൾ തമ്മിലുള്ള ബന്ധവുമുള്ള സമുദ്ര അയൽക്കാരാണെന്നും അതിനാൽ ‘സാഗർ’ (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൽ ടാൻസാനിയക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും ചൂണ്ടിക്കാട്ടി. ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്‌ക്കായി നീല/സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ആഫ്രിക്കയിൽ സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള ആഫ്രിക്കൻ യൂണിയൻ കാഴ്ചപ്പാട് ‘സാഗർ’ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെ ഇരുപക്ഷവും പ്രോത്സാഹിപ്പിച്ചു. വലിയ പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിനുള്ള അനുഭവങ്ങൾ പങ്കിടുന്നതിനായി ഇന്ത്യയിൽ നടക്കുന്ന വാർഷിക മാനുഷിക ദുരന്തനിവാരണ സഹായ (എച്ച്എഡിആർ) പരിശീലനങ്ങളിൽ ടാൻസാനിയയുടെ പങ്കാളിത്തത്തെ അവർ സ്വാഗതം ചെയ്തു.

വിദേശകാര്യ മന്ത്രിതലത്തിലുള്ള സംയുക്ത കമ്മീഷൻ സംവിധാനത്തിലൂടെയും നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിലൂടെയും ഉന്നതതല രാഷ്ട്രീയ ചർച്ചകൾ തുടരാൻ ഇരുപക്ഷവും സമ്മതിച്ചു. തങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നയ ആസൂത്രണ സംഭാഷണം ആരംഭിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

പ്രതിരോധ സഹകരണം

2023 ജൂണ്‍ 28നും 29നും അരുഷയില്‍ രണ്ടാമത് സംയുക്ത പ്രതിരോധ സഹകരണ സമിതി യോഗം വിജയകരമായി നടന്നതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.

2022 ഓഗസ്റ്റിലും, 2023 ഫെബ്രുവരിയിലും ടാന്‍സാനിയയിലെ പ്രതിരോധ മന്ത്രിമാരുടെ വിജയകരമായ ഇന്ത്യന്‍ സന്ദര്‍ശനങ്ങളെ ഇരുപക്ഷവും അനുസ്മരിച്ചു. പ്രതിരോധ സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. ദുലുട്ടിയിലെ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ് ടീമിനെ (ഐഎംടിടി) വിന്യസിച്ചതിനെ ടാന്‍സാനിയ അഭിനന്ദിച്ചു.

ദാര്‍ എസ് സലാമില്‍ 2022 മെയ് 31നും 2023 ഒക്ടോബര്‍ രണ്ടിനും രണ്ട് തവണയായി സംഘടിപ്പിച്ച പ്രതിരോധ എക്‌സ്‌പോയിലെ ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ സാന്നിധ്യം പരിഗണിച്ച് പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള താൽപ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. ടാന്‍സാനിയന്‍ സേനയുടെയും വ്യവസായത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.

സമുദ്ര സുരക്ഷ

സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍ ഏകദേശം സമാനമായ വെല്ലുവിളികള്‍ സമുദ്രസുരക്ഷയുടെ കാര്യത്തില്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുപക്ഷവും ധാരണയായി. 2023 ജൂലൈയില്‍ ഇന്ത്യന്‍ നാവിക കപ്പല്‍ ത്രിശൂല്‍, സാന്‍സിബാറും ദാർ എസ് സലാമും സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ആദ്യത്തെ ഇന്ത്യ-ടാന്‍സാനിയ സംയുക്ത പ്രത്യേക സാമ്പത്തിക മേഖല നിരീക്ഷണ അഭ്യാസത്തില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. 2022 ഒക്ടോബറില്‍ ഇന്ത്യന്‍ നാവിക കപ്പല്‍ തര്‍കാഷിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ടാന്‍സാനിയയും ഉഭയകക്ഷി സമുദ്രാഭ്യാസം നടത്തിയതായും അവർ ചൂണ്ടിക്കാട്ടി.

പ്രധാന തുറമുഖങ്ങളില്‍ സമീപ വര്‍ഷങ്ങളിലായി ഇന്ത്യ നടത്തിയ ടാന്‍സാനിയയിലെ ഹൈഡ്രോഗ്രാഫിക് സര്‍വേകളെ ടാന്‍സാനിയ അഭിനന്ദിച്ചു. അതോടൊപ്പം, ഈ മേഖലയിലെ സഹകരണം തുടരാനും ഇരുപക്ഷവും സമ്മതിച്ചു.

രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങൾ തമ്മിലുള്ള പരസ്പരപ്രവർത്തനക്ഷമത വര്‍ധിപ്പിക്കുന്നതി നെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. ഇന്ത്യന്‍ കപ്പലുകളുടെ ടാന്‍സാനിയന്‍ തുറമുഖങ്ങളിലേക്കുള്ള പതിവ്  സന്ദര്‍ശനങ്ങള്‍ പരാമർശിക്കുകയും 2022 ഒക്ടോബറില്‍ ഇന്ത്യന്‍ നാവിക കപ്പലായ തര്‍കാഷ് സന്ദര്‍ശന വേളയില്‍ മൊസാംബിക്ക് ചാനലില്‍ ഇന്ത്യ, ടാന്‍സാനിയ, മൊസാംബിക് എന്നിവര്‍ ഉള്‍പ്പെടുന്ന ആദ്യത്തെ ത്രിരാഷ്ട്ര സമുദ്ര അഭ്യാസം നടത്തിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയും ടാൻസാനിയയും തമ്മിൽ വൈറ്റ് ഷിപ്പിങ് വിവരങ്ങൾ പങ്കിടുന്നതിനുള്ള സാങ്കേതിക കരാറിൽ ഒപ്പുവച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.

നീലസമ്പദ്‌വ്യവസ്ഥ

വിനോദസഞ്ചാരം, സമുദ്രവ്യാപാരം, സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും, സമുദ്രശാസ്ത്ര ഗവേഷണം, കടൽത്തീര ഖനന ശേഷി, സമുദ്രസംരക്ഷണം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെ നീല സമ്പദ് വ്യവസ്ഥയിൽ ഇന്ത്യാ ഗവൺമെന്റുമായി സഹകരിക്കാൻ ടാൻസാനിയ താൽപ്പര്യം പ്രകടിപ്പിച്ചു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഇന്ത്യൻ മഹാസമുദ്ര മേഖല ഉറപ്പാക്കാൻ ഇന്ത്യൻ മഹാസമുദ്ര റിം അസോസിയേഷന്റെ (ഐഒആർഎ) ചട്ടക്കൂടിന് കീഴിൽ സഹകരിക്കാൻ ഇന്ത്യയും ടാൻസാനിയയും ധാരണയായി.

വ്യാപാരവും നിക്ഷേപവും

ഉഭയകക്ഷി വ്യാപാരത്തിന്റെ തോത് വർധിപ്പിക്കാനുള്ള പ്രതിബദ്ധത ഇരുപക്ഷവും പ്രകടിപ്പിക്കുകയും പുതിയ വ്യാപാര മേഖലകൾ കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. വ്യാപാര പ്രതിനിധികളുടെ സന്ദർശനങ്ങൾ, വ്യാവസായിക പ്രദർശനങ്ങൾ, വ്യാവസായിക സമൂഹവുമായുള്ള ആശയവിനിമയം എന്നിവ സംഘടിപ്പിച്ച് വ്യാപാര വ്യാപ്‌തി വിവരങ്ങൾ സമന്വയിപ്പിക്കണമെന്നും ഉഭയകക്ഷി വ്യാപാരവ്യാപ്‌തി കൂടുതൽ വർധിപ്പിക്കുന്നതിന് മുൻകൈയെടുക്കണമെന്നും ഇരുപക്ഷവും ധാരണയായി.

3.74 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന 630 നിക്ഷേപ പദ്ധതികൾ രജിസ്റ്റർ ചെയ്യുകയും 60,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ടാൻസാനിയയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യയെന്ന് ടാൻസാനിയൻ പക്ഷം സമ്മതിച്ചു. ടാൻസാനിയയിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ വ്യവസായികൾക്കിടയിൽ താൽപ്പര്യം വർധിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ടാൻസാനിയയിൽ നിക്ഷേപ പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. ടാൻസാനിയൻ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ ഉറപ്പുനൽകി.

പ്രാദേശിക കറൻസികൾ ഉപയോഗിച്ച് ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാൻ ഇരു നേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചു. പ്രാദേശിക കറൻസികൾ, അതായത് ഇന്ത്യൻ രൂപയും (INR) ടാൻസാനിയൻ ഷില്ലിങ്ങും, ഉപയോഗിച്ച് വ്യാപാരം നടത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ഇന്ത്യയുടെ കേന്ദ്രബാങ്ക്) വഴി തുറന്നിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ടാൻസാനിയയും ഈ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾ ഇതിനകം യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഈ ക്രമീകരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് കൂടിയാലോചനകൾ തുടരാൻ ഇരുപക്ഷവും സമ്മതിച്ചു.

21. ഇന്ത്യയുടെ ഡ്യൂട്ടി ഫ്രീ താരിഫ് മുന്‍ഗണനാ (ഡിഎഫ്റ്റിപി) സ്്കീം ഉപയോഗിച്ച് ടാന്‍സാനിയയില്‍ നിന്നുള്ള 98% ഉല്‍പ്പന്നങ്ങളും താരിഫ് രഹിതമായി ഇറക്കുമതി ചെയ്യുന്ന ബന്ധങ്ങളില്‍ കാര്‍ഷിക മേഖലയിലെ സഹകരണം ശക്തമായ സ്തംഭമായി തുടരുന്നുവെന്ന് ഇരുപക്ഷവും തിരിച്ചറിയുന്നു. ടാന്‍സാനിയന്‍ കശുവണ്ടി, പീജിയണ്‍ പീസ്, സുഗന്ധവ്യഞ്ജനങ്ങള്‍, അവോക്കാഡോ, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ തുടരുന്നു. ഈ മേഖലയിലെ സഹകരണം കൂടുതല്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

വികസന പങ്കാളിത്തം

22. വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍, വിവര വിനിമയ സാങ്കേതികവിദ്യ (ഐസിടി) തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ വികസന പങ്കാളിത്ത സഹായത്തെ ടാന്‍സാനിയ അഭിനന്ദിച്ചു.

23. കുടിവെള്ള അടിസ്ഥാനസൗകര്യം, കൃഷി, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യ ടാന്‍സാനിയയിലേക്ക് നീട്ടിയിട്ടുള്ള 1.1 ബില്യണ്‍ യുഎസ് ഡോളറിലധികം വരുന്ന വായ്പാ പദ്ധതികളില്‍ (എല്‍ഒസി) ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ഒരു ലൈന്‍ ഓഫ് ക്രെഡിറ്റ് സ്‌കീമിലൂടെ ടാന്‍സാനിയയിലെ 24 പട്ടണങ്ങളില്‍ 500 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ജലപദ്ധതികള്‍ നിലവില്‍ നടപ്പാക്കിവരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പൂര്‍ത്തിയായാല്‍, ഈ പ്രദേശങ്ങളിലെ ഏകദേശം 6 ദശലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം എളുപ്പത്തില്‍ ലഭ്യമാക്കും.

24. ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പും ശേഷി കെട്ടിപ്പടുക്കല്‍ പദ്ധതിയും അതിന്റെ മാനവ വിഭവശേഷി വികസനത്തിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് ടാന്‍സാനിയന്‍ പക്ഷം അഭിനന്ദിച്ചു. 2023-24ല്‍ ഇന്ത്യ 450 ഇന്ത്യന്‍ സാങ്കേതിക -സാമ്പത്തിക സഹകരണ (ഐറ്റിഇസി) സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തു. 2023-24 വര്‍ഷത്തേക്ക് ദീര്‍ഘകാല സ്‌കോളര്‍ഷിപ്പുകളുടെ (ഐസിസിആര്‍) എണ്ണം 70 ല്‍ നിന്ന് 85 ആയി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഭാഗം പ്രഖ്യാപിച്ചു. ദക്ഷിണ ലോകത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, സ്മാര്‍ട്ട് തുറമുഖങ്ങള്‍, ബഹിരാകാശം, ബയോടെക്നോളജി, നിര്‍മിതബുദ്ധി, ഏവിയേഷന്‍ മാനേജ്മെന്റ് മുതലായ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ 5 വര്‍ഷ കാലയളവില്‍ ഉപയോഗിക്കുന്നതിനായി ടാന്‍സാനിയയ്ക്കായി 1000 അധിക ഐറ്റിഇസി സ്ലോട്ടുകളും ഇന്ത്യ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഐസിടി വികസനം

25. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഡിജിറ്റല്‍ യുണീക് ഐഡന്റിറ്റി (ആധാര്‍) എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ  കീഴിലുള്ള ബഹിരാകാശ സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും മേഖലകളില്‍ ഇന്ത്യന്‍ പക്ഷം സഹകരണം വാഗ്ദാനം ചെയ്തു.

26. സാന്‍സിബാറിലെ പെമ്പയില്‍ ഒരു തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രം (വിടിസി) സ്ഥാപിക്കുന്നതിനും പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുമുള്ള ഇന്ത്യന്‍ പിന്തുണയെ ടാന്‍സാനിയന്‍ ഭാഗം സ്വാഗതം ചെയ്തു. ടാന്‍സാനിയന്‍ യുവാക്കള്‍ക്ക് പരിശീലനവും നൈപുണ്യ വര്‍ദ്ധനയും നല്‍കുന്നതിനായി ഇന്ത്യയിലെ വൊക്കേഷണല്‍ നൈപുണ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കാമെന്ന് ഇന്ത്യന്‍ പക്ഷം വാഗ്ദാനം ചെയ്തു.

27. ഡാര്‍ എസ് സലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും അരുഷയിലെ നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് & ടെക്‌നോളജിയിലും (എന്‍എംഎഐഎസ്റ്റി) രണ്ട് ഐസിടി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ടാന്‍സാനിയ അഭിനന്ദിച്ചു. എന്‍എംഎഐഎസ്റ്റിയിലെ ഐസിടി കേന്ദ്രം നവീകരിച്ചതിന് ടാന്‍സാനിയന്‍ ഭാഗവും ഇന്ത്യയെ അഭിനന്ദിക്കുന്നു.

സാന്‍സിബാറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് കാമ്പസ്

28. സാന്‍സിബാറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസിന്റെ (ഐഐടി) ആദ്യ വിദേശ കാമ്പസ് സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ഇരു നേതാക്കളും സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മാറാന്‍ സാന്‍സിബാറിലെ ഐഐടിക്ക് കഴിയുമെന്നും അവര്‍ സമ്മതിച്ചു. ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ഈ മാസം ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധതയെ ടാന്‍സാനിയന്‍ പക്ഷം അഭിനന്ദിക്കുകയും സാന്‍സിബാറിലെ ഐഐടിയുടെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

ബഹിരാകാശ സഹകരണം

29. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറക്കിയതിന് ടാന്‍സാനിയന്‍ പക്ഷം ഇന്ത്യന്‍ ഭാഗത്തെ അഭിനന്ദിച്ചു.

30. ടാന്‍സാനിയയ്ക്ക് ബഹിരാകാശ സാങ്കേതിക വിദ്യകളുടെ മേഖലയില്‍ ഇന്ത്യന്‍ പക്ഷം സഹകരണം വാഗ്ദാനം ചെയ്തു, അത് ടാന്‍സാനിയന്‍ ഭാഗം സ്വാഗതം ചെയ്തു.

ആരോഗ്യം

31. ആരോഗ്യമേഖലയിലെ മികച്ച സഹകരണം ഇരുപക്ഷവും ആവര്‍ത്തിച്ചു. 2023 ജൂലൈയില്‍ ടാന്‍സാനിയയിലെ ആരോഗ്യമന്ത്രി ഉമ്മി മ്വാലിമു (എംപി)യും, സാധ്യതകള്‍ ആരാഞ്ഞ് 2022 ഓഗസ്റ്റില്‍ ഇന്ത്യയുടെയും യുഎഇയുടെയും സംയുക്ത പ്രതിനിധി സംഘവും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹകരണത്തിനായി പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

32. രോഗികള്‍ക്ക് വേഗത്തിലുള്ള വൈദ്യസഹായം നല്‍കുന്നതിനും ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്‍മെന്റ് 10 ആംബുലന്‍സുകള്‍ സംഭാവന ചെയ്തതിനെ ടാന്‍സാനിയന്‍ പക്ഷം അഭിനന്ദിച്ചു.

33. റേഡിയേഷന്‍ തെറാപ്പി മെഷീന്‍ സംഭാവന, 'ഭാഭട്രോണ്‍ II', അവശ്യ മരുന്നുകള്‍, 2019 ല്‍ സംഘടിപ്പിച്ച കൃത്രിമ അവയവ ഫിറ്റ്മെന്റ് ക്യാമ്പ് എന്നിവ ഉള്‍പ്പെടെയുള്ള മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ ഉഭയകക്ഷി സഹകരണത്തിന്റെ മികച്ച പ്രവര്‍ത്തന ചരിത്രവും ഇരുപക്ഷവും എടുത്തുകാണിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും സാംസ്‌കാരിക വിനിമയങ്ങളും

34. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം, സാംസ്‌കാരിക വിനിമയം, അക്കാദമിക ബന്ധങ്ങള്‍, ടൂറിസം എന്നിവയുടെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിക്കുകയും ടാന്‍സാനിയന്‍ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്ത ടാന്‍സാനിയയിലെ വന്‍തോതിലുള്ള ഇന്ത്യന്‍ പ്രവാസിക സംഭാവനയെ അവര്‍ അഭിനന്ദിച്ചു.

35. സാംസ്‌കാരിക വിനിമയങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിക്കുകയും 2023-27 കാലഘട്ടത്തിലെ സാംസ്‌കാരിക വിനിമയ പരിപാടിയില്‍ ഒപ്പുവെച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ദേശീയ തലസ്ഥാന മേഖലയായ ഫരീദാബാദിലെ സൂരജ്കുണ്ഡില്‍ 2024 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സൂരജ്കുണ്ഡ് മേളയില്‍ പങ്കാളി രാജ്യമാകാന്‍ ടാന്‍സാനിയയെ ഇന്ത്യന്‍ പക്ഷം ക്ഷണിച്ചു.

36. ഇരുപക്ഷത്തെയും സാംസ്‌കാരിക സംഘങ്ങളുടെ വിനിമയം നടന്നുകൊണ്ടിരിക്കുന്നത് ഇരുപക്ഷവും ശ്രദ്ധിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

37. ടാന്‍സാനിയയില്‍ കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് രണ്ട് കബഡി പരിശീലകരെ നിയോഗിച്ചതിന് ടാന്‍സാനിയന്‍ ടീം ഇന്ത്യാ ഗവണ്‍മെന്റിന് നന്ദി പറഞ്ഞു.

38. ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകളും ചിന്തകരും  തമ്മിലുള്ള അടുത്ത സഹകരണത്തിന് നേതാക്കള്‍ സമ്മതിച്ചു.

പ്രാദേശിക പ്രശ്‌നങ്ങള്‍

39. യഥാക്രമം 2023 ജൂലൈയിലും സെപ്റ്റംബറിലും ആഫ്രിക്കന്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ ഹെഡ്സ് ഓഫ് സ്റ്റേറ്റ് ഉച്ചകോടിയും ആഫ്രിക്ക ഫുഡ് സിസ്റ്റം ഉച്ചകോടിയും നടത്തുന്നതില്‍ വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ഇന്ത്യന്‍ പക്ഷം ടാന്‍സാനിയയെ അഭിനന്ദിച്ചു.

അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍

40. കിഴക്കന്‍ ആഫ്രിക്കന്‍ സമൂഹവുമായി (ഇഎസി) ആശയവിനിമയം വര്‍ധിപ്പിക്കുന്നതില്‍ ടാന്‍സാനിയ നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യന്‍ പക്ഷം നന്ദി പറഞ്ഞു.

41. അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തുചേരലുകള്‍ ഉണ്ടെന്ന് ഇരു നേതാക്കളും അടിവരയിട്ടു. യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഇരുപക്ഷവും സജീവ പങ്കാളിത്തമുണ്ടെന്നും പ്രാദേശിക സുരക്ഷാ സംരംഭങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധിക്കപ്പെട്ടു. സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ (എസ്എഡിസി) ആഭിമുഖ്യത്തില്‍ വിന്യസിച്ച സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ടാന്‍സാനിയ നല്‍കിയ സംഭാവനകള്‍ ഇരുപക്ഷവും ശ്രദ്ധിച്ചു.

42. അംഗത്വത്തിന്റെ രണ്ട് വിഭാഗങ്ങളിലും വിപുലീകരിക്കുന്നതിലൂടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയും ടാന്‍സാനിയയും സമ്മതിച്ചു. 2021-22 കാലയളവിലെ യുഎന്‍എസ്സിയുടെ സ്ഥിരമല്ലാത്ത അംഗമെന്ന നിലയില്‍ ഇന്ത്യയുടെ കാലയളവിലെ പിന്തുണയ്ക്കും 2028-29 ലെ യുഎന്‍എസ്സിയുടെ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ടാന്‍സാനിയയുടെ പിന്തുണയ്ക്കും ഇന്ത്യന്‍ ഭാഗം ടാന്‍സാനിയയെ അഭിനന്ദിച്ചു.

43. വിജയകരമായ ജി20 അധ്യക്ഷത നിര്‍വഹിച്ച ഇന്ത്യയെ ടാന്‍സാനിയന്‍ പക്ഷം അഭിനന്ദിച്ചു, 2023 സെപ്റ്റംബറിലെ ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ അംഗീകരിച്ച ജി20 ന്യൂഡല്‍ഹി നേതാക്കളുടെ പ്രഖ്യാപനം, അതില്‍ ജി20 നേതാക്കള്‍ ആഫ്രിക്കന്‍ യൂണിയനെ ജി20 യുടെ സ്ഥിരാംഗമായി സ്വാഗതം ചെയ്തു. . ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്കുള്ള ടാന്‍സാനിയയുടെ പിന്തുണയെയും 2023 ജനുവരിയില്‍ വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ പങ്കെടുത്തതിനെയും ഇന്ത്യന്‍ പക്ഷം അഭിനന്ദിച്ചു. ജി 20 യിലേക്കുള്ള ആഫ്രിക്കന്‍ യൂണിയന്റെ പ്രവേശനം ആഫ്രിക്കയുടെ ശബ്ദത്തിന്റെ വിപുലീകരണത്തില്‍ ഒരു പ്രധാന ചുവടുവയ്പ്പ് അവതരിപ്പിച്ചതായി ടാന്‍സാനിയന്‍ പക്ഷം അഭിപ്രായപ്പെട്ടു. സാമ്പത്തിക സഹകരണം, ഈ ഉള്‍പ്പെടുത്തലില്‍ നിന്ന് ആഫ്രിക്കക്കു ക്രിയാത്മക നേട്ടമുണ്ടാകും.

44. ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സ് (ഐബിസിഎ), ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് (ജിബിഎ) എന്നിവയില്‍ ചേരാനുള്ള ടാന്‍സാനിയയുടെ തീരുമാനത്തെ ഇന്ത്യന്‍ പക്ഷം സ്വാഗതം ചെയ്യുകയും, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാനസൗകര്യ സഖ്യത്തില്‍ (സിഡിആര്‍ഐ) ടാന്‍സാനിയയുടെ അംഗത്വത്തിനായി കാത്തിരിക്കുകയും ചെയ്തു.

45. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോള്‍, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവര്‍ സമ്മതിച്ചു.

46. തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്  പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ അഭിനന്ദനം അറിയിച്ചു. ഇന്ത്യ സന്ദര്‍ശിച്ചതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനു നന്ദി പറഞ്ഞു. പ്രസിഡന്റിനും ടാന്‍സാനിയയിലെ സൗഹൃദമുള്ള ജനങ്ങള്‍ക്കും അദ്ദേഹം ആരോഗ്യവും സമൃദ്ധിയും ആശംസിച്ചു.
--NS--


(Release ID: 1966149) Visitor Counter : 144