പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു


“ഭൂതകാലത്തിന്റെ പാരമ്പര്യവും വർത്തമാനകാലത്തിന്റെ കരുത്തും ഭാവിയുടെ സാധ്യതകളുമുള്ള സംസ്ഥാനമാണു രാജസ്ഥാൻ”

“രാജസ്ഥാന്റെ വികസനം ഇന്ത്യാഗവണ്മെന്റിന്റെ വലിയ മുൻഗണനയാണ്”

“ധൈര്യത്തോടും പ്രതാപത്തോടും വികസനത്തോടും കൂടി നാം മുന്നേറണമെന്നു രാജസ്ഥാന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു”

“മുൻകാലങ്ങളിൽ നശിപ്പിക്കപ്പെട്ടതും പിന്നാക്കവുമായിരുന്ന മേഖലകളുടെയും വിഭാഗങ്ങളുടെയും വികസനത്തിനാണ് ഇന്നു രാജ്യം മുൻഗണനയേകുന്നത്”



Posted On: 02 OCT 2023 12:21PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മെഹ്‌സാന – ബഠിണ്ഡ - ഗുരുദാസ്പൂർ വാതക പൈപ്പ്‌ലൈൻ, ആബു റോഡിലെ എച്ച്‌പിസിഎല്ലിന്റെ എൽപിജി പ്ലാന്റ്, ഐഒസിഎൽ അജ്മീർ ബോട്ട്‌ലിങ് പ്ലാന്റിലെ അധിക സംഭരണം, റെയിൽവേ- റോഡ് പദ്ധതികൾ, നാഥ്ദ്വാരയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്ഥിരം ക്യാമ്പസ് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

സദസിനെ അഭിസംബോധന ചെയ്യവേ, മഹാത്മാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷികങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഒക്‌ടോബർ ഒന്നിന് രാജ്യത്തുടനീളം നടന്ന ശുചീകരണ യഞ്ജം അദ്ദേഹം ഉയർത്തിക്കാട്ടുകയും അതിനെ ബഹുജനമുന്നേറ്റമാക്കി മാറ്റിയതിന് പൗരന്മാർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ശുചിത്വം, സ്വയംപര്യാപ്തത, മത്സരാധിഷ്ഠിത വികസനം എന്നിവയ്ക്കായുള്ള മഹാത്മാഗാന്ധിയുടെ തത്വങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഗാന്ധിജി മുന്നോട്ടുവച്ച ഈ തത്വങ്ങളുടെ വിപുലീകരണത്തിനായി കഴിഞ്ഞ 9 വർഷമായി രാഷ്ട്രം പ്രവർത്തിച്ചിട്ടുണ്ടെന്നും 7000 കോടിയിലധികം രൂപയുടെ ഇന്നത്തെ വികസന പദ്ധതികളിൽ അതിന്റെ പ്രതിഫലനം കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാതകാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തുടനീളം വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള അഭൂതപൂർവമായ യജ്ഞം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഹ്സാന – ബഠിണ്ഡ – ഗുരുദാസ്പുർ ഗ്യാസ് മേഖലയിലെ പാലി-ഹനുമാൻഗഢ് വിഭാഗം ഇന്ന് നാടിനു സമർപ്പിച്ചു. ഇത് രാജസ്ഥാനിൽ വ്യവസായവും തൊഴിലവസരങ്ങളും വർധിപ്പിക്കും.  ഇത് അടുക്കളകളിൽ പൈപ്പിലൂടെ പാചകവാതകം എത്തിക്കാനുള്ള യജ്ഞത്തിന് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ റെയിൽവേ-റോഡ് അനുബന്ധ പദ്ധതികളെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി അവ മേവാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നു വ്യക്തമാക്കി. ഇതു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐഐടി ക്യാമ്പസ് വികസിപ്പിക്കുന്നതോടെ വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ കോട്ടയുടെ പ്രതിച്ഛായയ്ക്കു കരുത്താർജിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂതകാലത്തിന്റെ പാരമ്പര്യവും വർത്തമാനകാലത്തിന്റെ കരുത്തും ഭാവിയുടെ സാധ്യതകളുമുള്ള സംസ്ഥാനമാണ് രാജസ്ഥാൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു. നാഥ്ദ്വാര വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ജയ്‌പുരിലെ ഗോവിന്ദ് ദേവ്‌ജി ക്ഷേത്രവും സീക്കറിലെ ഖാട്ടൂ ശ്യാം ക്ഷേത്രവും രാജ്‌സമന്ദിലെ നാഥ്ദ്വാരയും ഉൾപ്പെടുന്ന വിനോദസഞ്ചാര മണ്ഡലത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടി. ഇത് രാജസ്ഥാന്റെ യശസ്സ് വർധിപ്പിക്കും. വിനോദസഞ്ചാര വ്യവസായത്തിന് ഗുണമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ചിത്തോർഗഢിനടുത്തുള്ള ശ്രീകൃഷ്ണനായി സമർപ്പിച്ച സാവരിയ സേഠ് ക്ഷേത്രം ആത്മീയതയുടെ കേന്ദ്രമാണ്”- ഓരോ വർഷവും ലക്ഷക്കണക്കിനു തീർഥാടകർ സാവരിയ സേഠിനെ ആരാധിക്കാൻ എത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘സ്വദേശ് ദർശൻ’ പദ്ധതിപ്രകാരം ക്ഷേത്രത്തിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, വ്യാപാരി ഉടമകളുടെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം എടുത്തുകാട്ടി. ജല ലേസർ പ്രദർശനം, വിനോദസഞ്ചാര സൗകര്യകേന്ദ്രം, ആംഫി തിയേറ്റർ, ഭക്ഷണശാല എന്നിവ അദ്ദേഹം ഉദാഹരണമാക്കി. ഇത്തരം കാര്യങ്ങൾ തീർഥാടകർക്കു കൂടുതൽ സൗകര്യങ്ങളേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജസ്ഥാന്റെ വികസനം ഇന്ത്യാ ഗവണ്മെന്റിന്റെ വലിയ മുൻഗണനയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാജസ്ഥാനിലെ അതിവേഗപാതകൾ, ദേശീയ പാതകൾ, റെയിൽവേകൾ തുടങ്ങിയ ആധുനിക അടിസ്ഥാനസൗകര്യങ്ങളിൽ ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഡൽഹി-മുംബൈ അതിവേഗപാതയോ അമൃത്‌സർ-ജാംനഗർ അതിവേഗപാതയോ ഏതുമാകട്ടെ, രാജസ്ഥാനിലെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് ഇവയെല്ലാം പുതിയ ശക്തിയേകും”. അടുത്തിടെ ഫ്ലാഗ് ഓഫ് ചെയ്ത ഉദയ്‌പുർ-ജയ്‌പുർ വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭാരത്‌മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒന്നാണു രാജസ്ഥാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ധൈര്യത്തോടും പ്രതാപത്തോടും വികസനത്തോടും കൂടി നാം മുന്നേറണമെന്നു രാജസ്ഥാന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. “ഇന്നത്തെ ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഏവരുടെയും പ്രയത്നത്താൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാം ഏർപ്പെട്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ നശിപ്പിക്കപ്പെട്ടതും പിന്നാക്കവുമായിരുന്ന മേഖലകളുടെയും വിഭാഗങ്ങളുടെയും വികസനത്തിനാണ് ഇന്നു രാജ്യത്തിന്റെ മുൻഗണന”- പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തു വിജയകരമായി പ്രവർത്തിക്കുന്ന വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പരിപാടിയെ പരാമർശിച്ച പ്രധാനമന്ത്രി, മേവാർ മേഖലയിലെയും രാജസ്ഥാനിലെയും നിരവധി ജില്ലകൾ ഈ യജ്ഞത്തിനു കീഴിൽ വികസിപ്പിക്കുന്നുണ്ടെന്നു വ്യക്തമാക്കി. ഒരുപടികൂടി കടന്ന്, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾ കണ്ടെത്തുന്നതിലും അവയുടെ ദ്രുതഗതിയിലുള്ള വികസനത്തിലും കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ രാജസ്ഥാനിലെ പല ബ്ലോക്കുകളും ഈ യജ്ഞത്തിനു കീഴിൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്കു മുൻഗണന നൽകുന്നതിനായി ‘ഊർജസ്വല​ഗ്രാമം’ (Vibrant Village) പരിപാടിക്കും കേന്ദ്ര ഗവണ്മെന്റ് തുടക്കമിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. “അവസാനമായി കണക്കാക്കപ്പെട്ടിരുന്ന അതിർത്തി ഗ്രാമങ്ങളെ ഞങ്ങൾ ഇപ്പോൾ ആദ്യത്തെ ഗ്രാമങ്ങളായി കണക്കാക്കി വികസിപ്പിക്കുകയാണ്. രാജസ്ഥാനിലെ നിരവധി അതിർത്തി ഗ്രാമങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നുറപ്പാണ്” - ശ്രീ മോദി പറഞ്ഞു.

പശ്ചാത്തലം

വാതകാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പായി, മെഹ്‌സാന – ബഠിണ്ഡ - ഗുരുദാസ്പുർ വാതക പൈപ്പ്‌ലൈൻ പ്രധാനമന്ത്രി സമർപ്പിച്ചു. ഏകദേശം 4500 കോടി രൂപ ചെലവഴിച്ചാണ് പൈപ്പ്‌ലൈൻ സ്ഥാപിച്ചത്. ആബു റോഡിലെ എച്ച്പിസിഎല്ലിന്റെ എൽപിജി പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഈ പ്ലാന്റ് പ്രതിവർഷം 86 ലക്ഷം സിലിൻഡറുകൾ നിറച്ച് വിതരണം ചെയ്യും. കൂടാതെ പ്രതിവർഷം സിലിൻഡറുകൾ കൊണ്ടുപോകുന്ന ട്രക്കുകളുടെ ഓട്ടത്തിൽ ഏകദേശം 0.75 ദശലക്ഷം കിലോമീറ്റർ കുറയ്ക്കുകയും ചെയ്യും. ഇത് പ്രതിവർഷം 0.5 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. ഐഒസിഎൽ, അജ്മീർ ബോട്ടിലിങ് പ്ലാന്റിലെ അധിക സംഭരണ സംവിധാനവും അദ്ദേഹം നാടിനു സമർപ്പിച്ചു.

1480 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ദാറാ-ഝാലാവാർ-തീൻധാർ ഭാഗത്ത് ദേശീയ പാത 12ലെ (പുതിയ ദേശീയ പാത-52) നാലുവരിപ്പാത പ്രധാനമന്ത്രി സമർപ്പിച്ചു. കോട്ട, ഝാലാവാർ ജില്ലകളിൽ നിന്നുള്ള ഖനികളിലെ ഉൽപ്പന്നങ്ങളുടെ ഗതാഗതം സുഗമമാക്കാൻ ഈ പദ്ധതി സഹായിക്കും. കൂടാതെ, സവായ് മാധോപുരിൽ റെയിൽവേ മേൽപ്പാലം (ആർഒബി) രണ്ടുവരിയിൽ നിന്ന് നാലുവരി പാതയാക്കുന്നതിനും വീതികൂട്ടുന്നതിനുമുള്ള തറക്കല്ലിടലും നടക്കും. ഗതാഗതക്കുരുക്കിൽ നിന്ന് ആശ്വാസമേകാൻ ഈ പദ്ധതി സഹായിക്കും.

പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച റെയിൽവേ പദ്ധതികളിൽ ചിത്തോർഗഢ് - നീമച്ച് റെയിൽ പാതയുടെയും വൈദ്യുതവൽക്കരിച്ച കോട്ട – ചിത്തോർഗഢ് റെയിൽ പാതയുടെയും ഇരട്ടിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. 650 കോടിയിലധികം രൂപ ചെലവിൽ പൂർത്തിയാക്കിയ ഈ പദ്ധതികൾ മേഖലയിലെ റെയിൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തും. രാജസ്ഥാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിനും ഇവ പ്രോത്സാഹനമേകും.

‘സ്വദേശ് ദർശൻ’ പദ്ധതിക്കു കീഴിൽ നാഥ്ദ്വാരയിൽ വികസിപ്പിച്ച വിനോദസഞ്ചാര സൗകര്യങ്ങൾ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. വല്ലഭാചാര്യൻ പ്രചാരമേകിയ ‘പുഷ്ടിമാർഗി’ന്റെ ദശലക്ഷക്കണക്കിന് അനുയായികളുടെ പ്രധാന വിശ്വാസകേന്ദ്രമാണ് നാഥ്ദ്വാര. വിനോദസഞ്ചാരികൾക്ക് ശ്രീനാഥ്ജിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അനുഭവിക്കാൻ കഴിയുന്ന ആധുനിക ‘വിനോദസഞ്ചാര വ്യാഖ്യാന-സാംസ്കാരിക കേന്ദ്രം’ നാഥ്ദ്വാരയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്ഥിരം ക്യാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

 

 

***

--NS--

(Release ID: 1963184) Visitor Counter : 87