പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ബോഡേലിയിൽ 5200 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

‘മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴിൽ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

‘വിദ്യാ സമീക്ഷ കേന്ദ്ര 2.0’ക്കും വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു

“ഞങ്ങളെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവർക്കുള്ള വീട് വെറും എണ്ണമല്ല; മറിച്ച് അന്തസ് പ്രാപ്തമാക്കുന്നതാണ്”

“ഗിരിവർഗ മേഖലയിൽ നിന്നുള്ള യുവാക്കൾക്ക് അവസരങ്ങൾ നൽകി അർഹത പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”

“ഛോട്ടാ ഉദയ്പൂർ ഉൾപ്പടെയുള്ള മുഴുവൻ ഗിരിവർഗ മേഖലകളിലെയും അമ്മമാരോടും സഹോദരിമാരോടും നിങ്ങളുടെ ഈ മകൻ നിങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനാണ് വന്നിരിക്കുന്നതെന്ന് പറയാനാണ് ഞാൻ വന്നത്”



Posted On: 27 SEP 2023 3:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലെ ബോഡേലിയിൽ 5200 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ‘മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴിൽ 4500 കോടി രൂപയിലധികം വരുന്ന ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും, ‘വിദ്യാ സമീക്ഷ കേന്ദ്ര 2.0’ന്റെ തറക്കല്ലിടലും മറ്റ് വിവിധ വികസന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

സദസിനെ അഭിസംബോധന ചെയ്യവെ, ഈ പ്രദേശവുമായുള്ള ദീർഘകാല ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്തതും തറക്കല്ലിട്ടതുമായ പദ്ധതികളിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഒരു കാര്യകർത്താവ് എന്ന നിലയിൽ ഈ  പ്രദേശത്തെ ഗ്രാമങ്ങളിലെ തന്റെ ദിവസങ്ങളും സമയവും അദ്ദേഹം ഓർത്തു. പരിചിതമായ പല മുഖങ്ങളെയും സദസിൽ കണ്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദേശത്തെ ഗിരിവർഗ സമൂഹത്തിന്റെ സാഹചര്യങ്ങളും ജീവിതവും തനിക്ക് വളരെ അടുത്തറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുമ്പോൾ ഈ പ്രദേശവും മറ്റ് ഗിരിവർഗ മേഖലകളും വികസിപ്പിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് അദ്ദേഹം സദസിനോട് പറഞ്ഞു. തന്റെ ഭരണകാലത്ത് ആരംഭിച്ച നിരവധി പദ്ധതികളുടെ ഗുണപരമായ സ്വാധീനം കാണുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ആദ്യമായി സ്‌കൂൾ കണ്ട അന്നത്തെ കുട്ടികൾ ഇന്ന് അധ്യാപകരായും എൻജിനിയർമാരായും ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

സ്‌കൂളുകൾ, റോഡുകൾ, പാർപ്പിടം, ജലലഭ്യത എന്നിവയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇവയെല്ലാം സമൂഹത്തിലെ ദരിദ്ര വിഭാഗത്തിന്റെ അന്തസ്സുറ്റ ജീവിതത്തിന്റെ അടിസ്ഥാനമാണെന്നും ഇവ ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കാനുള്ള തന്റെ മുൻഗണനകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമിച്ചു നൽകിയതായി അദ്ദേഹം അറിയിച്ചു. “ഞങ്ങളെ സംബന്ധിച്ചിടത്തോളം, പാവപ്പെട്ടവർക്കുള്ള വീട് വെറും എണ്ണത്തിനല്ല; മറിച്ച് അന്തസ് പ്രാപ്തമാക്കുന്നതാണ്”- അദ്ദേഹം പറഞ്ഞു. ഈ വീടുകളുടെ രൂപകൽപ്പന സംബന്ധിച്ച തീരുമാനം ഗുണഭോക്താക്കൾക്ക് വിട്ടതായും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം വീടുകളും വീട്ടിലെ സ്ത്രീകളുടെ പേരിലാണ് എന്ന വസ്തുതയും അദ്ദേഹം സൂചിപ്പിച്ചു. അതുപോലെ, ജീവിതം സുഗമമാക്കുന്നതിന് എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നു. ജൽ ജീവൻ ദൗത്യത്തിനു കീഴിൽ 10 കോടി പുതിയ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജോലി ചെയ്തപ്പോൾ ലഭിച്ച അനുഭവം ദേശീയ തലത്തിലും ഗുണം ചെയ്യുന്നുണ്ട‌െന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞു. “നിങ്ങളാണ് എന്റെ ഗുരുക്കന്മാർ”- അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇന്നത്തെ പദ്ധതികള്‍ ഗുജറാത്തിനെ ഒന്നാമതെത്തിക്കാനുള്ള വലിയ ചുവടുവയ്പ്പാണെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിന്റെ മുഴുവന്‍ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സും വിദ്യാ സമീക്ഷ 2.0യും സ്‌കൂളിലെ വിദ്യാഭ്യാസത്തില്‍ നല്ല സ്വാധീനം ചെലുത്തും, പ്രധാനമന്ത്രി മോദി പറഞ്ഞു. വിദ്യാ സമീക്ഷ കേന്ദ്രങ്ങളെക്കുറിച്ച് ലോകബാങ്ക് ചെയര്‍മാനുമായുള്ള ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയിലെ എല്ലാ ജില്ലകളിലും വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചെയര്‍മാന്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായും മഹത്തായ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ ലോകബാങ്ക് തയ്യാറാണെന്നും ശ്രീ മോദി അറിയിച്ചു. കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിഭവങ്ങളില്ലാത്തവര്‍ക്കും ഇത്തരം സംരംഭങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം അടിവരയിട്ടു. 'ആദിവാസി മേഖലയില്‍ നിന്നുള്ള യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് മെറിറ്റ് പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്',

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും ഗവണ്‍മെന്റിന്റെ ശ്രദ്ധ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്ക് മുമ്പ്, സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകരുടെയും മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം വന്‍തോതില്‍ കൊഴിഞ്ഞുപോക്കിലേക്ക് നയിച്ചത് - പധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ഒരു സയന്‍സ് സ്‌കൂള്‍ ഇല്ലായിരുന്നു.'സര്‍ക്കാര്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും മാറ്റിമറിച്ചിരിക്കുന്നു'. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ 2 ലക്ഷം അധ്യാപകരെ റിക്രൂട്ട് ചെയ്തതായും 1.25 ലക്ഷത്തിലധികം ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതായും ശ്രീ മോദി അറിയിച്ചു. ആദിവാസി മേഖലകളില്‍, ശാസ്ത്ര, വാണിജ്യ, കലാ സ്ഥാപനങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയ്ക്ക് കഴിഞ്ഞ രണ്ട് ദശകങ്ങളായി സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആദിവാസി മേഖലകളില്‍ സര്‍ക്കാര്‍ 25,000 ക്ലാസ് മുറികളും 5 പുതിയ മെഡിക്കല്‍ കോളേജുകളും നിര്‍മ്മിച്ചിട്ടുണ്ടെന്നും ഗോവിന്ദ് ഗുരു സര്‍വകലാശാലയുടെയും ബിര്‍സ മുണ്ട സര്‍വകലാശാലയുടെയും ഉദാഹരണം അദ്ദേഹം പറഞ്ഞു. ഈ മേഖലകളില്‍ നിരവധി നൈപുണ്യ വികസന സ്ഥാപനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കവേ, മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവരെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി മേഖലകളിലെ ജീവിതത്തെ മാറ്റിമറിക്കുന്ന 14,000 പിഎം എസ്എച്ച്ആര്‍ഐ സ്‌കൂളുകളും ഏകലവ്യ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും അദ്ദേഹം പരാമര്‍ശിച്ചു. എസ് സി, എസ് ടി സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംവിധാനം മുഖേന ആദിവാസി യുവാക്കളെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദൂര സ്‌കൂളുകളിലെ അടല്‍ ടിങ്കറിംഗ് ലാബുകള്‍ ആദിവാസി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തോടുള്ള താല്‍പര്യം സൃഷ്ടിക്കുന്നുണ്ട്.

ഇന്നത്തെ ലോകത്ത് കഴിവുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കൗശല്‍ വികാസ് കേന്ദ്രങ്ങളെക്കുറിച്ചും കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ ലക്ഷക്കണക്കിന് യുവാക്കളെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. കോടിക്കണക്കിന് ആദ്യമായി സംരംഭകരെ സൃഷ്ടിക്കുന്ന മുദ്ര യോജനയ്ക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആദിവാസികള്‍ക്കും വന്ദന്‍ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുന്നുണ്ട്. ആദിവാസി ഉല്‍പന്നങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കുമുള്ള പ്രത്യേക ചില്ലറ വില്‍പന ശാലകളെയും അദ്ദേഹം പരാമര്‍ശിച്ചു.

സെപ്റ്റംബര്‍ 17-ന് ആരംഭിച്ച പിഎം വിശ്വകര്‍മ യോജനയെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. നയ്, ദര്‍ജി, ധോബി, കുംഹാര്‍, ലോഹര്‍, സുനാര്‍, സുതാര്‍, മലക്കാര്‍, മോച്ചി, രാജ്മിസ്ത്രി തുടങ്ങിയ വിഭാഗങ്ങളിലെ ആളുകള്‍ക്ക് കുറഞ്ഞ പലിശയിലും ഉപകരണങ്ങളിലും പരിശീലനത്തിലും വായ്പ ലഭിക്കും. ഇതു കഴിവുകളും പാരമ്പര്യങ്ങളും നിലനിര്‍ത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്കു കീഴിലുള്ള വായ്പയ്ക്ക് ഈട് ആവശ്യമില്ലെന്നും മോദി പറഞ്ഞു.

ഒരുകാലത്ത് എല്ലാം നഷ്ടപ്പെട്ടിരുന്ന ദളിതരും പിന്നാക്കക്കാരും ഗോത്രവര്‍ഗ്ഗക്കാരും ഇന്ന് ഗവണ്‍മെന്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സഹായത്തോടെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. സ്വാതന്ത്ര്യത്തിന്റെ നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗോത്രവര്‍ഗ്ഗക്കാരുടെ മഹത്വത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിച്ച ശ്രീ മോദി ബിര്‍സ മുണ്ട ഭഗവാന്റെ ജന്മവാര്‍ഷികം ഇപ്പോള്‍ ജന്‍ ജാതീയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുന്നതും പരാമര്‍ശിച്ചു. മുന്‍കാലത്തെ അപേക്ഷിച്ച് നിലവിലെ ഗവണ്‍മെന്റ് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് 5 മടങ്ങ് വര്‍ദ്ധിപ്പിച്ചതും അദ്ദേഹം അറിയിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പാസാക്കിയ ആദ്യ നിയമമായ നാരി ശക്തി വന്ദന്‍ അധിനിയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. എന്തുകൊണ്ടാണ് ഗോത്രവര്‍ഗ്ഗക്കാരുടേയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഇത്രയും കാലം നിഷേധിക്കപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. ''നിങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനാണ് നിങ്ങളുടെ ഈ മകന്‍ വന്നിരിക്കുന്നതെന്ന് ഛോട്ടാ ഉദയ്പൂര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ഗോത്രവര്‍ഗ്ഗ മേഖലകളിലേയും അമ്മമാരോടും സഹോദരിമാരോടും പറയാനാണ് ഞാന്‍ വന്നത്'', അദ്ദേഹം പറഞ്ഞു.

എല്ലാ സ്ത്രീകള്‍ക്കും പാര്‍ലമെന്റിലും നിയമസഭകളിലും പങ്കെടുക്കാനുള്ള വഴികള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഭരണഘടന എസ.്‌സി, എസ്.ടി (പട്ടിക ജാതി/വര്‍ഗ്ഗ) വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പുതിയ നിയമത്തില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സംവരണത്തിനുള്ള വ്യവസ്ഥയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ വനിതാ രാഷ്ട്രപതിയായ ശ്രീമതി ദ്രൗപതി മുര്‍മു ജിയാണ് ഈ നിയമത്തിന് അംഗീകാരം നല്‍കുന്നുവെന്നത് (ചുവടെ ഒപ്പിട്ടുകൊണ്ട്) യാദൃശ്ചികതയാണെന്നതും ഉയര്‍ത്തിക്കാട്ടി.
അമൃത് കാലത്തിന്റെ തുടക്കം ഗംഭീരമായതിനാല്‍ അതിന്റെ പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന ആത്മവിശ്വാസവും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍,  ശ്രീ സി.ആര്‍ പാട്ടീല്‍ എം പി , ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

'മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്' എന്ന പരിപാടിക്ക് കീഴില്‍ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചതോടെ ഗുജറാത്തിലുടനീളമുള്ള സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം ലഭിച്ചു. ഗുജറാത്തിലുടനീളമുള്ള സ്‌കൂളുകളില്‍ നിര്‍മ്മിച്ച ആയിരക്കണക്കിന് പുതിയ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌റ്റെം (സയന്‍സ്, ടെക്‌നോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) ലാബുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ദൗത്യത്തിന്റെ കീഴില്‍ ഗുജറാത്തിലുടനീളമുള്ള സ്‌കൂളുകളിലെ ആയിരക്കണക്കിന് ക്ലാസ് മുറികള്‍ മെച്ചപ്പെടുത്തുന്നതിനും കാലാനുസൃതമാക്കുന്നതിനും അദ്ദേഹം തറക്കല്ലിട്ടു.
വിദ്യാ സമീക്ഷ കേന്ദ്ര 2.0 പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗുജറാത്തിലെ സ്‌കൂളുകളുടെ നിരന്തര നിരീക്ഷണവും വിദ്യാര്‍ത്ഥികളുടെ പഠനഫലം മെച്ചപ്പെടുത്തലും ഉറപ്പാക്കിയ 'വിദ്യാ സമീക്ഷ കേന്ദ്ര'ത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതിയും നിര്‍മ്മിക്കുന്നത്. 'വിദ്യാ സമീക്ഷ കേന്ദ്ര 2.0' ഗുജറാത്തിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിക്കും.

വഡോദര ജില്ലയിലെ താലൂക്ക് സിനോറില്‍ വഡോദര ദഭോയ്-സിനോര്‍-മല്‍സാര്‍-ആസ റോഡില്‍ നര്‍മ്മദാ നദിക്ക് കുറുകെ നിര്‍മ്മിച്ച പുതിയ പാലം, ചാബ് തലാവ് പുനര്‍വികസന പദ്ധതി, ദാഹോദിലെ ജലവിതരണ പദ്ധതി, വഡോദരയില്‍ സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍ക്കായി പുതുതായി നിര്‍മ്മിച്ച 400 വീടുകള്‍, ഗുജറാത്തിലുടനീളമുള്ള 7500 ഗ്രാമങ്ങളില്‍ വില്ലേജ് വൈഫൈ പദ്ധതി; ദാഹോദില്‍ പുതുതായി നിര്‍മ്മിച്ച ജവഹര്‍ നവോദയ വിദ്യാലയം ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ പരിപാടിയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു;

ഛോട്ടാഉദേപൂരില്‍ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു; പഞ്ച്മഹലിലെ ഗോധ്രയില്‍ ഒരു മേല്‍പ്പാലം, ദഹോദില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് (ബിന്‍ഡ്) പദ്ധതിക്ക് കീഴില്‍ ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോ എന്നിവയും നിര്‍മ്മിക്കും.

 

Wonderful to be among the vibrant people of Chhota Udepur. Speaking at launch of various educational and infrastructural initiatives. https://t.co/gDnvlIZbU5

— Narendra Modi (@narendramodi) September 27, 2023

*****

NS

***

 



(Release ID: 1961333) Visitor Counter : 57