പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബര്‍ 26നും 27നും ഗുജറാത്ത് സന്ദര്‍ശിക്കും
‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഛോട്ടാഉദയ്പുരിലെ ബോഡേലിയിൽ 5200 കോടിയിലധികം രൂപയുടെ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും
‘മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴില്‍ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും; ഇതിലൂടെ ഗുജറാത്തിലുടനീളമുള്ള സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ പ്രോൽസാഹനം ലഭിക്കും
‘വിദ്യാ സമീക്ഷ കേന്ദ്രം 2.0’ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും
Posted On:
25 SEP 2023 5:22PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 26നും 27നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 27ന് രാവിലെ 10ന് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20-ാം വാർഷികാഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്ക്ക് 12.45ന്, പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ എത്തിച്ചേരും. അവിടെ അദ്ദേഹം 5200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.
വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ 20 വർഷം
അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ ഊർജസ്വല ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ 20-ാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. വ്യവസായ അസോസിയേഷനുകൾ, വ്യാപാര-വാണിജ്യ മേഖലയിലെ പ്രമുഖർ, യുവ സംരംഭകർ, ഉന്നത-സാങ്കേതിക വിദ്യാഭ്യാസ കോളേജുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
20 വർഷം മുമ്പ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലാണ് ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിക്കു തുടക്കം കുറിച്ചത്. 2003 സെപ്റ്റംബർ 28നാണ് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ യാത്ര ആരംഭിച്ചത്. കാലക്രമേണ, ഇത് യഥാർഥ ആഗോള പരിപാടിയായി രൂപാന്തരപ്പെടുകയും ഇന്ത്യയിലെ ഏറ്റവും മികച്ച വ്യാവസായിക ഉച്ചകോടികളിലൊന്നായി മാറുകയും ചെയ്തു. 2003-ൽ 300-ഓളം അന്താരാഷ്‌ട്ര പങ്കാളികളുണ്ടായിരുന്ന ഉച്ചകോടിയിൽ 2019-ൽ 135-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ 20 വർഷത്തിനിടയിൽ, ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി “ഗുജറാത്തിനെ ഏവരുടെയും ഇഷ്ട നിക്ഷേപകേന്ദ്രമാക്കുക” എന്നതിൽ നിന്ന് “ഒരു പുതിയ ഇന്ത്യ രൂപപ്പെടുത്തുക” എന്നതിലേക്ക് പരിണമിച്ചു. വൈബ്രന്റ് ഗുജറാത്തിന്റെ സമാനതകളില്ലാത്ത വിജയം രാജ്യത്തിനാകെ മാതൃകയാകുകയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ ഇത്തരം നിക്ഷേപ ഉച്ചകോടികൾ സംഘടിപ്പിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഛോട്ടാ ഉദയ്പുരിലെ ബോഡേലിയിൽ
‘മികവിന്റെ വിദ്യാലയ ദൗത്യം’ എന്ന പരിപാടിക്ക് കീഴിൽ 4500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യുന്നത് ഗുജറാത്തിലുടനീളമുള്ള വിദ്യാലയ അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ ഉത്തേജനം പകരും. ഗുജറാത്തിലെ വിദ്യാലയങ്ങളിലുടനീളം നിർമിച്ച ആയിരക്കണക്കിനു പുതിയ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, കണക്ക്), മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. ദൗത്യത്തിനു കീഴിൽ ഗുജറാത്തിലെ വിദ്യാലയങ്ങളിലുടനീളമുള്ള ആയിരക്കണക്കിന് ക്ലാസ് മുറികൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
‘വിദ്യാ സമീക്ഷ കേന്ദ്രം 2.0’ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗുജറാത്തിലെ സ്‌കൂളുകളുടെ തുടർച്ചയായ നിരീക്ഷണവും വിദ്യാർഥികളുടെ പഠനഫലം മെച്ചപ്പെടുത്തലും ഉറപ്പാക്കിയ ‘വിദ്യാ സമീക്ഷ കേന്ദ്രം’ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ‘വിദ്യാ സമീക്ഷ കേന്ദ്രം 2.0’ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും വിദ്യാ സമീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിക്കും.
പരിപാടിയിൽ, വഡോദര ജില്ലയിലെ സിനോർ താലൂക്കിൽ നർമദ നദിക്ക് കുറുകെ ‘ഓദര ദാഭോയ്-സിനോർ-മാൽസർ-ആസ റോഡിൽ' നിർമ്മിച്ച പുതിയ പാലം; ചാബ് തലാവ് പുനർവികസന പദ്ധതി; ദാഹോദിലെ ജലവിതരണ പദ്ധതി; വഡോദരയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പുതുതായി നിർമിച്ച 400 വീടുകൾ, ഗുജറാത്തിലുടനീളമുള്ള 7500 ഗ്രാമങ്ങളിൽ ഗ്രാമീണ വൈഫൈ പദ്ധതി; ദാഹോദിൽ പുതുതായി നിർമിച്ച ജവഹർ നവോദയ വിദ്യാലയം എന്നിവ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
ഛോട്ടാ ഉദയ്പുരിൽ ജലവിതരണ പദ്ധതി; ഗോധ്ര പഞ്ച്മഹലിലെ മേൽപ്പാലം; കേന്ദ്ര ഗവൺമെന്റിന്റെ ‘പ്രക്ഷേപണ അടിസ്ഥാനസൗകര്യ - ശൃംഖലാവികസനം (BIND)’ പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന ദഹോദിലെ എഫ്എം റേഡിയോ സ്റ്റുഡിയോ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
NS
(Release ID: 1960640)
Visitor Counter : 139
Read this release in:
Bengali
,
Kannada
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu