പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ ഒന്നാംഘട്ടം സെപ്റ്റംബർ 17ന് രാഷ്ട്രത്തിനു സമർപ്പിക്കും

Posted On: 15 SEP 2023 4:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദ്വാരകയിൽ 2023 സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന – പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം  നാടിനു സമർപ്പിക്കും. ഡൽഹി വിമാനത്താവള മെട്രോ അതിവേഗപാത, ദ്വാരക സെക്ടർ 21 മുതൽ ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷൻ വരെ, ദീർഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

ദ്വാരകയിൽ ‘യശോഭൂമി’ എന്ന് പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നത്, രാജ്യത്ത് യോഗങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തും.

മൊത്തം 8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പദ്ധതി മേഖലയും 1.8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണവുമുള്ള ഉള്ള ‘യശോഭൂമി’ ലോകത്തിലെ ഏറ്റവും വലിയ MICE (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) സൗകര്യങ്ങളിലൊന്നായി മാറും.

73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിച്ച കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന, യോഗങ്ങൾ നടത്താൻ കഴിയുന്ന 13 മുറികൾ എന്നിവയുൾപ്പെടെ 15 സമ്മേളന മുറികൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ എൽഇഡി മീഡിയ സംവിധാനമാണു കൺവെൻഷൻ സെന്ററിലുള്ളത്.

കൺവെൻഷൻ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം 6000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തിൽ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങൾ ഉണ്ട്. അത് ഈ പ്രതലത്തെ പരന്ന പ്രതലമാക്കുകയോ, അല്ലെങ്കിൽ, വ്യത്യസ്ത തലത്തിൽ ഓഡിറ്റോറിയം ശൈലിയിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്ന നിലയിൽ മാറ്റുകയോ ചെയ്യും. മരം കൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവർ പാനലുകളും ഓഡിറ്റോറിയത്തിൽ സന്ദർശകർക്ക് ലോകോത്തര അനുഭവം ഉറപ്പാക്കും. സവിശേഷമായ ദളങ്ങൾ പോലുള്ള മേൽക്കൂരയുള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2500 അതിഥികളെ ഉൾക്കൊള്ളാനാകും. 500 പേർക്ക് ഇരിക്കാൻ കഴിയുന്ന വിപുലമായ തുറന്ന ഇടവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 യോഗ മുറികൾ വിവിധ തോതുകളിലുള്ള വൈവിധ്യമാർന്ന യോഗങ്ങൾ നടത്താൻ വിഭാവനം ചെയ്തവയാണ്.

ലോകത്തിലെ ഏറ്റവും വലിയ പ്രദർശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന ഈ എക്‌സിബിഷൻ ഹാളുകൾ, പ്രദർശനങ്ങൾക്കും വ്യാപാര മേളകൾക്കും, വ്യാവസായിക പരിപാടികൾക്കും ഉപയോഗിക്കും. വിവിധ ആകാശവെളിച്ചങ്ങളിലൂടെ ആകാശത്തേയ്ക്കു പ്രകാശം വിതറുന്ന ചെമ്പ് മേൽക്കൂര കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൃഹദ് വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികൾ, വിവിഐപി ലോഞ്ചുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, സന്ദർശക വിവര കേന്ദ്രം, ടിക്കറ്റ് നൽകൽ തുടങ്ങി വിവിധ പിന്തുണാസംവിധാനങ്ങൾ ഉണ്ടാകും.

രംഗോലി മാതൃകകൾ പ്രതിനിധാനം ചെയ്യുന്ന പിച്ചള കൊത്തുപണികൾ, ശബ്ദം ആഗിരണം ചെയ്യുന്ന ലോഹ സിലിൻഡറുകൾ, പ്രകാശം പരത്തുന്ന ഭിത്തികൾ എന്നിവയുൾപ്പെടെ, ടെറാസോ പ്രതലങ്ങളുടെ രൂപത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100% മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, മേൽക്കൂരയിലെ സൗര പാനലുകൾ എന്നിവയുള്ള അത്യാധുനിക മലിനജല സംസ്‌കരണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാൽ സുസ്ഥിരതയ്‌ക്കുള്ള ശക്തമായ പ്രതിബദ്ധതയും ‘യശോഭൂമി’ പ്രകടമാക്കുന്നു. ഈ ക്യാമ്പസിന് സിഐഐയുടെ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ (IGBC) നിന്ന് ഗ്രീൻ സിറ്റി പ്ലാറ്റിനം അംഗീകാരവും ലഭിച്ചു.

ദ്വാരക സെക്ടർ 25ലെ പുതിയ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ‘യശോഭൂമി’യെ ഡൽഹി വിമാനത്താവള മെട്രോ അതിവേഗ പാതയുമായി ബന്ധിപ്പിക്കും.

ഡൽഹി മെട്രോ വിമാനത്താവള അതിവേഗ പാതയിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90ൽ നിന്ന് 120 കിലോമീറ്ററായി വർധിപ്പിച്ച് യാത്രാ സമയം കുറയ്ക്കും. ന്യൂഡൽഹിയിൽ നിന്ന് ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെയുള്ള യാത്രയ്ക്ക് ഏകദേശം 21 മിനിറ്റാണു വേണ്ടിവരിക.

--NS--


(Release ID: 1957754) Visitor Counter : 165