പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-ബ്രസീൽ സംയുക്ത പ്രസ്താവന
Posted On:
10 SEP 2023 7:47PM by PIB Thiruvananthpuram
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും 2023 സെപ്റ്റംബർ 10ന് ജി20 ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
2023ൽ ബ്രസീലും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, സമാധാനം, സഹകരണം, സുസ്ഥിര വികസനം എന്നിവ ഉൾപ്പെടെയുള്ള പൊതുമൂല്യങ്ങളുടെയും സമാനമായി പങ്കിടുന്ന ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ അഭിവൃദ്ധിപ്പെട്ടുവെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ബ്രസീൽ-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഗോള കാര്യങ്ങളിൽ സവിശേഷമായ പങ്ക് നിലനിർത്തുന്നതിനുമുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. സ്ഥാപനപരമായ വിവിധ സംഭാഷണ സംവിധാനങ്ങൾക്ക് കീഴിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും സമകാലിക വെല്ലുവിളികൾ മികച്ച രീതിയിൽ നേരിടുന്നതിനായി സുരക്ഷാസമിതിയുടെ കാര്യക്ഷമത, ഫലപ്രാപ്തി, പ്രാതിനിധ്യം, നിയമസാധുത എന്നിവ മെച്ചപ്പെടുത്തുന്നതിന്, വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിച്ചുകൊണ്ട്, സ്ഥിരവും അല്ലാത്തതുമായ വിഭാഗങ്ങളിലെ വിപുലീകരണം ഉൾപ്പെടെ സുരക്ഷാ കൗൺസിലിന്റെ സമഗ്ര പരിഷ്കരണത്തിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. വിപുലീകരിച്ച യുഎൻ സുരക്ഷാസമിതിയിൽ തങ്ങളുടെ രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിനുള്ള പരസ്പര പിന്തുണ നേതാക്കൾ ആവർത്തിച്ചു.
ജി-4, എൽ.69 എന്നിവയുടെ ചട്ടക്കൂടിൽ ബ്രസീലും ഇന്ത്യയും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നു നേതാക്കൾ പറഞ്ഞു. സുരക്ഷാസമിതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പതിവായി ഉഭയകക്ഷി ഏകോപന യോഗങ്ങൾ നടത്താനും അവർ ധാരണയായി. യുഎൻ സുരക്ഷാസമിതി പരിഷ്‌കരണത്തെക്കുറിച്ചുള്ള അന്തർ-ഗവൺമെന്റ്തല ചർച്ചകളിൽ പ്രകടമായ പുരോഗതി കൈവരിക്കാത്തതിൽ ഇരു നേതാക്കളും നിരാശ പ്രകടിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ വ്യക്തമായ ഫലങ്ങൾ കൈവരിക്കാൻ ലക്ഷ്യമിടുന്ന ഫലാധിഷ്ഠിത പ്രക്രിയയിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അവർ സമ്മതിച്ചു.
2028-2029 കാലയളവിലേക്കുള്ള യുഎൻ സുരക്ഷാസമിതിയുടെ സ്ഥിരമല്ലാത്ത സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാർഥിത്വത്തിനു ബ്രസീൽ പിന്തുണ നൽകുമെന്ന പ്രസിഡന്റ് ലുലയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ശ്രീ മോദി സ്വാഗതം ചെയ്തു.
നീതിയുക്തവും തുല്യവുമായ ഊർജ പരിവർത്തനത്തിന്റെ അടിയന്തരസ്ഥിതി ഇരുനേതാക്കളും അംഗീകരിച്ചു. ഗതാഗത മേഖലയെ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ഡീകാർബണൈസ് ചെയ്യുന്നതിൽ ജൈവ ഇന്ധനങ്ങളുടെയും ഫ്ലെക്സ്-ഇന്ധന വാഹനങ്ങളുടെയും സുപ്രധാന പങ്ക് അവർ ചൂണ്ടിക്കാട്ടി. ഗവണ്മെന്റ് - സ്വകാര്യ മേഖലകൾ ഉൾപ്പെടുന്ന ജൈവ ഊർജത്തിലെ ഉഭയകക്ഷി സംരംഭങ്ങളെ അവർ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും സ്ഥാപക അംഗങ്ങളായ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ സമാരംഭം ഇന്ത്യയുടെ ജി20 അധ്യക്ഷതാ കാലയളവിലാണെന്നതിനെ ആഘോഷമാക്കുകയും ചെയ്തു.
സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യപ്പെടേണ്ട നമ്മുടെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം എന്ന് രണ്ട് നേതാക്കളും തിരിച്ചറിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷൻ (UNFCCC), ക്യോട്ടോ പ്രോട്ടോക്കോൾ, പാരീസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള അവരുടെ ഉഭയകക്ഷി സഹകരണം വിശാലമാക്കാനും ആഴത്തിലാക്കാനും വൈവിധ്യവൽക്കരിക്കാനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർ- ഗവണ്മെന്റ്തല പാനലിന്റെ (IPCC) ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ (AR6) നിന്ന് ഉരുത്തിരിഞ്ഞ അതീവ പ്രാധാന്യവും അടിയന്തിര ബോധവും കണക്കിലെടുത്ത്, തുല്യതയുടെയും ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ, കൺവെൻഷന്റെ ആത്യന്തിക ലക്ഷ്യത്തിനും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്കും ചുറ്റും അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുമ്പോൾ, COP28 മുതൽ COP30 വരെയുള്ള UNFCCC ബഹുമുഖ പ്രക്രിയ കാലാവസ്ഥാ തിരുത്തലിന് വഴിയൊരുക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ പ്രതിജ്ഞ ചെയ്തു. ഗ്രൂപ്പ് ഓഫ് 77ലും ചൈനയിലും BASIC ഗ്രൂപ്പ് ഓഫ് രാജ്യങ്ങളിലും ഒരുമിച്ചു പ്രവർത്തിക്കുന്നത് ഉൾപ്പെടെ, രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾക്കിടയിലും അസമത്വങ്ങൾ പരിഹരിക്കുന്ന വിധത്തിൽ കാലാവസ്ഥാ വ്യതിയാനത്തോടുള്ള ബഹുമുഖ പ്രതികരണം വർദ്ധിപ്പിക്കാനുള്ള ദൃഢനിശ്ചയം അവർ ആവർത്തിച്ചു. 2025ലെ UNFCCC (COP30) യിലേക്കുള്ള കക്ഷികളുടെ 30-ാം സമ്മേളനത്തിന്റെ ബ്രസീലിയൻ അധ്യക്ഷതയെ ഇന്ത്യ സ്വാഗതം ചെയ്തു. ISA (അന്താരാഷ്ട്ര സൗരസഖ്യം), CDRI (ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം) എന്നിവയുമായി സഹകരിച്ച് സംയുക്ത പദ്ധതികൾ മൂന്നാം രാജ്യങ്ങളിൽ വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
പ്രധാന ആഗോള ഭക്ഷ്യ ഉൽപ്പാദകരെന്ന നിലയിലുള്ള പങ്ക് ഉയർത്തിക്കാട്ടി, ഇരു രാജ്യങ്ങളുടെയും ലോകത്തിന്റെയും ഭക്ഷ്യ-പോഷകാഹാര സുരക്ഷ എന്ന ലക്ഷ്യത്തോടെ ബഹുമുഖ തലത്തിൽ ഉൾപ്പെടെ സുസ്ഥിര കൃഷിയിലും ഗ്രാമീണ വികസനത്തിലും സഹകരണം വർദ്ധിപ്പിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം നേതാക്കൾ ആവർത്തിച്ചു. തുറന്നതും തടസരഹിതവും വിശ്വസനീയവുമായ ഭക്ഷ്യ വിതരണ ശൃംഖലയുടെ ആവശ്യകത അവർ അടിവരയിടുകയും, ബഹുമുഖ വ്യാപാര നിയമങ്ങൾ കൃത്യമായി കണക്കിലെടുത്ത് കാർഷിക വ്യാപാരത്തെ ഏകപക്ഷീയമായ നിയന്ത്രണങ്ങളും സംരക്ഷണ നടപടികളും ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. കാർഷിക, മൃഗസംരക്ഷണ ഉൽപന്നങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിന് സംയുക്ത സാങ്കേതിക സമിതികൾ രൂപീകരിച്ചതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള സമീപകാല വർദ്ധന അംഗീകരിച്ച്, ബ്രസീലും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക വിനിമയത്തിന് അതത് സമ്പദ്‌വ്യവസ്ഥകളുടെ തോതും വ്യാവസായിക പങ്കാളിത്തം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയും പ്രയോജനപ്പെടുത്തി കൂടുതൽ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് നേതാക്കൾ സമ്മതിച്ചു.
ഇന്ത്യയും മെർകോസറും തമ്മിൽ വ്യാപാരം വർദ്ധിച്ചുവരുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, ഈ സാമ്പത്തിക പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന്, ബ്രസീലിന്റെ മെർകോസർ അധ്യക്ഷതയുടെ കാലത്ത് ഇന്ത്യ-മെർകോസർ PTA വിപുലീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും ധാരണയായി.
സ്വകാര്യമേഖലാ സഹകരണത്തിനുള്ള സമർപ്പിത വേദിയായി ഇന്ത്യ-ബ്രസീൽ വ്യാവസായിക ഫോറം സ്ഥാപിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു.
സൈനികാഭ്യാസങ്ങളിലെ പങ്കാളിത്തം, ഉന്നതതല പ്രതിരോധ പ്രതിനിധി സംഘങ്ങളുടെ കൈമാറ്റം, പരസ്പരം പ്രതിരോധ പ്രദർശനങ്ങളിൽ ഗണ്യമായ വ്യവസായ സാന്നിധ്യം എന്നിവ ഉൾപ്പെടെ ഇന്ത്യയും ബ്രസീലും തമ്മിലുള്ള വർദ്ധിച്ച പ്രതിരോധ സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു. പുതിയ സഹകരണ മാർഗങ്ങൾ കണ്ടെത്തൽ, സാങ്കേതികമായി നൂതനമായ പ്രതിരോധ ഉൽപ്പന്നങ്ങൾ കൂട്ടായി നിർമിക്കൽ, വിതരണ ശൃംഖലയുടെ അതിജീവനശേഷി കെട്ടിപ്പടുക്കൽ എന്നിവയ്ക്കായി സംയുക്ത പദ്ധതികൾ ആരംഭിക്കാനും നേതാക്കൾ ഇരുരാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യ-ബ്രസീൽ സാമൂഹ്യ സുരക്ഷാ ഉടമ്പടി പ്രാബല്യത്തിൽ വരുന്നതിനുള്ള ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ചന്ദ്രയാൻ-3 ഇറക്കിയ ചരിത്ര നേട്ടത്തിനും ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എൽ1 വിജയകരമായി വിക്ഷേപിച്ചതിനും പ്രസിഡന്റ് ലുല പ്രധാനമന്ത്രി ശ്രീ മോദിയെയും ഇന്ത്യയെയും അഭിനന്ദിച്ചു.
IBSA ഫോറത്തിന്റെ 20-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, മൂന്ന് IBSA പങ്കാളികൾക്കിടയിൽ ഉന്നതതല സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നു നേതാക്കൾ പ്രതിജ്ഞയെടുത്തു. ആഗോളതലത്തിൽ, ബഹുതല- ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഉൾപ്പടെ, ഗ്ലോബൽ സൗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും IBSAയുടെ തന്ത്രപരമായ പ്രാധാന്യം നേതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. ബ്രസീലിന്റെ IBSA അധ്യക്ഷതയ്ക്കു പ്രധാനമന്ത്രി ശ്രീ മോദി പൂർണ പിന്തുണ അറിയിച്ചു.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ചു സംസാരിക്കവേ, ഇരു നേതാക്കളും അതിന്റെ നല്ല ഫലങ്ങൾ അംഗീകരിച്ചു; വിശേഷിച്ചും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി നവീകരണത്തിനുള്ള പുതുക്കിയതും ശക്തിപ്പെടുത്തിയതുമായ പിന്തുണയും ബ്രിക്‌സിൽ പൂർണ അംഗങ്ങളാകാൻ ആറ് രാജ്യങ്ങളെ ക്ഷണിച്ചതും.
ഇന്ത്യയുടെ വിജയകരമായ ജി20 അധ്യക്ഷതയ്ക്ക് പ്രസിഡന്റ് ലുല പ്രധാനമന്ത്രി ശ്രീ മോദിയെ അഭിനന്ദിച്ചു. 2023 ഡിസംബറിൽ ആരംഭിക്കുന്ന ബ്രസീലിന്റെ ജി20 അധ്യക്ഷകാലയളവിൽ ഇന്ത്യയുമായി അടുത്ത് സഹകരിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ജി20-യിൽ വികസ്വര രാജ്യങ്ങളുടെ തുടർച്ചയായ അധ്യക്ഷസ്ഥാനങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ബ്രസീൽ പ്രസിഡന്റായിരുന്ന കാലത്ത് മൂന്ന് IBSA രാജ്യങ്ങളെ ഉൾപ്പെടുത്തി ജി20 ത്രികക്ഷിസഖ്യം രൂപീകരിച്ചതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.
NS
(Release ID: 1956132)
Visitor Counter : 153
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu