പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദക്ഷിണാഫ്രിക്ക - ഗ്രീസ് സന്ദർശനത്തിനു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

Posted On: 22 AUG 2023 6:17AM by PIB Thiruvananthpuram

“ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന പതിനഞ്ചാമതു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരം 2023 ഓഗസ്റ്റ് 22 മുതൽ 24 വരെ ഞാൻ ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയാണ്.

വിവിധ മേഖലകളിലെ കരുത്തുറ്റ സഹകരണത്തിനുള്ള കാര്യപരിപാടിയാണു ബ്രിക്സ് പിന്തുടരുന്നത്. വികസന അനിവാര്യതകളും ബഹുമുഖ വ്യവസ്ഥയുടെ പരിഷ്കരണവും ഉൾപ്പെടെ, ഗ്ലോബൽ സൗത്തിനെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠയുണർത്തുന്ന വിഷയങ്ങളുടെ ചർച്ചയ്ക്കും സംഭാഷണത്തിനുമുള്ള വേദിയായി ബ്രിക്സ് മാറിയെന്നതിനെ ഞങ്ങൾ വിശിഷ്ടമായി കാണുന്നു. സഹകരണത്തിന്റെ ഭാവി മേഖലകൾ തിരിച്ചറിയുന്നതിനും വ്യവസ്ഥാപിത വികസനം അവലോകനം ചെയ്യുന്നതിനും ഈ ഉച്ചകോടി ബ്രിക്സിന് ഉപയോഗപ്രദമായ അവസരം നൽകും.

ജോഹന്നാസ്‌ബർഗിലെ എന്റെ സന്ദർശനവേളയിൽ, ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ‘ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച് ആൻഡ് ബ്രിക്സ് പ്ലസ് ഡയലോഗ്’ പരിപാടിയിലും ഞാൻ പങ്കെടുക്കും. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ട നിരവധി അതിഥി രാജ്യങ്ങളുമായി സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ജോഹന്നാസ്‌ബർഗിൽ എത്തുന്ന ചില നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും ഞാൻ ആഗ്രഹിക്കുന്നു.

ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് ശേഷം, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാക്കിസിന്റെ ക്ഷണപ്രകാരം 2023 ഓഗസ്റ്റ് 25നു ഞാൻ ഗ്രീസിലെ ഏഥൻസിലേക്കു പോകും. ഈ പുരാതന ഭൂമിയിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. 40 വർഷത്തിനു ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന മഹിമയും എനിക്കുണ്ട്.

നമ്മുടെ രണ്ട് നാഗരികതകളും തമ്മിലുള്ള ബന്ധം രണ്ട് സഹസ്രാബ്ദത്തിലേറെ പഴക്കമുള്ളതാണ്. ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നീ മൂല്യങ്ങളാണ് ആധുനിക കാലത്ത്, നമ്മുടെ ബന്ധങ്ങൾക്കു കരുത്തേകിയത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നു.

നമ്മുടെ ബഹുമുഖ ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്ന ഗ്രീസ് സന്ദർശനത്തിലേക്കു ഞാൻ ഉറ്റുനോക്കുകയാണ്.”

 

ND


(Release ID: 1950946) Visitor Counter : 197