ആയുഷ്‌
azadi ka amrit mahotsav

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ ആഗോള ഉച്ചകോടിക്ക് ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും ആതിഥേയത്വം വഹിക്കും

Posted On: 14 AUG 2023 2:47PM by PIB Thiruvananthpuram



ന്യൂഡൽഹി : ആഗസ്റ്റ് 14, 2023

 ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംഘടിപ്പിക്കുകയും ആയുഷ് മന്ത്രാലയം സഹ-ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള  ആദ്യ ആഗോള ഉച്ചകോടി 2023 ആഗസ്റ്റ് 17-18 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കും.  എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, ഈ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്ര പുരോഗതികളിലേക്കും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള അറിവുകളിലേക്കും ആഴ്ന്നിറങ്ങുന്നതിനുള്ള ഒരു വേദിയായി വിദഗ്ധർക്കും പരിശീലകർക്കും ഈ ഉച്ചകോടി വർത്തിക്കും.

ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെയും ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെയും സാന്നിധ്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പരിപാടി ഉദ്ഘാടനം ചെയ്യും.  ജി 20 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ, ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർമാർ, ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലുടനീളമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരായ ക്ഷണിതാക്കൾ, ശാസ്ത്രജ്ഞർ, പരമ്പരാഗത വൈദ്യശാസ്ത്ര പ്രാക്ടീഷണർമാർ, ആരോഗ്യ പ്രവർത്തകർ, പൗരസമൂഹ സംഘടനകളിലെ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


ഉച്ചകോടിയുടെ ഫലം, ഒരു തീരുമാനമായി പ്രഖ്യാപിക്കുമെന്നും ഈ പ്രഖ്യാപനം ലോകാരോഗ്യ സംഘടനയെ പരമ്പരാഗത വൈദ്യത്തിനായുള്ള ലോകാരോഗ്യ കേന്ദ്രത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്നും ന്യൂദൽഹിയിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാര മഹേന്ദ്രഭായ് കലുഭായ് പറഞ്ഞു.


ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെയും ആയുഷ് മന്ത്രാലയത്തിന്റെയും പ്രദർശനമാണ് ഉച്ചകോടിയിലെ മറ്റൊരു നാഴികക്കല്ല്.  യോഗ, ധ്യാനം സെഷനുകളും മന്ത്രാലയം സംഘടിപ്പിക്കും.

 2022-ൽ, കേന്ദ്രഗവൺമെന്റിന്റെ പിന്തുണയോടെ ലോകാരോഗ്യ സംഘടന പരമ്പരാഗത വൈദ്യശാസ്ത്രത്തിനുള്ള ആഗോള കേന്ദ്രം(WHO-GCTM) സ്ഥാപിച്ചു.  ലോകാരോഗ്യ സംഘടന  ഡയറക്ടർ ജനറൽ ഡോ . ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ വർഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  WHO-GCTM ന്റെ തറക്കല്ലിട്ടത്. ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) സഹകരണ പദ്ധതിയാണ് ഈ കേന്ദ്രം.  പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള  ആഗോള തലത്തിലെ ആദ്യത്തെ ഏക സംവിധാനമാണിത്.

 
 
***********************

(Release ID: 1948554) Visitor Counter : 195