പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്തു


പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു വ‌ിതരണം ചെയ്തു

12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങൾ പുറത്തിറക്കി

"21-ാം നൂറ്റാണ്ടിലെ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്"

"ദേശീയ വിദ്യാഭ്യാസ നയത്തിൽ പരമ്പരാഗത അറിവുകൾക്കും ഭാവി സാങ്കേതികവിദ്യകൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്"

"മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർഥികൾക്ക് നീതിയുടെ പുതിയ രൂപത്തിന് തുടക്കമിടുന്നു. സാമൂഹ്യനീതിയിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവയ്പു കൂടിയാണിത്.

"വിദ്യാർഥികൾ ഒരു ഭാഷയിൽ ആത്മവിശ്വാസമുള്ളവരാകുമ്പോൾ, അവരുടെ വൈദഗ്ധ്യവും പ്രതിഭയും നിയന്ത്രണമേതുമില്ലാതെ ഉയർന്നുവരും"

"അമൃതകാലത്തിന്റെ അടുത്ത 25 വർഷത്തിനുള്ളിൽ നമുക്ക് ഊർജസ്വലമായ പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്; അടിമത്തമനോഭാവത്തിൽ നിന്ന് മുക്തമായതും പുതുമകൾക്കായി താൽപ്പര്യപ്പെടുന്നവരും കർത്തവ്യബോധമുള്ളവരുമായ തലമുറയെ"

"വിദ്യാഭ്യാസത്തിലെ സമത്വം അർഥമാക്കുന്നത് സ്ഥലമോ വർഗമോ പ്രദേശമോ കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ല എന്നാണ്"

"5ജി യുഗത്തിൽ, പിഎം-ശ്രീ സ്കൂളുകൾ ആധുനിക വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും"

"സാൻസിബാറിലും അബുദാബിയിലും ഐഐടി ക്യാമ്പസുകൾ തുറന്നു. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ തുറക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയാണ്"


Posted On: 29 JUL 2023 12:37PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമം (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു സമ്മേളനം സംഘടിപ്പിച്ചത്. പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്തു. 6207 സ്കൂളുകൾക്ക് ആദ്യ ഗഡുവായി 630 കോടി രൂപ ലഭിച്ചു. 12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തിന്റെ ഭാഗധേയം മാറ്റിമറിക്കാനാകുന്ന ഘടകങ്ങളിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യമേകേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്- അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ചർച്ചയും സംവാദവും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രധാനമാണെന്നും വ്യക്തമാക്കി. വാരാണസിയിൽ പുതുതായി നിർമിച്ച രുദ്രാക്ഷ കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ തവണത്തെ അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം നടന്നതിന്റെയും ഈ വർഷത്തെ സമ്മേളനം പുതിയ ഭാരത് മണ്ഡപത്തിൽ നടക്കുന്നതിന്റെയും യാദൃച്ഛികതയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം മണ്ഡപത്തിൽ നടക്കുന്ന ആദ്യ പരിപാടിയാണിത്.

കാശിയിലെ രുദ്രാക്ഷം മുതൽ ആധുനിക ഭാരത മണ്ഡപം വരെ, പൗരാണികവും ആധുനികവും സമന്വയിപ്പിച്ചുള്ള അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിന്റെ യാത്രയിൽ മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം നാടിന്റെ പൗരാണിക പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോൾ മറുവശത്ത്, രാഷ്ട്രം ശാസ്ത്ര-സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കൈവരിച്ച പുരോഗതിക്ക് വിദ്യാഭ്യാസ മേഖലയ്ക്കു സംഭാവന നൽകിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന്, ഇത് ഒരു ദൗത്യമായി ഏറ്റെടുത്തതിനും മഹത്തായ പുരോഗതിക്ക് സംഭാവന നൽകിയതിനും ബുദ്ധിജീവികൾക്കും അക്കാദമിക് വിദഗ്ധർക്കും അധ്യാപകർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ചടങ്ങുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പ്രദർശനത്തെക്കുറിച്ചു പരാമർശിക്കവേ, നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നൂതന സാങ്കേതിക വിദ്യകളുടെയും പ്രദർശനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചെറിയ കുട്ടികൾ രസകരമായ അനുഭവങ്ങളിലൂടെ പഠിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസത്തിന്റെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെയും പരിവർത്തനാത്മകവശത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും അതിനുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പ്രദർശനം സന്ദർശിച്ച് കാര്യങ്ങൾ കണ്ടുമനസിലാക്കാൻ അദ്ദേഹം അതിഥികളോട് അഭ്യർഥിച്ചു.

ഐതിഹാസിക മാറ്റങ്ങൾക്ക് കുറച്ചു സമയമെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ഘാടന വേളയിൽ നയത്തിൽ ഉൾപ്പെടുത്തേണ്ട വിശാലമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞതിനെ  അനുസ്മരിച്ച പ്രധാനമന്ത്രി, ബന്ധപ്പെട്ടവരി‌ൽ എല്ലാവരിലും കാണുന്ന പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനുള്ള സമർപ്പണത്തെയും സന്നദ്ധതയെയും പ്രശംസിച്ചു. എൻഇപിയിൽ പരമ്പരാഗത വിജ്ഞാനത്തിനും ഭാവി സാങ്കേതികവിദ്യകൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിലെ പുതിയ പാഠ്യപദ്ധതി, പ്രാദേശിക ഭാഷകളിലെ പുസ്തകങ്ങൾ, ഉന്നത വിദ്യാഭ്യാസം, രാജ്യത്തെ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി വിദ്യാഭ്യാസ ലോകത്ത് നിന്നുള്ള പങ്കാളികളുടെ കഠിനാധ്വാനത്തെ അദ്ദേഹം പരാമർശിച്ചു. 10+2 സംവിധാനത്തിന് പകരം 5+3+3+4 സംവിധാനമാണ് ഇപ്പോഴുള്ളതെന്നു  വിദ്യാർഥികൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3-ാം വയസ്സിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് രാജ്യമെമ്പാടും ഏകീകൃതസ്വഭാവം കൊണ്ടുവരും. ദേശീയ ഗവേഷണ ഫൗണ്ടേഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. എൻഇപിക്കു കീഴിലുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഉടൻ വരും. 3-8 പ്രായപരിധിയിലുള്ള വിദ്യാർഥികൾക്കുള്ള ചട്ടക്കൂട് തയ്യാറാണ്. രാജ്യത്തിനാകെ ഏകീകൃത പാഠ്യപദ്ധതിയുണ്ടാകും. ഇതിനായി പുതിയ കോഴ്‌സ് ബുക്കുകൾ എൻസിഇആർടി തയ്യാറാക്കുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം നൽകുന്നതിന്റെ ഫലമായി 22 വ്യത്യസ്ത ഭാഷകളിലായി 3 മുതൽ 12 വരെ ക്ലാസുകളിലേക്ക് 130 ഓളം വിവിധ വിഷയങ്ങളുടെ പുതിയ പുസ്തകങ്ങൾ വരുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു.

ഏതൊരു വിദ്യാർഥിയോടും ചെയ്യുന്ന ഏറ്റവും വലിയ അനീതി, അവരുടെ കഴിവുകൾക്ക് പകരം അവരുടെ ഭാഷയെ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർഥികൾക്ക് നീതിയുടെ പുതിയ രൂപത്തിന് തുടക്കമിടും. സാമൂഹ്യ നീതിയിലേക്കുള്ള വളരെ സുപ്രധാനമായ ചുവടുവയ്പ്പ് കൂടിയാണിത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ നിരവധി ഭാഷകളും അവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ പല വികസിത രാജ്യങ്ങളും അവരുടെ പ്രാദേശിക ഭാഷയാൽ മുൻനിരയിൽ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. മിക്ക രാജ്യങ്ങളും മാതൃഭാഷയാണുപയോഗിക്കുന്നുതെന്നു യൂറോപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ അംഗീകൃത ഭാഷകളുടെ നിരയുണ്ടെങ്കിലും അവ പിന്നാക്കാവസ്ഥയുടെ അടയാളമായി അവതരിപ്പിക്കപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തവർ അവഗണിക്കപ്പെട്ടു. അവരുടെ കഴിവുകൾ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവോടെ രാജ്യം ഇപ്പോൾ ഈ ചിന്ത ഉപേക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “യുഎന്നിൽപോലും ഞാൻ ഇന്ത്യൻ ഭാഷയിലാണ് സംസാരിക്കുന്നത്”- ശ്രീ മോദി കൂട്ടിച്ചേർത്തു.

സാമൂഹ്യശാസ്ത്രം മുതൽ എൻജിനിയറിങ് വരെയുള്ള വിഷയങ്ങൾ ഇനി ഇന്ത്യൻ ഭാഷകളിൽ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "വിദ്യാർഥികൾ ഒരു ഭാഷയിൽ ആത്മവിശ്വാസമുള്ളവരാകുമ്പോൾ, അവരുടെ വൈദഗ്ധ്യവും പ്രതിഭയും നിയന്ത്രണമേതുമില്ലാതെ ഉയർന്നുവരും"- ശ്രീ മോദി പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കായി ഭാഷയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് ഇനി പെട്ടി മടക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ എല്ലാ ഭാഷകൾക്കും അർഹമായ ആദരവും അംഗീകാരവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അമൃതകാലത്തിന്റെ അടുത്ത 25 വർഷത്തിനുള്ളിൽ നമുക്ക് ഊർജസ്വലമായ പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്; അടിമത്തമനോഭാവത്തിൽ നിന്ന് മുക്തമായതും പുതുമകൾക്കായി താൽപ്പര്യപ്പെടുന്നവരും കർത്തവ്യബോധമുള്ളവരുമായ, ശാസ്ത്രം മുതൽ കായികം വരെയുള്ള മേഖലകളിൽ ബഹുമതികൾ കൊണ്ടുവരാൻ തയ്യാറുള്ള, 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം വൈദഗ്ധ്യം നേടാൻ തയ്യാറുള്ള ഒരു തലമുറ. “എൻഇപി ഇതിൽ വലിയ പങ്ക് വഹിക്കും”- അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ വിവിധ മാനദണ്ഡങ്ങളിൽ, സമത്വത്തിനാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലെ ഓരോ യുവാക്കൾക്കും സമാനമായ വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിക്കണം എന്നതാണ് എൻഇപിയുടെ മുൻഗണന". ഇത് സ്‌കൂളുകൾ തുറക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം വിഭവങ്ങളിലേക്കും തുല്യത വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനർഥം, ഓരോ കുട്ടിക്കും തിരഞ്ഞെടുപ്പിനും ശേഷിക്കും അനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കണം എന്നാണ്. “വിദ്യാഭ്യാസത്തിലെ സമത്വം അർത്ഥമാക്കുന്നത് സ്ഥലം, വർഗം, പ്രദേശം എന്നിവ കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ല എന്നാണ്” - അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ പദ്ധതിക്കു കീഴിൽ ആയിരക്കണക്കിന് സ്കൂളുകൾ നവീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "5ജി യുഗത്തിൽ, ഈ ആധുനിക സ്കൂളുകൾ ആധുനിക വിദ്യാഭ്യാസത്തിന്റെ മാധ്യമമായിരിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു. ഗിരിവർഗ ഗ്രാമങ്ങളിലെ ഏകലവ്യ സ്കൂളുകൾ, ഗ്രാമങ്ങളിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ, ദിക്ഷ, സ്വയം, സ്വയംപ്രഭ തുടങ്ങിയ മാതൃകകളിലൂടെ വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇപ്പോൾ, ഇന്ത്യയിൽ, വിദ്യാഭ്യാസത്തിന് ആവശ്യമായ വിഭവങ്ങളുടെ അന്തരം അതിവേഗം നികത്തപ്പെടുന്നു” - അദ്ദേഹം പറഞ്ഞു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികളും വിദ്യാഭ്യാസത്തെ കൂടുതൽ രസകരവും സംവേദനാത്മകവുമാക്കുന്നതിനുള്ള വഴികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലാബുകളുടെയും പ്രാക്ടിക്കലുകളുടെയും സൗകര്യം വിരലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമായി മുമ്പു പരിമിതപ്പെടുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 75 ലക്ഷത്തിലധികം വിദ്യാർഥികൾ ശാസ്ത്രത്തെയും നൂതനാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അടൽ ടിങ്കറിങ് ലാബുകളിലേക്ക് വെളിച്ചം വീശി. "ശാസ്ത്രം എല്ലാവർക്കും വേണ്ടി ലളിതമാക്കുകയാണ്. ഈ യുവ ശാസ്ത്രജ്ഞരാണ് സുപ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകി രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതും ഇന്ത്യയെ ലോകത്തിന്റെ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതും" - അദ്ദേഹം പറഞ്ഞു.

"ഏത് പരിഷ്‌കാരത്തിനും ധൈര്യം ആവശ്യമാണ്, ധൈര്യത്തിന്റെ സാന്നിധ്യം പുതിയ സാധ്യതകളുടെ പിറവിയിലേക്ക് നയിക്കുന്നു", പുതിയ സാധ്യതകളുടെ നഴ്‌സറിയായി ലോകം ഇന്ത്യയെ കാണുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. സോഫ്‌റ്റ്‌വെയർ സാങ്കേതികവിദ്യയുടെയും ബഹിരാകാശ സാങ്കേതികവിദ്യയുടെയും ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി ഇന്ത്യയുടെ ശേഷിയുമായി മത്സരിക്കുക എളുപ്പമല്ലെന്നും പറഞ്ഞു. പ്രതിരോധ സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ‘കുറഞ്ഞ ചെലവും’ ‘മികച്ച ഗുണനിലവാരവും’ എന്ന ഇന്ത്യയുടെ മാതൃക വിജയിക്കുമെന്ന് ഉറപ്പാണെന്നും പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക പ്രശസ്തിയും സ്റ്റാർട്ടപ്പ് വളർച്ചാ ആവാസവ്യവസ്ഥയും മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള ആദരം ലോകത്ത് ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ആഗോള റാങ്കിങ്ങിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം വർധിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി ക്യാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "മറ്റു പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ തുറക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു"-  അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ആവാസവ്യവസ്ഥയിൽ വരുന്ന നല്ല മാറ്റങ്ങൾ കാരണം ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ തയ്യാറുള്ള നിരവധി ആഗോള സർവകലാശാലകളെക്കുറിച്ചും അദ്ദേഹം പരാർശിച്ചു. രണ്ട് ഓസ്ട്രേലിയൻ സർവകലാശാലകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ക്യാമ്പസുകൾ തുറക്കാൻ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുടർച്ചയായി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കു സജ്ജമാക്കുന്നതിനുമായി പ്രവർത്തിക്കുന്നതിനും ശ്രീ മോദി ഊന്നൽ നൽകി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഈ വിപ്ലവത്തിന്റെ കേന്ദ്രമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

"കഴിവുള്ള യുവാക്കളെ കെട്ടിപ്പടുക്കുക എന്നതാണ് ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ഉറപ്പ്"- അതിൽ രക്ഷിതാക്കളും അധ്യാപകരും പ്രധാന പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആത്മവിശ്വാസമുള്ള അറിവന്വേഷണത്തിനും ഭാവനയുടെ കുതിപ്പിനും വിദ്യാർഥികളെ സജ്ജമാക്കാൻ അദ്ദേഹം അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു. “നാം ഭാവിയിൽ കണ്ണുവച്ച് ഭാവി ചിന്താഗതിയോടെ ചിന്തിക്കണം. പുസ്തകങ്ങളുടെ സമ്മർദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കണം”- അദ്ദേഹം പറഞ്ഞു.

കരുത്തുറ്റ ഇന്ത്യയിൽ ആഗോളതലത്തിലുള്ള ജിജ്ഞാസ നമ്മുടെമേൽ ചുമത്തുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. യോഗ, ആയുർവേദം, കല, സാഹിത്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. 2047ൽ 'വികസിതഭാരത'മാകാനുള്ള ഇന്ത്യയുടെ യാത്രയിൽ ഇന്നത്തെ തലമുറയിലെ വിദ്യാർഥികളുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരെ ഓർമിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ- നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

യുവാക്കളെ സുസജ്ജരാക്കി അമൃതകാലത്തു രാജ്യത്തെ നയിക്കാന്‍ അവരെ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന എന്‍ഇപി 2020ന് സമാരംഭം കുറിച്ചത്. അടിസ്ഥാന മാനുഷിക മൂല്യങ്ങളില്‍ അവരെ നിലനിര്‍ത്തിക്കൊണ്ട്, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. നടപ്പിലാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നയം സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന ദ്വിദിന പരിപാടി അക്കാദമിക്, മേഖലയിലെ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രതിനിധികള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്ക് എന്‍ഇപി 2020 നടപ്പിലാക്കുന്നതിനും അതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും ആവശ്യമായ അവരുടെ ഉള്‍ക്കാഴ്ചകളും വിജയഗാഥകളും മികച്ച സമ്പ്രദായങ്ങളും പങ്കിടാനുള്ള വേദിയൊരുക്കും.

അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിൽ പതിനാറ് സെഷനുകളാണുള്ളത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും ഭരണത്തിന്റെയും പ്രാപ്യത, തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ചട്ടക്കൂട്, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

പരിപാടിയിൽ പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന തരത്തില്‍ സന്തുലിതവും ഉള്‍ചേര്‍ക്കുന്നതും ബഹുസ്വരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന്, വിദ്യാർഥികളെ പ്രതിബദ്ധതയും ഉല്‍പ്പാദനക്ഷമവും സംഭാവന നല്‍കുന്നതുമായ പൗരന്മാരായി മാറുന്ന വിധത്തില്‍ ഈ സ്‌കൂളുകള്‍ അവരെ പരിപോഷിപ്പിക്കും. 12 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ- നൈപുണ്യ പാഠപുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

 

The National Education Policy aims to make India a hub for research and innovation. Speaking at the Akhil Bharatiya Shiksha Samagam. https://t.co/bYOjU6kby5

— Narendra Modi (@narendramodi) July 29, 2023

ये शिक्षा ही है जिसमें देश को सफल बनाने, देश का भाग्य बदलने की ताकत होती है। pic.twitter.com/CLvu3D7woq

— PMO India (@PMOIndia) July 29, 2023

अखिल भारतीय शिक्षा समागम की इस यात्रा में एक संदेश छिपा है।

ये संदेश है- प्राचीनता और आधुनिकता के संगम का! pic.twitter.com/WtKXHILwqc

— PMO India (@PMOIndia) July 29, 2023

From traditional knowledge systems to futuristic technology, equal importance has been given in the National Education Policy. pic.twitter.com/rfgfJoy8Sq

— PMO India (@PMOIndia) July 29, 2023

युवाओं के पास भाषा का आत्मविश्वास होगा, तो उनका हुनर, उनकी प्रतिभा भी खुलकर सामने आएगी। pic.twitter.com/tp5IVExxNJ

— PMO India (@PMOIndia) July 29, 2023

हमें ऊर्जा से भरी एक युवा पीढ़ी का निर्माण करना है। pic.twitter.com/Et1KiQn4gK

— PMO India (@PMOIndia) July 29, 2023

National Education Policy का विज़न ये है, देश का प्रयास ये है कि हर वर्ग में युवाओं को एक जैसे अवसर मिलें। pic.twitter.com/YncrN30718

— PMO India (@PMOIndia) July 29, 2023

The new National Education Policy encourages practical learning. pic.twitter.com/NGAOXWYM0o

— PMO India (@PMOIndia) July 29, 2023

Today the world is looking at India as a nursery of new possibilities. pic.twitter.com/NuQ1h512Bb

— PMO India (@PMOIndia) July 29, 2023

समर्थ युवाओं का निर्माण सशक्त राष्ट्र के निर्माण की सबसे बड़ी गारंटी होती है। pic.twitter.com/JCVxOLp7hI

— PMO India (@PMOIndia) July 29, 2023

As India is becoming stronger, the world's interest in India's traditions is also increasing. pic.twitter.com/PndxeserSP

— PMO India (@PMOIndia) July 29, 2023

 

***

--ND--


(Release ID: 1943916) Visitor Counter : 139