പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-യുഎഇ സംയുക്ത പ്രസ്താവന

Posted On: 15 JUL 2023 6:09PM by PIB Thiruvananthpuram


യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും 2023 ജൂലൈ 15 ന് അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഞ്ചാമത്തെ യു.എ.ഇ സന്ദര്‍ശനമാണിതെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി. 2022 ജൂണിലാണ് പ്രധാനമന്ത്രി മോദി അവസാനമായി യു.എ.ഇ സന്ദര്‍ശിച്ചത്, അന്ന് അദ്ദേഹം അബുദാബിയില്‍ എത്തി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സന്ദര്‍ശിക്കുകയും യു.എ.ഇ.യുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതിലുള്ള ആശംസകള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. 34 വര്‍ഷത്തിനിടെ യു.എ.ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി 2015ല്‍ പ്രധാനമന്ത്രി മോദി മാറി. ഈ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2016-ല്‍ ഇന്ത്യ സന്ദര്‍ശിച്ചു. 2017ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആയിരുന്നു. അതിനുമപ്പുറത്ത് 2017-ലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യ-യു.എ.ഇ ബന്ധം ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
എല്ലാ മേഖലകളിലും ഇന്ത്യ-യു.എ.ഇ ബന്ധം വലിയ പുരോഗതി കൈവരിച്ചതില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി. 2022-ല്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാരം 85 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നതിലൂടെ 2022-23 വര്‍ഷത്തെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായും ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമായി യു.എ.ഇ മാറി. യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 ഫെബ്രുവരിയില്‍, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സി.ഇ.പി.എ) യു.എ.ഇ ഏര്‍പ്പെട്ട ആദ്യ രാജ്യമായി ഇന്ത്യ മാറി. 2022 മെയ് 1-ന് സി.ഇ.പി.എ പ്രാബല്യത്തില്‍ വന്നതിനുശേഷം ഉഭയകക്ഷി വ്യാപാരം ഏകദേശം 15% വര്‍ദ്ധിച്ചു.
ഇന്ത്യ ജി20ന്റെയും യു.എ.ഇ സി.ഒ.പി 28ന്റെ അദ്ധ്യക്ഷര്‍ എന്ന നിലയില്‍ 2023-ല്‍ ആഗോളതലത്തില്‍ ഇരു രാജ്യങ്ങളും വഹിച്ച സുപ്രധാന പങ്ക് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2023 ജനുവരിയില്‍ വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി ഇന്ത്യ സംഘടിപ്പിച്ചതിനെ യു.എ.ഇ അഭിനന്ദിച്ചു. സി.ഒ.പി 28ല്‍ ഗ്ലോബല്‍ സൗത്തിന്റെ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സി.ഒ.പി 28നെ ''സി.ഒ.പി ഓഫ് ആക്ഷന്‍'' ആക്കുന്നതിലുമുള്ള യു.എ.ഇയുടെ സുപ്രധാന പങ്കിനെ ഇന്ത്യയും അഭിനന്ദിച്ചു. ഐ2യു2, യു.എ.ഇ-ഫ്രാന്‍സ്-ഇന്ത്യ ത്രിതല സഹകരണ മുന്‍കൈ തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലെ കൂടുതല്‍ സഹകരണവും ഇരുപക്ഷവും ഉറ്റുനോക്കുന്നു. പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതിന് ഇത്തരം വേദികള്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന്, അബുദാബിയില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു: 1. ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്കുകളുടെ ഗവര്‍ണര്‍മാര്‍ക്ക് അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സികളുടെ (ഐ.എന്‍.ആര്‍-എ.ഇ.ഡി) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു ചട്ടക്കൂട്ട് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
2.. അതാത് സെന്‍ട്രല്‍ ബാങ്കുകളുടെ ഗവര്‍ണര്‍മാര്‍ക്ക് പേയ്‌മെന്റും സന്ദേശമയയ്ക്കല്‍ സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
3. അബുദാബിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി -ഡല്‍ഹി സ്ഥാപിക്കുന്നതിനുള്ള ആസൂത്രണത്തിന് വേണ്ടിയുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഉഭയകക്ഷി വ്യാപാരം വ്യവസ്ഥപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക കറന്‍സി നിര്‍ണ്ണയിക്കല്‍ സംവിധാനം വികസിപ്പിക്കുന്നത് പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നത് നേതാക്കള്‍ ചര്‍ച്ച ചെയ്തു. അതിനുപുറമെ, ഇത് രണ്ട് രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന് അടിവരയിടുകയും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യു.എ.ഇയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമായ നടപടിക്രമങ്ങളിലൂടെയാക്കുന്നതിനായി തങ്ങളുടെ തല്‍ക്ഷണ ഇടപാട് സംവിധാനങ്ങള്‍ തമ്മിലുള്ള സംയോജനം പ്രാപ്തമാക്കുന്നതിലൂടെ പേയ്‌മെന്റ് സംവിധാന മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള താല്‍പര്യവും നേതാക്കള്‍ പ്രകടിപ്പിച്ചു. ദേശീയ കാര്‍ഡ് സ്വിച്ചുകള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ആഭ്യന്തര കാര്‍ഡ് പദ്ധതികളുടെ പരസ്പര സ്വീകാര്യതയും അത്തരം സഹകരണത്തില്‍ ഉള്‍പ്പെടും. ഈ സംവിധാനങ്ങള്‍ തമ്മിലുള്ള സംയോജനം ഇടപാട് സേവനങ്ങളിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രയോജനകരമാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയം നേതാക്കള്‍ ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍, ഉഭയകക്ഷി ഹൈ-ലെവല്‍ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ( നിക്ഷേപത്തിന് വേണ്ടിയുള്ള ഉന്നതതല സംയുക്ത കര്‍മ്മസേന) ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. 2021-2022 ലെ ഏഴാം സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-2023 ല്‍ ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യു.എ.ഇ മാറിയെന്നത് അവര്‍ അംഗീകരിച്ചു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ സാമ്പത്തിക സ്വതന്ത്ര മേഖലയായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) സാന്നിദ്ധ്യം ഉറപ്പിക്കാനുള്ള അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എ.ഡി.ഐ.എ) പദ്ധതിയെ അവര്‍ അഭിനന്ദിച്ചു. ഇത് ഇന്ത്യയില്‍ യു.എ.ഇയുടെ നിക്ഷേപ അവസരങ്ങള്‍ കൂടുതല്‍ സുഗമമാക്കും.
ഐ.ഐ.ടി ഡല്‍ഹി - അബുദാബി സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി ഡല്‍ഹി), അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (എ.ഡി.ഇ.കെ) എന്നിവര്‍ തമ്മിലുള്ള ത്രികക്ഷി ധാരണാപത്രത്തിന്റെ പ്രാധാന്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. യു.എ.ഇയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ഇരു നേതാക്കളും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍, അവര്‍ സമ്മതിച്ചിരുന്നു. ഈ വീക്ഷണം യാഥാര്‍ത്ഥ്യമാക്കാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുപക്ഷവും അക്ഷീണം പ്രയത്‌നിക്കുകയാണ്. എനര്‍ജി ട്രാന്‍സിഷന്‍ ആന്‍ഡ് സസ്‌റ്റെയിനബിലിറ്റിയില്‍ മാസേ്റ്റഴ്‌സ് പ്രോഗ്രാം വാഗ്ദാനം ചെയ്തുകൊണ്ട് ഐ.ഐ.ടി ഡല്‍ഹി - അബുദാബി 2024 ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് തങ്ങളുടെ അംഗീകാരവും സാക്ഷ്യപ്പെടുത്തലും പ്രകടിപ്പിച്ചുകൊണ്ട് ഇരു നേതാക്കളും അറിയിച്ചു. സുസ്ഥിര ഊര്‍ജ്ജം, കാലാവസ്ഥാ പഠനം, കമ്പ്യൂട്ടിംഗ്, ഡാറ്റാ സയന്‍സസ് എന്നീ മേഖലകളില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പുറമേ, മറ്റ് ബാച്ചിലര്‍, മാസേ്റ്റഴ്‌സ്, പിഎച്ച്.ഡി തല പദ്ധതികള്‍ 2024 സെപ്റ്റംബര്‍ മുതല്‍ വാഗ്ദാനം ചെയ്യപ്പെടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജം എന്നിങ്ങനെ ഊര്‍ജമേഖലയില്‍ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. ഹരിത ഹൈഡ്രജന്‍, സൗരോര്‍ജ്ജം, ഗ്രിഡ് ബന്ധിപ്പിക്കല്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ സഹകരണം മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് പ്രോഗ്രാമില്‍ ഉള്‍പ്പെടെ ഊര്‍ജ്ജ സ്‌പെക്ട്രത്തിലുടനീളം നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
പ്രത്യേകിച്ച് ഇന്ത്യ ജി20യുടെയും യും സി.ഒ.പി 28ല്‍ യു.എ.ഇയുടെയും അദ്ധ്യക്ഷകാലയളിവലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിലെ സംയുക്ത പ്രവര്‍ത്തനങ്ങളും നേതാക്കള്‍ അംഗീകരിച്ചു. സി.ഒ.പി28 എല്ലാവര്‍ക്കും വിജയകരമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഭക്ഷ്യ വിതരണ ശൃംഖലകളുടെ വിശ്വാസ്യതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ ഭക്ഷ്യ ഇടനാഴി പദ്ധതികളിലൂടെ ഉള്‍പ്പെടെ ഭക്ഷ്യ-കാര്‍ഷിക വ്യാപാരം വിപുലീകരിക്കുന്നതിനുമുള്ള തങ്ങളുടെ ദൃഢനിശ്ചയം നേതാക്കള്‍ ആവര്‍ത്തിച്ചു. ഈ മേഖലയിലെ പദ്ധതികളുടെ നേരത്തെയുള്ള സാക്ഷാത്കരണത്തിനായി വിവിധ ഇന്ത്യന്‍ പങ്കാളികളുമായുള്ള കൂടിയാലോചനകള്‍ യു.എ.ഇ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ആരോഗ്യമേഖലയുടെ പ്രാധാന്യവും ഉഭയകക്ഷിസഹകരണത്തിന്റെയും, നിലവിലുള്ള ആരോഗ്യ സഹകരണം ഊര്‍ജസ്വലമാക്കുകയും അതിനെ കൂടുതല്‍ വൈവിദ്ധ്യവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് മൂന്നാം രാജ്യങ്ങളിലെ സഹകരണത്തിന്റെയും വ്യാപ്തി നേതാക്കള്‍ എടുത്തുപറഞ്ഞു. വാക്‌സിനുകളുടെയും മരുന്നുകളുടെയും ആഗോള ആരോഗ്യ വിതരണ ശൃംഖലയില്‍ വിശ്വസനീയമായ ബദലായി മാറാനുള്ള ഇരു രാജ്യങ്ങളുടെയും ശേഷിയും ഉയര്‍ത്തിക്കാട്ടി. യു.എ.ഇയിലും ഇന്ത്യയിലും വളര്‍ന്നുവരുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ സഹകരിക്കാനുള്ള അവസരങ്ങളും ചര്‍ച്ച ചെയ്തു.
ജനങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് ചരിത്രപരമായ ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഏറ്റവും ശക്തവും സുപ്രധാനവുമായ തൂണുകളില്‍ ഒന്നെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രവാസികള്‍ യു.എ.ഇ.യുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വലിയൊരു പങ്ക് വഹിക്കുന്നതിലും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കുന്നതിലും യു.എ.ഇ അഭിനന്ദവും അറിയിച്ചു.
ഇന്ത്യയിലും യു.എ.ഇയിലും പങ്കാളിത്ത അയല്‍പക്കങ്ങളിലും സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിന് മേഖലയിലെ സമുദ്ര സുരക്ഷയും ബന്ധിപ്പിക്കലും ഉറപ്പിക്കുന്നതിന് ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നേതാക്കള്‍ സമ്മതിച്ചു. പ്രതിരോധ വിനിമയം, അനുഭവങ്ങള്‍ പങ്കിടല്‍, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും അവര്‍ സമ്മതിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെ എല്ലാതരത്തിലുമുള്ള തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായി പ്രാദേശിക തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലുമുള്ള പോരാട്ടത്തില്‍ തങ്ങളുടെ സംയുക്ത പ്രതിബദ്ധത നേതാക്കള്‍ വീണ്ടും ആവര്‍ത്തിച്ചു. ഭീകരവാദം, ഭീകരവാദത്തിനുള്ള ധനസഹായം, തീവ്രവാദം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ അവര്‍ സമ്മതിച്ചു. ഈ പശ്ചാത്തലത്തില്‍, ജനങ്ങള്‍ക്കിടയില്‍ സമാധാനം, മിതത്വം, സഹവര്‍ത്തിത്വം, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ തറപ്പിച്ചുപറയുകയും എല്ലാത്തരത്തിലുള്ള തീവ്രവാദം, വിദ്വേഷ പ്രസംഗം, വിവേചനം, പ്രേരണ എന്നിവയെ തള്ളിക്കളയേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു.
ഇരു നേതാക്കളും ബഹുമുഖത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ന്യായമായതും, നിയമാധിഷ്ഠിതമായതുമായ ആഗോള ക്രമം പ്രോത്സാഹിപ്പിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. യു.എന്‍ സുരക്ഷാസമിതിയുടെ (യു.എന്‍.എസ്.സി) കാര്യങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള ഏകോപനത്തില്‍ , പ്രത്യേകിച്ച് 2022ല്‍, ഇരു രാജ്യങ്ങളും യു.എന്‍.എസ.്‌സിയിലെ സ്ഥിരാംഗങ്ങളല്ലാത്ത അംഗങ്ങളായി സേവനമനുഷ്ഠിച്ചിരുന്നപ്പോഴുണ്ടായിരുന്നസമയത്തെ പ്രവര്‍ത്തനത്തില്‍, ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ സമിതിയിലെ (സെക്യൂരിറ്റി കൗണ്‍സിലില്‍) തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിലെ യു.എ.ഇ തങ്ങളുടെ കാലത്ത് കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. പരിഷ്‌കരിക്കപ്പെടുന്ന യു.എന്‍.എസ്.സിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ യു.എ.ഇ ആവര്‍ത്തിച്ചു.
തന്റെ പ്രതിനിധി സംഘത്തിന് നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. 2023 സെപ്തംബര്‍ 9-10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പങ്കാളിത്തം പ്രധാനമന്ത്രി മോദി ഉറ്റുനോക്കുന്നു.
സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, സഹകരണത്തിന്റെ ഉയര്‍ന്നുവരുന്ന മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും, മേഖലയിലും അതിനപ്പുറവും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

 

ND



(Release ID: 1939856) Visitor Counter : 144