പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാസ്റ്റിൽ ദിന പരേഡിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുത്തു

Posted On: 14 JUL 2023 5:58PM by PIB Thiruvananthpuram

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14നു ഷോംസ് എലീസേയിൽ നടന്ന ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ  25-ാം വാർഷികത്തോടനുബന്ധിച്ച്, സൈനിക ബാൻഡിന്റെ നേതൃത്വത്തിൽ 241 അംഗ ഇന്ത്യൻ സായുധസേനാ സംഘവും പരേഡിൽ പങ്കെടുത്തു. പഞ്ചാബ് റെജിമെന്റും രാജ്പുത്താന റൈഫിൾസ് റെജിമെന്റും ഇന്ത്യൻ സൈനികസംഘത്തിനു നേതൃത്വം നൽകി.

ഹാഷിമാരയിൽനിന്നുള്ള 101 സ്ക്വാഡ്രണിലെ ഇന്ത്യൻ വ്യോമസേനയുടെ റഫാൽ ജെറ്റുകൾ ഫ്ലൈ പാസ്റ്റിന്റെ (യുദ്ധവിമാനപരേഡ്) ഭാഗമായി.

ഫ്രഞ്ച് വിപ്ലവകാലത്ത് 1789 ജൂലൈ 14നു ബാസ്റ്റിൽ ജയിൽ ആക്രമിച്ചിരുന്നു. ഇതിന്റെ സ്മരണയ്ക്കാണ് ഓരോ വർഷവും ജൂലൈ 14 ബാസ്റ്റിൽ ദിനമായി ആചരിക്കുന്നത്. ഇന്ത്യൻ-ഫ്രഞ്ച് ഭരണഘടനകളുടെ മുഖ്യപ്രമേയമായ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവയുടെ ജനാധിപത്യമൂല്യങ്ങളെ പ്രതീകപ്പെടുത്തുന്നതാണിത്.

 

ND(Release ID: 1939565) Visitor Counter : 98