രാജ്യരക്ഷാ മന്ത്രാലയം
9-ാമത് അന്താരാഷ്ട്ര യോഗ ദിനം: ഐഎൻഎസ് വിക്രാന്തിൽ സായുധ സേനയ്ക്കും ഇന്ത്യൻ തീര സംരക്ഷണ സേന ഉദ്യോഗസ്ഥർക്കും ഒപ്പം രക്ഷാ മന്ത്രി യോഗ ചെയ്തു
Posted On:
21 JUN 2023 11:23AM by PIB Thiruvananthpuram
ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി ദിനചര്യയിൽ യോഗാപരിശീലനം ഉൾപ്പെടുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു
“യോഗ ഒരു സീറോ ബജറ്റ് മാധ്യമമാണ്; ഇത് ഒരു നിക്ഷേപ ചെലവുമില്ലാതെ അവിശ്വസനീയമായ ലാഭം നൽകുന്നു"
ലോകം ഇന്ത്യൻ സംസ്കാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് യോഗ ദിനം: ശ്രീ രാജ്‌നാഥ് സിംഗ്
കൊച്ചി: ജൂൺ 21, 2023
ഐക്യത്തിന്റെയും ക്ഷേമത്തിന്റെയും മനോഭാവം ഉൾക്കൊണ്ടുകൊണ്ട്, രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2023 ജൂൺ 21-ന് 9-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ സായുധ സേനയുടെയും ഇന്ത്യൻ തീര സംരക്ഷണ സേനയുടെയും ഉദ്യോഗസ്ഥർക്കൊപ്പം യോഗ ചെയ്തു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, നേവൽ വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷൻ പ്രസിഡന്റായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കലാ ഹരികുമാർ, കേന്ദ്ര ഗവൺമെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫർ വൈസ് അഡ്മിറൽ അധീർ അറോറ, പേഴ്‌സണൽ സർവീസസ് കൺട്രോളർ വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി റിയർ അഡ്മിറൽ ജെ. സിംഗ് എന്നിവരും 120 അഗ്നിവീരരുൾപ്പെടെ 800-ലധികം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
മനോഹരമായ നീലാകാശത്തിന്റെയും ഇളം കാറ്റിന്റെയും പശ്ചാത്തലത്തിൽ, ഐഎൻഎസ് വിക്രാന്തിൻ്റെ കപ്പൽത്തട്ട് പുരാതന ഇന്ത്യൻ ആചാരത്തെ ആഘോഷിക്കാൻ വിസ്മയിപ്പിക്കുന്ന ഒരു അന്തരീക്ഷം നൽകി. മാനസിക, ശാരീരിക, ആത്മീയ ക്ഷേമം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ നൽകുന്ന യോഗ, ലോകമെമ്പാടും അതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. ശാരീരിക ക്ഷമത, മാനസിക ശാന്തത, ആത്മീയ സൗഖ്യം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ആസനങ്ങളും ശ്വസന വ്യായാമങ്ങളും ചെയ്യുന്നതിന് വിദഗ്ധ യോഗാ പരിശീലകർ, പരിപാടിയിൽ പങ്കെടുത്തവരെ സഹായിച്ചു
സെഷനുകൾക്ക് ശേഷം രക്ഷാ മന്ത്രി, യോഗ പരിശീലകരെ ആദരിക്കുകയും പങ്കെടുത്തവരുമായി സംവദിക്കുകയും ചെയ്തു. ഭാരതീയ സംസ്‌കാരത്തെ ലോകം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനാൽ ഈ ആചാരത്തിന്റെ ആഗോള ആഘോഷം രാജ്യത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലോകമെമ്പാടും യോഗ പ്രചരിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഈ സമ്പ്രദായം മനുഷ്യരാശിക്ക് ഒന്നിലധികം നേട്ടങ്ങൾ നൽകുന്നു എന്ന സന്ദേശം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇന്ത്യ വിജയിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ശരീരത്തെയും മനസ്സിനെയും സംയോജിപ്പിക്കുന്ന യോഗ, മനുഷ്യനെ പ്രകൃതിയുമായും ദൈവിക ശക്തിയുമായും ബന്ധിപ്പിക്കുന്നതിനൊപ്പം, ആത്മീയ ബോധം കൈവരിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായും വർത്തിക്കുന്നതിനാൽ ദിനചര്യയിൽ യോഗ ഉൾപ്പെടുത്തണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിന് വഴിയൊരുക്കുന്ന 'അമൃത്' എന്നതിന് തുല്യമായാണ് അദ്ദേഹം യോഗയെ വിശേഷിപ്പിച്ചത്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി സാധ്യതകൾ അത് തുറക്കുന്നു. അതേസമയം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആഴത്തിലുള്ള തലത്തിൽ സമഗ്രമായ രോഗശാന്തിയും യോഗ വാഗ്ദാനം ചെയ്യുന്നു.
രക്ഷാ മന്ത്രി, ശരീരത്തെ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറായും മനസ്സിനെ സോഫ്റ്റ്‌വെയറായും ഉപമിച്ചു. മൊത്തത്തിലുള്ള കാര്യക്ഷമമായ പ്രവർത്തനത്തിന് യോഗ ഈ രണ്ട് വശങ്ങളെയും ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ശാരീരികവും മാനസികവും ആത്മീയവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്ന ഒരു സീറോ ബജറ്റ് മാധ്യമമാണ് യോഗ. ഇത് യാതൊരു നിക്ഷേപ ചെലവും ഇല്ലാതെ അവിശ്വസനീയമായ ലാഭം നൽകുന്നു. കോവിഡ് -19 മഹാമാരി സമയത്ത് യോഗയുടെ പ്രാധാന്യം വെളിവാക്കപ്പെട്ടു. യോഗ പരിശീലനം ദിനചര്യയുടെ അവിഭാജ്യ ഘടകമാക്കിയ ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചത് താരതമ്യേന കുറവായിരുന്നു. വിവിധ ഗവേഷണങ്ങൾ അനുസരിച്ച്, മഹാമാരി സമയത്ത് ആളുകളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ യോഗ നിർണായക പങ്ക് വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.
(Release ID: 1937951)
Visitor Counter : 88