പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി-20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 22 JUN 2023 10:53AM by PIB Thiruvananthpuram

ആദരണീയരേ, മഹതികളേ, മാന്യരേ, നമസ്കാരം!

ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ നിങ്ങളേവർക്കും എന്റെ സ്വാഗതം. വിദ്യാഭ്യാസം നമ്മുടെ നാഗരികതയുടെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്. വിദ്യാഭ്യാസ മന്ത്രിമാർ എന്ന നിലയിൽ, ഏവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായുള്ള നമ്മുടെ ശ്രമങ്ങളിൽ മനുഷ്യരാശിയെ നയിക്കുന്ന ഷെർപ്പമാരാണ് നിങ്ങൾ. ഇന്ത്യയുടെ ഗ്രന്ഥങ്ങളിൽ, സന്തോഷം പകരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രധാനമാണെന്നു വർണിച്ചിട്ടുണ്ട്. 'വിദ്യാ ദദാതി വിനയം വിനയദ് യാതി പാത്രതാം । പാത്രത്വാത് ധനമാപ്നോതി ധനാദ്ധർമം തതഃ സുഖം॥' “യഥാർഥ അറിവ് വിനയമേകുന്നു. വിനയത്തിൽ നിന്നാണു മൂല്യമുണ്ടാകുന്നത്. മൂല്യത്തിൽനിന്ന് സമ്പത്തു ലഭിക്കും. സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു. അതു സന്തോഷമേകുകയും ചെയ്യുന്നു”. അതിനാലാണ് ഇന്ത്യയിൽ ഞങ്ങൾ സമഗ്രവും വ്യാപകവുമായ യാത്ര ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, ഇത് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അതിനായി ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ അല്ലെങ്കിൽ ''നിപുൺ ഭാരത്'' സംരംഭത്തിനു ഞങ്ങൾ തുടക്കംകുറിച്ചു. നിങ്ങളുടെ സംഘവും ''അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും'' മുൻഗണനയായി തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2030-ഓടെ സമയബന്ധിതമായി അതിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.

ആദരണീയരേ,

മെച്ചപ്പെട്ട ഭരണത്തിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇക്കാര്യത്തിൽ, നാം നൂതനമായ ഇ-പഠനസംവിധാനങ്ങൾ ഉപയോഗിക്കുകയും  പൊരുത്തപ്പെടുത്തുകയും വേണം. ഇന്ത്യയിൽ, ഞങ്ങൾ സ്വന്തമായി നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പരിപാടിയാണ് ''സ്റ്റഡി വെബ്‌സ് ഓഫ് ആക്റ്റീവ്-ലേണിങ് ഫോർ യങ് ആസ്പയറിങ് മൈൻഡ്‌സ്'', അഥവാ 'സ്വയം'. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര തലം വരെയുള്ള എല്ലാ കോഴ്സുകളും ഈ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്. ഇത് വിദ്യാർഥികൾക്കു വിദൂരപഠനം പ്രാപ്തമാക്കുന്നു. പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 34 ദശലക്ഷത്തിലധികം പ്രവേശനവും ഒമ്പതിനായിരത്തിലധികം കോഴ്സുകളും ഉള്ള 'സ്വയം' വളരെ ഫലപ്രദമായ പഠന ഉപാധിയായി മാറി. ''വിജ്ഞാനം പങ്കിടലിനുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യം'' അഥവാ 'ദീക്ഷ' പോർട്ടലും ഞങ്ങൾക്കുണ്ട്. വിദൂരമേഖലകളിലുള്ള വിദ്യാർഥികളെയും പതിവു ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവരെയും ലക്ഷ്യമിട്ടുള്ളതാണിത്. വിദൂരപഠനത്തിലൂടെ സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിന് അധ്യാപകർ ഇതുപയോഗിക്കുന്നു. ഇരുപത്തിയൊമ്പത് ഇന്ത്യൻ ഭാഷകളിലും ഏഴ് വിദേശ ഭാഷകളിലുമുള്ള പഠനത്തെ ഇത് പിന്തുണയ്ക്കുന്നു. 137 ദശലക്ഷത്തിലധികം കോഴ്‌സ് പൂർത്തീകരണത്തിന് ഇത് സാക്ഷ്യം വഹിച്ചു. ഈ അനുഭവങ്ങളും വിഭവങ്ങളും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ ഉള്ളവരുമായി, പങ്കുവയ്ക്കുന്നതിൽ ഇന്ത്യക്കു സന്തോഷമേയുള്ളൂ.

ആദരണീയരേ,

നമ്മുടെ യുവാക്കളുടെ ഭാവി സജ്ജമാക്കുന്നതിന്, അവർക്കു തുടർച്ചയായി വൈദഗ്ധ്യവും നവവൈദഗ്ധ്യവും വിപുലവൈദഗ്ധ്യവും നൽകേണ്ടതുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിലേക്കും സമ്പ്രദായങ്ങളിലേക്കും അവരുടെ കഴിവുകൾ വിന്യസിക്കേണ്ടതുണ്ട്. ഇന്ത്യയിൽ, ഞങ്ങൾ നൈപുണ്യങ്ങളുടെ രേഖപ്പെടുത്തൽ നടത്തുകയാണ്. ഞങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ, തൊഴിൽ മന്ത്രാലയങ്ങൾ ഈ സംരംഭത്തിനായി യോജിച്ചു പ്രവർത്തിക്കുന്നു. ജി-20 രാജ്യങ്ങൾക്ക് ആഗോള തലത്തിൽ നൈപുണ്യം രേഖപ്പെടുത്തൽ നടത്താനും പരിഹരിക്കേണ്ട അന്തരങ്ങൾ കണ്ടെത്താനും കഴിയും.

ആദരണീയരേ,

ഡിജിറ്റൽ സാങ്കേതികവിദ്യ തുല്യതയുറപ്പാക്കുന്ന സംവിധാനമായി വർത്തിക്കുകയും ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിലും ഭാവി ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും ഇതു കരുത്തേകുന്നു. ഇന്ന് വൈദഗ്ധ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിർമ‌ിതബുദ്ധി പഠനം വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. അവസരങ്ങൾക്കൊപ്പം സാങ്കേതികവിദ്യ വെല്ലുവിളികളും ഉയർത്തുന്നു. നാം ശരിയായ സന്തുലിതാവസ്ഥ കൈവരിക്കണം. ജി-20ന് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകും.

ആദരണീയരേ,

ഇന്ത്യയിൽ, ഞങ്ങൾ ഗവേഷണത്തിനും നവീകരണത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം പതിനായിരം ''അടൽ ടിങ്കറിങ് ലാബുകൾ'' സ്ഥാപിച്ചു. ഇവ സ്കൂൾ കുട്ടികൾക്കായി ഗവേഷണ, നവീകരണ നഴ്സറികളായി പ്രവർത്തിക്കുന്നു. 7.5 ദശലക്ഷത്തിലധികം വിദ്യാർഥികൾ ഈ ലാബുകളിൽ 1.2 ദശലക്ഷത്തിലധികം നൂതന പദ്ധതികളിൽ പ്രവർത്തിക്കുന്നു. ജി-20 രാജ്യങ്ങൾക്ക്, അവരുടേതായ കഴിവുകൾ ഉപയോഗിച്ച്, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് മേഖലയിൽ, പ്രധാന പങ്ക് വഹിക്കാനാകും. ഗവേഷണസഹകരണം വർധിപ്പിക്കുന്നതിന് പുതുപാത സൃഷ്ടിക്കാൻ ഞാൻ നിങ്ങളോടേവരോടും അഭ്യർഥിക്കുന്നു.

ആദരണീയരേ,

നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും ഭാവിയെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ കൂടിക്കാഴ്ചയ്ക്കു വളരെയധികം പ്രാധാന്യമുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഉത്തേജകങ്ങളായി നിങ്ങളുടെ സംഘം ഹരിതപരിവർത്തനം, ഡിജിറ്റൽ പരിവർത്തനങ്ങൾ, സ്ത്രീശാക്തീകരണം എന്നിവ തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസമാണ് ഈ ശ്രമങ്ങളുടെയെല്ലാം അടിസ്ഥാനം. ഈ സംഘം ഏവരെയും ഉൾക്കൊള്ളുന്ന, പ്രവർത്തനാധിഷ്ഠിതവും ഭാവി മുന്നിൽ കാണുന്നതുമായ വിദ്യാഭ്യാസ കാര്യപരിപാടിയുമായി മുന്നോട്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 'വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന യഥാർഥ ചൈതന്യത്തിൽ ഇത് ലോകത്തിനാകെ പ്രയോജനം ചെയ്യും. ഏവർക്കും ഫലപ്രദവും വിജയകരവുമായ കൂടിക്കാഴ്ച ആശംസിക്കുന്നു.

നന്ദി.

-ND-



(Release ID: 1934417) Visitor Counter : 128