പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട യോഗത്തെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


“ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു; മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി”

“കാലാവസ്ഥാവ്യതിയാനത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും കാര്യത്തിൽ 21-ാം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വ്യക്തമായ രൂപരേഖയുമായി മുന്നോട്ടുപോകുകയാണ്”

“ലോക കാലാവസ്ഥയുടെ സംരക്ഷണത്തിനായി ലോകത്തിലെ എല്ലാ രാജ്യങ്ങളും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കതീതമായി ചിന്തിക്കണം”

“ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരത്തിൽ പ്രകൃതിയും പുരോഗതിയുമുണ്ട്”

“ലോകത്തെ മാറ്റുന്നതിനായി നിങ്ങളുടെ സ്വഭാവം മാറ്റുക എന്നതാണു ലൈഫ് ദൗത്യത്തിന്റെ അടിസ്ഥാന തത്വം”

“കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഈ അവബോധം ഇന്ത്യയിൽ മാത്രം പരിമി‌തപ്പെടുന്ന ഒന്നല്ല; ഈ സംരംഭത്തിനുള്ള ആഗോള പിന്തുണ ലോകമെമ്പാടും വർധിക്കുകയാണ്”

“ലൈഫ് ദൗത്യത്തിനായി സ്വീകരിക്കുന്ന ഓരോ ചുവടും വരുംകാലങ്ങളിൽ പരിസ്ഥിതിയുടെ കരുത്തുറ്റ കവചമായി മാറും”


Posted On: 05 JUN 2023 2:38PM by PIB Thiruvananthpuram

ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദിനാചരണ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ലോക പരിസ്ഥിതി ദിനത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞം എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി കഴിഞ്ഞ 4-5 വർഷമായി ഇന്ത്യ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. 2018-ൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ഇന്ത്യ രണ്ട് തലങ്ങളിൽ പ്രവർത്തനം തുടങ്ങിയെന്ന് ശ്രീ മോദി പറഞ്ഞു. “ഒരുവശത്ത്, ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഞങ്ങൾ നിരോധിച്ചു. മറുവശത്ത്, പ്ലാസ്റ്റിക് മാലിന്യസംസ്കരണം നിർബന്ധമാക്കി” - അദ്ദേഹം പറഞ്ഞു. പറഞ്ഞു. ഇതിനാൽ, ഇന്ത്യയിൽ വർഷത്തിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 75 ശതമാനം വരുന്ന ഏകദേശം 30 ലക്ഷം ടൺ പ്ലാസ്റ്റിക് പാക്കേജുകൾ നിർബന്ധിത പുനഃചംക്രമണത്തിനു വിധേയമാക്കി. ഏകദേശം പതിനായിരത്തോളം ഉൽപ്പാദകരും ഇറക്കുമതിക്കാരും ബ്രാൻഡുകളും ഇന്ന് അതിന്റെ പരിധിയിൽ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി 21-ാം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വ്യക്തമായ രൂപരേഖയുമായി മുന്നോട്ടുപോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർത്തമാനകാല ആവശ്യകതകളുടെയും ഭാവി കാഴ്ചപ്പാടിന്റെയും സന്തുലിതാവസ്ഥ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. അങ്ങേയറ്റം ദരിദ്രരായവർക്ക് ആവശ്യമായ സഹായം നൽകിയിട്ടുണ്ട്. അതോടൊപ്പം ഭാവിയിലെ ഊർജ ആവശ്യങ്ങൾ കണക്കിലെടുത്ത് വലിയ നടപടികളും ഇന്ത്യ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഹരിത - സംശുദ്ധ ഊർജത്തിന്റെ കാര്യത്തിൽ ഇന്ത്യ അഭൂതപൂർവമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്” - ജനങ്ങളുടെ പണം ലാഭിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്നതിനും സഹായിച്ച സൗരോർജത്തിന്റെയും എൽഇഡി ബൾബുകളുടെയും ഉദാഹരണങ്ങൾ നൽകി പ്രധാനമന്ത്രി പറഞ്ഞു. ആഗോള മഹാമാരിയുടെ കാലത്ത് ഇന്ത്യ നേതൃത്വം നൽകിയതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത ഹൈഡ്രജൻ ദൗത്യത്തിനു തുടക്കം കുറിച്ചു. രാസവളങ്ങളിൽ നിന്ന് മണ്ണും വെള്ളവും സംരക്ഷിക്കുന്നതിനായി പ്രകൃതിദത്തകൃഷിയിലേക്കു നീങ്ങുന്നതിനു വലിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

“കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെയും റാംസർ പ്രദേശങ്ങളുടെയും എണ്ണം മുമ്പത്തേതിനേക്കാൾ ഏകദേശം 3 മടങ്ങ് വർധിച്ചു” – അദ്ദേഹം പറഞ്ഞു. ഹരിതഭാവി, ഹരിതസമ്പദ്‌വ്യവസ്ഥ എന്നിവയുടെ പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുന്ന രണ്ട് പദ്ധതികൾ കൂടി ഇന്ന് ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തിലൂടെ ഈ റാംസർ പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ‘അമൃത് ധരോഹർ യോജന’യാണ് അതിലൊന്ന്. ഭാവിയിൽ, ഈ റാംസർ പ്രദേശങ്ങൾ ഇക്കോ-ടൂറിസത്തിന്റെ കേന്ദ്രമായി മാറും. ആയിരക്കണക്കിനുപേർക്ക് ഹരിത തൊഴിലുകളുടെ ഉറവിടമായി മാറുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന ‘മിഷ്തി യോജന’യാണ് രണ്ടാമത്തെ പദ്ധതി. ഇതിലൂടെ, രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കും. സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്നും ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങളിൽ നിന്നും തീരപ്രദേശങ്ങളിലെ ജീവനും ഉപജീവനത്തിനുമുണ്ടാകുന്ന ഭീഷണി ലഘൂകരിക്കാൻ ഇതു സഹായിക്കും - പ്രധാനമന്ത്രി പറഞ്ഞു.

ലോക കാലാവസ്ഥയുടെ സംരക്ഷണത്തിനായി ലോകത്തിലെ എല്ലാ രാജ്യങ്ങളും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കതീതമായി  ചിന്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം രാജ്യം വികസിപ്പിക്കുകയും പരിസ്ഥിതിയെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുന്ന വികസന മാതൃക ലോകത്തിലെ വലുതും ആധുനികവുമായ രാജ്യങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്നുണ്ട്. അത്തരം രാജ്യങ്ങൾ വികസന ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെങ്കിലും അതിനായി ലോകത്തിന്റെയാകെ പരിസ്ഥിതിക്കു വിലകൊടുക്കേണ്ടി വന്നു. ഇന്നും ലോകത്തിലെ വികസ്വര-അവികസിത രാജ്യങ്ങൾ ഏതാനും വികസിത രാജ്യങ്ങളുടെ വികലമായ നയങ്ങളാൽ കഷ്ടപ്പെടുകയാണ് – പ്രധാനമന്ത്രി പറഞ്ഞു. “പതിറ്റാണ്ടുകളായി, ചില വികസിത രാജ്യങ്ങളുടെ ഈ മനോഭാവം തടയാൻ ഒരു രാജ്യവും ഉണ്ടായിരുന്നില്ല”. അത്തരത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും മുന്നിൽ കാലാവസ്ഥാ നീതിയുടെ പ്രശ്നം ഇന്ത്യ ഉന്നയിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

“സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരത്തിൽ, പ്രകൃതിയും പുരോഗതിയും ഉണ്ട്” - പരിസ്ഥിതിയിലും സമ്പദ്‌വ്യവസ്ഥയിലുമുള്ള ഇന്ത്യയുടെ ശ്രദ്ധയാണ് അതിന്റെ പ്രചോദനമെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തിൽ അഭൂതപൂർവമായ നിക്ഷേപം നടത്തുമ്പോഴും പരിസ്ഥിതിയിലും അതുപോലെ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒരുവശത്ത് 4ജി, 5ജി സമ്പർക്കസൗകര്യങ്ങൾ വിപുലീകരിക്കുന്നു. മറുവശത്ത് രാജ്യത്തിന്റെ വനവിസ്തൃതി വർധിക്കുന്നു - സമ്പദ്‌വ്യവസ്ഥയിലെയും പരിസ്ഥിതിയിലെയും ഉത്തേജനം താരതമ്യം ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കായി ഇന്ത്യ നാലുകോടി വീടുകൾ നിർമിച്ചു. വന്യജീവി സങ്കേതങ്ങളുടെയും ഇന്ത്യയിലെ വന്യജീവികളുടെയും എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായി - അദ്ദേഹം കൂട്ടിച്ചേർത്തു. ജൽ ജീവൻ ദൗത്യം, ജലസുരക്ഷയ്ക്കായി 50,000 അമൃതസരോവരങ്ങൾ നിർമിച്ചത്, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത്, പുനരുപയോഗ ഊർജത്തിൽ ലോകത്തെ അഞ്ചു മുൻനിര രാജ്യങ്ങളിലൊന്നായി മാറിയത്, കാർഷിക കയറ്റുമതി വർധിപ്പിച്ചത്, പെട്രോളിലെ 20 ശതമാനം എഥനോൾ മിശ്രണം എന്നിവയെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം (സിഡിആർഐ), വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യം തുടങ്ങിയ സംഘടനകളുടെ അടിത്തറയായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.

പരി‌സ്ഥിതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ദൗത്യം ജനകീയ പ്രസ്ഥാനമായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ അവബോധമാണ് ഈ ദൗത്യം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഗുജറാത്തിലെ കേവഡിയ-ഏകതാ നഗറിൽ ഈ ദൗത്യം ആരംഭിച്ചപ്പോൾ ജനങ്ങൾക്കിടയിൽ ജിജ്ഞാസയുണ്ടായിരുന്നു. എന്നാൽ, ഒരു മാസം മുമ്പ് ലൈഫ് ദൗത്യത്തെക്കുറിച്ചുള്ള യജ്ഞത്തിനു തുടക്കംകുറിച്ചപ്പോൾ 30 ദിവസത്തിനുള്ളിൽ 2 കോടി പേർ ഇതിന്റെ ഭാഗമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘എന്റെ നഗരത്തിനു ജീവൻ നൽകുക’ എന്ന ആശയത്തിൽ റാലികളും പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചുംഅദ്ദേഹം പറഞ്ഞു. “ലക്ഷക്കണക്കിന് സഹപ്രവർത്തകർ അവരുടെ ദൈനംദിന ജീവിതത്തിൽ ‘ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം’ എന്ന തത്വം സ്വീകരിച്ചു” എന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തെ മാറ്റുന്നതിനായി നിങ്ങളുടെ സ്വഭാവം മാറ്റുക എന്നതാണു ലൈഫ് ദൗത്യത്തിന്റെ അടിസ്ഥാന തത്വമെന്നും വ്യക്തമാക്കി. “മനുഷ്യരാശിയുടെയാകെ ശോഭനമായ ഭാവിക്കും നമ്മുടെ ഭാവി തലമുറകൾക്കും ഒരുപോലെ പ്രധാനമാണ് ലൈഫ് ദൗത്യം” - ശ്രീ മോദി കൂട്ടിച്ചേർത്തു.

“കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഈ അവബോധം ഇന്ത്യയിൽ മാത്രം പരിമി‌തപ്പെടുന്ന ഒന്നല്ല. ഈ സംരംഭത്തിനുള്ള ആഗോള പിന്തുണ ലോകമെമ്പാടും വർധിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. വ്യക്തികളിലും സമൂഹങ്ങളിലും കാലാവസ്ഥാ സൗഹൃദ പെരുമാറ്റരീതികളിൽ മാറ്റം കൊണ്ടുവരുന്നതിന് നൂതനമായ പ്രതിവിധികൾ പങ്കിടാൻ കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ ലോക സമൂഹത്തോട് അഭ്യർഥിച്ചത് അദ്ദേഹം അനുസ്മരിച്ചു.  വിദ്യാർഥികൾ, ഗവേഷകർ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, പ്രൊഫഷണലുകൾ, എൻ‌ജി‌ഒകൾ, എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള സാധാരണ പൗരന്മാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിനുപേർ അവരുടെ കാഴ്ചപ്പാടുകളും പ്രതിവിധികളും പങ്കിട്ടതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ആശയങ്ങൾക്ക് പുരസ്കാരം ലഭിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ലൈഫ് ദൗത്യത്തിലേക്കുള്ള ഓരോ ചുവടും വരുംകാലങ്ങളിൽ പരിസ്ഥിതിയുടെ കരുത്തുറ്റ കവചമായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ലൈഫി’നായുള്ള ചിന്താനേതൃത്വത്തിന്റെ ശേഖരവും ഇന്ന് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങൾ ഹരിത വളർച്ചയ്ക്കുള്ള ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തുപകരുമെന്നും ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

--ND--(Release ID: 1930118) Visitor Counter : 116