ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് കൊച്ചിയിൽ അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു
Posted On:
04 JUN 2023 7:52PM by PIB Thiruvananthpuram
ന്യൂഡൽഹി : ജൂൺ 04, 2023
കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് കൊച്ചിയിൽ അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു
പ്രസംഗത്തിന്റെ തുടക്കത്തിൽ, ഒഡീഷയിലുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശ്രീ അമിത് ഷാ തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
അമ്മ ചെയ്ത നല്ല പ്രവർത്തനങ്ങളെ അനുസ്മരിക്കാനാണ് താൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മതം, പാരമ്പര്യം, സംസ്‌കാരം, സേവനം തുടങ്ങിയ മേഖലകളിൽ അമ്മയുടെ സംഭാവനകൾ, നമ്മുടെ സനാതനസംസ്‌കാരത്തിന് ലോകമെമ്പാടും കീർത്തി നേടി തന്നതായി അദ്ദേഹം പറഞ്ഞു.
അമ്മ തന്റെ ജീവിതത്തിൽ ആരംഭിച്ച എല്ലാ പ്രവർത്തനങ്ങളും എല്ലായ്പ്പോഴും വിജയകരമാണെന്നും ഈ സ്ഥാപനവും അതിന് ഉദാഹരണമാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 125 കിടക്കകളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 1,350-ലധികം കിടക്കകളുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച സേവന കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. അമൃതപുരി കാമ്പസിലും കൊച്ചി കാമ്പസിലും അത്യാധുനിക സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആകെ വിസ്തീർണ്ണം 1.85 ലക്ഷം ചതുരശ്ര അടിയിൽ കൂടുതലായിരിക്കും. അമൃത മൾട്ടി ഡിസിപ്ലിനറി റിസർച്ച് ഇന്നൊവേഷൻ ആൻഡ് ട്രാൻസ്ലേഷൻ ഹബ് ആഗോളതലത്തിൽ ഗവേഷണ മേഖലയിൽ വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഉയർന്നുവന്നിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. അമൃതപുരിയിൽ 1.85 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലും ചിക്കാഗോയിൽ 20,000 ചതുരശ്ര അടിയിലും ഫരീദാബാദിൽ 3 ലക്ഷം ചതുരശ്ര അടിയിലും കൊച്ചിയിൽ 10 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുമാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോകുന്നത്.
സേവന രംഗത്ത് ഇന്ന് അമൃത ആശുപത്രി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 1998 മുതൽ 2023 വരെയുള്ള യാത്രയിൽ 20 ലക്ഷത്തിലധികം രോഗികൾക്ക് ഈ ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ സൗജന്യ ചികിത്സയ്ക്കായി 800 കോടി രൂപ ചെലവഴിച്ചു. ഈ സ്ഥാപനം മെഡിക്കൽ രംഗത്ത് നിരവധി പുതിയ തുടക്കങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. അമൃത ആശുപത്രി,ഇന്ത്യയിലെ ആദ്യത്തെ മൈക്രോ ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്, ആദ്യത്തെ പൂർണ്ണ റോബോട്ടിക്- കരൾ മാറ്റ ശസ്ത്രക്രിയ, റോബോട്ടിക് സഹായത്തോടെ ആദ്യത്തെ കാൽമുട്ടും ഇടുപ്പും മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ എന്നിവ നടത്തി. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ ത്രീഡി പ്രിന്റിംഗ് സൗകര്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. 2022ൽ, ലോകത്ത് ആദ്യമായി ഏറ്റവും ചെറിയ കൃത്രിമ ഹൃദയ പമ്പ് മാറ്റിവെച്ചത് ഈ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ സേവനത്തിന്റെ പരിധി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നതാണെന്നും ശ്രീ ഷാ പറഞ്ഞു. 2001-ലെ ഗുജറാത്ത് ഭൂകമ്പത്തിൽ അമ്മ ഫൗണ്ടേഷൻ 2 ഗ്രാമങ്ങളിലായി ഭൂകമ്പത്തെ പ്രതിരോധിക്കുന്ന 1200-ലധികം വീടുകൾ നിർമ്മിച്ചുവെന്നും ഇന്നും ഇവ അമ്മയുടെ ഗ്രാമങ്ങൾ എന്നാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2015-ലെ നേപ്പാൾ ഭൂകമ്പം, 2014-ലെ ജമ്മു-കശ്മീർ വെള്ളപ്പൊക്കം, 2014-ലെ ഫിലിപ്പീൻസ് ചുഴലിക്കാറ്റ്, 2004-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമുണ്ടായ സുനാമി തുടങ്ങിയ നിരവധി സമാന ഉദാഹരണങ്ങൾ അദ്ദേഹം എടുത്ത് പറഞ്ഞു. ഇന്ത്യയിൽ സ്വച്ഛതാ അഭിയാൻ ത്വരിതപ്പെടുത്തുന്നതിന് അമ്മ 200 കോടി രൂപ നൽകി, അതിൽ 100 കോടി രൂപ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനും 100 കോടി രൂപ കേരളത്തിൽ ശുചി മുറികൾ നിർമ്മിക്കുന്നതിനും നൽകി. ഇതിനുപുറമെ, 45,000 വീടുകളുടെ നിർമ്മാണവും ഒരു കോടിയോളം പാവപ്പെട്ടവർക്ക് ഓരോ വർഷവും ഭക്ഷ്യധാന്യങ്ങൾ നൽകുന്ന പരിപാടിയും അമ്മ നടത്തുന്നുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.
ഈ സ്ഥാപനം അതിന്റെ സുവർണ ജൂബിലി മികച്ച നിലയിലും ശതാബ്ദി കൂടുതൽ ഗംഭീരമായി ആഘോഷിക്കുമെന്നും ശ്രീ ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
SKY
(Release ID: 1929790)
Visitor Counter : 289