പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനത്തിന്റെ 350-ാം വാർഷികത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു



“ദേശീയക്ഷേമവും പൊതുജനക്ഷേമവുമാണു ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാനഘടകങ്ങൾ”

“ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതിനാണു ശിവാജി മഹാരാജ് എപ്പോഴും പരമമായ പ്രാധാന്യം നൽകിയിരുന്നത്”

“ഛത്രപതി ശിവാജി മഹാരാജിന്റെ ചിന്തകളുടെ പ്രതിഫലനം ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ദർശനത്തിൽ കാണാം”

“അടിമത്തമനോഭാവം അവസാനിപ്പിച്ച് രാഷ്ട്രനിർമാണത്തിനായി ശിവാജി മഹാരാജ് ജനങ്ങളെ പ്രചോദിപ്പിച്ചു”

“അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഛത്രപതി ശിവാജി മഹാരാജ് ചരിത്രത്തിലെ മറ്റു നായകരിൽനിന്നു തികച്ചും വ്യത്യസ്തനാണ്”

“ബ്രിട്ടീഷ് ഭരണത്തിന്റെ സ്വത്വമുള്ള ഇന്ത്യൻ നാവികസേനയുടെ പതാകയ്ക്കുപകരം ശിവാജി മഹാരാജിന്റെ ചിഹ്നം സ്ഥാപിച്ചു”

“ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയും പ്രത്യയശാസ്ത്രവും നീതിബോധവും നിരവധി തലമുറകളെ പ്രചോദിപ്പിച്ചു”

“ഛത്രപതി ശിവാജി മഹാരാജിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഈ യാത്ര ‘സ്വരാജ്, സദ്ഭരണം, സ്വയംപര്യാപ്തത’ എന്നിവയുടെ യാത്രയായിരിക്കും. ഇതു വികസിത ഇന്ത്യക്കായുള്ള യാത്രയായിരിക്കും”



Posted On: 02 JUN 2023 11:11AM by PIB Thiruvananthpuram

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനത്തിന്റെ 350-ാം വാർഷികത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധനചെയ്തു.

‘ആസാദി കാ അമൃത് മഹോത്സവി’ൽ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനം ഏവർക്കും പുതുബോധവും പുതിയ ഊർജവും കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വർഷം മുമ്പുള്ള ചരിത്ര കാലഘട്ടത്തിലെ പ്രത്യേക അധ്യായമാണ്. സ്വയംഭരണത്തിന്റെയും സദ്ഭരണത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ കഥകൾ ഇന്നും ഏവരെയും പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ദേശീയ ക്ഷേമവും പൊതുജനക്ഷേമവുമാണ് ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ” - പ്രധാനമന്ത്രി പറഞ്ഞു. സ്വരാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ റായ്ഗഢ് കോട്ടമുറ്റത്തു ഗംഭീരപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ ദിവസം മഹാരാഷ്ട്രയിലുടനീളം ഉത്സവമായി ആഘോഷിക്കുന്നു. മഹാരാഷ്ട്രയിൽ വർഷം മുഴുവൻ ഇത്തരം പരിപാടികൾ സംഘടിപ്പിക്കും.  പരിപാടികളുടെ ആസൂത്രണത്തിനും നിർവഹണത്തിനും മഹാരാഷ്ട്ര ഗവണ്മെന്റിനെ അഭിനന്ദിക്കുന്നു - പ്രധാനമന്ത്രി പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വർഷം മുമ്പു നടന്നപ്പോൾ അതിൽ സ്വരാജ്യത്തിന്റെയും ദേശീയതയുടെയും ചൈതന്യം ഉൾപ്പെട്ടിരുന്നു.  ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്നതിനു ശിവാജി മഹാരാജ് എല്ലായ്‌പ്പോഴും പരമപ്രാധാന്യം നൽകിയിരുന്നു. ഇന്ന്, ഛത്രപതി ശിവാജി മഹാരാജിന്റെ ചിന്തകളുടെ പ്രതിഫലനം ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ദർശനത്തിൽ കാണാൻ കഴിയും - പ്രധാനമന്ത്രി പറഞ്ഞു.

പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും ആത്മവിശ്വാസത്തോടെ നിലനിർത്തുന്നതിനുമുള്ള നേതാക്കളുടെ ഉത്തരവാദിത്വത്തിലേക്കു വിരൽചൂണ്ടിയ പ്രധാനമന്ത്രി, ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്തു രാജ്യത്തിന്റെ ആത്മവിശ്വാസ നിലവാരം ഊഹിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞു. നൂറുകണക്കിനു വർഷത്തെ അടിമത്തം കാരണം പൗരന്മാരുടെ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലയിലായിരുന്നെന്നും അധിനിവേശവും ചൂഷണവും ദാരിദ്ര്യവും സമൂഹത്തെ ദുർബലമാക്കിയെന്നും അദ്ദേഹം പരാമർശിച്ചു. “നമ്മുടെ സാംസ്കാരികകേന്ദ്രങ്ങൾ ആക്രമിച്ചു ജനങ്ങളുടെ മനോവീര്യം തകർക്കാനുള്ള ശ്രമമാണു നടന്നത്. ഛത്രപതി ശിവാജി മഹാരാജ് അധിനിവേശക്കാരോടു പോരാടുക മാത്രമല്ല, സ്വയംഭരണം സാധ്യമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തുകയും ചെയ്തു. അടിമത്ത മനോഭാവം അവസാനിപ്പിച്ചു രാഷ്ട്രനിർമാണത്തിനായി ശിവാജി മഹാരാജ് ജനങ്ങളെ പ്രചോദിപ്പിച്ചു” - ശ്രീ മോദി പറഞ്ഞു.

സൈന്യത്തിലെ ആധിപത്യത്തിനു പേരുകേട്ട നിരവധി ഭരണാധികാരികൾ ചരിത്രത്തിലുണ്ടായിരുന്നുവെന്നും എന്നാൽ അവരുടെ ഭരണപരമായ കഴിവു ദുർബലമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മികച്ച ഭരണത്തിനു പേരുകേട്ട നിരവധി ഭരണാധികാരികളുണ്ടായിരുന്നു. എന്നാൽ, അവരുടെ സൈനിക നേതൃത്വം ദുർബലമായിരുന്നു.  എന്നിരുന്നാലും, ‘സ്വരാജും’ ‘സുരാജും’ സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജിന്റെ വ്യക്തിത്വം മഹത്തരമായിരുന്നു - പ്രധാനമന്ത്രി പറഞ്ഞു. ചെറുപ്പത്തിൽത്തന്നെ കോട്ടകൾ കീഴടക്കി ശത്രുക്കളെ തോൽപ്പിച്ച്, ശിവാജി മഹാരാജ് സൈനികനേതൃത്വത്തിന്റെ മാതൃക കാട്ടി. മറുവശത്ത്, രാജാവെന്ന നിലയിൽ പൊതുഭരണരംഗത്തു പരിഷ്കാരങ്ങൾ നടപ്പാക്കി സദ്ഭരണത്തിന്റെ വഴി കാട്ടുകയും ചെയ്തു. ഒരുവശത്ത്, അധിനിവേശക്കാരിൽനിന്നു തന്റെ രാജ്യത്തെയും സംസ്കാരത്തെയും സംരക്ഷിച്ചു. മറുവശത്ത്, രാഷ്ട്രനിർമാണത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവച്ചു - പ്രധാനമന്ത്രി പറഞ്ഞു. “അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഛത്രപതി ശിവാജി മഹാരാജ് ചരിത്രത്തിലെ മറ്റു നായകരിൽനിന്നു തികച്ചും വ്യത്യസ്തനാണ്” - ജനങ്ങൾ ആത്മാഭിമാനത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പുനൽകുന്ന ഭരണത്തിന്റെ പൊതുജനക്ഷേമ സ്വഭാവം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇതോടൊപ്പം, സ്വരാജ്, മതം, സംസ്കാരം, പൈതൃകം എന്നിവയെ വ്രണപ്പെടുത്താൻ ശ്രമിച്ചവർക്കു ശക്തമായ സന്ദേശവും ഛത്രപതി ശിവാജി മഹാരാജ് നൽകി. അത് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്വയംപര്യാപ്ത മനോഭാവം പ്രചരിപ്പിക്കുകയും ചെയ്തു. അതു രാജ്യത്തോടുള്ള ആദരം വർധിപ്പിക്കാൻ കാരണമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കർഷകക്ഷേമമോ, സ്ത്രീശാക്തീകരണമോ, സാധാരണക്കാർക്കു ഭരണം പ്രാപ്യമാക്കുന്നതോ എന്തുമാകട്ടെ, അദ്ദേഹത്തിന്റെ ഭരണസംവിധാനവും നയങ്ങളും ഇന്നും ഒരുപോലെ പ്രസക്തമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഛത്രപതി ശിവാജി മഹാരാജിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ ഇന്ന് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ സമുദ്രസാധ്യതകൾ തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ നിർവഹണ വൈദഗ്ധ്യവും നാവികസേനയുടെ വിപുലീകരണവും ഇന്നും ഏവർക്കും പ്രചോദനമാണ്. ശക്തമായ തിരമാലകളുടേയും വേലിയേറ്റങ്ങളുടേയും ആഘാതം സഹിച്ചും സമുദ്രമധ്യത്തിൽ അദ്ദേഹം നിർമിച്ച കോട്ടകൾ  പ്രൗഢിയോടെ നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം രാജ്യം വിപുലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും  കടൽത്തീരങ്ങൾ മുതൽ പർവതങ്ങൾ വരെ അദ്ദേഹം കോട്ടകൾ നിർമിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ആ കാലയളവിൽ, ജലപരിപാലനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ക്രമീകരണങ്ങൾ വിദഗ്ധരെ വിസ്മയിപ്പിച്ചു. ശിവാജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്,  ബ്രിട്ടീഷ് ഭരണത്തിന്റെ സ്വത്വമുള്ള ഇന്ത്യൻ നാവികസേനയുടെ പതാകയ്ക്കുപകരം ശിവാജി മഹാരാജിന്റെ ചിഹ്നം സ്ഥാപിച്ചു. അതിലൂടെ, കഴിഞ്ഞ വർഷം ഇന്ത്യ നാവികസേനയെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇപ്പോൾ, ഈ പതാക സമുദ്രത്തിലും ആകാശത്തും പുതിയ ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.

“ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയും പ്രത്യയശാസ്ത്രവും നീതിബോധവും നിരവധി തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനശൈലിയും തന്ത്രപരമായ വൈദഗ്ധ്യവും സമാധാനപരമായ രാഷ്ട്രീയ സംവിധാനവും ഇന്നും നമുക്ക് പ്രചോദനമാണ്” - പ്രധാനമന്ത്രി  പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ നയങ്ങൾ ലോകത്തെ പല രാജ്യങ്ങളിലും ചർച്ച ചെയ്യപ്പെടുന്നു എന്നതിൽ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരുമാസംമുമ്പു മൗറീഷ്യസിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. “‘ആസാദി കാ അമൃത് കാലി’ൽ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വർഷം പൂർത്തിയാക്കുന്നതു പ്രചോദനാത്മകമാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും അദ്ദേഹം സ്ഥാപിച്ച മൂല്യങ്ങൾ നമുക്കു മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നു” - ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ 25 വർഷത്തെ അമൃതകാല യാത്ര പൂർത്തിയാക്കണമെന്നതിൽ ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. “ഛത്രപതി ശിവാജി മഹാരാജിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഈ യാത്ര ‘സ്വരാജ്, സദ്ഭരണം, സ്വയംപര്യാപ്തത’ എന്നിവയുടെ യാത്രയായിരിക്കും. ഇതു വികസിത ഇന്ത്യക്കായുള്ള യാത്രയായിരിക്കും” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

Chhatrapati Shivaji Maharaj is a beacon of courage and bravery. His ideals are a source of great inspiration. https://t.co/eQZgsyTMm4

— Narendra Modi (@narendramodi) June 2, 2023

 

*****

ND



(Release ID: 1929276) Visitor Counter : 128