പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി യുക്രൈൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 20 MAY 2023 7:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. 2023 മെയ് 20ന് ഹിരോഷിമയിൽ ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

യുക്രൈനിലെ സംഘർഷം ലോകമെമ്പാടും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും, തനിക്കിതു രാഷ്ട്രീയമോ സാമ്പത്തികമോ ആയതല്ല, മറിച്ച് മാനവികതയുടെയും മാനുഷികമൂല്യങ്ങളുടെയും പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ യുക്രൈന്റെ സഹകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദ്യാർഥികൾക്കായി ഇന്ത്യയിൽ പരീക്ഷ നടത്താനുള്ള യുക്രൈനിലെ സ്ഥാപനങ്ങളുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം  ചെയ്തു.

മുന്നോട്ടുള്ള വഴി കണ്ടെത്താൻ ചർച്ചകൾക്കും നയതന്ത്രത്തിനും ഇന്ത്യയുടെ വ്യക്തമായ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ പരിഹരിക്കാൻ ഇന്ത്യയും പ്രധാനമന്ത്രി വ്യക്തിപരമായും, കഴിയന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ ജനങ്ങൾക്ക് തുടർന്നും ഇന്ത്യ മാനുഷിക സഹായം നൽകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുക്രൈനിലെ നിലവിലെ സ്ഥിതിഗതികൾ പ്രസിഡന്റ് സെലെൻസ്കി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സമ്പർക്കത്തിൽ തുടരാൻ ഇരുപക്ഷവും ധാരണയായി.

-ND-



(Release ID: 1925933) Visitor Counter : 123