പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

പുരിക്കും ഹൗറയ്ക്കും ഇടയ്ക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു

ഒഡീഷയിലെ റെയില്‍ ശൃംഖലയുടെ 100% വൈദ്യുതീകരണം സമര്‍പ്പിച്ചു

പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന് തറക്കല്ലിട്ടു

''വന്ദേഭാരത് ട്രെയിന്‍ ഓടുമ്പോഴെല്ലാം ഇന്ത്യയുടെ വേഗതയും പുരോഗതിയും ദര്‍ശിക്കാം''

''ഇന്ത്യന്‍ റെയില്‍വേ എല്ലാവരെയും ഒരു നൂലില്‍ ഇഴചേര്‍ക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു''

''വളരെ പ്രതികൂലമായ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ അതിന്റെ വികസനത്തിന്റെ വേഗത നിലനിര്‍ത്തുന്നു''

''നവ ഇന്ത്യ സാങ്കേതികവിദ്യ തദ്ദേശീയമായി സൃഷ്ടിക്കുകയും അതിനെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുകയും ചെയ്യുന്നു''

''റെയില്‍ പാതകളുടെ 100 ശതമാനം വൈദ്യുതീകരണം കൈവരിച്ച രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ''

''അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്നു''

''ജന്‍ സേവാ ഹി പ്രഭു സേവ എന്ന മനോഭാവത്തോടെയാണ് രാജ്യം നീങ്ങുന്നത് ''- ജന സേവനമാണ് ദൈവ സേവനം.

''ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് സംസ്ഥാനങ്ങളുടെ സന്തുലിത വികസനം അനിവാര്യമാണ്''

'' പ്രകൃതി ദുരന്തങ്ങളെ വിജയകരമായി നേരിടാന്‍ ഒഡിഷയ്ക്ക് കഴിയുമെന്നത് ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ ശ്രദ്ധ ചെലുത്തുന്നുണ്ട്''

Posted On: 18 MAY 2023 2:00PM by PIB Thiruvananthpuram

ഒഡീഷയില്‍ 8000 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. പുരിക്കും ഹൗറയ്ക്കും ഇടയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് , പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ തറക്കല്ലിടല്‍, ഒഡീഷയിലെ റെയില്‍ ശൃംഖലയുടെ 100% വൈദ്യുതീകരണം, സമ്പല്‍പൂര്‍-തിത്‌ലഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍, അംഗുലിനും സുകിന്ദയ്ക്കുമിടയില്‍ ഒരു പുതിയ ബ്രോഡ് ഗേജ് റെയില്‍ പാത; മനോഹര്‍പൂര്‍ - റൂര്‍ക്കേല - ജാര്‍സുഗുഡ - ജംഗ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാത; ബിച്ചുപാലി - ജാര്‍തര്‍ഭയ്ക്കിടയില്‍ ഒരു പുതിയ ബ്രോഡ്-ഗേജ് പാത എന്നിവയുടെ സമര്‍പ്പണവും നിര്‍വഹിച്ചു.

ആധുനികവും വികസനംകാംക്ഷിക്കുന്നതുമായ ഇന്ത്യയുടെ പ്രതീകമായ വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങള്‍ക്ക് സമ്മാനിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''വന്ദേഭാരത് ട്രെയിന്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടുമ്പോഴെല്ലാം ഇന്ത്യയുടെ വേഗതയും പുരോഗതിയും ദര്‍ശിക്കാന്‍ കഴിയും'', ഈ വേഗത ഇപ്പോള്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും കാണാന്‍ കഴിയുമെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ യാത്രാ അനുഭവത്തോടൊപ്പം വികസനത്തിന്റെ അര്‍ത്ഥത്തെയും ഇത് പൂര്‍ണ്ണമായും മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് പുരിയിലേക്ക് ദര്‍ശനത്തിനായി പോകുകയോ അല്ലെങ്കില്‍ മറ്റ് വഴികളിലേക്ക് യാത്ര ചെയ്യുകയോ ആകട്ടെ, യാത്രാ സമയം ഇനി ആറര മണിക്കൂറായി കുറയും അതുവഴി സമയം ലാഭിക്കാം, വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദീര്‍ഘദൂര യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു പൗരനും ആദ്യമായി തെരഞ്ഞെടുക്കുന്നതും മുന്‍ഗണന നല്‍കുന്നതും റെയില്‍വേയ്ക്കാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനവും നവീകരണവും ഉള്‍പ്പെടെ ഇന്ന് തറക്കല്ലിട്ട മറ്റ് റെയില്‍വേ വികസന പദ്ധതികളെ കുറിച്ചും അതോടൊപ്പം സമര്‍പ്പിച്ച മേഖലയിലെ റെയില്‍ പാത ഇരട്ടിപ്പിച്ചവയെക്കുറിച്ചും ഒഡീഷയിലെ റെയില്‍ പാതകളുടെ 100 ശതമാനം വൈദ്യുതീകരണത്തെക്കുറിച്ചും പരാമര്‍ശിച്ചു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യം പൂര്‍ണമായി ഐക്യത്തോടെ നിലനിന്നാല്‍ രാജ്യത്തിന്റെ കൂട്ടായ കഴിവുകള്‍ക്ക് അത്യുന്നതങ്ങളില്‍ എത്താന്‍ കഴിയുമെന്നും ആസാദി കാ അമൃത് കാലിന്റെ കാലഘട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' (ഏക ഭാരതം ശ്രേഷ്ഠ ഭാരതം) എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ട് രാജ്യത്തിന്റെ വികസനത്തിന്റെ എഞ്ചിനായി മാറുന്ന അത്തരം വിശ്വാസത്തിന്റെ പ്രതിഫലനമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഇന്ത്യന്‍ റെയില്‍വേ എല്ലാവരേയും ഒരു നൂലില്‍ ഇഴചേര്‍ക്കുകയും ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്, വന്ദേ ഭാരത് എക്‌സ്പ്രസും ഇതേ ആശയത്തിലും ചിന്തയിലും മുന്നോട്ട് പോകും'', പ്രധാനമന്ത്രി പറഞ്ഞു. പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധം ഈ ട്രെയിന്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കികൊണ്ട് പതിനഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ ഇതിനകം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഓടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

വളരെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സമീപകാലത്ത് ഇന്ത്യ അതിന്റെ വികസനത്തിന്റെ വേഗത നിലനിര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ യാത്രയില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തത്തിനെ അഭിനന്ദിച്ച ശ്രീ മോദി എല്ലാ സംസ്ഥാനങ്ങളെയും ഒപ്പം കൂട്ടിക്കൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നവ ഇന്ത്യ സാങ്കേതികവിദ്യ തദ്ദേശീയമായി സൃഷ്ടിക്കുകയാണെന്നും അതിനെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 5 ജി, മഹാമാരിയുടെ കാലത്ത് വാക്‌സിനുകള്‍ തുടങ്ങിയ സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിച്ചതായി വന്ദേഭാരത് ട്രെയിനുകളുടെ തദ്ദേശീയമായ പിറവിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ നൂതനാശയങ്ങള്‍ ഒരിക്കലും ഒരു സംസ്ഥാനത്തിനോ നഗരത്തിനോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും അത് രാജ്യത്തുടനീളം തുല്യമായ രീതിയിലാണ് എത്തിച്ചിട്ടുള്ളതെന്നതിനും അദ്ദേഹം അടിവരയിട്ടു. അതുപോലെ, വന്ദേ ഭാരതും രാജ്യത്തിന്റെ എല്ലാ കോണുകളേയും സ്പര്‍ശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്) എന്ന നയം വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ റെയില്‍വേ പദ്ധതികള്‍ക്കുള്ള ബജറ്റ് ഗണ്യമായി വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് 10 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം 20 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ മാത്രമാണ് സ്ഥാപിച്ചിരുന്നതെങ്കില്‍ 2022-23 വര്‍ഷത്തില്‍ ഒരു വര്‍ഷം കൊണ്ട് മാത്രം 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈനുകളാണ് സ്ഥാപിച്ചത്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്ന ഖുര്‍ദാ ബോലാംഗിര്‍ ലൈനും, ഹരിദാസ്പൂര്‍-പാരദീപ് ലൈനും അതിവേഗം പൂര്‍ത്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'' രാജ്യത്ത് റെയില്‍ പാതകളുടെ 100 ശതമാനം വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ'', പശ്ചിമ ബംഗാളിലും ഇതേ നേട്ടം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇത് മൊത്തത്തില്‍ ട്രെയിനുകളുടെ വേഗതയിലെ വര്‍ദ്ധനയ്ക്കും ചരക്ക് തീവണ്ടികളുടെ സമയം ലാഭിക്കുന്നതിനും കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയില്‍ പാതകളുടെ വൈദ്യുതീകരണം മൂലം ധാതു സമ്പന്ന സംസ്ഥാനമായ ഒഡീഷയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും ഡീസല്‍ എഞ്ചിനുകളില്‍ നിന്നുള്ള മലിനീകരണം ഇവിടെ ഗണ്യമായി കുറയുകയും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനെ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ വളരെയധികം ചര്‍ച്ചചെയ്യാത്ത മറ്റൊരു വശത്തിലും പ്രധാനമന്ത്രി സ്പര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളുടെ ജീവിതം സുഗമമാക്കുക മാത്രമല്ല സമൂഹത്തെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ജനങ്ങളുടെ വികസനം പിന്നോട്ടടിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍, ജനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനവും അതേസമയം നടക്കും'', പ്രധാനമന്ത്രി പറഞ്ഞു. വികസന മുന്‍കൈകളുടെ ഉദാഹരണമായി ഒഡീഷയിലെ 25 ലക്ഷത്തോളം വീടുകളും പശ്ചിമ ബംഗാളിലെ 7.25 ലക്ഷം വീടുകളും ഉള്‍പ്പെടെ 2.5 കോടിയിലധികം കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയ പ്രധാനമന്ത്രി സൗഭാഗ്യ യോജന പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 75ല്‍ നിന്ന് 150 ആയി വര്‍ദ്ധിച്ചതായി അറിയിച്ച പ്രധാനമന്ത്രി രാജ്യത്തെ സാധാരണ പൗരന്മാര്‍ തങ്ങളുടെ വിമാനയാത്രാ അനുഭവം പങ്കുവയ്ക്കുന്ന സാമൂഹ മാധ്യമങ്ങളിലെ വിവിധ ഫോട്ടോഗ്രാഫുകളിലേക്കും വീഡിയോകളിലേക്കും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യമേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇന്ന് പഠന വിഷയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10 ലക്ഷം കോടി വകയിരുത്തുമ്പോള്‍, അത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും യാത്ര സുഗമമാക്കുന്നതിനും അപ്പുറത്തേയ്ക്ക് റെയില്‍വേ, ഉപരിതല ഗതാഗത ബന്ധിപ്പിക്കലിനെ കൊണ്ടുപോകുകയും കര്‍ഷകരെ പുതിയ വിപണികളുമായും വിനോദസഞ്ചാരികളെ പുതിയ ആകര്‍ഷണകേന്ദ്രങ്ങളുമായും വിദ്യാര്‍ത്ഥികളെ അവരുടെ ഇഷ്ട കോളജുകളുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ജന്‍ സേവാ ഹി പ്രഭു സേവ'- ജനസേവനമാണ് ദൈവ സേവനം എന്ന മനോഭാവത്തോടെയാണ് രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി പ്രസാദങ്ങള്‍ വിതരണം ചെയ്യുകയും ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന ജഗനാഥ് പോലുള്ള ക്ഷേത്രങ്ങളേയും പുരിപോലുള്ള തീര്‍ത്ഥാനകേന്ദ്രങ്ങളേയും കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയും ആയുഷ്മാന്‍ കാര്‍ഡ്, ഉജ്വല, ജല്‍ ജീവന്‍ മിഷന്‍, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികളും അതേ മനോഭാവത്തോടെയുള്ള മുന്‍കൈകളാണെന്നും അദ്ദേഹം പറഞ്ഞു. ''പാവപ്പെട്ടവര്‍ കാലങ്ങളായി കാത്തിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇന്ന് അവര്‍ക്ക് ലഭിക്കുന്നു'', അദ്ദേഹം പറഞ്ഞു.

''ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് സംസ്ഥാനങ്ങളുടെ സന്തുലിതമായ വികസനവും ഒരുപോലെ അിനവാര്യമാണ്'', വികസന കുതിപ്പില്‍ വിഭവങ്ങളുടെ അഭാവം മൂലം ഒരു സംസ്ഥാനവും പിന്നോക്കം പോകരുതെന്ന രാജ്യത്തിന്റെ ഉദ്യമത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് 15-ാം ധനകാര്യ കമ്മീഷന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന ബജറ്റ് ശിപാര്‍ശ ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്‍തോതിലുള്ള പ്രകൃതി സമ്പത്തുകൊണ്ട് ഒഡീഷ അനുഗ്രഹീതമാണെങ്കിലും തെറ്റായ നയങ്ങള്‍ കാരണം അതിന്റെ സ്വന്തം വിഭവങ്ങളെ നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ധാതുസമ്പത്തുള്ള സംസ്ഥാനങ്ങളിലെ ധാതുവരുമാനത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് കണക്കിലെടുത്താണ് ഗവണ്‍മെന്റ് ഖനനനയം പരിഷ്‌ക്കരിച്ചതെന്നും എടുത്തുപറഞ്ഞു. ജി.എസ്.ടി (ചരക്കുസേവന നികുതി) നിലവില്‍ വന്നതിന് ശേഷം നികുതിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ സേവനത്തിനുമാണ് വിഭവങ്ങള്‍ വിനിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''പ്രകൃതിദുരന്തങ്ങളെ വിജയകരമായി നേരിടാന്‍ ഒഡീഷയ്ക്ക് കഴിയുമെന്നത് ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പൂര്‍ണ ശ്രദ്ധ ചെലുത്തുന്നുണ്ട്'' ദുരന്തനിവാരണത്തിനും എന്‍.ഡി.ആര്‍.എഫി (ദുരന്തപ്രതിരോധ സേന) നുമായി സംസ്ഥാനത്തിന് 8,000 കോടിയിലധികം രൂപ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഒഡീഷയിലും, പശ്ചിമ ബംഗാളിലും, രാജ്യമൊട്ടാകെയും നടക്കുന്ന വികസനത്തിന്റെ ഗതിവേഗം കുതിച്ചുയരുമെന്നും ഒരു നവ വികസിത ഇന്ത്യ എന്ന ലക്ഷ്യം ഒരു രാഷ്ട്രമെന്ന നിലയില്‍ നാം കൈവരിക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒഡീഷ ഗവര്‍ണര്‍ ശ്രീ ഗണേശി ലാല്‍, ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീന്‍ പട്‌നായിക്, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം :

പുരിക്കും ഹൗറയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഒഡീഷയിലെ ഖോര്‍ധ, കട്ടക്ക്, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍ ജില്ലകളിലൂടെയും പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂര്‍ പൂര്‍ബ ദേിനിപൂര്‍ ജില്ലകളിലൂടെയും ട്രെയിന്‍ കടന്നുപോകും. റെയില്‍ ഉപയോക്താക്കള്‍ക്ക് വേഗമേറിയതും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ട്രെയിന്‍ സഹായകരമാകും.

പുരി, കട്ടക്ക് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. റെയില്‍ യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം പ്രദാനം ചെയ്യുന്ന എല്ലാ ആധുനിക സൗകര്യങ്ങളും പുനര്‍വികസിപ്പിച്ച സ്‌റ്റേഷനുകളില്‍ ഉണ്ടായിരിക്കും.

ഒഡീഷയിലെ 100% വൈദ്യുതീകരിച്ച റെയില്‍ ശൃംഖല പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഇത് പ്രവര്‍ത്തന, പരിപാലന ചെലവും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നതും കുറയ്ക്കും.സംബല്‍പൂര്‍-തിത്‌ലഗഡ് റെയില്‍ പാത ഇരട്ടിപ്പിക്കല്‍; അംഗുലിനും-സുകിന്ദയ്ക്കും ഇടയിലെ ഒരു പുതിയ ബ്രോഡ് ഗേജ് റെയില്‍ പാത; മനോഹര്‍പൂര്‍ - റൂര്‍ക്കേല -ജാര്‍സുഗുഡ-ജംഗ എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാത; ബിച്ചുപാലിക്കും ജര്‍ത്തര്‍ഭയും ഇടയിലുള്ള പുതിയ ബ്രോഡ്-ഗേജ് പാത എന്നിവയും പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഒഡീഷയിലെ ഉരുക്ക്, വൈദ്യുതി, ഖനന മേഖലകളിലെ ദ്രുതഗതിയിലുള്ള വ്യാവസായിക വികസനത്തിന്റെ ഫലമായി വര്‍ദ്ധിച്ചുവരുന്ന ഗതാഗത ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഈ റെയില്‍ വിഭാഗങ്ങളിലെ യാത്രക്കാരിലുണ്ടാകുന്ന സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ഇത് സഹായിക്കും.

Railway projects being launched in Odisha will significantly boost connectivity and enhance 'Ease of Travel' for the citizens. https://t.co/WWls5vqJNc

— Narendra Modi (@narendramodi) May 18, 2023

वंदेभारत ट्रेन, आधुनिक भारत और आकांक्षी भारतीय, दोनों का प्रतीक बन रही है। pic.twitter.com/wjtQHsOYiX

— PMO India (@PMOIndia) May 18, 2023

बीते वर्षों में भारत ने कठिन से कठिन वैश्विक हालातों में भी अपने विकास की गति को बनाए रखा है। pic.twitter.com/O8yk4MN0D7

— PMO India (@PMOIndia) May 18, 2023

आज का नया भारत टेक्नोलॉजी भी खुद बना रहा है और नई सुविधाओं को तेजी से देश के कोने-कोने में पहुंचा रहा है। pic.twitter.com/96bQksEbwJ

— PMO India (@PMOIndia) May 18, 2023

जहां infrastructure का विकास होता है, वहां लोगों का विकास भी तेजी से होता है। pic.twitter.com/7v1WRyWENU

— PMO India (@PMOIndia) May 18, 2023

जन सेवा ही प्रभु सेवा। pic.twitter.com/zDsViKHHKt

— PMO India (@PMOIndia) May 18, 2023

भारत के तेज विकास के लिए, भारत के राज्यों का संतुलित विकास भी उतना ही आवश्यक है। pic.twitter.com/UnU4xvlMaD

— PMO India (@PMOIndia) May 18, 2023

*****

ND

 


(Release ID: 1925222) Visitor Counter : 121