രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ മാലിദ്വീപ് സന്ദർശനത്തെക്കുറിച്ചുള്ള സംയുക്ത വാർത്താക്കുറിപ്പ്

Posted On: 03 MAY 2023 12:11PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മെയ് 3, 2023


·   രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മാലിദ്വീപ് പ്രതിരോധ മന്ത്രി ശ്രീമതി മരിയ ദീദിയുടെ ക്ഷണപ്രകാരം 2023 മെയ് 1 ന് മാലെയിലെത്തി.

·  പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതും  ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നന്നതും ലക്ഷ്യമിട്ട് ഈ സന്ദർശന വേളയിൽ ശ്രീ രാജ്‌നാഥ് സിംഗും മരിയ ദീദിയും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരുപക്ഷത്തിനും ആശങ്കയുള്ള പ്രാദേശികവും ആഗോളവുമായ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.

·   മേഖലയിൽ സമാധാനവും സുസ്ഥിരതയും സുരക്ഷയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കുകയും പൊതുവായ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുകയും ചെയ്തു. അന്താരാഷ്‌ട്ര നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം മാനിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ഈ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിബദ്ധത തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

·
 ·  സംയുക്ത അഭ്യാസങ്ങളും സൈനിക ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളും ഉൾപ്പെടെ ഇരു അയൽരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ കൈവരിച്ച പുരോഗതി മന്ത്രിമാർ സ്വാഗതം ചെയ്തു. ഭീകരവാദത്തെ നേരിടൽ, ദുരന്തനിവാരണം, സൈബർ സുരക്ഷ, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളും വൈദഗ്ധ്യവും പങ്കിടേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.

·  പ്രതിരോധ വ്യാപാരം, ശേഷി വർധിപ്പിക്കൽ, സംയുക്ത അഭ്യാസം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ സഹകരണത്തിനുള്ള കൂടുതൽ മാർഗ്ഗങ്ങൾ ആരായാൻ ഇരുമന്ത്രിമാരും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലും ജനങ്ങൾ തമ്മിലുമുള്ള ബന്ധവും സഹകരണവും  പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും  അവർ ചർച്ച ചെയ്തു.

·  സന്ദർശന വേളയിൽ ശ്രീ രാജ്‌നാഥ് സിംഗ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ സന്ദർശിച്ചു. വിദേശകാര്യമന്ത്രി  അബ്ദുള്ള ഷാഹിദുമായും  കൂടിക്കാഴ്ച നടത്തി.

 
 ·  മാലിദ്വീപ് പ്രസിഡന്റ് സോലിഹിന്റെ സാന്നിധ്യത്തിൽ മന്ത്രി രാജ്‌നാഥ് സിംഗും മന്ത്രി ദീദിയും പഴക്കം ചെന്ന കപ്പലായ ഹുറാവിക്ക് പകരം ഏർപ്പെടുത്തിയ  കപ്പൽ കമ്മീഷൻ ചെയ്യുന്നതിനുള്ള ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് സോലിഹിന്റെ സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ, പഴക്കം ചെന്ന ഹുറാവിക്ക് പകരം  കപ്പൽ നൽകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

·  മന്ത്രി രാജ്‌നാഥ് സിംഗ് MNDF ന്  ഒരു അധിക ലാൻഡിംഗ് ക്രാഫ്റ്റും സമ്മാനിച്ചു. സുരക്ഷിതവും സുദൃഢവും സമൃദ്ധവും സുസ്ഥിരവുമായ ഇന്ത്യൻ മഹാസമുദ്രത്തിനായി സുഹൃദ് രാജ്യങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും ശേഷികൾ സംയുക്തമായി വികസിപ്പിക്കാനും യോജിച്ച് പ്രവർത്തിക്കാനും മേഖലയിലെ എല്ലാവർക്കും സുരക്ഷയും സമൃദ്ധിയും (സാഗർ) എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനും അനുസൃതമായാണ്  കപ്പലുകളുടെ കൈമാറ്റം.  

·  MNDF കോസ്റ്റ് ഗാർഡിന്റെ ‘ഏകത തുറമുഖ’ത്തിന് മന്ത്രി സിങ്ങും മന്ത്രി ദീദിയും ചേർന്ന് തറക്കല്ലിടുന്നതിനും സന്ദർശനം സാക്ഷിയായി. കോസ്റ്റ്ഗാർഡ് തുറമുഖത്തിന്റെ വികസനവും സിഫാവരുവിലെ അറ്റകുറ്റപ്പണി സൗകര്യവും ഇന്ത്യയുടെ ധനസഹായത്തോടെ ഉള്ള  ഏറ്റവും വലിയ പദ്ധതികളാണ്.

·  ഇരു  രാജ്യങ്ങളും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചു. ചർച്ചയും സഹകരണവും ഭാവിയിലും തുടരാൻ ആഗ്രഹിക്കുന്നുവെന്ന  പൊതു വികാരം പ്രകടകമാക്കുകയും ചെയ്തു.

·   അതാത് രാജ്യങ്ങളുടെയും മേഖലകളുടെയും സുരക്ഷയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും സുഹൃത്തുക്കളായ അയൽരാജ്യങ്ങൾ ഈ സന്ദർശനത്തിലൂടെ പുതുക്കി.

 
 
SKY
 
****

(Release ID: 1921624) Visitor Counter : 148