ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ആധാറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ/മൊബൈൽ നമ്പർ സ്ഥിരീകരിക്കാൻ യുഐഡിഎഐ അവസരം നൽകുന്നു
प्रविष्टि तिथि:
02 MAY 2023 3:51PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 02 മെയ് 2023
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), പൗരന്മാർക്ക് ആധാറിനൊപ്പം ചേർത്തിട്ടുള്ള അവരുടെ മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ അവസരം നൽകുന്നു.
ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) 'വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ' ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും. പൗരൻമാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഈ സംവിധാനം സഹായിക്കും.
താമസക്കാരായ പൗരന്മാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ മാത്രമേ ആധാറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിക്കാൻ ഇതുവഴി കഴിയും. ഒരു പ്രത്യേക മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് പൗരനെ അറിയിക്കുകയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സൗകര്യം നൽകുകയും ചെയ്യും.
മൊബൈൽ നമ്പർ ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, 'നിങ്ങൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ രേഖകൾക്കൊപ്പം ഇതിനകം പരിശോധിച്ചു' എന്നതുപോലുള്ള ഒരു സന്ദേശം കാണാനാകും.
ഒരു പൗരന് അവർ എൻറോൾമെന്റ് സമയത്ത് നൽകിയ മൊബൈൽ നമ്പർ ഓർമ്മയില്ലെങ്കിൽ, മൊബൈലിന്റെ അവസാന മൂന്ന് അക്കങ്ങൾ മൈ ആധാർ പോർട്ടലിലോ mAadhaar ആപ്പിലോ വെരിഫൈ ആധാർ എന്ന സംവിധാനത്തിലൂടെ പരിശോധിക്കാം.
ഒരാൾ, ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനോ ഇമെയിൽ/മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാവുന്നതാണ്.
***
(रिलीज़ आईडी: 1921395)
आगंतुक पटल : 413