പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


"ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ സ്തംഭിച്ചിരിക്കുമ്പോൾ, ഇന്ത്യ പ്രതിസന്ധിയിൽനിന്ന് കരകയറി അതിവേഗം മുന്നോട്ടുപോകുകയാണ്"

"2014ന് ശേഷം ഞങ്ങളുടെ ഗവണ്മെന്റുണ്ടാക്കിയ നയങ്ങളിൽ, പ്രാരംഭ ആനുകൂല്യങ്ങളിൽ മാത്രമല്ല, രണ്ടാമത്തെയും മൂന്നാമത്തെയും സ്വാധീനങ്ങൾക്കു മുൻഗണന നൽകി"

"രാജ്യത്ത് ഇതാദ്യമായി പാവപ്പെട്ടവർക്ക് സുരക്ഷയും അന്തസ്സും ലഭിച്ചു"

"ദൗത്യമെന്ന തരത്തിൽ ചിട്ടയായ പ്രവർത്തനത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ഞങ്ങൾ അധികാരമനോഭാവത്തെ സേവനമനോഭാവത്തിലേക്കു മാറ്റി. പാവപ്പെട്ടവരുടെ ക്ഷേമം ഞങ്ങളുടെ മാധ്യമമാക്കി"

"കഴിഞ്ഞ 9 വർഷമായി ദളിതർ, നിരാലംബരായവർ, ഗോത്രവർഗക്കാർ, സ്ത്രീകൾ, ദരിദ്രർ, ഇടത്തരക്കാർ എല്ലാവരും മാറ്റം അനുഭവിക്കുന്നു"

"പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കു സംരക്ഷണ കവചമാണ്"

"പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ സ്വയംപര്യാപ്തതയുടെ പാത തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ പ്രതിരോധകുത്തിവയ്പ് യജ്ഞം ഇന്ത്യ ആരംഭിച്ചു"

"പരിവർത്തനത്തിന്റെ ഈ യാത്ര സമകാലികമാണ്; ഭാവിയിലേക്കു സജ്ജവും"

"തുടർന്നും അഴിമതിയെ കടന്നാക്രമിക്കും"

Posted On: 26 APR 2023 9:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ റിപ്പബ്ലിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. "ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു" - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനവേഗതയാണ് രാജ്യത്തിന്റെ ദിശ അളക്കുന്നതിനുള്ള മാനദണ്ഡമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യണിലെത്താൻ 60 വർഷമെടുത്തു. 2014ൽ ഏറെ ബുദ്ധിമുട്ടി നാം 2 ട്രില്യണിലെത്തി. അതായത് 7 പതിറ്റാണ്ടിനുള്ളിൽ 2 ട്രില്യൺ സമ്പദ്‌വ്യവസ്ഥ. ഇന്ന്, വെറും 9 വർഷത്തിന് ശേഷം ഇന്ത്യ ഏകദേശം മൂന്നര ട്രില്യൺ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യ പത്താം റാങ്കിൽ നിന്ന് അഞ്ചാം റാങ്കിലേക്ക് കുതിച്ചു. അതും നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരിക്കിടയിൽ - അദ്ദേഹം പറഞ്ഞു. മറ്റ് സമ്പദ്‌വ്യവസ്ഥകൾ ബുദ്ധിമുട്ടുമ്പോൾ, ഇന്ത്യ പ്രതിസന്ധി തരണം ചെയ്യുക മാത്രമല്ല അതിവേഗം വളരുകയും കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ ചലനാത്മകതയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഏതൊരു നയത്തിന്റെയും ആദ്യ ലക്ഷ്യമാണ് ആദ്യ സ്വാധീനമെന്നും അത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ദൃശ്യമാകുമെന്നും പറഞ്ഞു. എന്നിരുന്നാലും, ഓരോ നയത്തിനും രണ്ടാമത്തെയോ മൂന്നാമത്തെയോ അനന്തരഫലങ്ങളുണ്ട്. അത് ആഴമേറിയതും എന്നാൽ ദൃശ്യമാകാൻ സമയമെടുക്കുന്നതുമാണ്. സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച നയങ്ങൾ ഗവണ്മെന്റിനെ നിയന്ത്രിക്കുന്ന ഒന്നായി മാറ്റുകയും മത്സരങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. അത് സ്വകാര്യ വ്യവസായത്തെയും എംഎസ്‌എംഇയെയും വളരാൻ അനുവദിക്കാത്ത സാഹചര്യത്തിലേക്കു നയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നയങ്ങളുടെ ആദ്യ ആഘാതം അങ്ങേയറ്റം പിന്നാക്കാവസ്ഥയും രണ്ടാം ആഘാതം അതിലും ദോഷകരവും ആയിരുന്നു. അതായത് ലോകവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഉപഭോഗ വളർച്ച ചുരുങ്ങി. ഉൽപ്പാദന മേഖല ദുർബലമാവുകയും നിക്ഷേപത്തിനുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ഇവയുടെ മൂന്നാമത്തെ ആഘാതം ഇന്ത്യയിൽ നൂതനാശയ ആവാസവ്യവസ്ഥയുടെ അഭാവമാണ്. ഇത് നൂതന സംരംഭങ്ങൾ കുറയുന്നതിലേക്കും തൊഴിലവസരങ്ങൾ കുറയുന്നതിനും കാരണമായി. യുവാക്കൾ ഗവണ്മെന്റ് ജോലികളെ മാത്രം ആശ്രയിച്ചു കഴിയുകയും വിദഗ്ധർ മറ്റു രാജ്യങ്ങളിലേക്കു ജോലിതേടിപ്പോകുകയും ചെയ്തു.

2014ന് ശേഷം നിലവിലെ ഗവണ്മെന്റ് നടപ്പാക്കിയ നയങ്ങൾ പ്രാരംഭ ആനുകൂല്യങ്ങൾക്ക് പുറമെ രണ്ടാമത്തെയും മൂന്നാമത്തെയും സ്വാധീനങ്ങളിൽ ശ്രദ്ധ ചെലുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ജനങ്ങൾക്ക് കൈമാറിയ വീടുകളുടെ എണ്ണം കഴിഞ്ഞ 4 വർഷത്തിനിടെ 1.5 കോടിയിൽ നിന്ന് 3.75 കോടിയായി ഉയർന്നു. ഈ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്കാണ്. വീടുകളുടെ നിർമാണത്തിന് ലക്ഷങ്ങൾ ചെലവായതിനാൽ കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകൾ ഇപ്പോൾ ‘ലഖ്പതി ദീദി’ ആയി മാറിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന വസ്തുതയും പ്രധാനമന്ത്രി ശ്രദ്ധയിൽപ്പെടുത്തി. "പിഎം ആവാസ് യോജന പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയുംആത്മവിശ്വാസം പുതിയ ഉയരങ്ങളിലെത്തിച്ചു" - പ്രധാനമന്ത്രി പറഞ്ഞു.

സൂക്ഷ്മ, ചെറുകിട സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുന്ന മുദ്ര യോജനയെക്കുറിച്ച് പരാമർശിക്കവേ, പദ്ധതി 8 വർഷം പൂർത്തിയാക്കിയത് അൽപ്പദിവസം മുമ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മുദ്ര യോജനയ്ക്ക് കീഴിൽ 40 കോടിയിലധികം വായ്പകൾ വിതരണം ചെയ്തതായും ഇതിൽ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും  അദ്ദേഹം അറിയിച്ചു. തൊഴിലവസരങ്ങളുടെയും സ്വയംതൊഴിൽ അവസരങ്ങളുടെയും വർധനയാണ് ഈ പദ്ധതിയുടെ ആദ്യ ഫലമെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്കായി ജൻധൻ അക്കൗണ്ടുകൾ തുറക്കുന്നതിലൂടെയോ, തീരുമാനമെടുക്കാനുള്ള കുടുംബത്തിലെ സ്ത്രീകളുടെ അധികാരം സ്ഥാപിച്ച സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയോ  സാമൂഹ്യമാറ്റത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തുപകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി സ്വാമിത്വ പദ്ധതിയിലെ ഒന്നും രണ്ടും മൂന്നും ‌ക്രമത്തിന്റെ സ്വാധീനത്തെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രോപ്പർട്ടി കാർഡുകൾ സ്വത്തുസുരക്ഷയിൽ ആത്മവിശ്വാസമേകി. ആവശ്യകത വർധിച്ചതോടെ ഡ്രോൺ മേഖലയിലുണ്ടായ വിപുലീകരണമാണ് മറ്റൊരു ഫലം. കൂടാതെ, പ്രോപ്പർട്ടി കാർഡുകൾ സ്വത്ത് തർക്ക കേസുകൾ കുറയ്ക്കുകയും പൊലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും സമ്മർദം കുറയ്ക്കുകയും ചെയ്തു. കൂടാതെ, രേഖകളുള്ള സ്വത്ത്, ഗ്രാമങ്ങളിലെ ബാങ്കുകളിൽ നിന്നുള്ള സഹായവും പ്രാപ്തമാക്കി.

താഴേത്തട്ടിൽ വിപ്ലവം സൃഷ്ടിച്ച ഡിബിടി, വൈദ്യുതി, വെള്ളം തുടങ്ങിയ പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. "രാജ്യത്ത് ഇതാദ്യമായാണ് പാവപ്പെട്ടവർക്ക് സുരക്ഷയും അന്തസ്സും ലഭിക്കുന്നത്" - ശ്രീ മോദി പറഞ്ഞു. ഒരുകാലത്ത് ഭാരമായി കണക്കാക്കപ്പെട്ടിരുന്നവരാണ് ഇപ്പോൾ രാജ്യത്തിന്റെ വികസന പാത നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ ഇപ്പോൾ വികസിതഭാരതത്തിന്റെ അടിസ്ഥാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 9 വർഷമായി ദളിതർ, നിരാലംബരായവർ, ഗോത്രവർഗക്കാർ, സ്ത്രീകൾ, ദരിദ്രർ, ഇടത്തരക്കാർ എന്നിവരെല്ലാം മാറ്റം അനുഭവിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ദൗത്യമെന്ന തരത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. “ഞങ്ങൾ അധികാരമനോഭാവത്തെ സേവനമനോഭാവത്തിലേക്കു മാറ്റി. പാവപ്പെട്ടവരുടെ ക്ഷേമം ഞങ്ങളുടെ മാധ്യമമാക്കി. 'പ്രീണനം' എന്നതിന് പകരം 'സംതൃപ്തി' ഞങ്ങൾ അടിസ്ഥാനമാക്കി. ഈ സമീപനം മധ്യവർഗത്തിന് പ്രതിരോധ കവചം സൃഷ്ടിച്ചു” - അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ യോജന, മിതമായ നിരക്കിലുള്ള മരുന്ന്, സൗജന്യ വാക്സിനേഷൻ, സൗജന്യ ഡയാലിസിസ്, കോടിക്കണക്കിന് കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ പണം ലാഭിച്ചതിനെക്കുറിച്ചം അദ്ദേഹം പരാമർശിച്ചു.

പിഎം ഗരീബ് കല്യാൺ അന്ന യോജനയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കൊറോണ മഹാമാരിയുടെ പരീക്ഷണഘട്ടങ്ങളിൽ ഒരു കുടുംബത്തെയും വെറുംവയറ്റിൽ ഉറങ്ങാൻ അനുവദിക്കാത്ത ഒരു വലിയ ജനവിഭാഗത്തിനുള്ള മറ്റൊരു സംരക്ഷണ കവചമാണിതെന്ന് ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡിലൂടെയാകട്ടെ, അതല്ല, ജെഎഎം സംവിധാനത്തിലൂടെയാകട്ടെ, ഈ അന്ന യോജന പദ്ധതിക്കായി ഗവണ്മെന്റ് 4 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ട് - അദ്ദേഹം പറഞ്ഞു. ദരിദ്രർക്ക് അർഹമായ വിഹിതം ഗവണ്മെന്റിൽ നിന്ന് ലഭിക്കുമ്പോഴാണ് യഥാർഥ അർഥത്തിൽ സാമൂഹ്യനീതിയുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഐ‌എം‌എഫിന്റെ സമീപകാല പ്രവർത്തനപ്രബന്ധം അനുസരിച്ച്, കൊറോണക്കാലത്ത് പോലും ഇത്തരം നയങ്ങൾ കാരണം കടുത്ത ദാരിദ്ര്യം ഉന്മൂലനത്തിന്റെ വക്കിലാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചു പരാമർശിക്കവേ, വിവിധ ക്രമക്കേടുകളെക്കുറിച്ചും 2014-നു മുമ്പത്തെ സ്ഥിരമായ ആസ്തിവികസനത്തിന്റെ അഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇപ്പോൾ, പണം നേരിട്ട് അക്കൗണ്ടിലേക്ക് അയക്കുന്നതിലൂടെയും വീടുകൾ, കനാലുകൾ, കുളങ്ങൾ, ബാവോഡികൾ തുടങ്ങി ഗ്രാമങ്ങളിൽ വിഭവങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സുതാര്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഇപ്പോൾ 15 ദിവസത്തിനുള്ളിൽ പണംകൊടുക്കാനുള്ളവയുടെ ഭൂരിഭാഗവും നൽകുന്നു. 90 ശതമാനത്തിലധികം തൊഴിലാളികളുടെ ആധാർ കാർഡുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് തൊഴിൽ കാർഡ് തട്ടിപ്പുകൾ കുറയ്ക്കുന്നതിന് ഇടയാക്കി. ഇത് ഏകദേശം 40,000 കോടി രൂപയുടെ തട്ടിപ്പു തടയുന്നതിലേക്ക് നയിച്ചു" - അദ്ദേഹം പറഞ്ഞു.

"പരിവർത്തനത്തിന്റെ ഈ യാത്ര സമകാലികമാണ്; ഭാവിയിലേക്കു സജ്ജവും" - നിരവധി പതിറ്റാണ്ടുകളായി ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വർഷങ്ങൾക്ക് ശേഷമോ പതിറ്റാണ്ടുകൾക്ക് ശേഷമോ പുതിയ സാങ്കേതിക വിദ്യകൾ എത്തുന്ന കാലം പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഇന്ത്യ ഈ പ്രവണത തകർത്തുവെന്നും ഇത് നേടിയെടുക്കാനുള്ള നടപടികൾക്ക് അടിവരയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളെ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക, രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ നിർബന്ധിക്കുക, അവസാനമായി, ഭാവിയിലെ സാങ്കേതികവിദ്യയ്ക്കായി ഗവേഷണത്തിനും വികസനത്തിനും ദൗത്യമെന്ന നിലയിൽ സമീപനം സ്വീകരിക്കുക എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. 5ജി സാങ്കേതിക വിദ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യ അതിന്റെ വികസനത്തിൽ കാണിക്കുന്ന വേഗത ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണെന്നും പറഞ്ഞു.

കൊറോണ മഹാമാരിയെ അനുസ്മരിച്ച പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യ തെരഞ്ഞെടുത്തത് ‘ആത്മനിർഭരത’യുടെ, അഥവാ സ്വയംപര്യാപ്തതയുടെ പാതയാണെന്ന് ചൂണ്ടിക്കാട്ടി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച ഫലപ്രദമായ വാക്സിനുകളെക്കുറിച്ചും ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ വാക്സിൻ യജ്ഞത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ചിലർ ഇന്ത്യയിൽ നിർമിച്ച വാക്സിനുകൾ നിരസിക്കുകയും വിദേശ വാക്സിനുകളുടെ ഇറക്കുമതിക്ക് വേണ്ടി വാദിക്കുകയും ചെയ്ത സമയമായിരുന്നു ഇത്” - അക്കാലം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

വിവിധ പ്രതിബന്ധങ്ങളും അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടും ഡിജിറ്റൽ ഇന്ത്യ യജ്ഞം എല്ലായിടത്തും ചർച്ച ചെയ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജെഎഎം സംവിധാനത്തെ തടയാനുള്ള ശ്രമങ്ങളും ഡിജിറ്റൽ പണമിടപാടിനെ പരിഹസിച്ച കപട ബുദ്ധിജീവികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ന് ഏറ്റവും കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിമർശകരിൽനിന്ന് തനിക്കെതിരായ അസംതൃപ്തിയെക്കുറിച്ച് പരാമർശിക്കവേ, ഇത്തരക്കാർക്കുള്ള കള്ളപ്പണത്തിന്റെ ഉറവിടങ്ങൾ ശാശ്വതമായി വിച്ഛേദിക്കുന്നതാണ് ഈ സംവാദത്തിനു പിന്നിലെ കാരണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ അർധമനസോടെ, ഒറ്റപ്പെട്ട സമീപനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇപ്പോൾ, സംയോജിതവും സ്ഥാപനവൽക്കൃതവുമായ സമീപനമുണ്ട്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത” - പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ കൂടുതലുള്ള ജെഎഎം സംവിധാനം കാരണം ഗവണ്മെന്റ് പദ്ധതികളുടെ 10 കോടി വ്യാജ ഗുണഭോക്താക്കൾ വേരോടെ പിഴുതെറിയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്മെന്റ് ഈ 10 കോടി വ്യാജ പേരുകൾ വ്യവസ്ഥിതിയിൽ നിന്ന് നീക്കം ചെയ്തില്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധാറിന് ഭരണഘടനാ പദവി നൽകുന്നതിനെക്കുറിച്ചും 45 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഡിബിടി വഴി ഇതുവരെ 28 ലക്ഷം കോടി രൂപ കോടിക്കണക്കിന് ഗുണഭോക്താക്കൾക്ക് കൈമാറിയതായി പ്രധാനമന്ത്രി അറിയിച്ചു. “ഡിബിടി എന്നാൽ കമ്മീഷനില്ല, ചോർച്ചയില്ല. ഈ ഒരു ക്രമീകരണത്താൽ ഡസൻ കണക്കിന് പദ്ധതികളിലും പരിപാടികളിലും സുതാര്യത കൈവന്നു" - ശ്രീ മോദി കൂട്ടിച്ചേർത്തു.

അതുപോലെ, ഗവണ്മെന്റ് സംഭരണവും രാജ്യത്ത് അഴിമതിയുടെ വലിയ ഉറവിടമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജിഇഎം പോർട്ടൽ അതിനെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സമ്പർക്കരഹിത നികുതിസമർപ്പണവും ജിഎസ്‌ടിയും അഴിമതി തടഞ്ഞു. "അത്തരത്തിൽ സത്യസന്ധത നിലനിൽക്കുമ്പോൾ, അഴിമതിക്കാർക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്. അവർ സത്യസന്ധമായ വ്യവസ്ഥയെ തകർക്കാൻ പദ്ധതിയിടുന്നു. മോദിക്കെതിരെ മാത്രമായിരുന്നെങ്കിൽ ഇത് വിജയിക്കുമായിരുന്നു, പക്ഷേ അവർ നേരിടുന്നത് സാധാരണ പൗരന്മാരെയാണെന്ന് അവർക്കറിയാം. ഈ അഴിമതിക്കാർ എത്ര വലിയ സഖ്യമുണ്ടാക്കിയാലും അഴിമതിക്കെതിരായ ആക്രമണം തുടരും" - പ്രധാനമന്ത്രി പറഞ്ഞു.

"ഈ അമൃതകാലം കൂട്ടായ പരിശ്രമത്തിന്റെയാണ്. ഓരോ ഇന്ത്യക്കാരന്റെയും കഠിനാധ്വാനവും ശക്തിയും പ്രയോഗിക്കപ്പെടുമ്പോൾ, 'വികസിതഭാരതം' എന്ന സ്വപ്നം നമുക്ക് ഉടൻ സാക്ഷാത്കരിക്കാൻ കഴിയും" - പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

-ND-

(Release ID: 1920111) Visitor Counter : 162