സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 1570 കോടി രൂപ ചെലവില്‍ 157 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


നഴ്സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും രാജ്യത്ത് ഗുണനിലവാരമുള്ളതും ചെലവു കുറഞ്ഞതും നീതിയുക്തവുമായ നഴ്‌സിംഗ് വിദ്യാഭ്യാസം നല്‍കുകയും ലക്ഷ്യം.

നിലവിലെ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം നഴ്സിങ് കോളേജുകള്‍ക്കു സൗകര്യവും നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ ലാബുകള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍ എന്നിവയുടെയും അധ്യാപകരുടെയും വിനിയോഗവും അനുവദിക്കും.

ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും ഓരോ ഘട്ടത്തിനും വിശദമായ സമയക്രമം നിശ്ചയിച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നു


Posted On: 26 APR 2023 7:37PM by PIB Thiruvananthpuram

രാജ്യത്തെ നഴ്സിംഗ് സേവനശക്തി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, 2014 മുതല്‍ സ്ഥാപിതമായ നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഏകദേശം 15,700 നഴ്സിംഗ് ബിരുദധാരികളെ പുതുതായി സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് ഇന്ത്യയില്‍ ഗുണനിലവാരമുള്ളതും ചെലവു കുറഞ്ഞതും നീതിയുക്തവുമായ നഴ്‌സിംഗ് വിദ്യാഭ്യാസം ഉറപ്പാക്കും;  പ്രത്യേകിച്ച് കുറഞ്ഞ പരിഗണന ലഭിച്ച ജില്ലകളിലും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും. മൊത്തം സാമ്പത്തിക ബാധ്യത 1,570 കോടി രൂപയായിരിക്കും.

നഴ്സിംഗ് പ്രൊഫഷണലുകളുടെ ലഭ്യത കുറയുന്നതിനും താഴ്ന്ന പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങളെ ബാധിക്കുന്നതിനും കാരണമായ ആരോഗ്യമേഖലയിലെ ഭൂമിശാസ്ത്രപരവും ഗ്രാമ-നഗര വ്യത്യാസം പ്രതിഫലിപ്പിക്കുന്നതുമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു. ഈ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നത് ആരോഗ്യരംഗത്ത് യോഗ്യതയുള്ള മനുഷ്യവിഭവശേഷിയുടെ ലഭ്യതയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കും. ആഗോള ആരോഗ്യ പരിരക്ഷ സംബന്ധിച്ച (യുഎച്ച്‌സി) ദേശീയ നടപടികളുടെ ഭാഗമായ ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കും. ഈ മേഖലയിലെ ഉയര്‍ന്നുവരുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നഴ്സിംഗ് വിദ്യാഭ്യാസത്തിനായുള്ള നിയന്ത്രണ ഘടനയിലെ പരിഷ്‌കാരങ്ങളും പരിഗണനയിലാണ്.

നൈപുണ്യ വികസനത്തിനും വിദേശ തസ്തികകളിലേക്ക് യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കുന്നതിനുമായി പ്രമുഖ അന്താരാഷ്ട്ര, ദേശീയ ഏജന്‍സികളുമായി ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) സഹകരിച്ചു വരികയാണ്.  

നിലവിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ഈ നഴ്‌സിങ് കോളേജുകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ ലാബുകള്‍, ക്ലിനിക്കല്‍ സൗകര്യങ്ങള്‍, അധ്യാപകര്‍ എന്നിവയുടെ മികച്ച വിനിയോഗം സാധ്യമാക്കും. ഈ സംരംഭം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ചികില്‍സാ യോഗ്യത നല്‍കുമെന്നും മെഡിക്കല്‍ കോളേജുകളിലെ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണവും സേവനവും നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഈ നഴ്സിംഗ് കോളേജുകളില്‍ ഹരിത സാങ്കേതിക വിദ്യകളുടെ ഉപയോഗവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കലും ഊര്‍ജക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പ്രസക്ത നടപടികള്‍ സ്വീകരിക്കും.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. കൂടാതെ പദ്ധതിയുടെ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും ഓരോ ഘട്ടത്തിനും വിശദമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും സംസ്ഥാനങ്ങളിലെ ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കും. പദ്ധതിക്കു കീഴിലുള്ള പുതിയ നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭൗതിക പുരോഗതി, സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്രഭരണ പ്രദേശങ്ങളും പതിവായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിക്കും.

പശ്ചാത്തലം:

ഗുണമേന്മയുള്ള ആരോഗ്യ പരിപാലന ജീവനക്കാരുടെ  എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉറപ്പാക്കാന്‍ ഈ ഗവണ്‍മെന്റ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും തുടര്‍ന്ന് എംബിബിഎസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജുകളില്‍ 2014-ന് മുമ്പ് 387 ആയിരുന്നത് ഇപ്പോള്‍ 660 ആയി 71% വര്‍ദ്ധിച്ചു.

കൂടാതെ, 2013-14 മുതല്‍ എംബിബിഎസ് സീറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ബിരുദാനന്തര ബിരുദ സീറ്റുകള്‍ ഇരട്ടിയിലധികമായി.

ഇന്ത്യന്‍ നഴ്സുമാരുടെ സേവനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഗണ്യമായ അംഗീകാരമുണ്ട്, അതിനാല്‍ അവരുടെ ചലനാത്മകതയും മികച്ച തൊഴിലവസരങ്ങളും സുഗമമാക്കുന്നതിന് ഇന്ത്യന്‍ നഴ്‌സിംഗ് വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിന് തുല്യമായി കൊണ്ടുവരേണ്ടത് പ്രധാനമാണ്. അവര്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളായി അംഗീകരിക്കപ്പെടുകയും ആരോഗ്യ പരിരക്ഷാ സംവിധാനത്തെ കാര്യക്ഷമമായി നയിക്കുകയും ചെയ്യുന്നു, എന്നാല്‍ അവരുടെ എണ്ണം ആഗോള മാനദണ്ഡങ്ങള്‍ക്ക് താഴെയാണ്. അത് വേണ്ടത്ര മെച്ചപ്പെടുത്തേണ്ടതുണ്ട്.

 

-ND-


(Release ID: 1920035) Visitor Counter : 173