പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മാർച്ച് 26 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷമനസ്സ് പറയുന്നത് - ഭാഗം 99

Posted On: 26 MAR 2023 11:45AM by PIB Thiruvananthpuram

       എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന്‍ കീ ബാത്തി'ലേയ്ക്ക് ഒരിക്കല്‍ക്കൂടി നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് ഈ ചര്‍ച്ച ആരംഭിക്കുമ്പോള്‍ മനസ്സിലും മസ്തിഷക്കത്തിലും എത്രയെത്ര ഭാവനകളാണ് പൊന്തിവരുന്നത്. 

   'മന്‍ കി ബാത്തി'ലൂടെ നിങ്ങളും ഞാനുമായുള്ള ബന്ധം 99-ാം പടവിലെത്തിനില്ക്കുകയാണ്. 99-ന്റെ കറക്കം വളരെ കഠിനമാണെന്നു സാധാരണ പറഞ്ഞുകേള്‍ക്കാറുണ്ട്. ക്രിക്കറ്റിലും നെര്‍വസ് നയന്റീസ് വളരെ ദുഷ്‌ക്കരമായ സന്ധിയാണെന്നു കരുതപ്പെടുന്നു. എന്നാല്‍, ഭാരതത്തിലെ ജനങ്ങളുടെ 'മന്‍ കി ബാത്തി'ലാകട്ടെ, അതിന്റെ പ്രചോദനം മറ്റൊരുവിധത്തിലാണ്. 'മന്‍ കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെക്കുറിച്ചും രാജ്യത്തെ ജനങ്ങള്‍ വളരെ ഉത്സാഹത്തിലാണെന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. എനിക്ക് ധാരാളം സന്ദേശങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു, ഫോണ്‍കാള്‍കളും വന്നുകൊണ്ടിരിക്കുന്നു. ഇന്നു നാം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുമ്പോള്‍, നിങ്ങളുടെ എല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ അക്ഷമനായി കാത്തിരിക്കുകയാണ്. കാത്തിരിപ്പ്  എല്ലായ്‌പ്പോഴും ഉണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ കാത്തിരിപ്പ് കുറച്ചു കൂടുതലാണ്. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 30 നുള്ള 'മന്‍ കി ബാത്തി'ന്റെ നൂറാം എപ്പിസോഡിനെ ഏറെ അവിസ്മരണീയമാക്കിത്തീര്‍ക്കും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.

    സുഹൃത്തുക്കളേ, ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ഈ കാലഘട്ടത്തില്‍ അവയവദാനം മറ്റുള്ളവര്‍ക്ക് ജീവന്‍ കൊടുക്കാനുള്ള വളരെ വലിയ മാധ്യമമായി കഴിഞ്ഞിട്ടുണ്ട്. മരണശേഷം ഒരു വ്യക്തിയുടെ ശരീരം ദാനം ചെയ്യുമ്പോള്‍, അതില്‍നിന്ന് എട്ടോ, ഒന്‍പതോ പേര്‍ക്ക് പുതിയ ജീവന്‍ ലഭിക്കാനുള്ള സാദ്ധ്യതയാണുള്ളതെന്ന് പറയപ്പെടുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചിട്ടുള്ളതായി കാണുന്നത് സന്തോഷകരംതന്നെ. 2013-ല്‍ നമ്മുടെ രാജ്യത്ത് ഓര്‍ഗന്‍ ഡൊനേഷന്റെ കേസ്സുകള്‍ അയ്യായിരത്തിലും കുറവായിരുന്നു. പക്ഷേ, 2022-ല്‍ ആ സംഖ്യ വര്‍ദ്ധിച്ച് പതിനയ്യായിരത്തിലുമധികമായിരിക്കുന്നു. അവയവദാനം നടത്തുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും വാസ്തവത്തില്‍ വലിയ പുണ്യമാണ് ചെയ്യുന്നത്.

    സുഹൃത്തുക്കളേ, അങ്ങനെയുള്ള പുണ്യം ചെയ്യുന്നയാളുകളുടെ മനസ്സു പറയുന്നത് അറിയാനും അതിനെ നാട്ടുകാരുമായി പങ്കുവെയ്ക്കാനും എന്റെ മനസ്സ് ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് 'മന്‍ കീ ബാത്തി'ല്‍ ഓമനയായ ഒരു മകളുടെ, ഒരു സുന്ദരികുട്ടിയുടെ അച്ഛനും അമ്മയും നമ്മോടൊപ്പം ചേരുകയാണ്. അച്ഛന്റെ പേര് സുപ്രീത് കൗര്‍. ഈ കുടുംബം പഞ്ചാബിലെ അമൃതസറിലാണ് വസിക്കുന്നത്. അനേകം നേര്‍ച്ചകള്‍ക്കുശേഷമാണ് അവര്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ സ്‌നേഹപുരസ്സരം അവള്‍ക്ക് പേരിട്ടു. - അബാബത്ത് കൗര്‍. അബാബത്ത് എന്നാലര്‍ത്ഥം മറ്റുള്ളവരെ സേവിക്കുക, മറ്റുള്ളവരുടെ ദു:ഖമകറ്റുക എന്നാണ്. കേവലം 39 ദിവസം പ്രായമായിരുന്നപ്പോള്‍ അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു. എന്നാല്‍ സുഖ്‌വീര്‍സിംഗ്‌സന്ധുവും അദ്ദേഹത്തിന്റെ പത്‌നി സുപ്രീത്കൗറും കുടുംബവും പ്രചോദനാത്മകമായി ഒരു തീരുമാനമെടുത്തു. ആ തീരുമാനമിതായിരുന്നു. 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവം ദാനം ചെയ്യുക. നമ്മോടൊപ്പം ഇപ്പോള്‍ ഫോണ്‍ലൈനില്‍ സുഖ്ബീര്‍സിംഗും അദ്ദേഹത്തിന്റെ ശ്രീമതിയും ഉണ്ട്. വരൂ, നമുക്ക് അവരോട് സംസാരിക്കാം.

ബഹു. പ്രധാനമന്ത്രി    :    നമസ്‌തേ ശ്രീ. സുഖബീര്‍.

സുഖ്ബീര്‍ സിംഗ്    :    നമസ്‌തേ ആദരണീയനായ പ്രധാനമന്ത്രി, സത്ശ്രീഅകാല്‍.

ബഹു. പ്രധാനമന്ത്രി    :    സത്ശ്രീഅകാല്‍, സത്ശ്രീഅകാല്‍ ശ്രീസുഖ്ബീര്‍. ഞാന്‍ ഇന്ന് 'മന്‍ കീ ബാത്തി'നെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അപ്പോള്‍ എനിക്കുതോന്നി അബാബത്തിന്റെ കാര്യം നമ്മെ വളരെ സ്വാധീനിക്കുന്ന ഒന്നാണ്. അത് താങ്കളുടെ നാവില്‍നിന്നുതന്നെ കേള്‍ക്കണം. എന്തെന്നാല്‍ വീട്ടില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ധാരാളം സ്വപ്നങ്ങളും സന്തോഷവും ഉണ്ടാകുന്നു. എന്നാല്‍, ആ മകള്‍ ഇത്ര പെട്ടെന്ന് വിട്ടുപിരിയുമ്പോള്‍ ആ ദു:ഖം എത്രമാത്രം കഠിനമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ എപ്രകാരമാണ് ഈ തീരുമാനമെടുത്തത്? എല്ലാ കാര്യങ്ങളും ഞാനറിയാനാഗ്രഹിക്കുന്നു.

സുഖ്ബീര്‍    :    സര്‍, ഈശ്വരന്‍ ഞങ്ങള്‍ക്ക് വളരെ നല്ലൊരു കുഞ്ഞിനെ തന്നു, അരുമയായ പുത്രി ഞങ്ങളുടെ വീട്ടില്‍ വന്നു. കുഞ്ഞിന്റെ ജനനസമയത്തുതന്നെ ഞങ്ങളറിഞ്ഞു അതിന്റെ തലച്ചോറിലെ ചില ഞരമ്പുകള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ടെന്നും അതിനാല്‍ കുഞ്ഞിന്റെ ഹൃദയത്തിന് വലിപ്പം കൂടിവരുന്നു എന്നും. അപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു. ഇത്രയും ആരോഗ്യമുള്ള സുന്ദരിയായ കുഞ്ഞ് ഇത്രയും വലിയ പ്രശ്‌നവുമായാണല്ലേ  ജനിച്ചത്. ആദ്യത്തെ 24 ദിനങ്ങള്‍ കുഞ്ഞ് വളരെ നോര്‍മല്‍ ആയിരുന്നു. പെട്ടെന്ന് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഞങ്ങളുടനെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവൻ വീണ്ടെടുത്തു . പക്ഷേ, ഇത്രയും ചെറിയകുഞ്ഞിന്റെ പ്രശ്‌നമെന്താണെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. ഇത്രയും ചെറിയ കുഞ്ഞിന്റെ ഹൃദയം നിന്നുപോയതല്ലേ. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവിടെനിന്നും ഞങ്ങള്‍ ചണ്ഡിഗഡിലെ  പി ജി ഐയിൽ കൊണ്ടുപോയി. അവിടെ കുഞ്ഞ് അസുഖത്തോട് സധൈര്യം പൊരുതി. പക്ഷേ, രോഗത്തിന്, ഈ കുഞ്ഞുപ്രായത്തില്‍ ചികിത്സ അസാധ്യമായിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ഒരാറുമാസമെങ്കിലുമായാല്‍ കുഞ്ഞിന് ഓപ്പറേഷന്‍ ചെയ്യാമായിരുന്നു. പക്ഷേ, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കുഞ്ഞിന്  വെറും 39 ദിവസം പ്രായമായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു വീണ്ടും ഹൃദയാഘാതം വന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞാനും ഭാര്യയുംകൂടി വളരെയേറെ വിഷമത്തോടെ ഒരു തീരുമാനത്തിലെത്തി. പല തവണ മരണത്തിന്റെ വക്കിലെത്തിയിട്ടും ധീരമായി പൊരുതി തിരിച്ചുവന്ന ഈ കുഞ്ഞിന്റെ ജനനത്തിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന്. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ കുഞ്ഞിന്റെ അവയവദാനം ചെയ്തുകൂടാ എന്ന്. ഒരുപക്ഷേ, ആരുടെയെങ്കിലും ജീവിതത്തിനെ അത് പ്രകാശമാനമാക്കിയാലോ! ഞങ്ങളുടനെ പി ജി ഐയിലെ  യിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ  പോയി. ഇത്രയും ചെറിയ കുഞ്ഞിന്റെ കിഡ്‌നി മാത്രമേ എടുക്കാന്‍ പറ്റുകയുള്ളു എന്ന് അവര്‍ പറഞ്ഞു. ദൈവം ധൈര്യം തന്നു. ഗുരുനാനക് സാഹബിന്റെ ദര്‍ശനമാണിതെന്നോര്‍ത്ത് ഞങ്ങള്‍ തീരുമാനമെടുത്തു.

ബഹു. പ്രധാനമന്ത്രി    :    ഗുരുക്കന്‍മാര്‍ പകര്‍ന്നുതന്ന അറിവ് താങ്കള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചു. ശ്രീമതി. സുപ്രീത് അവിടെയുണ്ടോ? അവരോട് സംസാരിക്കാന്‍ സാധിക്കുമോ?

സുഖ്ബീര്‍    :    അതെ സര്‍.

സുപ്രീത്    :    ഹലോ.

ബഹു. പ്രധാനമന്ത്രി    :    ശ്രീമതി സുപ്രീത് ഞാന്‍ താങ്കളെ പ്രണമിക്കുന്നു.

സുപ്രീത്    :    നമസ്‌ക്കാരം സാര്‍, നമസ്‌ക്കാരം.    താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയേറെ അഭിമാനിക്കുന്നു.

ബഹു. പ്രധാനമന്ത്രി    :    താങ്കള്‍ ഇത്രയും വലിയ     ഒരു കാര്യം ചെയ്തു. പിന്നെ ഈ കാര്യങ്ങളെല്ലാം ലോകമറിയുമ്പോള്‍ ഇനി ധാരാളംപേര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വരും എന്ന് ഞാന്‍ കരുതുന്നു. അബാബത്തിന്റെ സംഭാവന വളരെ വലുതാണ്.

സുപ്രീത്    :    സര്‍, ഗുരു നാനക്ക് ദേവന്റെ അനുഗ്രഹമാണ് ഞങ്ങള്‍ക്ക് അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള ധൈര്യം നല്കിയത്. 

ബഹു. പ്രധാനമന്ത്രി    :    ഗുരുക്കന്മാരുടെ അനുഗ്രഹമില്ലെങ്കില്‍ ഒന്നുംതന്നെ നടക്കുകയില്ല.

സുപ്രീത്    :    തീര്‍ച്ചയായും, സര്‍, തീര്‍ച്ചയായും.

പ്രധാനമന്ത്രി    :    സുഖ്ബീര്‍ ജി, താങ്കള്‍ ആശുപത്രിയിലുള്ളപ്പോഴായിരിക്കുമല്ലോ ഹൃദയത്തെ മഥിക്കുന്ന വാര്‍ത്ത ഡോക്ടര്‍ താങ്കളോട് പറഞ്ഞത്. അതിനുശേഷവും സ്വസ്ഥമായ മനസ്സോടെ താങ്കളും ശ്രീമതിയും ഇത്രയും വലിയൊരു തീരുമാനമെടുത്തു. ഗുരുജനങ്ങള്‍ ഉദ്‌ബോധിപ്പിച്ചിട്ടുള്ളതുപോലുള്ള ഉദാരമായ ആശയം. അബാബത്തിന്റെ അര്‍ത്ഥം സാമാന്യഭാഷയില്‍ പറയാമെങ്കില്‍ അതു വളരെ ഉപകാരമായിരിക്കും. നിങ്ങള്‍ ഈ തീരുമാനമെടുത്ത നിമിഷത്തെപ്പറ്റി കേള്‍ക്കാന്‍ എനിക്കാഗ്രഹമുണ്ട്.

സുഖ്ബീര്‍    :     സര്‍, വാസ്തവത്തിൽ  ഞങ്ങള്‍ക്കൊരു കുടുംബ സുഹൃത്ത്  ഉണ്ട്. പ്രിയ. അവര്‍ അവയവദാനം ചെയ്തയാളാണ്. അവരില്‍നിന്നും ഞങ്ങള്‍ക്ക് പ്രചോദനം കിട്ടിയിട്ടുണ്ട്. ആ സമയം ഞങ്ങള്‍ക്ക് തോന്നിയതിങ്ങനെയാണ്. നമ്മുടെ ശരീരം പഞ്ചതത്വത്തില്‍ ലയിച്ചുചേരും. ആരെങ്കിലും നമ്മെ പിരിയുമ്പോള്‍ അതായത് നമ്മെ വിട്ടുപോകുമ്പോള്‍ നാം ശരീരത്തെ ദഹിപ്പിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. പക്ഷേ, അവരുടെ അവയവം ആര്‍ക്കെങ്കിലും ഉപയോഗപ്പെട്ടാല്‍ അതു വളരെ നല്ല കാര്യമാണ്. ഡോക്ടര്‍മാര്‍ ഞങ്ങളോട് നിങ്ങളുടെ മകളാണ് വിജയകരമായി ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താനായ ഇന്ത്യയിലെ ഏറ്റവും ചെറുപ്രായക്കാരിയായ ദാതാവ്  എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നി. ഞങ്ങളുടെ ശിരസ്സ് അഭിമാനത്താല്‍ ഉയര്‍ന്നു. ഞങ്ങളുടെ രക്ഷിതാക്കള്‍ക്ക് ഈ പ്രായംവരെ ഞങ്ങള്‍ക്കു കൊടുക്കാന്‍ കഴിയാതിരുന്ന സല്‍പ്പേര് ഒരു കൊച്ചുകുഞ്ഞ് വന്ന് അല്പനാളുകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കു നല്‍കി. ഞങ്ങളുടെ യശസ്സ് ഉയര്‍ത്തി. അതിലും വലിയ കാര്യം ഞങ്ങള്‍ക്ക് ഇന്ന് അങ്ങുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. ഞങ്ങള്‍ക്ക് അതില്‍ അഭിമാനം തോന്നുന്നു.

പ്രധാനമന്ത്രി    :    സുഖ്ബീര്‍ ജി, ഇന്ന് താങ്കളുടെ കുഞ്ഞിന്റെ ഒരു അവയവം മാത്രമല്ല ജീവിച്ചിരിക്കുന്നത്. താങ്കളുടെ മകള്‍ മാനവീയതയുടെ അമരഗാഥയിലെ അമരയായ യാത്രക്കാരിയായിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ശരീരത്തിലെ ഒരു അവയവത്തിലൂടെ അവള്‍ ഇന്നും ജീവിക്കുന്നു. ഈ സല്‍പ്രവര്‍ത്തിക്ക് താങ്കളേയും താങ്കളുടെ ശ്രീമതിയേയും കുടുംബത്തേയും ഞാന്‍ ശ്ലാഘിക്കുന്നു.

സുഖ്ബീര്‍    :    നന്ദി സർ 

സുഹൃത്തുക്കളേ, അവയവ ദാനത്തിന്റെ  പിന്നിലെ ഏറ്റവും വലിയ ചേതോവികാരം പോകുന്ന പോക്കില്‍ ആര്‍ക്കെങ്കിലും ഗുണം ചെയ്യുക, ആരുടെയെങ്കിലും ജീവനു രക്ഷനല്കുക എന്നതാണല്ലോ. അവയവദാനത്തിനായി കാത്തിരിക്കുന്നവര്‍ക്കറിയാം ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും എത്ര വിഷമം പിടിച്ചതാണെന്ന്. അങ്ങനെയിരിക്കെ, ആരെങ്കിലും അവയവദാനത്തിനോ, ശരീരദാനത്തിനോ തയ്യാറായിവരുമ്പോള്‍, അയാളില്‍ ഈശ്വരരൂപമാണ് നാം ദര്‍ശിക്കുന്നത്. ഝാര്‍ഖണ്ഡില്‍ താമസിക്കുന്ന സ്‌നേഹലതാചൗധരി ഈശ്വരനായി വന്ന് മറ്റുള്ളവര്‍ക്ക് ജീവിതം കൊടുത്ത ഒരു വനിതയാണ്. 63 വയസു പ്രായമുള്ള സ്‌നേഹലതാചൗധരി തന്റെ ഹൃദയവും വൃക്കയും കരളും ദാനം ചെയ്ത് വിടവാങ്ങി. ഇന്ന് 'മന്‍ കീ ബാത്തി'ല്‍ അവരുടെ മകന്‍ അഭിജിത്ത് നമ്മോടൊപ്പമുണ്ട്. വരൂ, അയാള്‍ പറയുന്നത് കേള്‍ക്കാം.

പ്രധാനമന്ത്രി    :    അഭിജിത്ത് ജി, നമസ്‌ക്കാരം.

അഭിജിത്ത്    :    നമസ്‌ക്കാരം സര്‍.

പ്രധാനമന്ത്രി    :    അഭിജിത്ത് ജി, നിങ്ങളുടെ അമ്മ നിങ്ങള്‍ക്കു ജന്മം തന്നു. ഒരുതരത്തില്‍ നിങ്ങള്‍ക്കു ജീവിതം തന്നെ തന്നു. നിങ്ങളുടെ ആ അമ്മ മരണശേഷവും അനേകംപേര്‍ക്കു ജീവിതം കൊടുത്തു. അവരുടെ മകനെന്ന നിലയില്‍ നിങ്ങള്‍ തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാകും. 

അഭിജിത്ത്    :    തീര്‍ച്ചയായും സര്‍. 

പ്രധാനമന്ത്രി    :    താങ്കളുടെ അമ്മയെപ്പറ്റി പറയാമോ? ഏതു ചുറ്റുപാടിലാണ് അവയവദാനം ചെയ്യാന്‍ തീരുമാനിച്ചത്?

അഭിജിത്ത്    :    ഝാര്‍ഖണ്ഡിലെ സരായികേല എന്ന ചെറിയ ഗ്രാമത്തിലാണ് എന്റെ അമ്മയും അച്ഛനും താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി അവര്‍ എന്നും പ്രഭാതസവാരി നടത്തുമായിരുന്നു. അന്നും രാവിലെ 4 മണിയ്ക്ക് അവര്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു മോട്ടോര്‍സൈക്കിള്‍ അമ്മയെ പിന്നില്‍നിന്നും ഇടിച്ചുവീഴ്ത്തി. നിലത്തുവീണ അമ്മയുടെ തലയ്ക്ക് സാരമായ മുറിവേറ്റു. ഉടന്‍തന്നെ അമ്മയെ സരായികേലയിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ മുറിവില്‍ മരുന്നുവെച്ച് കെട്ടിയെങ്കിലും ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. പിന്നെ അമ്മയ്ക്ക് ബോധവുമില്ലതായി. ഉടന്‍തന്നെ അമ്മയെ ഞങ്ങള്‍
ടാറ്റ മെയിൽ ഹോസ്പിറ്റലിൽ  കൊണ്ടുപോയി.  അവിടെ ഓപ്പറേഷന്‍ ചെയ്തു. 48 മണിക്കൂര്‍ നിരീക്ഷിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞങ്ങള്‍ അമ്മയെ വിമാനത്തില്‍ ഡല്‍ഹിയിലെഎയിംസിൽ  കൊണ്ടുപോയി. അവിടെ 7-8 ദിവസം ചികിത്സ നടന്നു. അതിനുശേഷം പെട്ടെന്ന് രക്തസമ്മര്‍ദ്ദം താഴുകയും മസ്തിഷ്‌ക്കമരണം സംഭവിക്കുകയും ചെയ്തു. ഡോക്ടര്‍ പ്രോട്ടോക്കോള്‍ പ്രകാരം എങ്ങനെയാണ് അവയവദാനം ചെയ്യുന്നതെന്ന് പറഞ്ഞുതന്നു. ഞങ്ങള്‍ ആദ്യം അച്ഛനോട് ഒന്നും പറഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഇതംഗീകരിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലോ. ഞങ്ങള്‍ അദ്ദേഹത്തോട് അവയവദാനത്തിന്റെ കാര്യങ്ങള്‍ നടക്കുകയാണ് എന്നുമാത്രം സൂചിപ്പിച്ചു. അപ്പോള്‍ അച്ഛന്‍ പറയുകയാണ് അത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. നമ്മളത് ചെയ്യണമെന്ന്. അമ്മ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ആദ്യം വിഷമിച്ച ഞങ്ങള്‍ അവയവദാനത്തിന്റെ കാര്യത്തില്‍ തീരുമാനമായപ്പോള്‍ ഒരു പോസിറ്റീവ് ചുറ്റുപാടിലായി. രാത്രി 8 മണിയ്ക്ക് കൗണ്‍സലിംഗ് നടന്നു. അടുത്ത ദിവസം ഞങ്ങള്‍ അവയവദാനം ചെയ്തു. ഇതില്‍ അമ്മയുടെ ചിന്ത വലുതായിരുന്നു. നേത്രദാനത്തിലും അതുപോലെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അവര്‍ ആക്ടീവ് ആയിരുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കണം അച്ഛന് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിഞ്ഞതും.

പ്രധാനമന്ത്രി    :    അവയവങ്ങള്‍ എത്രപേര്‍ക്ക് പ്രയോജനപ്പെട്ടു?

അഭിജിത്ത്    :    അമ്മയുടെ ഹൃദയം, രണ്ട് കിഡ്‌നി, കരള്‍, രണ്ട് കണ്ണുകള്‍ ഇത്രയും ഡൊനേറ്റ് ചെയ്തു. നാലുപേര്‍ക്ക് ജീവനും രണ്ടുപേര്‍ക്ക് കാഴ്ചയും കിട്ടി.

പ്രധാനമന്ത്രി    :    അഭിജിത്ത്, താങ്കളുടെ അച്ഛനും അമ്മയും ആദരണീയരാണ്. ഞാനവരെ നമിക്കുന്നു. അച്ഛന്റെ നേതൃത്വത്തില്‍ താങ്കളുടെ കുടുംബത്തിന്റെ ഈ തീരുമാനം വളരെ പ്രചോദനാത്മകമാണ്. അമ്മ സ്വയം ഒരു പ്രചോദനം തന്നെയാണ്. എങ്കിലും അമ്മ പകര്‍ന്നുതന്നിട്ടുള്ള പാരമ്പര്യം തലമുറകള്‍ കഴിഞ്ഞാലും വളരെ ശക്തമായി തുടരുന്നുണ്ട്. അവയവദാനത്തില്‍ താങ്കളുടെ അമ്മയുടെ പ്രചോദനം ഇന്ന് രാജ്യം മുഴുവനും എത്തിയിരിക്കുന്നു. ഞാന്‍ ഈ പവിത്രമായ, മഹത്തായ കാര്യത്തില്‍ താങ്കളുടെ കുടുംബത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നന്ദി അഭിജിത്ത് താങ്കളുടെ പിതാവിനോട് എന്റെ പ്രണാമം പറയണം.

അഭിജിത്ത്    :    തീര്‍ച്ചയായും. നന്ദി.

സുഹൃത്തുക്കളേ, 39 ദിവസം പ്രായമുള്ള അബാബത്ത് കൗര്‍, 63 വയസ്സ് പ്രായമായ സ്‌നേഹലത ചൗധരി ഇവരെപ്പോലെയുള്ള ദാനവീരര്‍, നമുക്ക് ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. നമ്മുടെ രാജ്യത്ത് ആരോഗ്യകരമായ ജീവിതം പ്രതീക്ഷിച്ച്, അവയവദാനം നടത്താന്‍ തയ്യാറായവരെ കാത്തിരിക്കുന്ന എത്രയോ ആവശ്യക്കാര്‍ ഉണ്ട്. അവയവദാനത്തെ സുകരമാക്കിത്തീര്‍ക്കാനും അവയവദാനത്തിനു പ്രോത്സാഹനം നല്കുവാനുമായി രാജ്യത്തിനാകെ ഒരൊറ്റ നയം  രൂപീകരിക്കാനുള്ള  ശ്രമം നടക്കുകയാണ്. അതില്‍ സംസ്ഥാനങ്ങളുടെ  വാസസ്ഥല  നിബന്ധന മാറ്റണമെന്നുള്ള തീരുമാനമായിട്ടുണ്ട്. അതായത് ഇനിയിപ്പോള്‍ രാജ്യത്തെ ഏതു സംസ്ഥാനത്തിലും പോയി രോഗിക്ക് അവയവം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അവയവദാനത്തിനായുള്ള പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളത് അവസാനിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ക്കിടയില്‍ എന്റെ നാട്ടുകാരോട് എന്റെ അഭ്യര്‍ത്ഥനയിതാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവയവദാനത്തിനായി മുന്നോട്ടുവരണം. താങ്കളുടെ ഒരു തീരുമാനം അനേകരുടെ ജീവന്‍ രക്ഷിക്കും. ജീവിതം നല്‍കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇത് നവരാത്രികാലമാണ്. ശക്തിയുടെ ഉപാസനയുടെ സമയമാണ്. ഇന്ന് ഭാരതത്തില്‍ പുതുതായി രൂപമെടുത്തുവരുന്ന ശക്തിയുടെ വളരെ വലിയൊരു പങ്ക് സ്ത്രീശക്തിയുടേതാണ്. ഈയിടെയായി എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. നിങ്ങള്‍, സോഷ്യല്‍മീഡിയയില്‍, ഏഷ്യയിലെ പ്രഥമ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി. സുരേഖായാദവിനെ തീര്‍ച്ചയായും കണ്ടിട്ടുണ്ടാകും. സുരേഖ വന്ദേ ഭാരത് എക്‌സ്പ്രസിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായി. മറ്റൊരു റിക്കാര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ മാസത്തില്‍തന്നെ, പ്രൊഡ്യൂസറായ ഗുനീത്‌മോംഗായും ഡയറക്ടറായ കാര്‍ത്തികി ഗോണ്‍സാല്‍വിസും " എലെഫന്റ്റ് വിസ്‌പറേഴ്‌സ് " എന്ന തങ്ങളുടെ ഡോക്യുമെന്ററിയ്ക്ക് ഓസ്കർ വിജയകളായി രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിച്ചു. ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിലെ  ശാസ്ത്രജ്ഞയായ  ശ്രീമതി. ജ്യോതിര്‍മയി മോഹന്തിജിയും നമ്മുടെ രാജ്യത്തിന് വലിയൊരു നേട്ടം സമ്മാനിച്ചിട്ടുണ്ട്. ശ്രീമതി. ജ്യോതിര്‍മയിയ്ക്ക് കെമിസ്ട്രിയിലും കെമിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും ഐ യു പി എ സി   യുടെ പ്രത്യേക അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാരതത്തിലെ അണ്ടർ  19  വനിതാ ക്രിക്കറ്റ് ടീം ടി -20   ലോക കപ്പിൽ  വിജയം നേടി പുതിയ ചരിത്രം സൃഷ്ടിച്ചു. രാഷ്ട്രീയത്തിലേയ്ക്ക് കണ്ണോടിച്ചാല്‍ ഒരു പുതിയ തുടക്കം നാഗാലാന്‍ഡിലും ഉണ്ടായിട്ടുണ്ട്. 75 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി നാഗാലാന്‍ഡില്‍ രണ്ടു വനിതാ സാമാജികര്‍ വിജയികളായി നിയമസഭയിലെത്തി. ഇവരിലൊരാളെ നാഗാലാന്‍ഡ് മന്ത്രിസഭയില്‍ മന്ത്രിയുമാക്കി. അതായത് നാഗാലാന്‍ഡിലെ ജനങ്ങള്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും ലഭിച്ചു.

സുഹൃത്തുക്കളേ, കുറച്ചുദിവസം മുമ്പ് ഞാന്‍ തുര്‍ക്കിയിലെ വിനാശകാരിയായ ഭൂകമ്പത്തിനുശേഷം അവിടത്തെ ആളുകളെ സഹായിക്കാനായി പോയ ധീരരായ പെണ്‍കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവരെല്ലാംതന്നെ എൻ ഡി ആർ എഫ്  സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു. അവരുടെ ധൈര്യത്തെയും സാമര്‍ത്ഥ്യത്തെയും ലോകം മുഴുവന്‍ വാഴ്ത്തി. ഐക്യരാഷ്ട്ര ദൗത്യത്തിന്റെ അധീനതയിലുള്ള ശാന്തിസേനയിലെ  വനിതാ പ്ലാറ്റൂണിൽ  ഭാരതം അവരെ നിയോഗിച്ചിട്ടുണ്ട്.

ഇന്ന് നമ്മുടെ രാജ്യത്തെ പെണ്‍മക്കള്‍, നമ്മുടെ മൂന്നു സേനാവിഭാഗത്തിലും ധീരതയുടെ പതാക പാറിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയ കോംബാറ് യൂണിറ്റ് എ യിൽ  കമാൻഡ് നിയമനം   കരസ്ഥമാക്കിയ ആദ്യത്തെ വനിതാ വ്യോമ  സേനാ ഓഫീസറാണ്. അവര്‍ക്ക് ഏകദേശം മൂവായിരം മണിക്കൂര്‍ നേരത്തെ പറക്കൽ പരിചയം   ഉണ്ട്. അതുപോലെ ഭാരതീയസേനയിലെ ധീരനായ ക്യാപ്റ്റന്‍ ശിവാചൗഹാന്‍ സിയാചിനില്‍ നിയോഗിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറാണ്. മൈനസ് 60 ഡിഗ്രി (-60)വരെ താപനില  താഴുന്ന സിയാച്ചിനില്‍ ശിവ മൂന്നു മാസക്കാലത്തേയ്ക്ക് നിയുക്തയാണ്.

സുഹൃത്തുക്കളേ, ഈ പട്ടിക  വളരെ വലുതാണ്. അതുകൊണ്ടുതന്നെ എല്ലാം ഇവിടെ  ചര്‍ച്ച ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ എല്ലാ വനിതകളും, നമ്മുടെ പെണ്‍മക്കളെല്ലാവും ഇന്ന് ഭാരതത്തിനും ഭാരതത്തിന്റെ സ്വപ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീശക്തിയുടെ ഈ ഊര്‍ജ്ജമാണ് വികസിത ഭാരതത്തിന്റെ പ്രാണവായു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ദിനങ്ങളില്‍ ലോകം മുഴുവന്‍ ശുദ്ധമായ ഊര്‍ജ്ജം, പുനരുപയോഗ ഊർജ്ജത്തെ കുറിച്ച്  ധാരാളം സംസാരം നടക്കുന്നുണ്ട്. ഞാന്‍ വിദേശിയരെക്കാണുമ്പോള്‍ അവര്‍ ഈ രംഗത്ത് ഭാരതത്തിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. വിശേഷിച്ചും സൗരോര്‍ജ്ജത്തിന്റെ രംഗത്ത് വേഗത്തിലുള്ള മുന്നേറ്റം വലിയൊരു നേട്ടംതന്നെയാണ്. ഭാരതീയര്‍ നൂറ്റാണ്ടുകളായിട്ട് സൂര്യനുമായി ബന്ധമുള്ളവരാണല്ലോ. സൂര്യന്റെ ശക്തിയെക്കുറിച്ചുള്ള ശാസ്ത്രീയഅവബോധവും സൂര്യനെ ഉപാസിക്കുന്ന പാരമ്പര്യവും ഇവിടെയല്ലാതെ വേറെയെങ്ങും കാണാന്‍ കിട്ടുകയില്ല. ഇന്ന് ഓരോ ഭാരതീയനും സൗരോര്‍ജ്ജത്തിന്റെ മഹത്വം മനസ്സിലാക്കുകയും ശുദ്ധ ഊർജ്ജത്തിൽ  തങ്ങളുടെ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും പരിശ്രമത്തിന്റെ ഈ ചേതനയാണ്  ഇന്ന് ഭാരതത്തിന്റെ സൗരോജ്ജ ദൗത്യത്തെ  മുന്നോട്ട് നയിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനയിലെ ഇതുപോലൊരു മെച്ചപ്പെട്ട പരിശ്രമം എന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇവിടത്തെ എം എസ ആർ -ഒലിവ്  ഹൗസിങ്  സൊസൈറ്റിയിലെ - അംഗങ്ങള്‍ കുടിവെള്ളം, ലിഫ്റ്റ്, ലൈറ്റ് തുടങ്ങി സാമൂഹിക ഉപയോഗത്തിനുള്ള സംവിധാനങ്ങള്‍ സൗരോര്‍ജ്ജത്താല്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അവര്‍ സോളാർ പാനൽ   ഘടിപ്പിച്ചു. ഇന്ന് ഈ സോളാര്‍ പാനലുകളില്‍നിന്നും പ്രതിവര്‍ഷം ഏകദേശം 90,000 കിലോവാട്ട് അവർ  വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇതില്‍നിന്നും പ്രതിമാസം ഏകദേശം 40,000 രൂപ അവര്‍ക്ക് ലഭിക്കാന്‍ സാധിക്കുന്നു. ഈ ലാഭം സൊസൈറ്റിയിലെ എല്ലാപേര്‍ക്കും ലഭിക്കുന്നുണ്ട്.

സുഹൃത്തുക്കളെ, പൂനയിലെപ്പോലെ ദാമന്‍-ദിയുലെ ഒരു ജില്ലയായ ദിയുവിലെ ജനങ്ങളും ഒരു അതിശയകരമായ കാര്യം ചെയ്തു കാണിച്ചു. ഈ ദിയു സോമനാഥിന്റെ അടുത്താണെന്ന് താങ്കള്‍ക്കറിവുള്ളതാണല്ലോ. ഭാരതത്തില്‍ പകല്‍സമയം എല്ലാ ആവശ്യങ്ങള്‍ക്കും 100% ശുദ്ധ ഊർജ്ജം ഉപയോഗിക്കുന്ന ആദ്യത്തെ ജില്ലയാണ് ദിയു. അവരുടെ കഠിനപ്രയത്‌നമാണ് അവരുടെ വിജയരഹസ്യം. ഒരു കാലത്ത് വൈദ്യുതോത്പാദനം ഇവിടെ ഒരു വെല്ലുവിളിയായിരുന്നു. ഇതിന് പ്രതിവിധിയായി അവര്‍ സൗരോർജത്തെ  തിരഞ്ഞെടുത്തു. അവിടത്തെ തരിശ്ശ് ഭൂമിയിലും അനേകം കെട്ടിടങ്ങളിലും അവര്‍ സോളാർ പാനലുകൾ  ഘടിപ്പിച്ചു. പകല്‍സമയം എത്ര ഊര്‍ജ്ജം ആവശ്യമുണ്ടോ അതിനെക്കാള്‍ കൂടുതല്‍ ഈ പാനലുകളില്‍ നിന്നും അവര്‍ ഇപ്പോള്‍ ഉണ്ടാക്കുന്നു. ഈ സൗരോർജ്ജ പദ്ധതിയിൽ  നിന്നും വൈദ്യുതി വാങ്ങുന്നവകയിലും ഏകദേശം 52 കോടി രൂപ അവര്‍ ലാഭിക്കുന്നു. ഇതിനാല്‍ പരിസ്ഥിതിയും മെച്ചപ്പെടുന്നു.

സുഹൃത്തുക്കളേ, പൂനയിലെയും ദിയുവിലെയും ജനങ്ങള്‍ എന്താണോ പ്രവര്‍ത്തിച്ചു കാണിച്ചത് ആ പരിശ്രമം രാജ്യത്തുടനീളം പല ഭാഗത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രകൃതി വിഷയത്തില്‍ ഭാരതീയര്‍ക്ക് എത്രമാത്രം വൈകാരികതയുണ്ടെന്നും നമ്മുടെ രാജ്യം ഭാവിതലമുറയെപ്പറ്റി എത്രമാത്രം ജാഗരൂകരാണെന്നും ഇതില്‍നിന്നും നാം മനസ്സിലാക്കുന്നു. ഇപ്രകാരമുള്ള എല്ലാ പരിശ്രമങ്ങളെയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് കാലത്തിനൊപ്പവും പരിസ്ഥിതികള്‍ക്കനുസരിച്ചും ധാരാളം സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇവ നമ്മുടെ സംസ്‌ക്കാരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുകയും അതിന് നിത്യം നൂതന പ്രാണശക്തി നല്‍കുകയും ചെയ്യുന്നു. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് കാശിയില്‍ ഇങ്ങനെയൊരു സമ്പ്രദായം തുടങ്ങി. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമായി കാശിക്കും തമിഴ്പ്രദേശങ്ങള്‍ക്കുമിടയ്ക്ക് നൂറ്റാണ്ടുകളായി നിലനിന്ന ചരിത്രപരവും സാംസ്‌ക്കാരികവുമായ ബന്ധം ആഘോഷിക്കപ്പെട്ടു. ''ഏകഭാരതം ശ്രേഷ്ഠഭാരതം'' എന്ന വികാരം നമ്മുടെ ദേശത്തിന് ശക്തി പകരുന്നു. നാം എപ്പോഴാണോ പരസ്പരം മനസ്സിലാക്കുന്നത്, പഠിക്കുന്നത്, അപ്പോള്‍ ഏകതയുടെ ഈ വൈകാരികത കുറേക്കൂടി ദൃഢമാകുന്നു. ഐക്യത്തിന്റെ ഈ  സ്പിരിറ്റിനോടൊപ്പം അടുത്തമാസം ഗുജറാത്തിലെ വിവിധഭാഗങ്ങളില്‍ സൗരാഷ്ട്ര-തമിഴ് സംഗമം നടക്കാന്‍ പോകുകയാണ്. 'സൗരാഷ്ട്ര-തമിഴ് സംഗമം'. ഏപ്രില്‍ 17 മുതല്‍ 30 വരെ നടക്കും. 'മന്‍ കീ ബാത്തി'ലെ കുറച്ചു ശ്രോതാക്കളെങ്കിലും ചിന്തിക്കും, ഗുജറാത്തിലെ സൗരാഷ്ട്രക്ക് തമിഴ്‌നാടുമായി എന്താണു ബന്ധമെന്ന്. വാസ്തവത്തില്‍ ശതാബ്ദങ്ങള്‍ക്കു മുമ്പ് സൗരാഷ്ട്രയിലെ അനേകമാളുകള്‍ തമിഴ്‌നാടിന്റെ വ്യത്യസ്തമേഖലകളില്‍ വസിച്ചിരുന്നു. ആ ആളുകള്‍ ഇന്നും 'സൗരാഷ്ട്രീയ തമിഴര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. അവരുടെ ഭക്ഷണരീതിയിലും ജീവിതരീതിയിലും സാമൂഹികസംസ്‌ക്കാരങ്ങളിലും ഇന്നും സൗരാഷ്ട്രത്തിന്റെ ഒളിമിന്നല്‍ ദര്‍ശിക്കാവുന്നതാണ്. ഈ സംഘാടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അനേകംപേര്‍ എനിക്ക് പ്രശംസാനിര്‍ഭരമായ കത്തുകളെഴുതുകയുണ്ടായി. മധുരയില്‍ താമസിക്കുന്ന ജയചന്ദ്രന്‍ വളരെ വികാരത്തോടെ ഒരു കാര്യം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. ''ആയിരം വര്‍ഷങ്ങള്‍ക്കുശേഷം, ആദ്യമായി ഒരാള്‍ സൗരാഷ്ട്ര-തമിഴ് ബന്ധത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നു. സൗരാഷ്ട്രയില്‍നിന്ന് തമിഴ്‌നാട്ടില്‍വന്നു താമസിക്കുന്ന ആളുകളെപ്പറ്റി ചോദഗിച്ചിരിക്കുന്നു.'' ജയചന്ദ്രന്റെ ഈ വാക്കുകള്‍ ആയിരക്കണക്കിനു സഹോദരീസഹോദരന്മാരുടെ അഭിപ്രായപ്രകടനമാണ് .

സുഹൃത്തുക്കളേ, 'മന്‍ കീ ബാത്തി'ലെ ശ്രോതാക്കളോട് ആസാമുമായി ബന്ധപ്പെട്ട ഒരു വിവരം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന സങ്കല്പനത്തെ ബലപ്പെടുത്തുന്നതാണ്. നാ വീര്‍ ലാസിത് ബോര്‍ഫുക്കന്റെ 400-ാം ജയന്തി ആഘോഷിക്കുകയാണെന്ന കാര്യം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. വീര്‍ ലാസിത് ബോര്‍ഫുക്കന്‍ അടിച്ചമര്‍ത്തലിന്റെ മുഗള്‍ ഭരണത്തില്‍നിന്നു ഗുവാഹട്ടിയെ മോചിപ്പിച്ച വ്യക്തിയാണ്. ഇന്ന് നമ്മുടെ രാജ്യം ഈ മഹാനായ യോദ്ധാവിന്റെ അദമ്യമായ ധൈര്യത്തെ തിരിച്ചറിയുന്നു. കുറച്ചുദിവസം മുമ്പ് ലാസിത് ബോര്‍ഫുക്കന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രബന്ധരചനാ ഉദ്യമം നടത്തുകയുണ്ടായി. അതിലേയ്ക്ക് ഏകദേശം 45 ലക്ഷംപേര്‍ പ്രബന്ധങ്ങള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. ഇപ്പോള്‍ അതൊരു ഗിന്നസ് റെക്കോർഡ്  ആയിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളതറിയുമ്പോള്‍ നിങ്ങള്‍ക്കേറെ സന്തോഷം തോന്നും. വീര്‍ലാസിത് ബോര്‍ഫുക്കനെക്കുറിച്ചുള്ള ഈ പ്രബന്ധങ്ങള്‍ 23 വ്യത്യസ്ത ഭാഷകളില്‍ എഴുതപ്പെട്ടവയും അയയ്ക്കപ്പെട്ടവയുമാണെന്നറിയുന്നത് വളരെ വലിയ കാര്യമാണ് വളരെ സന്തോഷം തരുന്ന കാര്യവുമാണ്. അസമിസ് ഭാഷ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ബോഡോ, നേപ്പാളി, സംസ്‌കൃതം, സന്താളി എന്നീ ഭാഷകളിലും ആളുകള്‍ പ്രബന്ധങ്ങള്‍ അയച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാവരേയും ഞാന്‍ ഹൃദയപൂര്‍വ്വം പ്രശംസിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കാശ്മീരിനെയോ ശ്രീനഗറിനെയോ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം അവിടത്തെ താഴ്‌വരകളുടെയും ദാൽ  തടാകത്തിന്റെയും ചിത്രങ്ങളാണ് മുന്നിലെത്തുക. നമ്മളിലോരോരുത്തരും ദാൽ  തടാകത്തിലെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കും, പക്ഷേ, ദാൽ  തടാകത്തില്‍ വിശേഷിച്ചൊരു കാര്യമുണ്ട്. ദാൽ  തടകം സ്വാദിഷ്ടമായ താമരത്തണ്ടിന് പ്രസിദ്ധമാണ്. താമരത്തണ്ട് നമ്മുടെ രാജ്യത്തെ വിഭിന്നസ്ഥലങ്ങളില്‍ വ്യത്യസ്തപേരുകളില്‍ അറിയപ്പെടുന്നു. കാശ്മീരില്‍ ഇതിനെ നാദരു എന്നു പറയുന്നു. കാശ്മീരിലെ നാദരുവിന്റെ ഡിമാന്റ് നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഡിമാന്റ് കണക്കിലെടുത്തുകൊണ്ട് ഡാല്‍തടാകത്തില്‍ നാദരു കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഒരു എഫ് പി ഒ  ഉണ്ടാക്കിയിട്ടുണ്ട്. ഈ എഫ് പി ഒ യില്‍ ഏകദേശം 250 കര്‍ഷകര്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ന് ഈ കര്‍ഷകര്‍ തങ്ങളുടെ നാദരു വിദേശങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ചുസമയം മുമ്പുതന്നെ ഈ കര്‍ഷകര്‍ 2 ലോഡ് യു എ ഇ  യിലേയ്ക്ക് കയറ്റി അയച്ചു. ഇതിന്റെ വിജയം കാശ്മീരിന്റെ പേരിലാണ്. ഒപ്പം ഇതിലൂടെ നൂറകണക്കിന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ, കാശ്മീരിലെ ആളുകളുടെ കൃഷിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രയത്‌നവും ഇക്കാലത്ത് വജയത്തിന്റെ സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്നു. വിജയത്തിന്റെ സുഗന്ധം എന്നു ഞാന്‍ പറയുന്നതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. കാര്യം സുഗന്ധത്തിന്റേതുതന്നെയാണ്. ജമ്മു കാശ്മീരിലെ ഡോഡാജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ഭദര്‍വാഹ്. ഇവിടത്തെ കര്‍ഷകര്‍, ദശകങ്ങളായി ചോളം (മക്ക) കൃഷിചെയ്തു വരികയായിരുന്നു. എന്നാല്‍ കുറച്ചു കര്‍ഷകര്‍ അല്പം മാറിചിന്തിച്ചു. അവര്‍  പുഷ്പകൃഷി ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ ഇവിടത്തെ ഏകദേശം 2500 കര്‍ഷകര്‍ ലാവണ്ടർ  കൃഷി ചെയ്യുന്നു. ഇവര്‍ക്ക് കേന്ദ്രഗവണ്മെന്റിന്റെ  അരോമ മിഷനിൽ  നിന്നും സഹായം ലഭിക്കുന്നു. ഈ പുതിയ കൃഷി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ലാവന്‍ഡറിനോടൊപ്പം ഇവരുടെ വിജയത്തിന്റെ സുഗന്ധവും അങ്ങു വളരെ ദൂരം വ്യാപിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളേ, ഇന്ന് കാശ്മീരിന്റെ കാര്യമോ, പുഷ്പങ്ങളുടെ കാര്യമോ സുഗന്ധത്തിന്റെ കാര്യമോ പറയുമ്പോള്‍ താമരപ്പൂവില്‍ പരിലസിക്കുന്ന ശാരദാംബയുടെ ഓര്‍മ്മ വരിക വളരെ സ്വാഭാവികമാണ്. കുറച്ചുദിവസംമുമ്പ് കുപ്‌വാടായില്‍ ശാരദാംബാക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി. ശാരദാപീഠ ദര്‍ശനത്തിനായി പണ്ട് ആളുകള്‍ പോയിക്കൊണ്ടിരുന്ന വഴിയിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലവാസികള്‍ ആ ക്ഷേത്രനിര്‍മ്മാണത്തിന് വളരെ സഹായിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ ആളുകളെ ഈ ശുഭകാര്യത്തിന് ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്രാവശ്യം 'മന്‍ കീ ബാത്തി'ല്‍ ഇത്രമാത്രം. അടുത്ത പ്രാവശ്യം 'മന്‍ കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍ നമുക്ക് വീണ്ടും കാണാം. നിങ്ങളെല്ലാവരും അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കുക. മാര്‍ച്ച്മാസത്തില്‍ നാം, ഹോളി മുതല്‍ നവരാത്രിവരെ പലപല ആഘോഷങ്ങളുടേയും ഉത്സവത്തങ്ങളുടേയും തിരക്കിലാണ്. റംസാന്റെ പുണ്യമാസവും ആരംഭിച്ചുകഴിഞ്ഞു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീരാമനവമി മഹോത്സവവും വരുകയായി. അതിനുശേഷം മഹാവീര്‍ജയന്തി, ദുഃഖ വെള്ളി ,ഈസ്റ്റർ  എന്നിവ വരും. ഏപ്രില്‍ മാസത്തില്‍ നാം ഭാരതത്തിലെ രണ്ടു മഹാന്മാരുടെ ജയന്തിയും ആഘോഷിക്കും. ആ രണ്ടുപേര്‍ - മഹാത്മാ ജ്യോതിബാഫുലേയും, ബാബാ സാഹബ് അംബേദ്ക്കറും. ഈ രണ്ടു മഹാന്മാരും സമൂഹത്തിലെ വിവേചനം അകറ്റാനായി അഭൂതപൂര്‍വ്വമായ സംഭാവനകള്‍ നല്‍കിയവരാണ്. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍, നമുക്ക് ഇപ്രകാരമുള്ള മഹാന്മാരായ വ്യക്തിത്വങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. അവരില്‍നിന്നു നിരന്തരം പ്രേരണ സ്വീകരിക്കാനുമുണ്ട്. നാം കര്‍ത്തവ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം. സുഹൃത്തുക്കളേ, ഈയിടെയായി ചില സ്ഥലങ്ങളില്‍ കൊറോണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് നാമെല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്, വൃത്തിയുടെ കാര്യത്തിലും ശ്രദ്ധപുലര്‍ത്തണം. അടുത്ത മാസം 'മന്‍ കീ ബാത്തി'ന്റെ 100-ാം എപ്പിസോഡില്‍, നമുക്ക് വീണ്ടും കാണാം. അതുവരെ വിട.

നന്ദി, നമസ്‌ക്കാരം.

ND

***(Release ID: 1910866) Visitor Counter : 183