പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ടി.യു ഏരിയ ഓഫീസ് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

Posted On: 22 MAR 2023 3:25PM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. എസ്. ജയശങ്കര്‍ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഐ.ടി.യു സെക്രട്ടറി ജനറല്‍ ശ്രീ ദേവുസിന്‍ഹ ചൗഹാന്‍ ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ, മാന്യരേ!

വളരെ സവിശേഷവും പുണ്യവുമായ ദിവസമാണ് ഇന്ന്. ഹിന്ദു കലണ്ടറിലെ പുതുവര്‍ഷം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. നിങ്ങള്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ വിക്രം സംവത് 2080 ആശംസിക്കുന്നു. വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി വിവിധങ്ങളായ കലണ്ടറുകള്‍ പ്രചാരത്തിലുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് തീയതിയും സമയവും നല്‍കുന്ന കൊല്ലവര്‍ഷത്തിന്റെ മലയാളം കലണ്ടറും തമിഴ് കലണ്ടറും ഉണ്ട്. 2080 വര്‍ഷം മുമ്പു മുതല്‍ വിക്രം സംവതും ഇവിടെ ഉണ്ട്. നിലവില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ 2023 ആണ് കാണിക്കുന്നത്, എന്നാല്‍ അതിനും 57 വര്‍ഷം മുമ്പാണ് വിക്രം സംവത് ആരംഭിച്ചത്. ഈ ശുഭദിനത്തില്‍ ടെലികോം, ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളി), അനുബന്ധ നൂതനാശയമേഖലകളില്‍ ഒരു പുതിയ തുടക്കം സംഭവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ.ടി.യു) ഏരിയ ഓഫീസും ഇന്നൊവേഷന്‍ സെന്ററും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനുപുറമെ, ഒുരു 6ജി ടെസ്റ്റ് ബെഡിനും ഇന്ന് സമാരംഭം കുറിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ വിഷന്‍ ഡോക്യുമെന്റും (ദര്‍ശന രേഖയും)അനാവരണം ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം പകരുക മാത്രമല്ല, ദക്ഷിണ ഏഷ്യയ്ക്കും ഗ്ലോബല്‍ സൗത്തിനും പരിഹാരങ്ങളും നൂതനാശയങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും. ഇത് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് നമ്മുടെ സര്‍വകലാശാല പഠന ഗവേഷണ വിഭാഗം (അക്കാദമിയ), നൂതനാശയക്കാര്‍ (ഇന്നൊവേറ്റര്‍), സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം എന്നിവയില്‍.

സുഹൃത്തുക്കളെ,
ജി 20ന്റെ അദ്ധ്യക്ഷ പദവി വഹിക്കുമ്പോള്‍ പ്രാദേശിക വിഭജനം കുറയ്ക്കുക എന്നതാണ് ഇന്ത്യയുടെ മുന്‍ഗണനകളിലൊന്ന്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യ ഒരു ഗ്ലോബല്‍ സൗത്ത് ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഗ്ലോബല്‍ സൗത്തിന്റെ തനതായ ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സാങ്കേതികവിദ്യയുടെയും രൂപകല്‍പ്പനയുടെയും മാനദണ്ഡങ്ങളുടെയും പങ്ക് വളരെ പ്രധാനമാണ്. സാങ്കേതിക വിഭജനം പരിഹരിക്കാനും ഇപ്പോള്‍ ഗ്ലോബല്‍ സൗത്ത് ശ്രമിക്കുന്നുണ്ട്. ഈ ദിശയിലേയ്ക്കുള്ള ഒരു വലിയ ചുവടുവയ്പാണ് ഐ.ടി.യുവിന്റെ ഈ ഏരിയ ഓഫീസും ഇന്നൊവേഷന്‍ സെന്ററും. സാര്‍വത്രിക ബന്ധിപ്പിക്കല്‍ ഗ്ലോബല്‍ സൗത്തില്‍ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അങ്ങേയറ്റം ഉത്തേജനം പകരുന്നതും ത്വരിതപ്പെടുത്തുന്നതുമാകുമെന്ന് ഞാന്‍ കരുതുന്നു. ഇത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഐ.സി.ടി മേഖലയിലെ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. ഇവിടെ സന്നിഹിതരായ വിദേശത്ത് നിന്നുള്ള നിരവധി അതിഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുകയും എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
സാങ്കേതിക വിടവ് കുറയ്ക്കുന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യയുടെ ശേഷികള്‍, നൂതനാശയ സംസ്‌കാരം, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യമുള്ളതും നൂതനാശയപരവുമായ മാനവശേഷി, അനുകൂലമായ നയ പരിസ്ഥിതി എന്നിവയാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. ഇവയ്‌ക്കൊപ്പം, വിശ്വാസവും വളര്‍ച്ചയും എന്ന രണ്ട് പ്രധാന കരുത്തും ഇന്ത്യയ്ക്ക് ഉണ്ട്. വിശ്വാസവും വളര്‍ച്ചയും ഇല്ലാതെ സാക്ഷേ്കതികവിദ്യയെ മുക്കിലും മൂലയിലും എത്തിക്കാന്‍ കഴിയില്ല. ഇന്ന് സാങ്കേതികവിദ്യയില്‍ വിശ്വാസം ഒരു മുന്നുപാധിയാണെന്ന് ഞാന്‍ പറയും. ഈ ദിശയിലുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെക്കുറിച്ചാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ന് 100 കോടി മൊബൈല്‍ ഫോണുകളോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബന്ധിപ്പിക്കപ്പെട്ട ജനാധിപത്യ രാജ്യമാണ് ഇന്ത്യ. താങ്ങാനാവുന്ന സ്മാര്‍ട്ട്‌ഫോണുകളും വിലകുറഞ്ഞ ഇന്റര്‍നെറ്റ് ഡാറ്റയും ഇന്ത്യയുടെ ഡിജിറ്റല്‍ ലോകത്തെ മാറ്റിമറിച്ചു. പ്രതിമാസം 800 കോടിയിലധികം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇന്ന് പ്രതിദിനം 7 കോടി ഇ-ഓതന്റിക്കേഷനുകള്‍ (ഇ-പ്രമാണീകരണം) ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ കോവിന്‍ ആപ്പ് വഴി രാജ്യത്ത് 220 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി, നേരിട്ടുള്ള ഗുണഭോക്തൃ ആനുകൂല്യ കൈമാറ്റം വഴി 28 ലക്ഷം കോടിയിലധികം രൂപ ഇന്ത്യ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ജന്‍ധന്‍ യോജനയിലൂടെ അമേരിക്കയിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഞങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു കൊടുത്തു. അതിനുശേഷം ഞങ്ങള്‍ ഈ അക്കൗണ്ടുകളെ യുണീക് ഡിജിറ്റല്‍ ഐഡന്റിറ്റി അതായത് ആധാര്‍ വഴി പ്രാമാണീകരിച്ചു, തുടര്‍ന്ന് 100 കോടിയിലധികം ആളുകളെ മൊബൈല്‍ ഫോണുകള്‍ വഴി ബന്ധിപ്പിച്ചു. ഇത് ലോകം ഒരു പഠന വിഷയമാക്കേണ്ടതാണ്.

സുഹൃത്തുക്കളെ,
ടെലികോം സാങ്കേതികവിദ്യ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെറുമൊരു ഊര്‍ജ്ജ സമ്പ്രദായം മാത്രമല്ല, ജനങ്ങളെ ശാക്തീകരിക്കാനുള്ള ഒരു ദൗത്യവും കൂടിയാണ്. ഇന്ന് ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ എല്ലാവര്‍ക്കും പ്രാപ്യമാക്കാനാകുന്ന ഒരു സാര്‍വത്രിക സാങ്കേതികവിദ്യയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ വലിയ തോതില്‍ നടന്നിട്ടുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 2014-ന് മുമ്പ് ഇന്ത്യയില്‍ ആറ് കോടി ഉപയോക്താക്കളാണുണ്ടായിരുന്നത്. ഇന്ന് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 80 കോടിയിലധികമായി. 2014ന് മുമ്പ് 25 കോടിയായിരുന്ന ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം ഇന്ന് 85 കോടിയിലധികവുമായി.

സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളേക്കാള്‍ കൂടുതലാണ്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ഡിജിറ്റല്‍ ശക്തി എങ്ങനെ എത്തപ്പെടുന്നു എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗവണ്‍മെന്റും സ്വകാര്യമേഖയും ചേര്‍ന്ന് 25 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. 25 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍! ഈ വര്‍ഷങ്ങളില്‍ മാത്രം, രണ്ട് ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഈ നടപടികളുടെയെല്ലാം ഫലമായി ഇന്ന് നമ്മുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെക്കാള്‍ ഏകദേശം രണ്ടര മടങ്ങ് വേഗത്തില്‍ പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
ഡിജിറ്റല്‍ ഇതര മേഖലകള്‍ക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ നിന്ന് ശക്തി ലഭിക്കുന്നുണ്ട്, നമ്മുടെ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഇതിന്റെ ഉദാഹരണമാണ്. രാജ്യത്ത് നിര്‍മ്മിക്കുന്ന എല്ലാ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റതലങ്ങള്‍ ഒരൊറ്റ വേദിയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ. ഓഹരിപങ്കാളികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ വിഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഒരിടത്ത്, ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ന് ഇവിടെ പുറത്തിറക്കിയിരിക്കുന്ന 'കോള്‍ ബിഫോര്‍ യു ഡിഗ്' ആപ്പ് ആ മനോഭാവത്തിന്റെ വിപുലീകരണം കൂടിയാണ്. 'കോള്‍ ബിഫോര്‍ യു ഡിഗ്' (കുഴിക്കുന്നതിന് മുന്‍പ് വിളിക്കുക) എന്നതിന്റെ അര്‍ത്ഥം അത് രാഷ്ട്രീയമായി ഉപയോഗിക്കണമെന്നതല്ല. വിവിധ പദ്ധതികള്‍ക്കായി കുഴിക്കുന്നത് ടെലികോം ശൃംഖലയ്ക്കും ദോഷം വരുത്തുമെന്നത് നിങ്ങള്‍ക്ക് അറിയാം. ഈ പുതിയ ആപ്പിലൂടെ കുഴിയ്ക്കുന്ന ഏജന്‍സികളും ഭൂഗര്‍ഭ ആസ്തിയുള്ള വകുപ്പുകളും തമ്മിലുള്ള ഏകോപനം വര്‍ദ്ധിക്കും. അതിന്റെ ഫലമായി, നഷ്ടം പരിമിതപ്പെടുകയും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യ ഡിജിറ്റല്‍ വിപ്ലവത്തിന്റെ അടുത്ത തലത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ 5ജി പുറത്തിറക്കിയ രാജ്യമാണ് ഇന്ത്യ. വെറും 120 ദിവസങ്ങള്‍ കൊണ്ട് 125 ലധികം നഗരങ്ങളില്‍ 5 ജി പുറത്തിറക്കി. രാജ്യത്തെ 350 ജില്ലകളില്‍ ഇന്ന് 5ജി സേവനങ്ങള്‍ എത്തിയിട്ടുണ്ട്. അതിനുമപ്പുറത്ത്, 5 ജി പുറത്തിറക്കി വെറും ആറുമാസത്തിനുള്ളില്‍ തന്നെ ഇന്ന് നമ്മള്‍ 6 ജിയെക്കുറിച്ച് സംസാരിക്കുകയാണ്, ഇത് ഇന്ത്യയുടെ ആത്മവിശ്വാസമാണ് കാണിക്കുന്നത്. ഇന്ന് നാം നമ്മുടെ വിഷന്‍ ഡോക്യുമെന്റും (ദര്‍ശന രേഖ) അവതരിപ്പിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന 6 ജിയുടെ പ്രധാന അടിത്തറയായി ഇത് മാറും.

സുഹൃത്തുക്കളെ,
വിജയകരമായ തദ്ദേശീയ ടെലികോം സാങ്കേതികവിദ്യ ഇന്ന് ലോകത്തിലെ പല രാജ്യങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. 4ജി പുറത്തിറക്കുന്നതിന് മുന്‍പ് ടെലികോം സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. 5ജി യുടെ കരുത്തിന്റെ സഹായത്തോടെ, ലോകത്തെയാകെ തൊഴില്‍ സംസ്‌കാരം മാറ്റാന്‍ ഇന്ത്യ നിരവധി രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുകയാണ്. അധികം വൈകാതെ, ഇന്ത്യ 100 പുതിയ 5ജി ലാബുകള്‍ സ്ഥാപിക്കാന്‍ പോകുകയാണ്. 5ജിയുമായി ബന്ധപ്പെട്ട അവസരങ്ങള്‍, വ്യാപാര മാതൃകകള്‍, തൊഴില്‍ സാദ്ധ്യതകള്‍ എന്നിവ തിരിച്ചറിയുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇന്ത്യയുടെ തനതായ ആവശ്യങ്ങള്‍ക്കനുസരിച്ച് 5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ഈ 100 പുതിയ ലാബുകള്‍സഹായിക്കും. അത് 5ജി സ്മാര്‍ട്ട് ക്ലാസ്‌റൂമുകളോ, കൃഷിയോ, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് (ബുദ്ധി വിനിമയ) സംവിധാനങ്ങളോ അല്ലെങ്കില്‍ ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനുകളോ ആകട്ടെ, എല്ലാ ദിശയിലും ഇന്ത്യ അതിവേഗം പ്രവര്‍ത്തിക്കുകയാണ്. ആഗോള 5ജി സംവിധാനങ്ങളുടെ ഭാഗമാണ് ഇന്ത്യയുടെ 5ജി മാനദണ്ഡങ്ങളും. ഭാവിയിലെ സാങ്കേതികവിദ്യകളുടെ ക്രമവല്‍ക്കരണത്തിനായി നാം ഐ.ടി.യുവുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഇന്ന് സമാരംഭം കുറിച്ച ഇന്ത്യന്‍ ഐ.ടി.യു ഏരിയ ഓഫീസ് 6ജിയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നമ്മെ സഹായിക്കും. അടുത്ത വര്‍ഷം ഒകേ്ടാബറില്‍ ഐ.ടി.യുവിന്റെ വേള്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി ഡല്‍ഹിയില്‍ നടക്കുമെന്ന് ഇന്ന് അറിയിക്കുന്നതിനും എനിക്ക് സന്തോഷമുണ്ട്. ഈ അസംബ്ലയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെത്തും. ഈ പരിപാടിക്ക് നിങ്ങള്‍ക്ക് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ ലോകത്തിലെ ദരിദ്രരില്‍ ദരിദ്രരായ രാജ്യങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുന്ന എന്തെങ്കിലും ഒക്‌ടോബറിനു മുമ്പ് നാം ചെയ്യണമെന്നും ഈ രംഗത്തെ പണ്ഡിതന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ വികസനത്തിന്റെ ഈ ഗതിവേഗം നോക്കുമ്പോള്‍, ഈ ദശകം ഇന്ത്യയുടെ ടെക്കേഡാണെന്ന് പറയപ്പെടുന്നു. ഇന്ത്യയുടെ ടെലികോമും, ഡിജിറ്റല്‍ മാതൃകകകളും സുഗമവും സുരക്ഷിതവും സുതാര്യവും വിശ്വസനീയവും പരീക്ഷിക്കപ്പെട്ടതുമാണ്. ദക്ഷിണേഷ്യയിലെ എല്ലാ സൗഹൃദ രാജ്യങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ഐ.ടി.യുവിന്റെ ഈ കേന്ദ്രം ഇക്കാര്യത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സുപ്രധാന അവസരത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഒരിക്കല്‍ കൂടി, ഞാന്‍ സ്വാഗതം ചെയ്യുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്യുന്നു.

വളരെയധികം നന്ദി.

ND



(Release ID: 1910323) Visitor Counter : 94