പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡല്‍ഹി മുംബൈ അതിവേഗപാതയുടെ ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗം രാജസ്ഥാനിലെ ദൗസയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

5940 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു

'' വികസിക്കുന്ന ഇന്ത്യയുടെ മഹത്തായ ചിത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാതകളില്‍ ഒന്നാണ് ഡല്‍ഹി മുംബൈ  അതിവേഗപാത  ''

''അടിസ്ഥാന സൗകര്യവികസനത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി, കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി വന്‍ നിക്ഷേപം നടത്തുന്നു''

''അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ബജറ്റില്‍ 10 ലക്ഷം കോടി വകയിരുത്തി, ഇത് 2014-ലെ വിഹിതത്തേക്കാള്‍ 5 മടങ്ങ് കൂടുതലാണ്''

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഹൈവേകള്‍ക്കായി രാജസ്ഥാന് 50,000 കോടി രൂപ ലഭിച്ചു''

''ഡല്‍ഹി-മുംബൈ അതിവേഗപാതയും പടിഞ്ഞാറന്‍ സമര്‍പ്പിത (വെസ്‌റ്റേണ്‍ ഡെഡിക്കേറ്റഡ്) ചരക്ക് ഇടനാഴിയും രാജസ്ഥാന്റേയും രാജ്യത്തിന്റേയും പുരോഗതിയുടെ ശക്തമായ രണ്ട് സ്തംഭങ്ങളായി മാറും''

''എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്) എന്നത് രാജസ്ഥാന്റേയും രാജ്യത്തിന്റേയും വികസനത്തിനുള്ള ഞങ്ങളുടെ മന്ത്രമാണ്; ഈ മന്ത്രം പിന്തുടര്‍ന്ന്, ഞങ്ങള്‍ ശക്തമായതും ശേഷിയുള്ളതും സമ്പന്നവുമായ ഒരു ഇന്ത്യ ഉണ്ടാക്കുകയാണ്''

Posted On: 12 FEB 2023 4:08PM by PIB Thiruvananthpuram


ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതാ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. നവഇന്ത്യയിലെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ബന്ധിപ്പിക്കലിന്റെയും ഒരു എന്‍ജിനെന്ന നിലയില്‍ മികച്ച റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി നല്‍കുന്ന ഊന്നലാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ലോകോത്തര അതിവേഗ പാതകളുടെ നിര്‍മ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ സമ്മേളനത്തെ അഭിസംബോധന ചെതുയ്തുകൊണ്ട് പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. വികസിക്കുന്ന ഇന്ത്യയുടെ ഒരു മഹത്തായ ചിത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാതകളില്‍ ഒന്നാണിതെന്നതിന് അദ്ദേഹം അടിവരയിട്ടു.

ഇത്തരം ആധുനിക റോഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, റെയില്‍വേ പാതകകള്‍, മെട്രോ, വിമാനത്താവളങ്ങള്‍ എന്നിവ നിര്‍മ്മിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് ചലനക്ഷമതയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുണ്ടാക്കുന്ന വര്‍ദ്ധിത ഫലങ്ങളും അദ്ദേഹം എടുത്തുകാട്ടി. ''കഴിഞ്ഞ 9 വര്‍ഷമായി അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി വന്‍ നിക്ഷേപം നടത്തുകയാണ്'' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജസ്ഥാനില്‍ ഹൈവേകള്‍ നിര്‍മ്മിക്കുന്നതിനായി 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് 2014ലെ വിഹിതത്തേക്കാള്‍ 5 മടങ്ങ് അധികമാണെന്നും പധാനമന്ത്രി അറിയിച്ചു. ഈ നിക്ഷേപങ്ങളിലൂടെ രാജസ്ഥാനില്‍ നിന്നുള്ള പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ നേട്ടമുണ്ടാകുമെന്നതിനും അദ്ദേഹം അടിവരയിട്ടു. അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക് ഊന്നല്‍നല്‍കിയ പ്രധാനമന്ത്രി അത് തൊഴിലും ബന്ധിപ്പിക്കലും സൃഷ്ടിക്കുന്നുവെന്നും പറഞ്ഞു.

ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍, പക്കാ വീടുകളുടെയും കോളേജുകളുടെയും നിര്‍മ്മാണം എന്നിവയില്‍ നിക്ഷേപം നടത്തുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ മറ്റൊരു നേട്ടത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം ലഭിക്കുന്നുണ്ടെണന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഹൈവേയുടെ നിര്‍മ്മാണത്തോടെ ഡല്‍ഹിക്കും ജയ്പൂരിനുമിടയിലുള്ള യാത്രാ സമയം കുറയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കര്‍ഷകരെയും കരകൗശല തൊഴിലാളികളേയും സഹായിക്കാന്‍ അതിവേഗപാതയോടൊപ്പം ഗ്രാമീണ്‍ ഹാട്ടുകള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി-മുംബൈ അതിവേഗപാത രാജസ്ഥാനോടൊപ്പം ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങള്‍ക്കും ഗുണം ചെയ്യുമെന്നതിനും അദ്ദേഹം അടിവരയിട്ടു. ''സരിസ്‌ക, കിയോലാഡിയോ ദേശീയോദ്യാനം, രണ്‍തംബോര്‍, ജയ്പൂര്‍ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈവേയില്‍ നിന്ന് വലിയ നേട്ടമുണ്ടാകും'' അദ്ദേഹം പറഞ്ഞു.
മറ്റ് മൂന്ന് പദ്ധതികളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അതിലൊന്ന് ജയ്പൂരിനെ അതിവേഗപാതയുമായി നേരിട്ട് ബന്ധിപ്പിക്കുമെന്ന് പറഞ്ഞു. രണ്ടാമത്തെ പദ്ധതി അതിവേഗപാതയെ അല്‍വാറിനടുത്തുള്ള അംബാല-കോട്പുട്ട്‌ലി ഇടനാഴിയുമായി ബന്ധിപ്പിക്കും. ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പഞ്ചാബ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഇത് സഹായകരമായിരിക്കും. ലാല്‍സോട്ട് കരോളി റോഡും ഈ മേഖലയെ അതിവേഗപാതയുമായി ബന്ധിപ്പിക്കും.

ഡല്‍ഹി-മുംബൈ അതിവേഗപാതയും പടിഞ്ഞാറന്‍ സമര്‍പ്പിത (വെസേ്റ്റണ്‍ ഡെഡിക്കേറ്റഡ്) ചരക്ക് ഇടനാഴിയും രാജസ്ഥാന്റേയും രാജ്യത്തിന്റേയും പുരോഗതിയുടെ രണ്ട് ശക്തമായ സ്തംഭങ്ങളായി മാറുമെന്നും വരും കാലങ്ങളില്‍ രാജസ്ഥാന്‍ ഉള്‍പ്പെടെ ഈ മേഖലയെ മുഴുവന്‍ ഇത് പരിവര്‍ത്തനപ്പെടുത്തുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഈ രണ്ട് പദ്ധതികളും മുംബൈ -ഡല്‍ഹി സാമ്പത്തിക ഇടനാഴിയെ ശക്തിപ്പെടുത്തുമെന്നും റോഡ്, ചരക്ക് ഇടനാഴി രാജസ്ഥാന്‍, ഹരിയാന, പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോജിസ്റ്റിക്‌സ്, സംഭരണം, ഗതാഗതം, മറ്റ് വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍പ്ലാന്‍ വഴിയാണ് ഡല്‍ഹി മുംബൈ അതിവേഗപാത നടപ്പാക്കുന്നത് എന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഒപ്റ്റിക്കല്‍ ഫൈബര്‍, വൈദ്യുതി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ സ്ഥാപിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന ഭൂമി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനും സംഭരണാവശ്യങ്ങള്‍ക്കും (വെയര്‍ഹൗസുകള്‍) ഉപയോഗിക്കുമെന്നും അറിയിച്ചു. '' ഈ പരിശ്രമങ്ങളിലൂടെ ഭാവിയില്‍ രാജ്യത്തിന് ധാരാളം പണം ലാഭമാകും'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
''എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്)'' എന്ന മന്ത്രം രാജസ്ഥാനും രാജ്യത്തിനും വേണ്ടിയുള്ളതാണെന്ന് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ''ശക്തമായതും കഴിവുള്ളതും സമൃദ്ധവുമായ ഒരു ഇന്ത്യ ഉണ്ടാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ദൃഢനിശ്ചയം'' .എന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,
കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ കൈലാഷ് ചൗധരി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ പൊതുമരാമത്ത് മന്ത്രി ശ്രീ ഭജന്‍ലാല്‍ ജാദവ്, എന്നിവര്‍ക്കൊപ്പം പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പശ്ചാത്തലം
ഡല്‍ഹി മുംബൈ അതിവേഗപാതയുടെ 246 കിലോമീറ്റര്‍ വരുന്ന ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗം 12,150 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. ഈ ഭാഗം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 3.5 മണിക്കൂറായി കുറയുകയും ഈ പ്രദേശത്തിന്റെയാകെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുകയും ചെയ്യും.

1,386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മുംബൈ അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗപാതയായിരിക്കും. ഡല്‍ഹിയും മുംബൈയും തമ്മിലുള്ള യാത്രാദൂരത്തില്‍ 1,424 കിലോമീറ്ററില്‍ നിന്ന് 1,242 കിലോമീറ്ററായി 12% ന്റെ കുറവുണ്ടാകുകയും യാത്രാ സമയത്തില്‍ 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി 50% ന്റെ കുറവുണ്ടാകുകയും ചെയ്യും. ഇത് ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുകയും കോട്ട, ഇന്‍ഡോര്‍, ജയ്പൂര്‍, ഭോപ്പാല്‍, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. 93 പി.എം ഗതി ശക്തി സാമ്പത്തിക നോഡുകള്‍, 13 തുറമുഖങ്ങള്‍, 8 പ്രധാന വിമാനത്താവളങ്ങള്‍, 8 ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍ (എം.എം.എല്‍.പി.എസ്) എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളായ ജെവാര്‍ വിമാനത്താവളം, നവി മുംബൈ വിമാനത്താവളം, ജെ.എന്‍.പി.ടി തുറമുഖം എന്നിവയ്ക്കും അതിവേഗ പാതയുടെ സേവനം ലഭിക്കും. അതിവേഗപാതയ്ക്ക് സമീപത്തെ എല്ലാ പ്രദേശങ്ങളുടേയും വികസന പാതയില്‍ ഉള്‍പ്രേരക ഫലം നല്‍കാനാകുകയും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തിന് വലിയ രീതിയില്‍ സംഭാവന നല്‍കാന്‍ കഴിയുകയും ചെയ്യും.

പരിപാടിയില്‍, 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ബാന്‍ഡികുയി മുതല്‍ ജയ്പൂര്‍ വരെയുള്ള 67 കിലോമീറ്റര്‍ നീളമുള്ള നാലുവരി സ്പര്‍ റോഡ് (ഇടറോഡ്),ഏകദേശം 3775 രൂപ ചെലവില്‍ വികസിപ്പിക്കുന്ന കോട്പുട്ട്‌ലി മുതല്‍ ബറോഡാനിയോ വരെയുള്ള ആറുവരി സ്പര്‍ റോഡ്, ഏകദേശം 150 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ലാല്‍സോട്ട് - കരോളി ഭാഗത്തിന്റെ രണ്ടുവരി പേവ്ഡ് ഷോള്‍ഡര്‍ (പാതയുടെ പുറംഭാഗത്തുനിന്നുള്ള രണ്ടുവരി പാത) എന്നിവയും ഇതില്‍ ഉള്‍പ്പെടും.

 

Delighted to be in Dausa, Rajasthan where key connectivity projects are being launched. These will greatly benefit citizens by reducing travel time. https://t.co/6noM2NH0oX

— Narendra Modi (@narendramodi) February 12, 2023

बीते 9 वर्षों से केंद्र सरकार भी निरंतर इंफ्रास्ट्रक्चर पर बहुत बड़ा निवेश कर रही है। pic.twitter.com/Xt5rIdzhbC

— PMO India (@PMOIndia) February 12, 2023

दिल्ली-मुंबई एक्सप्रेसवे और Western Dedicated Freight Corridor, ये राजस्थान की, देश की प्रगति के दो मजबूत स्तंभ बनने वाले हैं।

ये प्रोजेक्ट्स, आने वाले समय में राजस्थान सहित इस पूरे क्षेत्र की तस्वीर बदलने वाले हैं। pic.twitter.com/21pCRW2Utr

— PMO India (@PMOIndia) February 12, 2023

--ND--


(Release ID: 1898544) Visitor Counter : 177