പ്രധാനമന്ത്രിയുടെ ഓഫീസ്
ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
"പഠനം ഉൾപ്പെടുമ്പോൾ വിജയം സുനിശ്ചിതമാകുന്നു"
"രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ രാജസ്ഥാനിലെ യുവാക്കൾ എല്ലായ്പോഴും മറ്റുള്ളവരേക്കാൾ മുന്നിലാണ്"
"ജയ്പൂർ മഹാഖേലിന്റെ വിജയകരമായ സംഘാടനം ഇന്ത്യയുടെ ശ്രമങ്ങളിലേക്കുള്ള അടുത്ത പ്രധാന കണ്ണിയാണ്"
"അമൃതകാലത്ത് രാജ്യം പുതിയ നിർവചനങ്ങൾ സൃഷ്ടിക്കുകയും പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നു"
"രാജ്യത്തിന്റെ കായിക ബജറ്റ് 2014നുശേഷം ഏകദേശം മൂന്നിരട്ടി വർദ്ധിച്ചു"
"രാജ്യത്ത് കായിക സർവകലാശാലകൾ സ്ഥാപിക്കുന്നുണ്ട്; കൂടാതെ ഖേൽ മഹാകുംഭ് പോലുള്ള വലിയ പരിപാടികളും പ്രൊഫഷണലായി സംഘടിപ്പിക്കുന്നു"
"പണത്തിന്റെ അഭാവത്താൽ ഒരു ചെറുപ്പക്കാരനും പിന്തള്ളപ്പെടരുതെന്നതിൽ ഞങ്ങളുടെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നു"
"നിങ്ങൾ 'ഫിറ്റാ'യിരിക്കണം, അപ്പോൾ മാത്രമേ നിങ്ങൾ 'സൂപ്പർഹിറ്റാ'കൂ"
"രാജസ്ഥാനിലെ ശ്രീ അന്ന-ബജ്‌റയും ശ്രീ അന്ന- ജോവറുമാണ് ഈ സ്ഥലത്തിന്റെ സ്വത്വം"
"വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്നത്തെ യുവാക്കൾ ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല"
"കായികമേഖല വെറുമൊരു ഇനമല്ല; ഒരു വ്യവസായമാണ്"
"പൂർണമനസോടെ പരിശ്രമിക്കുമ്പോൾ, ഫലം ഉറപ്പാണ്"
"രാജ്യത്തിനുവേണ്ടിയുള്ള അടുത്ത സ്വർണ്ണ-വെള്ളി മെഡൽ ജേതാക്കൾ നിങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവരും"
Posted On:
05 FEB 2023 3:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. തദവസരത്തിൽ കബഡി മത്സരത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാ എംപി ശ്രീ രാജ്യവർധൻ സിങ് റാത്തോഡാണ് 2017 മുതൽ ജയ്പൂർ മഹാഖേൽ സംഘടിപ്പിക്കുന്നത്.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഈ മെഗാ മത്സരത്തിൽ മെഡൽ നേടിയ കളിക്കാരെയും പരിശീലകരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കളിക്കാർ കായികരംഗത്തു തിളങ്ങുന്നത് പങ്കെടുക്കാൻ മാത്രമല്ല, ജയിക്കാനും പഠിക്കാനും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പഠനം ഉൾപ്പെടുമ്പോഴാണ് വിജയം സുനിശ്ചിതമാകുന്നത്”. ഒരു കളിക്കാരനും വെറുംകൈയോടെ കായികരംഗം വിടാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കായികരംഗത്ത് ഇന്ത്യയുടെ പേര് പുതിയ ഉയരങ്ങളിലെത്തിച്ച നിരവധി പ്രമുഖരുടെ സാന്നിധ്യം ഈ മത്സരത്തിൽ നിരീക്ഷിച്ച പ്രധാനമന്ത്രി ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് രാം സിങ്, പാരാ അത്‌ലറ്റ് ദേവേന്ദ്ര ഝഝാരിയ, ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാര ജേതാവ് സാക്ഷി കുമാരി, അർജുന അവാർഡ് ജേതാക്കൾ, മറ്റ് മുതിർന്ന കായികതാരങ്ങൾ തുടങ്ങി നിരവധി കായിക താരങ്ങളുടെ പേരു പരാമർശിച്ചു. ജയ്പൂർ മഹാഖേലിലെ യുവ കായികതാരങ്ങളെ പിന്തുണയ്ക്കാൻ രാജ്യത്തെ ഈ പ്രമുഖ വ്യക്തികൾ മുന്നോട്ട് വന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു.
രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന കായിക മത്സരപരമ്പരകളും ഖേൽ മഹാകുംഭങ്ങളും, സംഭവിച്ചുകൊണ്ടിരിക്കുന്ന മഹത്തായ മാറ്റങ്ങളുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ അഭിനിവേശത്തിനും വീര്യത്തിനും പേരുകേട്ട നാടാണ് രാജസ്ഥാനെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ നാടിന്റെ മക്കൾ തങ്ങളുടെ ശൗര്യത്താൽ യുദ്ധക്കളങ്ങളെ കായിക മൈതാനങ്ങളാക്കി മാറ്റിയതിന് ചരിത്രം തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ രാജസ്ഥാനിലെ യുവാക്കൾ എല്ലായ്‌പ്പോഴും മറ്റുള്ളവരേക്കാൾ മുന്നിലാണ്”. പ്രദേശത്തെ യുവാക്കളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ രൂപപ്പെടുത്തിയതിൽ രാജസ്ഥാനിലെ കായിക പാരമ്പര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. മകരസംക്രാന്തി സമയത്ത് സംഘടിപ്പിക്കപ്പെടുന്നതും നൂറുകണക്കിന് വർഷങ്ങളായി രാജസ്ഥാന്റെ പാരമ്പര്യത്തിന്റെ ഭാഗമായതുമായ ദാദ, സിറ്റോലിയ, റുമാൽ ഝപട്ട തുടങ്ങിയ പരമ്പരാഗത കായികവിനോദങ്ങളുടെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളുടെ കായിക സംഭാവനകളാൽ ത്രിവർണ്ണ പതാകയെ പുതിയ ഉയരങ്ങളിലെത്തിച്ച രാജസ്ഥാനിൽ നിന്നുള്ള നിരവധി കായികതാരങ്ങളെക്കുറിച്ച് പരാമർശിക്കവേ, ജയ്പൂരിലെ ജനങ്ങൾ തങ്ങളുടെ പാർലമെന്റേറിയനായി ഒരു ഒളിമ്പിക് മെഡൽ ജേതാവിനെയാണു തെരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പാർലമെന്റ് അംഗം ശ്രീ രാജ്യവർധൻ സിങ് റാത്തോഡിന്റെ സംഭാവനകൾ പരാമർശിച്ച പ്രധാനമന്ത്രി, പാർലമെന്റേറിയൻ കായിക മത്സരങ്ങളുടെ രൂപത്തിൽ യുവതലമുറയ്ക്കു തിരികെ സംഭാവനയേകുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കൂടുതൽ സമഗ്രമായ ഫലങ്ങൾക്കായി ഇത്തരം ശ്രമങ്ങൾ വിപുലീകരിക്കുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ജയ്പൂർ മഹാഖേലിന്റെ വിജയകരമായ സംഘാടനം ഈ ശ്രമങ്ങളിലേക്കുള്ള അടുത്ത പ്രധാന കണ്ണിയാണെന്ന് ചൂണ്ടിക്കാട്ടി. ജയ്പൂർ മഹാഖേലിന്റെ വിജയം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ വർഷത്തെ മത്സരത്തിൽ 600ലധികം ടീമുകളും 6,500 യുവാക്കളും പങ്കെടുത്തതായി അറിയിച്ചു. 125ലധികം പെൺകുട്ടികളുടെ ടീമുകളുടെ പങ്കാളിത്തം മനോഹരമായ സന്ദേശം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് രാജ്യം പുതിയ നിർവചനങ്ങൾ രൂപപ്പെടുത്തുകയും ഒരു പുതിയ ക്രമം സൃഷ്ടിക്കുകയും ചെയ്യുന്നു", പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്തെ, രാഷ്ട്രീയ കാഴ്ചപ്പാടിനേക്കാൾ, കായികതാരത്തിന്റെ വീക്ഷണകോണിൽ നിന്നാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് അസാധ്യമായി ഒന്നുമില്ലെന്നും അവരുടെ കഴിവുകൾ, ആത്മാഭിമാനം, സ്വയംപര്യാപ്തത, സൗകര്യങ്ങൾ, വിഭവങ്ങൾ എന്നിവയുടെ കരുത്ത് സാക്ഷാത്കരിക്കപ്പെടുമ്പോൾ എല്ലാ ലക്ഷ്യങ്ങളും എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
അത്തരമൊരു സമീപനത്തിന്റെ നേർക്കാഴ്ചകൾ ഈ വർഷത്തെ ബജറ്റിലും കാണാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായിക മന്ത്രാലയത്തിന് 2014ന് മുമ്പ് 800-850 കോടി രൂപ മാത്രം ബജറ്റിൽ വകയിരുത്തിയപ്പോൾ ഈ വർഷം 2500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. “രാജ്യത്തിന്റെ കായിക ബജറ്റ് 2014ന് ശേഷം ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു”- അദ്ദേഹം പറഞ്ഞു. ‘ഖേലോ ഇന്ത്യ’ യജ്ഞത്തിനു മാത്രം 1000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ കായിക സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും വികസനത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ യുവാക്കളിൽ കായികമേഖലയോടുള്ള അഭിനിവേശത്തിനും കഴിവിനും കുറവില്ലെന്നും എന്നാൽ വിഭവങ്ങളുടെയും ഗവണ്മെന്റ് പിന്തുണയുടെയും അഭാവമാണ് തടസ്സങ്ങൾ സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. കായികതാരങ്ങൾ നേരിടുന്ന ഈ പ്രശ്‌നങ്ങൾ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5-6 വർഷമായി സംഘടിപ്പിക്കുന്ന ജയ്പൂർ മഹാഖേലിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഖേൽ മഹാകുംഭമേളകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ ആയിരക്കണക്കിന് യുവാക്കളുടെ പ്രതിഭകൾ ഉയർന്നുവരുന്നുണ്ടെന്നും പറഞ്ഞു.
ജില്ലാ-പ്രാദേശിക തലങ്ങളിൽ കായിക സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ നേട്ടങ്ങളുടെ ഖ്യാതി കേന്ദ്ര ഗവണ്മെന്റിനുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നൂറുകണക്കിന് ജില്ലകളിലെ ലക്ഷക്കണക്കിന് യുവാക്കൾക്കായി കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജസ്ഥാൻ സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായും ചൂണ്ടിക്കാട്ടി. "ഇന്ന്, രാജ്യത്ത് കായിക സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നു; കൂടാതെ ഖേൽ മഹാകുംഭ് പോലെയുള്ള വലിയ പരിപാടികളും പ്രൊഫഷണൽ രീതിയിൽ സംഘടിപ്പിക്കുന്നു"- ഈ വർഷം ഏറ്റവും കൂടുതൽ ബജറ്റ് വകയിരുത്തിയത് ദേശീയ കായിക സർവ്വകലാശാലക്കാണെന്നതിലേക്കു ശ്രദ്ധ ക്ഷണിച്ചു പ്രധാനമന്ത്രി പറഞ്ഞു. കായികമേഖല കൈകാര്യം ചെയ്യൽ, കായിക സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുവഴി യുവാക്കൾക്ക് ഈ മേഖലകളിൽ കരിയർ സൃഷ്ടിക്കാനുള്ള അവസരവും ലഭിക്കുന്നു.
“പണത്തിന്റെ അഭാവത്താൽ ഒരു ചെറുപ്പക്കാരനും പിന്തള്ളപ്പെട്ടു പോകരുത് എന്നതിൽ ഞങ്ങളുടെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നു”. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാർക്കു പ്രതിവർഷം 5 ലക്ഷം രൂപ വരെ കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ സഹായം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന കായിക പുരസ്കാരങ്ങളിൽ നൽകുന്ന തുക മൂന്നിരട്ടിയായി വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളോളം ഒളിമ്പിക്സിന് തയ്യാറെടുക്കാൻ കളിക്കാരെ അനുവദിക്കുന്ന ടോപ്‌സ് പോലുള്ള പദ്ധതികളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഒളിമ്പിക്‌സ് പോലുള്ള വലിയ ആഗോള മത്സരങ്ങളിൽ പോലും ഗവണ്മെന്റ് പൂർണ ശക്തിയോടെ കളിക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്നും പറഞ്ഞു.
കായികരംഗത്ത് മാത്രമല്ല, ദൈനംദിന ജീവിതത്തിലും കായികക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഏതൊരു കളിക്കാരനെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിതെന്ന് വ്യക്തമാക്കി. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങിയ യജ്ഞങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, ശാരീരികക്ഷമതയിൽ ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്റെയും പങ്ക് എടുത്തുകാണിക്കുകയും ചെയ്തു. “നിങ്ങൾ 'ഫിറ്റാ'യിരിക്കണം, അപ്പോൾ മാത്രമേ നിങ്ങൾ 'സൂപ്പർഹിറ്റാ'കൂ” - പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജസ്ഥാൻ ചെറുധാന്യങ്ങളുടെ വളരെ സമ്പന്നമായ പാരമ്പര്യമുള്ള ശ്രീ അന്നയുടെ ഭവനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "രാജസ്ഥാനിലെ ശ്രീ അന്ന-ബജ്‌റയും ശ്രീ അന്ന-ജോവറും ഈ സ്ഥലത്തിന്റെ സ്വത്വമാണ്"- ഇവിടെ ഉണ്ടാക്കിയ ബജ്‌റ കഞ്ഞിയും ചുർമയും അനുസ്മരിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണത്തിൽ ശ്രീ അന്നയെ ഉൾപ്പെടുത്തുക മാത്രമല്ല വേണ്ടത്, അതിന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും അദ്ദേഹം എല്ലാ യുവാക്കളോടും അഭ്യർത്ഥിച്ചു.
യുവാക്കളുടെ സർവതോമുഖ വികസനത്തിന് വേണ്ടിയാണ് രാജ്യം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്നത്തെ യുവാക്കൾ ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ഒരു വശത്ത് ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികൾക്കും യുവജനങ്ങൾക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി ഈ ബജറ്റിൽ നിർദേശിച്ചിട്ടുണ്ടെന്നും ശാസ്ത്രം, സംസ്കൃതം, ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ നഗരംമുതൽ ഗ്രാമംവരെ എല്ലാ തലത്തിലും ലഭ്യമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
“കായികമേഖല വെറുമൊരു വിഭാഗമല്ല, ഒരു വ്യവസായമാണ്”- കായികരംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഭവങ്ങളും നിർമ്മിക്കുന്ന എംഎസ്എംഇകളിലൂടെ ധാരാളം പേർക്കു തൊഴിൽ ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കായിക മേഖലയുമായി ബന്ധപ്പെട്ട എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ നടത്തിയ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് അദ്ദേഹം അറിയിച്ചു. പിഎം വിശ്വകർമ കൗശൽ സമ്മാൻ അഥവാ പിഎം വികാസ് യോജനയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കരകൗശല വൈദഗ്ധ്യവും കൈകൊണ്ടുപയോഗിക്കുന്ന ഉപകരണങ്ങളുമുള്ളവർക്കു വലിയ സഹായമാകും. പ്രധാനമന്ത്രി വിശ്വകർമ യോജന നൽകുന്ന സാമ്പത്തിക പിന്തുണയിലൂടെ നമ്മുടെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അതുവഴി അവർക്ക് പുതിയ വിപണികൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
"പൂർണ്ണമനസോടെ പരിശ്രമിക്കുമ്പോൾ, ഫലം ഉറപ്പാണ്"- പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും രാജ്യം നടത്തിയ ശ്രമങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം ഫലങ്ങൾ എല്ലാവർക്കും കാണാനാകുമെന്നും വ്യക്തമാക്കി. ജയ്പൂർ മഹാഖേലിന്റെ കാലത്ത് നടത്തിയ ശ്രമങ്ങൾ ഭാവിയിൽ അത്ഭുതകരമായ ഫലങ്ങൾ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “രാജ്യത്തിനായി അടുത്ത സ്വർണ്ണ- വെള്ളി മെഡൽ ജേതാക്കൾ നിങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരും. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒളിമ്പിക്സിൽപോലും ത്രിവർണപതാകയുടെ മഹത്വം നിങ്ങൾ വർധിപ്പിക്കും. നിങ്ങൾ എവിടെ പോയാലും രാജ്യത്തിന്റെ കീർത്തി വർധിപ്പിക്കും. നമ്മുടെ യുവാക്കൾ രാജ്യത്തിന്റെ വിജയത്തെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാ എംപി ശ്രീ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഈ വർഷം കബഡി മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹാഖേൽ, ദേശീയ യുവജന ദിനമായ 2023 ജനുവരി 12നാണ് ആരംഭിച്ചത്. ജയ്പൂർ റൂറൽ ലോക്സഭാ മണ്ഡലത്തിലെ 450ലധികം ഗ്രാമപഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും 8 നിയമസഭാ പ്രദേശങ്ങളിലെയും വാർഡുകളിൽ നിന്നുമുള്ള 6400ലധികം യുവാക്കളുടെയും കായിക താരങ്ങളുടെയും പങ്കാളിത്തത്തിനാണ് ഇത് സാക്ഷ്യം വഹിച്ചത്. ജയ്പുരിലെ യുവാക്കൾക്ക് അവരുടെ കായിക വൈദഗ്ധ്യങ്ങൾ പ്രകടിപ്പിക്കാൻ മഹാഖേലിന്റെ സംഘാടനം അവസരം നൽകുകയും കായികരംഗം കരിയറായി തെരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
Jaipur Mahakhel is a celebration of sporting talent! Such efforts increase curiosity towards sports.
https://t.co/7f2DC6eN8V
— Narendra Modi (@narendramodi) February 5, 2023
Events like Khel Mahakumbh help in harnessing sporting talent. pic.twitter.com/ug6KGCSzBk
— PMO India (@PMOIndia) February 5, 2023
राजस्थान की धरती तो अपने युवाओं के जोश और सामर्थ्य के लिए ही जानी जाती है। pic.twitter.com/EVYrER6cOb
— PMO India (@PMOIndia) February 5, 2023
आजादी के इस अमृतकाल में, देश नई परिभाषाएं गढ़ रहा है, नई व्यवस्थाओं का निर्माण कर रहा है। pic.twitter.com/IyiSzzTQwo
— PMO India (@PMOIndia) February 5, 2023
युवा भारत की युवा पीढ़ी के लिए असंभव कुछ भी नहीं है। pic.twitter.com/E1yjZ8KO2F
— PMO India (@PMOIndia) February 5, 2023
सांसद खेल महाकुंभ की वजह से देश की हजारों नई प्रतिभाएं उभरकर सामने आ रही हैं। pic.twitter.com/q1MpVZJkly
— PMO India (@PMOIndia) February 5, 2023
We are encouraging youngsters to pursue career in sports. Initiatives like TOPS is benefitting the youngsters to prepare for major sporting events. pic.twitter.com/Cpr2YYLJ06
— PMO India (@PMOIndia) February 5, 2023
भारत के प्रस्ताव पर यूनाइटेड नेशंस वर्ष 2023 को इंटरनेशनल मिलेट ईयर के तौर पर मना रहा है। pic.twitter.com/LHCV9xhdqn
— PMO India (@PMOIndia) February 5, 2023
देश युवाओं के सर्वांगीण विकास के लिए काम कर रहा है। pic.twitter.com/0XOUGU3Zqg
— PMO India (@PMOIndia) February 5, 2023
***
--NS--
(Release ID: 1896451)
Visitor Counter : 170
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada