പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി ആറിന് കർണാടക സന്ദർശിക്കും
2023ലെ ഇന്ത്യ ഊർജ്ജ വാരം ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
എഥനോൾ കലർത്തലിൽ മുന്നോട്ട് നീങ്ങുന്നു, ഇ 20 ഇന്ധനം പ്രധാനമന്ത്രി പുറത്തിറക്കും
ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രീൻ മൊബിലിറ്റി റാലി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ സംരംഭത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും. കീഴിൽ യൂണിഫോം പുറത്തിറക്കും - ഓരോ യൂണിഫോമും, ഉപയോഗിച്ച 28 ഓളം പെറ്റ് ബോട്ടിലുകളുടെ പുനരുപയോഗത്തെ പിന്തുണയ്ക്കും
സൗരോർജ്ജത്തിലും മറ്റ് ഊർജ്ജസ്രോതസ്സുകളിലും വീടിനുള്ളിൽ പ്രവർത്തിപ്പിക്കാവുന്ന ഇന്ത്യൻ ഓയിലിന്റെ ഇരട്ട-കുക്ക്ടോപ്പ് മോഡൽ പ്രധാനമന്ത്രി സമർപ്പിക്കും
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പിൽ, തുംകൂരിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും
തുംകൂരു വ്യാവസായിക ടൗൺഷിപ്പിന്റെയും രണ്ട് ജൽ ജീവൻ മിഷൻ പദ്ധതികളുടെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും
Posted On:
04 FEB 2023 11:47AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 6-ന് കർണാടക സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി ബംഗളൂരുവിൽ 2023-ലെ ഇന്ത്യ എനർജി വാരം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം തുംകൂരിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കുകയും വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടുകയും ചെയ്യും.
ഇന്ത്യ ഊർജ്ജ വാരം 2023
2023ലെ ഇന്ത്യ ഊർജ്ജ വാരം (ഐഇഡബ്ല്യു) ബെംഗളൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെ നടക്കുന്ന ഐ.ഇ.ഡബ്ല്യു, ഊർജ്ജമേഖലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന കഴിവ് പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു. പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊർജ വ്യവസായം, ഗവൺമെന്റുകൾ, അക്കാദമിക് രംഗം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ , ഉത്തരവാദിത്തമുള്ള ഊർജ പരിവർത്തനം അവതരിപ്പിക്കുന്ന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യാൻ വേദി ഒരുക്കും. ലോകമെമ്പാടുമുള്ള 30-ലധികം മന്ത്രിമാരുടെ സാന്നിധ്യം ഇവിടുണ്ടാകും . 30,000-ത്തിലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും ഇന്ത്യയുടെ ഊർജ്ജ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ചചെയ്യും. പരിപാടിയിൽ, ആഗോള എണ്ണ, വാതക സിഇഒമാരുമായുള്ള വട്ടമേശ ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഹരിത ഊർജ മേഖലയിലും അദ്ദേഹം ഒന്നിലധികം സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
ഊർജമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഗവൺമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ മേഖലയാണ് എഥനോൾ മിശ്രിത പദ്ധതി. ഗവൺമെന്റിന്റെ സുസ്ഥിരമായ ശ്രമങ്ങൾ കാരണം, 2013-14 മുതൽ എഥനോൾ ഉൽപ്പാദന ശേഷി ആറ് മടങ്ങ് വർധിച്ചു. എഥനോൾ മിശ്രിത പദ്ധതി ബയോഫ്യുവൽസ് പരിപാടിയ്ക്ക് കീഴിൽ കഴിഞ്ഞ എട്ട് വർഷത്തെ നേട്ടങ്ങൾ ഇന്ത്യയുടെ ഊർജ സുരക്ഷ വർധിപ്പിക്കുക മാത്രമല്ല, 318 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സയിഡ് പുറന്തള്ളൽ കുറയ്ക്കുകയും 54,000 കോടി രൂപയുടെ വിദേശ നാണയം ലാഭിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങൾക്ക് കാരണമായി. തൽഫലമായി, 2014 മുതൽ 2022 വരെയുള്ള കാലയളവിൽ എത്തനോൾ വിതരണത്തിനായി ഏകദേശം 81,800 കോടി രൂപയും കർഷകർക്ക് 49,000 കോടിയിലധികം രൂപയും നൽകിയിട്ടുണ്ട്.
എഥനോൾ മിശ്രിത പദ്ധതിക്ക് അനുസൃതമായി, 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എണ്ണ വിപണന കമ്പനികളുടെ 84 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പ്രധാനമന്ത്രി ഇ 20 ഇന്ധനം പുറത്തിറക്കും. ഇ 20 എന്നത് പെട്രോളുമായി 20% എത്തനോൾ കലർന്നതാണ്. 2025-ഓടെ 20% എത്തനോൾ മിശ്രിതം കൈവരിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നു, കൂടാതെ എണ്ണ വിപണന കമ്പനികൾ 2ജി -3ജി എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കുകയും പുരോഗതി സുഗമമാക്കുകയും ചെയ്യുന്നു.
ഗ്രീൻ മൊബിലിറ്റി റാലിയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത ഊർജ സ്രോതസ്സുകളിൽ ഓടുന്ന വാഹനങ്ങളുടെ പങ്കാളിത്തത്തിന് റാലി സാക്ഷ്യം വഹിക്കുകയും ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.
ഇന്ത്യൻ ഓയിലിന്റെ ‘അൺ ബോട്ടിൽഡ്’ പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രി യൂണിഫോം പുറത്തിറക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, റീസൈക്കിൾ ചെയ്ത പോളിസ്റ്റർ (ആർ പെറ്റ് rPET), കോട്ടൺ എന്നിവയിൽ നിന്നാണ് റീട്ടെയിൽ കസ്റ്റമർ അറ്റൻഡന്റർമാർക്കും എൽപിജി ഡെലിവറി ജീവനക്കാർക്കും വേണ്ടി ഇന്ത്യൻ ഓയിൽ ഈ യൂണിഫോം നിർമ്മിച്ചിട്ടുള്ളത് . ഇന്ത്യൻ ഓയിലിന്റെ കസ്റ്റമർ അറ്റൻഡർമാരുടെ ഓരോ സെറ്റ് യൂണിഫോമും ഏകദേശം 28 ഉപയോഗിച്ച പെറ്റ് ബോട്ടിലുകളുടെ പുനരുപയോഗത്തെ പിന്തുണയ്ക്കും. റീസൈക്കിൾ ചെയ്ത പോളിയെസ്റ്ററിൽ നിന്ന് നിർമ്മിച്ച ചരക്കുകൾക്കായി ആരംഭിച്ച സുസ്ഥിര വസ്ത്രങ്ങൾക്കായുള്ള ബ്രാൻഡായ ‘അൺബോട്ടിൽഡ്’ വഴി ഇന്ത്യൻ ഓയിൽ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നു. ഈ ബ്രാൻഡിന് കീഴിൽ, മറ്റ് എണ്ണ മാർക്കറ്റിംഗ് കമ്പനികളിലെ കസ്റ്റമർ അറ്റൻഡർമാരുടെ യൂണിഫോം, സൈന്യത്തിനുള്ള നോൺ-കോംബാറ്റ് യൂണിഫോം, സ്ഥാപനങ്ങൾക്കുള്ള യൂണിഫോം/ വസ്ത്രങ്ങൾ, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള വിൽപ്പന എന്നിവ നിറവേറ്റാൻ ഇന്ത്യൻ ഓയിൽ ലക്ഷ്യമിടുന്നു.
ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സോളാർ കുക്കിംഗ് സംവിധാനത്തിന്റെ ഇരട്ട കുക്ക്ടോപ്പ് മോഡലും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിന് തുടക്കമിടുകായും ചെയ്യും. ഇന്ത്യൻ ഓയിൽ നേരത്തെ ഒരു നൂതനവും പേറ്റന്റുള്ളതുമായ ഇൻഡോർ സോളാർ കുക്കിംഗ് സംവിധാനം വികസിപ്പിച്ചിരുന്നു. ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, ഇരട്ട-കുക്ക്‌ടോപ്പ് ഇൻഡോർ സോളാർ കുക്കിംഗ് സംവിധാനം ഉപയോക്താക്കൾക്ക് കൂടുതൽ വഴക്കവും എളുപ്പവും വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു വിപ്ലവകരമായ ഇൻഡോർ സോളാർ കുക്കിംഗ് സൊല്യൂഷനാണ്, അത് സൗരോർ ജ്ജത്തിലും മറ്റ് ഊർജ്ജ സ്രോതസ്സുകളിലും ഒരേസമയം പ്രവർത്തിക്കുന്നു, ഇത് ഇന്ത്യയ്ക്ക് വിശ്വസനീയമായ പാചക പരിഹാരമാക്കി മാറ്റുന്നു.
പ്രധാനമന്ത്രി തുംകൂരിൽ
പ്രതിരോധ മേഖലയിലെ സാശ്രയത്വത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി, തുംകൂരിലെ
എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 2016-ൽ പ്രധാനമന്ത്രി ഇതിന്റെ തറക്കല്ലിടുകയും ചെയ്തു. ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വർദ്ധിപ്പിക്കുന്ന ഒരു സമർപ്പിത പുതിയ ഗ്രീൻഫീൽഡ് ഹെലികോപ്റ്റർ ഫാക്ടറിയാണിത്.
ഈ ഹെലികോപ്റ്റർ ഫാക്ടറി ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമാണ്, തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (LUH) നിർമ്മിക്കും. LUH തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ച 3-ടൺ ക്ലാസ്, സിംഗിൾ എഞ്ചിൻ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ഹെലികോപ്‌റ്ററാണ്, ഉയർന്ന സൈന്യസാമര്‍ത്ഥ്യപ്രയോഗമാണ് ഇതിന്റെ അതുല്യമായ സവിശേഷത.
ഭാവിയിൽ LCH, LUH, Civil ALH, IMRH എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും ഓവർഹോളിനുമായി ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (LCH), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്റർ (IMRH) തുടങ്ങിയ മറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനായി ഫാക്ടറി വിപുലീകരിക്കും. ഭാവിയിൽ സിവിൽ LUH-കൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഫാക്ടറിക്കുണ്ട്.
ഈ സൗകര്യം ഇന്ത്യയെ അതിന്റെ ഹെലികോപ്റ്ററുകളുടെ മുഴുവൻ ആവശ്യങ്ങളും തദ്ദേശീയമായി നിറവേറ്റാൻ പ്രാപ്തമാക്കുകയും ഹെലികോപ്റ്റർ ഡിസൈൻ, വികസനം, ഇന്ത്യയിൽ നിർമ്മാണം എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.
ഉയർന്ന ഗുണ നിലവാരത്തിലുള്ള നിർമ്മാണ സജ്ജീകരണമാണ് ഫാക്ടറിയിൽ ഉണ്ടാവുക. അടുത്ത 20 വർഷത്തിനുള്ളിൽ, 3-15 ടൺ ഭാരമുള്ള 1000-ലധികം ഹെലികോപ്റ്ററുകൾ തുംകുരുവിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് എച്ച്എഎൽ പദ്ധതിയിടുന്നത്. ഇതോടെ മേഖലയിൽ 6000 പേർക്ക് തൊഴിൽ ലഭിക്കും.
തുംകുരു വ്യാവസായിക ടൗൺഷിപ്പിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ, 8484 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി തുംകുരുവിൽ വ്യാപിച്ചുകിടക്കുന്ന വ്യാവസായിക ടൗൺഷിപ്പിന്റെ വികസനം ചെന്നൈ ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായിട്ടാണ് ഏറ്റെടുത്തിട്ടുള്ളത്.
തുംകുരുവിലെ തിപ്റ്റൂരിലും ചിക്കനായകനഹള്ളിയിലുമായി രണ്ട് ജൽ ജീവൻ മിഷൻ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. തിപ്റ്റൂർ മൾട്ടി വില്ലേജ് കുടിവെള്ള വിതരണ പദ്ധതി 430 കോടി രൂപ ചെലവിൽ നിർമിക്കും. ചിക്കനായകനഹള്ളി താലൂക്കിലെ 147 ആവാസ വ്യവസ്ഥകളിലേക്ക് 115 കോടി രൂപ ചെലവിൽ ബഹുഗ്രാമ ജലവിതരണ പദ്ധതി നിർമിക്കും. മേഖലയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ഈ പദ്ധതികൾ സഹായിക്കും.
-ND-
(Release ID: 1896314)
Visitor Counter : 209
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu