ധനകാര്യ മന്ത്രാലയം
2023-24 ലെ കേന്ദ്ര ബജറ്റിന്റെ സംഗ്രഹം
Posted On:
01 FEB 2023 1:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും വെല്ലുവിളികൾക്കിടയിലും ശോഭനമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്നും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു.
ഭാഗം-എ
മുൻ ബജറ്റിൽ സ്ഥാപിച്ച അടിസ്ഥാനത്തിൽ, വികസനത്തിന്റെ ഗുണ ഫലങ്ങൾ എല്ലാ പ്രദേശങ്ങളിലേക്കും പൗരന്മാരിലേക്കും പ്രത്യേകിച്ച് നമ്മുടെ യുവാക്കൾ, സ്ത്രീകൾ,കർഷകർ, ഒബിസി, പട്ടികജാതി, പട്ടികവർഗം എന്നിവർക്ക് ലഭ്യമാകുന്ന, സമൃദ്ധവും സമഗ്രവുമായ ഇന്ത്യ വിഭാവനം ചെയ്യുന്ന ഇന്ത്യ@100 ന് വേണ്ടിയുള്ള രൂപരേഖയിൽ ഈ ബജറ്റ് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു,
G20 അധ്യക്ഷ സ്ഥാനം : വെല്ലുവിളികളിലൂടെ ആഗോള അജണ്ടയെ നയിക്കുക
ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമാക്കാൻ ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് സവിശേഷമായ അവസരമാണ് നൽകുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
2014 മുതലുള്ള നേട്ടങ്ങൾ: ആരെയും പിന്നിലാക്കാതെ
2014 മുതലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത നിലവാരവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.
അമൃത് കാലത്തിനായുള്ള ദർശനം - ശാക്തീകരിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമ്പദ്‌വ്യവസ്ഥ
അമൃത് കാലത്തിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ ശക്തമായ പൊതു ധനസഹായത്തോടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിതവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയും ശക്തമായ സാമ്പത്തിക മേഖലയും ഉൾപ്പെടുന്നു. ഇത് നേടുന്നതിന് എല്ലാവരുടെയും ഒപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യത്തോടെയുള്ള പൊതുജന പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും ധനമന്ത്രി പറഞ്ഞു.
അമൃത് കാലത്തു ഇനിപ്പറയുന്ന നാല് അവസരങ്ങൾ പരിവർത്തനം ചെയ്യുമെന്ന് അവർ പറഞ്ഞു-
1. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം
2. പിഎം വിശ്വകർമ കൗശൽ സമ്മാൻ (PM വികാസ്)
3. വിനോദസഞ്ചാരം
.4 ഹരിത വളർച്ച
ഈ ബജറ്റിന്റെ മുൻഗണനകൾ
കേന്ദ്ര ബജറ്റിന്റെ ഏഴ് മുൻഗണനകൾ ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. അവ പരസ്പര പൂരകങ്ങളാണെന്നും അമൃത് കാലത്തിലൂടെ നമ്മെ നയിക്കുന്ന സപ്തഋഷികളായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
അവ ഇപ്രകാരമാണ്:
മുൻഗണന 1: എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം
കൃഷിയും സഹകരണവും
കൃഷിക്കായുള്ള പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യം
അഗ്രി -ടെക് വ്യവസായത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്‌ക്കായി, പ്രസക്തമായ വിവര സേവനങ്ങളിലൂടെ കർഷക കേന്ദ്രീകൃതമായ പരിഹാരങ്ങൾ പ്രാപ്‌തമാക്കുന്നതിന് കാർഷിക കേന്ദ്രീകൃത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ പദ്ധതി
ഗ്രാമീണ മേഖലയിലെ യുവസംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കും.
പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പുകളിലൂടെ (പിപിപി) ക്ലസ്റ്റർ അധിഷ്ഠിത മൂല്യ ശൃംഖല സമീപനത്തിലൂടെ പരുത്തി വിളയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും .
ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ വിളകൾക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീൽ വസ്തുക്കളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ആത്മനിർഭർ ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം 2,200 കോടി രൂപ ചെലവിൽ ആരംഭിക്കും.
ചെറു ധാന്യങ്ങളുടെ ആഗോള ഹബ് - ഇന്ത്യയെ ചെറു ധാന്യങ്ങളുടെ ആഗോള ഹബ് ആക്കുന്നതിന്, അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രവർത്തനങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മാറ്റും.
കാർഷിക വായ്പ - മൃഗസംരക്ഷണം, ക്ഷീര മേഖല, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർഷിക വായ്പ ലക്‌ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 6,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഗവൺമെന്റ് പിഎം മത്സ്യ സമ്പദ യോജനയുടെ പുതിയ ഉപപദ്ധതി ആരംഭിക്കുമെന്ന് അവർ അറിയിച്ചു.
സഹകരണം
വൻതോതിലുള്ള വികേന്ദ്രീകൃത സംഭരണ ശേഷി സജ്ജീകരിക്കുന്നതിനുള്ള പദ്ധതി ഗവണ്മെന്റ് നടപ്പാക്കുമെന്ന് ശ്രീമതി. സീതാരാമൻ പറഞ്ഞു, ഇത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും ഉചിതമായ സമയങ്ങളിൽ വിൽപ്പനയിലൂടെ ലാഭകരമായ വില കണ്ടെത്തുന്നതിനും സഹായിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ, പ്രാഥമിക മത്സ്യത്തൊഴിലാളി സൊസൈറ്റികൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ഗവണ്മെന്റ് സൗകര്യമൊരുക്കും.
ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം
മെഡിക്കൽ & നഴ്സിംഗ് കോളേജുകൾ
2014 മുതൽ സ്ഥാപിതമായ നിലവിലുള്ള 157 മെഡിക്കൽ കോളേജുകൾക്കൊപ്പം 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2047 ഓടെ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി മികവിന്റെ കേന്ദ്രങ്ങളിലൂടെ ഏറ്റെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
അധ്യാപക പരിശീലനം
ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ മികവിന്റെ ഊർജ്ജസ്വലമായ സ്ഥാപനങ്ങളായി വികസിപ്പിക്കുമെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു. കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും.
മുൻഗണന 2: അവസാന ആളിലും ഗുണഫലം എത്തിക്കുക
അഭിലാഷ ജില്ലകൾ ,ബ്ലോക്ക് പ്രോഗ്രാം - അഭിലാഷ ജില്ല പ്രോഗ്രാമിന്റെ വിജയത്തെ അടിസ്ഥാനമാക്കി, വിവിധ മേഖലകളിലുടനീളമുള്ള അവശ്യ ഗവണ്മെന്റ് സേവനങ്ങളുടെ പൂർത്തീകരണത്തിനായി 500 ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാം ഗവണ്മെന്റ് അടുത്തിടെ ആരംഭിച്ചു.
ആദിവാസി വിഭാഗങ്ങളുടെ,പ്രത്യേകിച്ച് ദുർബലരായവരുടെ (Particularly vulnerable tribal groups- PVTGs) സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി PVTG വികസന മിഷൻ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ദൗത്യം നടപ്പിലാക്കാൻ 15,000 കോടി രൂപ ലഭ്യമാക്കും.
3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 38,800 അധ്യാപകരെയും അനുബന്ധ ഉദ്യോഗസ്ഥരെയും കേന്ദ്രം നിയമിക്കും.
പ്രധാനമന്ത്രി ആവാസ് യോജന - പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ 66 ശതമാനം വര്‍ദ്ധിപ്പിച്ച് 79,000 കോടി രൂപയിൽ അധികമായി ഉയര്‍ത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
മുന്‍ഗണന 3: അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും
മൂലധന നിക്ഷേപ ചെലവ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുത്തനെ 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി. ഇത് ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ) യുടെ 3.3 ശതമാനമായിരിക്കുമെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ 'ഫലപ്രദമായ മൂലധനച്ചെലവ്' 13.7 ലക്ഷം കോടി രൂപയായാണ് ബജറ്റ് ചെയ്തിരിക്കുന്നത്. ഇത് ജി.ഡി.പിയുടെ 4.5 ശതമാനമായിരിക്കും.
മൂലധന നിക്ഷേപത്തിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും പിന്തുണ
1.3 ലക്ഷം കോടി രൂപയുടെ ഗണ്യമാ വര്‍ദ്ധനവരുത്തികൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ നയ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉത്സാഹപ്പെടുത്തുന്നതിനുമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.
റെയില്‍വേ
റെയില്‍വേയ്ക്ക് എക്കാലത്തേയും വലിയ നീക്കി ഇരിപ്പ് വരുത്തികൊണ്ട് 2.40 ലക്ഷം കോടി രൂപയുടെ മൂലധനവിഹിതം അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
100 നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്വകാര്യ സ്രോതസ്സുകളില്‍ നിന്നുള്ള 15,000 കോടി ഉള്‍പ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപത്തോടെ അവ മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുക്കുമെന്നും അവര്‍ അറിയിച്ചു.
നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയന്ത്രിക്കുന്ന ഒരു അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (യു.ഐ.ഡി.എഫ്) സ്ഥാപിക്കുമെന്നും റ്റിയർ 2, റ്റിയർ 3 നഗരങ്ങളില്‍ നഗര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് പൊതു ഏജന്‍സികള്‍ ഇത് ഉപയോഗിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മുന്‍ഗണന 4: കഴിവുകളെ പ്രോത്സാഹിപ്പുക്കുക
വ്യാപാരം സുഗമമാക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനായി 39,000-ലധികം നിബന്ധനകള്‍ കുറച്ചതായും 3,400-ലധികം നിയമ വ്യവസ്ഥകളിലെ നിയമപരമായ വിലക്കുകള്‍ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു. 42 കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി ഗവണ്‍മെന്റ് ജന്‍ വിശ്വാസ് ബില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധിക്ക് വേണ്ടിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മ്മിത ബുദ്ധിക്കായി മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ദേശീയ ഡാറ്റാ ഗവണന്‍സ് നയം
ഒരു ദേശീയ ഡാറ്റാ ഗവേണന്‍സ് നയം കൊണ്ടുവരും. അത് അജ്ഞാത വിവരങ്ങളും പ്രാപ്തമാക്കാന്‍ സഹായിക്കും.
രേഖകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പങ്കിടുന്നതിനുമായി എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍, വലിയ വ്യാപാരങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നതിനായി ഒരു 'എന്റിറ്റി ഡിജിലോക്കര്‍' സ്ഥാപിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ 5ജി സേവനങ്ങള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള നൂറ് ലാബുകള്‍ സ്ഥാപിക്കുമെന്ന് അവര്‍ അറിയിച്ചു.
മുന്‍ഗണന 5: ഹരിത വളര്‍ച്ച
അടുത്തിടെ 19,700 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍, സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ കാര്‍ബണ്‍ തീവ്രതയിലേക്ക് മാറ്റാനും ഫോസില്‍ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സൂര്യോദയ മേഖലയില്‍ സാങ്കേതികവിദ്യയും വിപണി നേതൃത്വവും ഏറ്റെടുക്കുന്നതിന് രാജ്യത്തെ സഹായിക്കുകയും ചെയ്യും. 2030ഓടെ വാര്‍ഷിക ഉല്‍പ്പാദനം 5 എം.എം.ടി യിലെത്തുകയാണ് ലക്ഷ്യം.
ഊര്‍ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കും വേണ്ടിയുള്ള മുന്‍ഗണനാ മൂലധന നിക്ഷേപങ്ങള്‍ക്കായി ബജറ്റ് 35,000 കോടി രൂപയും നല്‍കുന്നു.
സമ്പദ്‌വ്യവസ്ഥയെ സുസ്ഥിര വികസന പാതയിലേക്ക് നയിക്കാന്‍, 4,000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പിന്തുണ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഗോബര്‍ദന്‍ പദ്ധതി
മൊത്തം 10,000 കോടി രൂപ മുതല്‍മുടക്കില്‍ ഗോബര്‍ദന്‍ (ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധന്) പദ്ധതിക്ക് കീഴില്‍ 500 പുതിയ 'മാലിന്യത്തില്‍ നിന്ന് സമ്പത്ത്' പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ഭാരതീയ പ്രകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കുന്നതിന് കേന്ദ്രം സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 10,000 ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സജ്ജീകരിച്ച്, ദേശീയതലത്തില്‍ സൂക്ഷ്മവള വിതരണവും കീടനാശിനികളുടെ നിര്‍മ്മാണത്തിനുമുള്ള ശൃംഖല സൃഷ്ടിക്കും.
മുന്‍ഗണന 6: യുവശക്തി
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് യുവജനങ്ങളെ നൈപുണ്യവല്‍ക്കരിക്കുന്നതിനുള്ള പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ധനമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ അവസരങ്ങള്‍ക്കായി യുജനങ്ങള്‍ക്ക് നൈപുണ്യം നല്‍കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും.
ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം
മൂന്ന് വര്‍ഷത്തിനുള്ളില്‍ 47 ലക്ഷം യുവജനങ്ങള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് പിന്തുണ നല്‍കുന്നതിനായി, പാന്‍-ഇന്ത്യ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീമിന് കീഴില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം നടപ്പിലാക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.
യൂണിറ്റി മാള്‍
തങ്ങളുടെ ഒരു ജില്ല ഒരു ഉല്‍പ്പന്നം (ഒ.ഡി.ഒ.പി)കള്‍ വില്‍ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സംസ്ഥാന തലസ്ഥാനത്തോ ഏറ്റവും പ്രമുഖമായ ടൂറിസം കേന്ദ്രത്തിലോ അല്ലെങ്കില്‍ അവരുടെ സാമ്പത്തിക തലസ്ഥാനത്തോ ഒരു യൂണിറ്റി മാള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി.ഐ / കരകൗശയ ഉല്‍പ്പന്നങ്ങള്‍, മറ്റ് സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഇടം ലഭ്യമാക്കാനാകുകയും ചെയ്യും.
മുന്‍ഗണന 7: സാമ്പത്തിക മേഖല
എം.എസ്.എം.ഇകള്‍ക്കുള്ള വായ്പ ഉറപ്പ് പദ്ധതി
കോര്‍പ്പസില്‍ 9,000 കോടി രൂപ നിക്ഷേപിച്ച് 2023 ഏപ്രില്‍ 1 മുതല്‍ എം.എസ്.എം.ഇ-കള്‍ക്കായുള്ള നവീകരിച്ച വായ്പാ ഉറപ്പ് പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് 2 ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത ഉറപ്പുള്ള വായ്പ പ്രാപ്തമാക്കും. അതിനുപുറമെ വായ്പയുടെ ചെലവ് ഏകദേശം 1 ശതമാനം കുറയുകയും ചെയ്യും.
സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി പ്രവര്‍ത്തിക്കുന്ന ദേശീയ സാമ്പത്തിക വിവര രജിസ്ട്രി രൂപീകരിക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു.
കമ്പനി ആക്ട് പ്രകാരം ഫീല്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിച്ച വിവിധ ഫോമുകളില്‍ കമ്പനികളോടുള്ള പ്രതികരണം കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിലൂടെ വേഗത്തിലാക്കനായി ഒരു സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി, ഒറ്റത്തവണ പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാനന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 2025 മാര്‍ച്ച് വരെ രണ്ട് വര്‍ഷത്തേക്ക് ലഭ്യമാക്കും. ഭാഗീകമായ പിന്‍വലിക്കല്‍ സൗകര്യത്തോടെ 7.5 ശതമാനം നിശ്ചിത പലിശയോടുകൂടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും 2 ലക്ഷം രൂപ വരെ രണ്ടുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാനുള്ള അവസരം നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, വ്യക്തിഗത അക്കൗണ്ടില്‍ പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായും ഉയര്‍ത്തും.
ധനകാര്യ മാനേജ്‌മെന്റ്
സംസ്ഥാനങ്ങള്‍ക്കുള്ള അമ്പത് വര്‍ഷത്തെവായ്പ മുഴുവനും 2023-24-നുള്ളില്‍ മൂലധനചെലവിന് ചെലവഴിക്കണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
2023-24 ബജറ്റ് എസ്റ്റിമേറ്റ്
വായ്പകള്‍ ഒഴികെയുള്ള മൊത്തം വരവും മൊത്തം ചെലവും യഥാക്രമം 27.2 ലക്ഷം കോടിരൂപയായും 45 ലക്ഷം കോടിരൂപയായുമാണ് കണക്കാക്കിയിരിക്കുന്നതെന്ന് പൊതുബജറ്റിന്റെ ഭാഗം-ഒന്നാം ഭാഗം ഉപസംഹരിച്ചുകൊണ്ട് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നെറ്റ് നികുതി വരുമാനം 23.3 ലക്ഷം കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്.
ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 5.9 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. 2025-26 ഓടെ ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനത്തില്‍ താഴെ കൊണ്ടുവരുമെന്ന് അവര്‍ ആവര്‍ത്തിച്ചു.
പാര്‍ട്ട് ബി
വ്യക്തിഗത ആദായനികുതി
വ്യക്തിഗത ആദായ നികുതിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണുള്ളത്. പുതിയ നികുതി വ്യവസ്ഥയിലെ റിബേറ്റ് പരിധി 7 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു, അതായത് 7 ലക്ഷം രൂപ വരെ വരുമാനമുള്ള പുതിയ നികുതി വ്യവസ്ഥയിലെ വ്യക്തികള്‍ക്ക് ഒരു നികുതിയും നല്‍കേണ്ടതില്ല. സ്ലാബുകളുടെ എണ്ണം അഞ്ചാക്കിയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയാക്കി ഉയര്‍ത്തിയും പുതിയ വ്യക്തിഗത നികുതി വ്യവസ്ഥയിലെ നികുതി ഘടനയില്‍ മാറ്റം വരുത്തി. പുതിയ നികുതി സമ്പ്രദായത്തിലുള്ള എല്ലാ നികുതിദായകര്‍ക്കും ഇത് വലിയ ആശ്വാസം നല്‍കും.
സ്റ്റാന്‍ഡേര്‍ഡ് കിഴിവിന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ശമ്പളക്കാരായ വിഭാഗത്തിനും കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍കാര്‍ക്കും വ്യാപിപ്പിച്ചു. നിര്‍ദേശപ്രകാരം ശമ്പളക്കാരനായ വ്യക്തിക്ക് 50,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 15,000 രൂപയും സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ലഭിക്കും. 15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള ഓരോ ശമ്പളക്കാരനും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളിലൂടെ 52,500 രൂപ ലഭിക്കും.
പുതിയ നികുതി വ്യവസ്ഥയില്‍ 2 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനുള്ള വ്യക്തിഗത ആദായനികുതിയിലെ ഏറ്റവും ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37% ല്‍ നിന്ന് 25% ആയി കുറച്ചു. വ്യക്തിഗത ആദായനികുതിയുടെ പരമാവധി നികുതി നിരക്ക് നേരത്തെ 42.74% ആയിരുന്നത് 39% ആയി കുറയും.
സര്‍ക്കാരിതര ശമ്പളമുള്ള ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് പണമാക്കുന്നതിനുള്ള നികുതി ഇളവിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി.
പുതിയ ആദായ നികുതി വ്യവസ്ഥയെ ഡിഫോള്‍ട്ട് ടാക്‌സ് സമ്പ്രദായമാക്കി മാറ്റി. എന്നിരുന്നാലും, പൗരന്മാര്‍ക്ക് പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കാനുള്ള ഓപ്ഷനും തുടരും.
പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍
തുണിത്തരങ്ങളും കാര്‍ഷികവും ഒഴികെയുള്ള ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്കുകളുടെ എണ്ണം 21ല്‍ നിന്ന് 13 ആയി കുറച്ചു.
പൊതു ഐ.ടി റിട്ടേണ്‍ ഫോം
നികുതിദായകരുടെ സൗകര്യത്തിനായി അടുത്ത തലമുറ പൊതു ഐ.ടി റിട്ടേണ്‍ ഫോം പുറത്തിറക്കാനും കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
സഹകരണം
സഹകരണ മേഖലയ്ക്കായി ബജറ്റില്‍ നിരവധി നിര്‍ദേശങ്ങളുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുതിയ സഹകരണ സംഘങ്ങള്‍ക്ക് 15% കുറഞ്ഞ നികുതി നിരക്കിന്റെ ആനുകൂല്യം ലഭിക്കും.
സ്റ്റാര്‍ട്ട്-അപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സംയോജന തീയതി 2023 മാര്‍ച്ച് 31ഇൽ നിന്ന് 2024 മാര്‍ച്ച് 31 വരെ നീട്ടാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
സി.ജി.എസ്.ടി നിയമത്തിലെ ഭേദഗതികള്‍
ചരക്കുകളോ സേവനങ്ങളോ നല്‍കാതെ അല്ലെങ്കില്‍ ഇവ രണ്ടും നല്‍കാതെ ഇന്‍വോയ്‌സുകള്‍ നല്‍കുന്ന കുറ്റം ഒഴികെ, ജി.എസ.്ടി ക്ക് കീഴില്‍ പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി 1 കോടിയില്‍ നിന്ന് 2 കോടിയായി ഉയര്‍ത്തുന്നതിനായി സി.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യാന്‍ ബജറ്റ് വ്യവസ്ഥ ചെയ്യുന്നു.
നികുതി മാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍
പ്രത്യക്ഷ, പരോക്ഷ നികുതികളിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച ധനമന്ത്രി, ഈ നിര്‍ദ്ദേശങ്ങളുടെ ഫലമായി ഏകദേശം 38,000 കോടി രൂപയുടെ വരുമാനം ഉപേക്ഷിക്കപ്പെടുമെന്നും ഏകദേശം 3,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കുമെന്നും പറഞ്ഞു. അതിനാല്‍ ഈ നിര്‍ദേശങ്ങള്‍ കാരണം പ്രതിവര്‍ഷം ഏകദേശം 35,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു.
************
(Release ID: 1895484)
Visitor Counter : 5442