ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ ആറ് വർഷത്തിനിടെ കാർഷിക മേഖല 4.6 ശതമാനമെന്ന ഉജ്ജ്വല വാർഷിക വളർച്ച രേഖപ്പെടുത്തി

Posted On: 31 JAN 2023 1:21PM by PIB Thiruvananthpuram

ഇന്ത്യയുടെ കാർഷിക മേഖല കഴിഞ്ഞ ആറ് വർഷമായി ശരാശരി 4.6 ശതമാനം വാർഷിക വളർച്ചയോടെ ശക്തമായ പുരോഗതിയ്ക്ക് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും കാര്യമായ സംഭാവനകൾ നൽകാൻ ഇത് കൃഷിയെയും അനുബന്ധ പ്രവർത്തന മേഖലയെയും പ്രാപ്തമാക്കിയതായി 2022-23 സാമ്പത്തിക സർവേ പറയുന്നു. അടുത്ത കാലത്തായി രാജ്യം കാർഷിക ഉൽപന്നങ്ങളുടെ അറ്റ കയറ്റുമതിയ്ക്കും സാക്ഷ്യം വഹിച്ചു. 2021-22 ൽ കയറ്റുമതി 50.2 ബില്യൺ യുഎസ് ഡോളറെന്ന റെക്കോർഡിലെത്തി.

ഉത്പാദനച്ചെലവിന് മേൽ വരുമാനം ഉറപ്പാക്കാൻ കുറഞ്ഞ താങ്ങുവില (MSP)

2018-19 കാർഷിക വർഷം മുതൽ ഖാരിഫ്, റാബി, മറ്റ് വാണിജ്യ വിളകൾ എന്നിവയടക്കമുള്ള 22  വിളകൾക്കുള്ള കുറഞ്ഞ താങ്ങുവില, അഖിലേന്ത്യാ തലത്തിൽ കാണാക്കപ്പെട്ടിട്ടുള്ള ശരാശരി ഉത്പാദനച്ചെലവിനെക്കാൾ 50 ശതമാനമെങ്കിലും അധികം ലഭിക്കത്തക്ക വിധത്തിൽ ഗവൺമെന്റ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സർവേ പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി പയർവർഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും താരതമ്യേന ഉയർന്ന താങ്ങുവില ഉറപ്പാക്കിയിട്ടുണ്ട്.  

കാർഷിക വായ്പ ലഭ്യത മെച്ചപ്പെടുത്തി

2022-23ൽ 18.5 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. എല്ലാ വർഷവും തുടർച്ചയായി ഈ ലക്ഷ്യം വർധിപ്പിക്കുകയും കഴിഞ്ഞ കുറേ വർഷങ്ങളായി നിശ്ചയിച്ച ലക്‌ഷ്യം തുടർച്ചയായി മറികടക്കുകയും ചെയ്തു പോരുന്നു.

 
image.png
 


കർഷകർക്ക് മത്സരാധിഷ്ഠിത പലിശ നിരക്കിൽ തടസ്സരഹിതമായ വായ്പ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾ ഗവൺമെന്റ് ആവിഷ്കരിച്ചതിനാലാണ് ഈ നേട്ടം സാധ്യമായതെന്ന് സർവേ സൂചിപ്പിക്കുന്നു. എപ്പോൾ വേണമെങ്കിലും വായ്പ ലഭ്യമാകുന്ന കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പദ്ധതി, പലിശ സബ്‌സിഡിയോട് കൂടിയ 3 ലക്ഷം രൂപ വരെയുള്ള  ഹ്രസ്വകാല കാർഷിക വായ്പ നൽകുന്ന മോഡിഫൈഡ് ഇന്റെരെസ്റ്റ് സബ്‌വെൻഷൻ പദ്ധതി തുടങ്ങിയവ ഉദാഹരണം.

2022 ഡിസംബറിലെ കണക്കനുസരിച്ച് അർഹരായ 3.89 കോടി കർഷകർക്ക് 4,51,672 കോടി രൂപ പരിധിയുള്ള  കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു. 2018-19ൽ ഫിഷറീസ്, മൃഗസംരക്ഷണ മേഖലയ്ക്കും   പദ്ധതി വ്യാപിപ്പിച്ചതോടെ മത്സ്യബന്ധന മേഖലയിൽ 1.0 ലക്ഷത്തിലധികവും (2022 ഒക്ടോബർ 17 വരെ) മൃഗസംരക്ഷണ മേഖലയിൽ 9.5 ലക്ഷവും (2022 നവംബർ 4 വരെ) ക്രെഡിറ്റ് കാർഡുകൾ അനുവദിച്ചിട്ടുണ്ട്.

വരുമാനവും അപകടസാദ്ധ്യതാ പിന്തുണയും

ഏപ്രിൽ-ജൂലൈ 2022-23 കാലയളവിൽ പിഎം കിസാൻ പദ്ധതി പ്രകാരം 11.3 കോടി കർഷകർക്ക് ഗവണ്മെന്റ്റിൽ നിന്ന് വരുമാന പിന്തുണ ലഭിച്ചതായി സർവേ ചൂണ്ടിക്കാട്ടുന്നു.

ഗുണഭോക്താക്കളായ കർഷകരുടെ കാര്യത്തിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന. ഓരോ വർഷവും ശരാശരി 5.5 കോടി അപേക്ഷകൾ ലഭിക്കുന്നു. പ്രീമിയം തുകയുടെ കാര്യത്തിൽ മൂന്നാമത്തെ വലിയ പദ്ധതി.

ജൈവ, പ്രകൃതി കൃഷി

ലോകത്ത് ഏറ്റവുമധികം ജൈവകർഷകർ ഉള്ളത് ഇന്ത്യയിലാണ്, 44.3 ലക്ഷം. 2021-22 ഓടെ 59.1 ലക്ഷം ഹെക്ടർ പ്രദേശത്ത് ജൈവകൃഷിയുള്ളതായും സർവേ പറയുന്നു.

***

(Release ID: 1895200) Visitor Counter : 227