പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജനുവരി 29 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


മനസ്സ് പറയുന്നത് - ഭാഗം 97

Posted On: 29 JAN 2023 11:43AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം.

2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ, ഡെറാഡൂണില്‍ നിന്നുള്ള വത്സല്‍ എനിക്ക് എഴുതി, ഞാന്‍ എപ്പോഴും ജനുവരി 25 ആകാന്‍ കാത്തിരിക്കാറുണ്ട്, കാരണം അന്നാണല്ലോ പത്മാ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്, അതുകൊണ്ട് ജനുവരി 25 വൈകുന്നേരംതന്നെ ജനുവരി 26-ന്റെ ആവേശം നിറയുന്നു. താഴേത്തട്ടില്‍ തങ്ങളുടെ സമര്‍പ്പണത്തിലൂടെയും സേവനത്തിലൂടെയും നേട്ടങ്ങള്‍ കൈവരിച്ചവര്‍ പീപ്പിള്‍സ് പത്മയിലൂടെ ആദരിക്കപ്പെടുന്നതിലുള്ള സന്തോഷം പലരും പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ പത്മാപുരസ്‌കാരജേതാക്കളില്‍ ആദിവാസിസമൂഹത്തിനും ആദിവാസിജീവിതവുമായി ബന്ധപ്പെട്ട ആളുകള്‍ക്കും മികച്ച പ്രാതിനിധ്യമുണ്ട്. ആദിവാസി ജീവിതം നഗരങ്ങളിലെ തിരക്കുകളില്‍ നിന്നും വ്യത്യസ്തമാണ്, അവര്‍ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. ഇതൊക്കെയാണെങ്കിലും, ആദിവാസി സമൂഹങ്ങള്‍ അവരുടെ പാരമ്പര്യം സംരക്ഷിക്കാന്‍ എപ്പോഴും താല്പര്യപ്പെടുന്നു. ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കാനും അവയില്‍ ഗവേഷണം നടത്താനും ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ ടോട്ടോ, ഹോ, കുയി, കുവി, മാണ്ടാ തുടങ്ങിയ ഗോത്രഭാഷകളില്‍ പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് പത്മാ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതു നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ കാര്യമാണ്. ധാനീറാം ടോട്ടോ, ജാനും സിംഗ് സോയ്, ബി. രാമകൃഷ്ണറെഡ്ഡി തുടങ്ങിയവരുടെ പേര് ഇപ്പോള്‍ രാജ്യം മുഴുവന്‍ പരിചിതമായി. സിദ്ധി, ജറാവ, ഓങ്കി തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഹീരാഭായ് ലോബി, രത്തന്‍ ചന്ദ്രകര്‍, ഈശ്വര്‍ ചന്ദ്ര വര്‍മ്മ എന്നിവരെപ്പോലുള്ളവരെയും ഇത്തവണ ആദരിച്ചിട്ടുണ്ട്. ആദിവാസി സമൂഹങ്ങള്‍ നമ്മുടെ ഭൂമിയുടെ, നമ്മുടെ പൈതൃകത്തിന്റെ അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തില്‍ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നത് പൊതുതലമുറയ്ക്കും പ്രചോദനമാകും. നക്‌സല്‍ ബാധിതമായിരുന്ന പ്രദേശങ്ങളില്‍പോലും ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങളുടെ പ്രതിധ്വനികള്‍ മുഴങ്ങികേള്‍ക്കുന്നു. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായവരെ പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഇതിനായി, കാങ്കറിലെ, മരംകൊണ്ട് ശില്പം പണിയുന്ന അജയ്കുമാര്‍ മണ്ഡാവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝാടിപ്പട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി ഗുണെ എന്നിവര്‍ക്കും ഈ ബഹുമതി ലഭിച്ചു. അതുപോലെ, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തനതു സംസ്‌കാരം സംരക്ഷിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന രാംകുയിവാങ്‌ബെനിയുമെ, വിക്രം ബഹാദൂര്‍ ജമാതിയ, കര്‍മ്മാവാങ്ചു എന്നിവരെയും ആദരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചവരില്‍ സംഗീതലോകത്തെ സമ്പന്നമാക്കിയ നിരവധിപേരുണ്ട്. സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. ഓരോരുത്തരുടെയും സംഗീതാസ്വാദനം വ്യത്യസ്തമായിരിക്കാം, എന്നാല്‍ സംഗീതം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സന്തൂര്‍, ബംഹും, ദ്വിതാര തുടങ്ങിയ നമ്മുടെ പരമ്പരാഗത സംഗീതോപകരണള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയവരും ഇത്തവണ പത്മ പുരസ്‌കാര ജേതാക്കളുടെ കൂട്ടത്തിലുണ്ട്. ഗുലാം മുഹമ്മദ് സാസ്, സു-പോങ്, രി-സിംഗ്‌ബോര്‍ കുര്‍ക്ക-ലാംഗ്, മുനി-വെങ്കടപ്പ, മംഗള്‍ കാന്തി റായ് എന്നിങ്ങനെ എത്ര പേരുകള്‍ നാനാ ദിക്കിലും ചര്‍ച്ച ചെയ്യപ്പെടുന്നു.
സുഹൃത്തുക്കളേ, പത്മപുരസ്‌കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണ്, അവര്‍ എപ്പോഴും രാജ്യത്തെ സര്‍വ്വപ്രധാനമായി കാണുകയും രാഷ്ട്രം ഒന്നാമത് എന്ന തത്വത്തിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണ്. സമര്‍പ്പണഭാവത്തോടെ തങ്ങളുടെ ജോലിയില്‍ മുഴുകിയിരുന്ന അവര്‍ അതിനുള്ള പ്രതിഫലമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ക്കുവേണ്ടിയാണോ അവര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ മുഖത്തെ സംതൃപ്തിയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്. അര്‍പ്പണബോധമുള്ള അത്തരം ആളുകളെ ആദരിക്കുന്നതിലൂടെ നമ്മുടെ ദേശവാസികളുടെ അഭിമാനം വര്‍ദ്ധിക്കുകയാണ്. എല്ലാ പത്മ അവാര്‍ഡുജേതാക്കളുടെയും പേരുകള്‍ ഇവിടെ പരാമര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല. പക്ഷേ, ഈ പത്മ അവാര്‍ഡ് ജേതാക്കളുടെ പ്രചോദനാത്മക ജീവിതത്തെക്കുറിച്ച് വിശദമായി അറിയാനും മറ്റുള്ളവരോട് പറയാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മള്‍ സ്വാതന്ത്ര്യത്തിന്‍രെ അമൃത് മഹോത്സവത്തില്‍ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രസകരമായ ഒരു പുസ്തകത്തെക്കുറിച്ചും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എനിക്ക് ലഭിച്ച ഈ പുസ്തകം വളരെ രസകരമായ ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. 'ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ് ഈ പുസ്തകത്തിന്റെ പേര്, അതില്‍ നിരവധി മികച്ച ലേഖനങ്ങള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ, നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്നതില്‍ ഇന്ത്യക്കാരായ നമുക്ക് അഭിമാനമുണ്ട്. ജനാധിപത്യം നമ്മുടെ സിരകളില്‍ ഉണ്ട്; നമ്മുടെ സംസ്‌കാരത്തിലുണ്ട്; നൂറ്റാണ്ടുകളായി അത് നമ്മുടെ പ്രവര്‍ത്തികളുടെ അവിഭാജ്യഘടകമാണ്. സ്വാഭാവികമായി തന്നെ നമ്മള്‍ ഒരു ജനാധിപത്യ സമൂഹമാണ്. ഡോ. അംബേദ്ക്കര്‍, ബുദ്ധസന്യാസിസംഘത്തെ ഇന്ത്യന്‍ പാര്‍ലമെന്റിനോട് ഉപമിച്ചിരുന്നു. Motions, Resolutions, Quorum വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ഇവയ്‌ക്കെല്ലാം കൃത്യമായ നിയമങ്ങള്‍ ഉള്ള ഒരു സംവിധാനമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അക്കാലത്തെ  രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നാണ് ഭഗവാന്‍ ബുദ്ധന് പ്രചോദനം ലഭിച്ചത് എന്ന് ബാബാസാഹിബ് വിശ്വസിച്ചു.
സുഹൃത്തുക്കളേ, തമിഴ്‌നാട്ടില്‍ ചെറുതും എന്നാല്‍ പ്രശസ്തവുമായ ഒരു ഗ്രാമമുണ്ട് ഉതിര്‍മേരൂര്‍. ഇവിടെയുള്ള 1100-1200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശിഖാലിഖിതം ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്നു. ഈ ലിഖിതം ഒരു മിനിഭരണഘടനപോലെയാണ്. ഗ്രാമസഭ എങ്ങനെ നടത്തണമെന്നും അതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയായിരിക്കണമെന്നും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ജനാധിപത്യമൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് 12-ാം നൂറ്റാണ്ടിലെ ഭഗവാന്‍ ബസവേശ്വരന്റെ അനുഭവ മണ്ഡപം. ഇവിടെ സ്വതന്ത്രസംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അത് മാഗ്നാകാര്‍ട്ടയ്ക്ക് മുമ്പാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വാറങ്കലിലെ കാകതീയ രാജവംശത്തിലെ രാജാക്കന്മാരുടെ, റിപ്പബ്ലിക്കന്‍ പാരമ്പര്യങ്ങളും വളരെ പ്രസിദ്ധമായിരുന്നു. ഭക്തിപ്രസ്ഥാനം പടിഞ്ഞാറന്‍ ഇന്ത്യയിലെ ജനാധിപത്യസംസ്‌കാരത്തെ മുന്നോട്ട് നയിച്ചു. ഗുരു നാനാക്ക് ദേവ്ജിയുടെ സമവായ മാര്‍ഗ്ഗങ്ങള്‍ വെളിച്ചംവീശുന്ന സിഖുകാര്‍ക്കിടയിലെ ജനാധിപത്യ ചൈതന്യത്തെക്കുറിച്ചുള്ള ഒരു ലേഖനവും India the Mother of Democracy എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യഭാരതത്തിലെ ഒറാവ്, മുണ്ട ഗോത്രങ്ങളില്‍ സമൂഹം പൊതുധാരണയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യത്തിന്റെ അന്തര്‍ധാര സജീവമായിരുന്നു എന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍, ഈ വിഷയത്തെക്കുറിച്ച് നമ്മള്‍ നിരന്തരം ആഴത്തില്‍ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ലോകത്തെ അറിയിക്കുകയും വേണം. ഇത് രാജ്യത്തെ ജനാധിപത്യത്തിന്റെ അന്തസത്തയെ കൂടുതല്‍ ശക്തിപ്പെടുത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, യോഗ ദിനവും, നമ്മുടെ വിവിധതരം ചെറുധാന്യങ്ങളും തമ്മില്‍ പൊതുവായി എന്താണുള്ളത് എന്ന് ഞാന്‍ നിങ്ങളോട് ചോദിച്ചാല്‍ ഈ താരതമ്യം എങ്ങനെ എന്ന് നിങ്ങള്‍ ചിന്തിക്കും ! രണ്ടിനും  ഒരുപാട് സാമ്യമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍  ആശ്ചര്യപ്പെടും. വാസ്തവത്തില്‍, ഇന്ത്യയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര യോഗാദിനവും, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷവും ആചരിക്കാന്‍ തീരുമാനിച്ചത്. രണ്ടാമതൊരു കാര്യം എന്തെന്നാല്‍ യോഗ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ചെറുധാന്യങ്ങളും ആരോഗ്യസംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. മൂന്നാമത്തേത് കൂടുതല്‍ പ്രധാനമാണ് - മുന്‍പ് പറഞ്ഞ രണ്ടു കാര്യങ്ങളിലും പൊതുജനപങ്കാളിത്തം വിപ്ലവംതന്നെ സൃഷ്ടിക്കുന്നു എന്നതാണത്. വലിയ തോതില്‍ സജീവപങ്കാളിത്തം നടത്തി ആളുകള്‍ യോഗവും ഫിറ്റ്‌നസ്സും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതുപോലെ, ആളുകള്‍ വലിയ തോതില്‍ ചെറുധാന്യങ്ങളെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇപ്പോള്‍ അവര്‍ millets ഭക്ഷണത്തിന്റെ ഭാഗമാക്കികൊണ്ടിരിക്കുകയാണ്. ഈ മാറ്റം വലിയതോതില്‍ പ്രകടമാണ്. പരമ്പരാഗതമായി millets ഉല്പാദിപ്പിച്ചിരുന്ന ചെറുകിട കര്‍ഷകര്‍ ഒരു വശത്ത് വലിയ ആവേശത്തിലാണ്. millets ന്റെ പ്രാധാന്യം ലോകം ഇപ്പോള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതില്‍ അവര്‍ വളരെ സന്തോഷത്തിലാണ്. മറുവശത്ത്, മില്ലറ്റുകള്‍ വിപണനം ചെയ്യാനും അവ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള ശ്രമങ്ങള്‍ എഫ്. പി. ഒ. കളും സംരംഭകരും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ആന്ധ്രാപ്രദേശിലെ നന്ദിയാല്‍ ജില്ലയില്‍ താമസിക്കുന്ന കെ. വി. രാമ സുബ്ബ റെഡ്ഡി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന മില്ലറ്റ് വിഭവങ്ങളുടെ രുചിയുടെ പ്രചാരംമൂലം അവര്‍ ഗ്രാമത്തില്‍ ഒരു മില്ലറ്റ് സംസ്‌ക്കരണ യൂണിറ്റ് തന്നെ ആരംഭിച്ചു. സുബ്ബ റെഡ്ഡി, തിനയുടെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും അത് അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ അലിബാഗിന് സമീപമുള്ള കെനാദ് ഗ്രാമത്തില്‍ താമസിക്കുന്ന ശര്‍മ്മിള ഓസ്വാള്‍ കഴിഞ്ഞ 20 വര്‍ഷമായി ചെറുധാന്യങ്ങളുടെ ഉല്പാദനത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നു. അവര്‍ കര്‍ഷകര്‍ക്ക് Smart Agriculture പരിശീലനം നല്‍കിവരികയാണ്. അവരുടെ പരിശ്രമം തിനയുടെ വിളവു മാത്രമല്ല, കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിച്ചു.
സുഹൃത്തുക്കളേ, ഛത്തീസ്ഗഡിലെ റായ്ഗഡ് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍, നിങ്ങള്‍ ഇവിടെ മില്ലറ്റ്‌സ് കഫേ സന്ദര്‍ശിക്കണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പുമാത്രം ആരംഭിച്ച ഈ മില്ലറ്റ്‌സ് കഫേയില്‍; ചീല, ദോശ, മോമോസ്, പിസ്സ, മഞ്ചൂറിയന്‍ തുടങ്ങിയ ഇനങ്ങളാണ് ഏറെ പ്രചാരം നേടിയിട്ടുള്ളത്.
സുഹൃത്തുക്കളേ, ഞാന്‍ ഒരു കാര്യംകൂടി ചോദിച്ചോട്ടെ? സംരംഭകന്‍ എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍, Milletpreneurs എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒഡീഷയിലെ Milletpreneurs ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആദിവാസി ജില്ലയായ സുന്ദര്‍ഗഡിലെ ആയിരത്തി അഞ്ഞൂറോളം സ്ത്രീകളുടെ സ്വയംസഹായസംഘം, ഒഡീഷ മില്ലറ്റ്‌സ് മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. മില്ലറ്റ്‌സ് കൊണ്ട് കുക്കീസ്, രസഗുള, കുറുമ, ഗുലാബ് ജാം, കേക്ക് എന്നിവ ഇവിടെ സ്ത്രീകള്‍ ഉണ്ടാക്കുന്നു. വിപണിയില്‍ ഇവയ്ക്ക് വലിയ ഡിമാന്റ് ഉള്ളതിനാല്‍, സ്ത്രീകളുടെ വരുമാനവും വര്‍ദ്ധിക്കുന്നു. കര്‍ണാടകയിലെ  കല്‍ബുര്‍ഗിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ അലന്ദ് ഭൂതായ് മില്ലറ്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടുത്തെ ഖാക്രയും, ബിസ്‌കറ്റും, ലഡ്ഡുവും ആളുകളെ ആകര്‍ഷിക്കുന്നു. കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയില്‍, ഹുല്‍സൂര്‍ മില്ലറ്റ് പ്രൊഡ്യൂസര്‍ കമ്പനിയിലെ വനിതകള്‍ മില്ലറ്റ് കൃഷി ചെയ്യുന്നതിനൊപ്പം അവയുടെ ആട്ടയും തയ്യാറാക്കുന്നു. ഇതുമൂലം അവരുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചു. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ഝത്തീസ്ഗഢിലെ പ്രകൃതികൃഷി ചെയ്യുന്ന സന്ദീപ് ശര്‍മ്മയുടെ എഫ്. പി. ഒ.യില്‍ ചേര്‍ന്നു. ബിലാസ്പൂരിലെ ഈ എഫ്. പി. ഒ. 8 തരം മില്ലറ്റ് പൊടികളും അതിന്റെ വിഭവങ്ങളും ഉണ്ടാക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് ജി20 ഉച്ചകോടികള്‍ ഇന്ത്യയുടെ എല്ലാ ദിക്കിലും തുടര്‍ച്ചയായി നടക്കുന്നുണ്ട്, ജി20 ഉച്ചകോടി നടക്കുന്നിടത്തെല്ലാം, Millets കൊണ്ട് ഉണ്ടാക്കുന്ന, പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ബജ്‌റ കൊണ്ടുണ്ടാക്കിയ കിച്ചടി, പോഹ, ഖീര്‍, റൊട്ടി തുടങ്ങിയ വിഭവങ്ങളും റാഗി കൊണ്ടുണ്ടാക്കിയ പായസം, പൂരി, ദോശ എന്നിവയും അവിടെ വിളമ്പുന്നു. മില്ലറ്റില്‍ നിന്ന് നിര്‍മ്മിച്ച ആരോഗ്യ പാനീയങ്ങള്‍, Cereals, നൂഡില്‍സ് എന്നിവ എല്ലാ ജി 20 വേദികളിലെയും മില്ലറ്റ് എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ മിഷനുകളും അവയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ ഈ ശ്രമവും ലോകത്ത് Millettsന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് കരുത്ത് പകരുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് Milletല്‍ നിന്ന് ഉണ്ടാക്കാന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുതിയ പല വിഭവങ്ങളും പുതുതലമുറയ്ക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ട് എന്നതും എനിക്ക് സന്തോഷം നല്‍കുന്നു. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന് ഇത്തരമൊരു അത്ഭുതകരമായ തുടക്കം നല്‍കിയതിനും അത് തുടരുന്നതിനും 'മന്‍ കി ബാത്ത്' ശ്രോതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ആരെങ്കിലും ടൂറിസ്റ്റ് ഹബ് ഗോവയെ കുറിച്ച് നിങ്ങളോട് പറയുമ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ വരുന്നത്? ഗോവ എന്ന പേര് വന്നാലുടന്‍ മനോഹരമായ തീരപ്രദേശങ്ങളും, ബീച്ചുകളും, ഇഷ്ടഭക്ഷണ വസ്തുക്കളും മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്.  എന്നാല്‍ ഈ മാസം ഗോവയില്‍ നടന്ന ഒരു സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇന്ന് 'മന്‍ കി ബാത്തില്‍' ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗോവയില്‍ നടന്ന ആ സംഭവമാണ് പര്‍പ്പിള്‍ ഫെസ്റ്റ്. ജനുവരി 6 മുതല്‍ 8 വരെ പനാജിയിലാണ് ഈ ഫെസ്റ്റ് സംഘടിപ്പിച്ചത്. ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള ഒരു അതുല്യമായ ശ്രമമായിരുന്നു ഇത്. പര്‍പ്പിള്‍ ഫെസ്റ്റ് നമ്മുടെ 50,000ത്തിലധികം സഹോദരങ്ങള്‍ പങ്കെടുത്ത  മഹത്തായ ഒരു ഉദ്യമമായിരുന്നു എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുന്നുണ്ടോ. ഇനി 'മീരാമാര്‍ ബീച്ച്' പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുമെന്നത് ഇവിടെയെത്തിയ ദിവ്യാംഗരില്‍ ആവേശമുണര്‍ത്തി. 'മീരാമാര്‍ ബീച്ച്' നമ്മുടെ ദിവ്യാംഗ് സഹോദരീസഹോദരന്മാര്‍ക്ക് ഗോവയിലെ accessible ബീച്ചുകളില്‍ ഒന്നായി മാറിയിരിക്കുന്നു. ക്രിക്കറ്റ് ടൂര്‍ണമെന്റ്, ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ്, മാരത്തണ്‍ മത്സരം എന്നിവയ്‌ക്കൊപ്പം Deaf-blind കണ്‍വെന്‍ഷനും ഇവിടെ സംഘടിപ്പിച്ചിരുന്നു. യുണീക്ക് ബേര്‍ഡ് വാച്ചിംഗ് പ്രോഗ്രാമിന് പുറമെ ഒരു സിനിമയും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടെ എല്ലാ ദിവ്യാംഗ സഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തു. പര്‍പ്പിള്‍ ഫെസ്റ്റിന്റെ ഒരു പ്രത്യേക കാര്യം രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തമായിരുന്നു. ദിവ്യാംഗ് ഫ്രണ്ട്‌ലി ആയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവിടെ പ്രദര്‍ശിപ്പിച്ചു. ദിവ്യാംഗരുടെ ക്ഷേമത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ ഈ ഫെസ്റ്റില്‍ കണ്ടു. പര്‍പ്പിള്‍ ഫെസ്റ്റ് വിജയിപ്പിച്ചതിന്, അതില്‍ പങ്കെടുത്ത എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതോടൊപ്പം, ഇത് സംഘടിപ്പിക്കാന്‍ രാവും പകലും മറന്നു പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു. Accessible ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് അത്തരം പ്രചാരണങ്ങള്‍ വളരെ ഫലപ്രദമാണെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ 'മന്‍ കി ബാത്തില്‍', ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ നിങ്ങള്‍ക്ക് സന്തോഷവും അഭിമാനവും അനുഭവപ്പെടും, നിങ്ങളുടെ മനസ്സ് പറയും  കൊള്ളാം സഹോദരാ കൊള്ളാം!  മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നു! രാജ്യത്തെ ഏറ്റവും പഴയ സയന്‍സ് സ്ഥാപനങ്ങളിലൊന്നായ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അതായത് IISc ഒരു മികച്ച മാതൃക അവതരിപ്പിക്കുന്നു. 'മന്‍ കി ബാത്തില്‍', ഞാന്‍ മുമ്പ് പറഞ്ഞത് പോലെ, ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തിന് പിന്നിലെ  പ്രചോദനം ഇന്ത്യയിലെ രണ്ട് മഹാരഥന്‍മാരായ, ജംഷേഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും ആണ്. എനിക്കും നിങ്ങള്‍ക്കും സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന പ്രോത്സാഹജനകമായ ഒരു കാര്യം 2022-ല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ 145 പേറ്റന്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. എന്താണ് ഇതിനര്‍ത്ഥം - ഓരോ അഞ്ച് ദിവസത്തിലും രണ്ട് പേറ്റന്റുകള്‍. ഈ റെക്കോര്‍ഡ് അത്ഭുതകരമാണ്. ഈ വിജയത്തിന് IIScയുടെ ടീമിനെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇന്നത്തെ ഇന്ത്യയുടെ റാങ്കിംഗ്, Patent filing ല്‍ 7ാം സ്ഥാനത്തും Trade Marks ല്‍ 5ാം സ്ഥാനത്തുമാണ്. പേറ്റന്റിനെക്കുറിച്ച് മാത്രം പറയുകയാണെങ്കില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം വര്‍ധനവുണ്ടായി. ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സിലും ഇന്ത്യയുടെ റാങ്കിംഗ് വളരെയധികം മെച്ചപ്പെട്ടു, ഇപ്പോള്‍ അത് 40-ാം സ്ഥാനത്തെത്തി, 2015-ല്‍, ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തിന് പിന്നിലായിരുന്നു. രസകരമായ ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായി, ആഭ്യന്തര പേറ്റന്റ് ഫയലിംഗിന്റെ എണ്ണം വിദേശ ഫയലിംഗിനെക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ വളരുന്ന ശാസ്ത്രസാധ്യതകള്‍ ഇത് കാണിക്കുന്നു.
സുഹൃത്തുക്കളേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അറിവ് പരമപ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മുടെ Innovators ന്റെയും അവരുടെ പേറ്റന്റുകളുടെയും കരുത്തില്‍ ഇന്ത്യയുടെ Techade എന്ന സ്വപ്നം തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതോടെ, ലോകോത്തര സാങ്കേതിക വിദ്യയും സ്വന്തം രാജ്യത്ത് തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, തെലങ്കാനയില്‍ നിന്നുള്ള എഞ്ചിനീയര്‍ വിജയ്‌യുടെ ഒരു പോസ്റ്റ് ഞാന്‍ NaMoAppല്‍ കണ്ടു. ഇതില്‍ വിജയ് ഇലക്‌ട്രോണിക് മാലിന്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇത് 'മന്‍ കി ബാത്തില്‍' ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. നേരത്തെയും ഈ പരിപാടിയില്‍ നമ്മള്‍ 'വേസ്റ്റ് ടു വെല്‍ത്ത്' എന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍, ഇന്ന് നമുക്ക് ഇ-വേസ്റ്റുമായി  ബന്ധപ്പെട്ട  കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.
സുഹൃത്തുക്കളേ, ഇന്ന് എല്ലാ വീട്ടിലും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ സാധാരണമായിരിക്കുന്നു. അവയുടെ എണ്ണം രാജ്യത്തുടനീളം കോടിക്കണക്കിന് വരും. ഇന്നത്തെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ ഭാവിയിലെ ഇ-വേസ്റ്റ് കൂടിയാണ്. ആരെങ്കിലും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴോ പഴയ ഉപകരണം മാറ്റി വാങ്ങുമ്പോഴോ, അത് ശരിയായ രീതിയില്‍ dispose ചെയ്‌തോ ഇല്ലയോ എന്നത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇ-മാലിന്യം ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ അത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യും. പക്ഷേ, ശ്രദ്ധാപൂര്‍വം ചെയ്താല്‍, റീസൈക്കിള്‍, റീ യൂസ് എന്നിവ വഴിയുള്ള സര്‍ക്കുലര്‍ എക്കണോമിക്ക് ഇത് കരുത്ത് പകരും. പ്രതിവര്‍ഷം 50 ദശലക്ഷം ടണ്‍ ഇ-മാലിന്യം തള്ളപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? മനുഷ്യരാശിയുടെ ചരിത്രത്തില്‍ നിര്‍മ്മിച്ച എല്ലാ Commercial plane കളുടെയും ഭാരം കൂട്ടിച്ചേര്‍ത്താലും നാം പുറത്തു വിടുന്ന ഇ-മാലിന്യത്തിന്റെ അളവ് അതിലും കൂടുതലായിരിക്കും. ഓരോ സെക്കന്‍ഡിലും 800 ലാപ്‌ടോപ്പുകള്‍ വലിച്ചെറിയപ്പെടുന്നതിനു തുല്യമാണിത്. വ്യത്യസ്തമായ പ്രക്രിയകളിലൂടെ ഈ ഇ-മാലിന്യത്തില്‍ നിന്ന് ഏകദേശം 17 തരം വിലയേറിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ഇതില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, നിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ ഇ-മാലിന്യത്തിന്റെ സദുപയോഗം മാലിന്യത്തെ സമ്പത്താക്കുന്നതിന് തുല്യമാണ്. ഈ ദിശയില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ന് കുറവില്ല. ഇന്ന്, ഏകദേശം 500 ഇ-വേസ്റ്റ് റീസൈക്ലറുകള്‍ ഈ മേഖലയിലുണ്ട്. നിരവധി പുതിയ സംരംഭകര്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖല നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഇ-പരിസര അത്തരത്തിലുള്ള ഒരു ശ്രമത്തിലാണ്. ഈ സ്ഥാപനം പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ നിന്ന് വിലയേറിയ ലോഹങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഒരു തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപോലെ, മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന Ecoreco മൊബൈല്‍ ആപ്പ് വഴി ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ എട്ടെറോ റീസൈക്ലിംഗ് ഈ മേഖലയില്‍ നിരവധി പേറ്റന്റുകള്‍ ലോകമെമ്പാടും നേടിയിട്ടുണ്ട്. സ്വന്തമായി ഇവേസ്റ്റ് റീസൈക്ലിംഗ് ടെക്‌നോളജി തയ്യാറാക്കിയതിലൂടെ ഇത് വളരെയധികം പേര് സമ്പാദിച്ചു. മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് 'കബാഡീവാല' വഴിയും ടണ്‍ കണക്കിന് ഇ-മാലിന്യങ്ങളാണ് ഭോപ്പാലില്‍ ശേഖരിക്കുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയെല്ലാം ഇന്ത്യയെ ഒരു ഗ്ലോബല്‍ റീസൈക്ലിംഗ് ഹബ്ബാക്കി മാറ്റാന്‍ സഹായിക്കുന്നു, പക്ഷേ, ഇത്തരം സംരംഭങ്ങളുടെ വിജയത്തിന് ആവശ്യമായ ഒരു വ്യവസ്ഥ കൂടിയുണ്ട്  സുരക്ഷിതമായ, ഉപയോഗപ്രദമായ ഇ-മാലിന്യ നിര്‍മാര്‍ജന രീതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. നിലവില്‍ പ്രതിവര്‍ഷം 15-17 ശതമാനം ഇ-മാലിന്യം മാത്രമാണ് പുനരുപയോഗം ചെയ്യുന്നതെന്ന് ഇ-വേസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഈ ദിശയിലുള്ള ഇന്ത്യയുടെ, മൂര്‍ത്തമായ ശ്രമങ്ങളെക്കുറിച്ച് നമ്മള്‍ തുടര്‍ച്ചയായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യ അതിന്റെ തണ്ണീര്‍ത്തടങ്ങള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടാകും. തണ്ണീര്‍ത്തടങ്ങള്‍ എന്താണെന്ന് ചില ശ്രോതാക്കള്‍ ചിന്തിച്ചേക്കാം. ചതുപ്പുനിലം പോലെയുള്ള ഭൂമിയില്‍ വര്‍ഷം മുഴുവനും വെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങളെയാണ് തണ്ണീര്‍ത്തടങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 2-നാണ് ലോക തണ്ണീര്‍ത്തട ദിനം. നമ്മുടെ ഭൂമിയുടെ നിലനില്‍പ്പിന് തണ്ണീര്‍ത്തടങ്ങള്‍ വളരെ പ്രധാനമാണ്, കാരണം നിരവധി പക്ഷികളും മൃഗങ്ങളും അവയെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നതിനൊപ്പം, വെള്ളപ്പൊക്ക നിയന്ത്രണവും ഭൂഗര്‍ഭജല റീചാര്‍ജും അവ ഉറപ്പാക്കുന്നു. അന്താരാഷ്ട്ര പ്രാധാന്യമുള്ള അത്തരം തണ്ണീര്‍ത്തടങ്ങളാണ് റാംസര്‍ സൈറ്റുകള്‍ എന്ന് നിങ്ങളില്‍ പലരും അറിഞ്ഞിരിക്കണം. തണ്ണീര്‍ത്തടങ്ങള്‍ എതെങ്കിലും ഒരു രാജ്യത്തായിരിക്കാം, പക്ഷേ അവ Ramsar sites ആകുന്നതിന് നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ അവയെ റാംസര്‍ സൈറ്റുകളായി പ്രഖ്യാപിക്കൂ. റാംസര്‍ സൈറ്റുകളില്‍ 20,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജലപക്ഷികള്‍ ഉണ്ടായിരിക്കണം. പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഒരു വലിയ സംഖ്യ ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍, അമൃത് മഹോത്സവത്തില്‍ റാംസര്‍ സൈറ്റുകളുമായി ബന്ധപ്പെട്ട ഒരു നല്ല വിവരം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ മൊത്തം റാംസര്‍ സൈറ്റുകളുടെ എണ്ണം 75 ആയി വര്‍ദ്ധിച്ചു. അതേസമയം, 2014-ന് മുമ്പ് രാജ്യത്ത് 26 റാംസര്‍ സൈറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ജൈവവൈവിധ്യം സംരക്ഷിച്ച പ്രാദേശിക സമൂഹം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നമ്മുടെ ചിരപുരാതന സംസ്‌കാരത്തിനും പാരമ്പര്യത്തിനുമുള്ള ആദരവ് കൂടിയാണിത്. ഇന്ത്യയിലെ ഈ തണ്ണീര്‍ത്തടങ്ങള്‍ നമ്മുടെ പ്രകൃതിദത്തമായ സാധ്യതകളുടെ ഒരു ഉദാഹരണം കൂടിയാണ്. ഒഡീഷയിലെ ചില്‍ക്ക തടാകം 40-ലധികം ഇനം ജലപക്ഷികള്‍ക്ക് അഭയം നല്‍കുന്നു. ലോക്താക്കിലെ കൈബുള്‍ലാംജാ Swamp deer കളുടെ ഏക സ്വാഭാവിക ആവാസകേന്ദ്രമായി കണക്കാക്കപ്പെടുന്നു. തമിഴ്‌നാട്ടിലെ വേഡന്തങ്കലിനെ 2022-ല്‍ റാംസര്‍ സൈറ്റായി പ്രഖ്യാപിച്ചു. ഇവിടുത്തെ പക്ഷികളെ സംരക്ഷിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സമീപത്തെ കര്‍ഷകര്‍ക്കാണ്. കാശ്മീരിലെ പഞ്ചാധ് നാഗ് സമൂഹം അവരുടെ Annual Fruit Blossom Festival നോടനുബന്ധിച്ച് ഗ്രാമത്തിലെ അരുവികള്‍ വൃത്തിയാക്കാന്‍ ഒരു ദിവസം ചെലവഴിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക റാംസര്‍ സൈറ്റുകള്‍ക്കും തനതായ സാംസ്‌കാരിക പൈതൃകമുണ്ട്. മണിപ്പൂരിലെ  ലോക്ക്ടാക്കും പുണ്യ തടാകമായ രേണുകയും അതാതിടങ്ങളിലെ സംസ്‌കാരങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ദുര്‍ഗ്ഗാദേവിയുടെ അവതാരമായ ശാകംഭരി ദേവിയുമായി സാംബാര്‍  തടാകം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളുടെ ഈ വിപുലീകരണം സാധ്യമായത് റാംസര്‍ സൈറ്റുകള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ പ്രയത്‌നം കൊണ്ടാണ്. അത്തരത്തില്‍ പ്രവര്‍ത്തിയക്കുന്ന  എല്ലാവരെയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു, 'മന്‍ കി ബാത്ത്' ശ്രോതാക്കളുടെ പേരില്‍, അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണ നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, കഠിനമായ ശൈത്യകാലമാണ്. ഈ ശൈത്യകാലത്ത്, ആളുകള്‍ പര്‍വതങ്ങളില്‍ മഞ്ഞുവീഴുന്നതും ആസ്വദിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്ന അത്തരം ചില ചിത്രങ്ങള്‍ ജമ്മു കശ്മീരില്‍ നിന്നാണ് വന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുന്നു. മഞ്ഞുമൂടിയിരിക്കുന്നതിനാല്‍, നമ്മുടെ കാശ്മീര്‍ താഴ്‌വര എല്ലാ വര്‍ഷത്തേയുംപോലെ ഇത്തവണയും വളരെ മനോഹരമായിരിക്കുന്നു. ബനിഹാലില്‍ നിന്ന് ബട്ഗാമിലേക്ക് പോകുന്ന ട്രെയിനിന്റെ വീഡിയോയും ആളുകള്‍ പ്രത്യേകം ഇഷ്ടപ്പെടുന്നു. മനോഹരമായ മഞ്ഞുവീഴ്ച, ചുറ്റിലും  മഞ്ഞിന്റെ വെളുത്ത പുതപ്പ്. ഈ ദൃശ്യം യക്ഷിക്കഥകളെപോലും അമ്പരപ്പിക്കുന്നതാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇത് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ ചിത്രങ്ങളല്ല; നമ്മുടെ നാട്ടിലെ കാശ്മീരിന്റെ ചിത്രങ്ങളാണ്.
ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി  'ഈ സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായി എന്താണുള്ളത്?' ഇത് തികച്ചും ശരിയാണ്  അതുകൊണ്ടാണ് കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിളിക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടിട്ട് നിങ്ങളും കാശ്മീരിലേക്ക് ഒരു യാത്ര പോകണമെന്ന് കരുതുന്നുണ്ടാവും. നിങ്ങളും പോകണം ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാശ്മീരിലെ മഞ്ഞുമൂടിയ മലനിരകള്‍ക്കും, പ്രകൃതിഭംഗിക്കുമൊപ്പം കാണാനും അറിയാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കാശ്മീരിലെ സയ്യിദാബാദില്‍ വിന്റര്‍ ഗെയിംസ് സംഘടിപ്പിച്ചു. ആ ഗെയിമുകളുടെ തീം സ്‌നോ ക്രിക്കറ്റ്! ആയിരുന്നു. സ്‌നോ ക്രിക്കറ്റ് കൂടുതല്‍ ആവേശകരമായ ഗെയിമായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്. കശ്മീരി യുവാക്കള്‍ മഞ്ഞില്‍ ക്രിക്കറ്റിനെ കൂടുതല്‍ വിസ്മയിപ്പിക്കുന്നു. ഇതിലൂടെ പിന്നീട് ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന കശ്മീരിയുവതാരങ്ങളെ കണ്ടെടുക്കാനാകും. ഇത് ഒരു തരത്തില്‍ ഖേലോ ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയാണ്. കാശ്മീരി യുവാക്കള്‍ക്കിടയില്‍ കായികരംഗത്ത് വലിയ ആവേശമാണ്. വരും നാളുകളില്‍ ഈ യുവാക്കളില്‍ പലരും രാജ്യത്തിനായി മെഡലുകള്‍ നേടും; ത്രിവര്‍ണ്ണ പതാക പാറി കളിക്കും. അടുത്ത തവണ നിങ്ങള്‍ കാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോള്‍, ഇതുപോലുള്ള പരിപാടികള്‍ കാണാന്‍ സമയം കണ്ടെത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ യാത്രയെ കൂടുതല്‍ അവിസ്മരണീയമാക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, റിപ്പബ്ലിക്കിനെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ തുടരണം. 'പൊതു പങ്കാളിത്തത്തിലൂടെ', 'എല്ലാവരുടെയും പരിശ്രമത്തിലൂടെ', 'രാജ്യത്തോടുള്ള കടമകള്‍ ഓരോരുത്തരും  നിര്‍വ്വഹിക്കുന്നതിലൂടെ' നമ്മുടെ റിപ്പബ്ലിക്ക് ശക്തമാകുന്നു, അത്തരം കര്‍ത്തവ്യ ബോധമുള്ള പോരാളികളുടെ ഉച്ചത്തിലുള്ള ശബ്ദമാണ് നമ്മുടെ 'മന്‍ കി ബാത്ത്' എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അങ്ങനെയുള്ള കര്‍ത്തവ്യ നിരതരായ ആളുകളുടെ രസകരവും പ്രചോദനാത്മകവുമായ കഥകളുമായി അടുത്ത തവണ വീണ്ടും കണ്ടുമുട്ടാം. വളരെയധികം നന്ദി.


-NS-


(Release ID: 1894441) Visitor Counter : 365