പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എന്‍സിസി പിഎം റാലിയെ കരിയപ്പ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


''നിങ്ങള്‍ പ്രതിനിധാനംചെയ്യുന്നത് 'അമൃതതലമുറ'യെയാണ്; അത് വികസിത-സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കും''

''സ്വപ്നങ്ങള്‍ ദൃഢനിശ്ചയമായി മാറുകയും ജീവിതം അതിനായി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ വിജയം സുനിശ്ചിതമാണ്. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങളുടെ സമയമാണ്.''

''ഇന്ത്യയുടെ സമയം വന്നിരിക്കുന്നു'

''യുവശക്തി ഇന്ത്യയുടെ വികസന യാത്രയുടെ ചാലകശക്തിയാണ്''

''യുവാക്കളുടെ ഊര്‍ജവും ഉത്സാഹവും കൊണ്ട് രാജ്യം നിറയുമ്പോള്‍, ആ രാജ്യത്തിന്റെ മുന്‍ഗണനകള്‍ എപ്പോഴും യുവജനങ്ങളായിരിക്കും''

''പ്രതിരോധ സേനകളിലും ഏജന്‍സികളിലും രാജ്യത്തിന്റെ പെണ്‍മക്കള്‍ക്ക് ഇത് വലിയ സാധ്യതകളുടെ സമയമാണ്''


Posted On: 28 JAN 2023 7:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന വാര്‍ഷിക എന്‍സിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. ഈ വര്‍ഷം, എന്‍സിസി അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചടങ്ങില്‍, എന്‍സിസിയുടെ വിജയകരമായ 75 വര്‍ഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക ദിനാചരണ കവറും  പ്രത്യേകമായി അച്ചടിച്ച 75 രൂപ മൂല്യമുള്ള നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ സഞ്ചരിച്ചെത്തിയ 'ഐക്യജ്വാല' പ്രധാനമന്ത്രിക്ക് കൈമാറി. കരിയപ്പ മൈതാനത്ത് ജ്വാല തെളിക്കുകയും ചെയ്തു. രാവും പകലും നീളുന്ന പരിപാടിയായാണ് റാലി സംഘടിപ്പിച്ചത്. കൂടാതെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന വിഷയത്തില്‍ സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചു.  'വസുധൈവ കുടുംബക'മെന്ന ഇന്ത്യയുടെ ശരിയായ മനോഭാവത്തിന്റെ പശ്ചാത്തലത്തില്‍ 19 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 196 ഓഫീസര്‍മാരെയും കേഡറ്റുകളേയും ആഘോഷത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചു.

റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയും എന്‍സിസിയും ഈ വര്‍ഷം തങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി എന്‍സിസിയെ നയിക്കുകയും അതിന്റെ ഭാഗമാകുകയും ചെയ്ത്,  രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കിയവരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. എന്‍സിസി കേഡറ്റുകള്‍ എന്ന നിലയിലും രാജ്യത്തെ യുവാക്കള്‍ എന്ന നിലയിലും അവര്‍ രാജ്യത്തിന്റെ 'അമൃതതലമുറ'യെ പ്രതിനിധാനംചെയ്യുന്നു. അത് വരുന്ന 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും 'വികസിത'-'സ്വയംപര്യാപ്ത' ഭാരതം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കേഡറ്റുകളോട് പറഞ്ഞു. ദിനംപ്രതി 50 കിലോമീറ്റര്‍ വീതമെന്ന നിലയില്‍, കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ 60 ദിവസം കൊണ്ട്, ഐക്യജ്വാല പൂര്‍ത്തിയാക്കിയ കേഡറ്റുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സായാഹ്നത്തിലെ ജ്വാലയും സാംസ്‌കാരിക ഘോഷയാത്രയും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിസി കേഡറ്റുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി, കര്‍ത്തവ്യപഥത്തില്‍ ഇതാദ്യമായി നടന്ന പരേഡിന്റെ പ്രത്യേകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദേശീയ യുദ്ധസ്മാരകം, പൊലീസ് സ്മാരകം, ചുവപ്പുകോട്ടയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മ്യൂസിയം, പ്രധാനമന്ത്രി സംഗ്രഹാലയം, സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, ബി ആര്‍ അംബേദ്കര്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എന്‍സിസി കേഡറ്റുകളോട് അദ്ദേഹം നിര്‍ദേശിച്ചു. അതിലൂടെ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള പ്രചോദനവും പ്രോത്സാഹനവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തെ നയിക്കുന്ന പ്രധാന ഊര്‍ജം യുവാക്കളുടെ കേന്ദ്രീകരണമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''സ്വപ്നങ്ങള്‍ ദൃഢനിശ്ചയമായി മാറുകയും ജീവിതം അതിനായി സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ വിജയം സുനിശ്ചിതമാണ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഇത് പുതിയ അവസരങ്ങളുടെ സമയമാണ്. എവിടെയും ഇന്ത്യയുടെ സമയാണു വന്നിരിക്കുന്നത് എന്നതു വ്യക്തമാണ്. ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഇതിനെല്ലാം കാരണമാകുന്നത് ഇന്ത്യയിലെ യുവാക്കളാണ്''- പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ജി-20 അധ്യക്ഷസ്ഥാനത്തിന്റെ കാര്യത്തില്‍ യുവാക്കള്‍ കാട്ടുന്ന ഉത്സാഹത്തില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.

''യുവാക്കളുടെ ഊര്‍ജവും ഉത്സാഹവും കൊണ്ട് രാജ്യം നിറയുമ്പോള്‍, ആ രാജ്യത്തിന്റെ മുന്‍ഗണനകള്‍ എപ്പോഴും യുവജനങ്ങളായിരിക്കും''- സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ യുവാക്കള്‍ക്ക് സഹായകമായ വേദി ഒരുക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവജനങ്ങള്‍ക്കായി വിവിധ മേഖലകള്‍ തുറക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഡിജിറ്റല്‍ വിപ്ലവമായാലും സ്റ്റാര്‍ട്ടപ്പ് വിപ്ലവമായാലും നവീനാശയ വിപ്ലവമായാലും ഇന്ത്യയിലെ യുവാക്കളാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് ചൂണ്ടിക്കാട്ടി. അസോള്‍ട്ട് റൈഫിളുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പോലും ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിരോധ മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഇന്ത്യ ഇന്ന് നൂറുകണക്കിന് പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുകയാണെന്നും അറിയിച്ചു. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം അത് ഇന്ത്യയിലെ യുവാക്കള്‍ക്ക് അവസരങ്ങളുടെയും സാധ്യതകളുടെയും ഒരു പുതിയ ലോകം തുറക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

യുവാക്കളുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്നതിന്റെ ഗുണപരമായ ഫലങ്ങളുടെ ഉദാഹരണമായി ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങള്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു. യുവപ്രതിഭകള്‍ക്കായി ബഹിരാകാശ മേഖലയുടെ വാതിലുകള്‍ തുറന്നിട്ടപ്പോള്‍, ആദ്യത്തെ സ്വകാര്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം പോലുള്ള മികച്ച ഫലങ്ങള്‍ സംഭവിച്ചു. അതുപോലെ, ഗെയിമിങ്ങും അനിമേഷന്‍ മേഖലയും ഇന്ത്യയിലെ കഴിവുള്ള യുവാക്കളുടെ അവസരങ്ങള്‍ വിപുലപ്പെടുത്തുന്നു. വിനോദവും ലോജിസ്റ്റിക്‌സും മുതല്‍ കൃഷിവരെയുള്ള പുതിയ മേഖലകളും ഡ്രോണ്‍ സാങ്കേതികവിദ്യ ഏറ്റെടുക്കുന്നു.

പ്രതിരോധ സേനകളുമായും ഏജന്‍സികളുമായും സഹകരിക്കാനുള്ള യുവാക്കളുടെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പെണ്‍മക്കള്‍ക്ക് ഇത് വലിയ സാധ്യതകളുടെ സമയമാണെന്ന് പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും സ്ത്രീകളുടെ എണ്ണം ഇരട്ടിയാക്കി. മൂന്ന് സായുധ സേനകളുടെയും മുന്നണിയില്‍ സ്ത്രീകള്‍ക്കായി പാതയൊരുക്കി. നാവികസേനയില്‍ വനിതകളെ നാവികരായി ഇതാദ്യമായി നിയമിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സായുധ സേനയില്‍ സ്ത്രീകള്‍ യുദ്ധമുന്നണിയില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പുണെയിലെ എന്‍ഡിഎയില്‍ പരിശീലനം ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. സൈനിക് സ്‌കൂളുകള്‍ ഇതാദ്യമായി പെണ്‍കുട്ടികള്‍ക്കായി തുറന്നപ്പോള്‍ 1500 കുട്ടികള്‍ക്കു പ്രവേശനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ എന്‍സിസിയില്‍ സ്ത്രീ പങ്കാളിത്തത്തില്‍ സ്ഥിരതയാര്‍ന്ന വര്‍ധന കാണുന്നുണ്ട്.

യുവശക്തിയുടെ ശക്തി ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്നും തീരദേശ മേഖലകളില്‍ നിന്നും ഒരു ലക്ഷത്തിലധികം കേഡറ്റുകളെ ചേര്‍ത്തിട്ടുണ്ടെന്ന് അറിയിക്കുകയും, രാഷ്ട്ര വികസനത്തിനായി ഇത്രയധികം യുവാക്കള്‍ ഒത്തുചേര്‍ന്നാല്‍ ഒരു ലക്ഷ്യവും വിജയിക്കാതെ അവശേഷിക്കില്ലെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. കേഡറ്റുകള്‍ വ്യക്തിപരമായും ഒരു സ്ഥാപനം എന്ന നിലയിലും രാജ്യത്തിന്റെ വികസനത്തില്‍ തങ്ങളുടെ പങ്ക് വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ധീരര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പാത സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് രാജ്യത്തിന് വേണ്ടി ജീവിക്കാനുള്ള ഇച്ഛാശക്തിയാണ് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഭിന്നതകള്‍ വിതയ്ക്കാനും ജനങ്ങള്‍ക്കിടയില്‍ വിടവു സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പ് നല്‍കി. ''അത്തരം ശ്രമങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഒരിക്കലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകില്ല''- അദ്ദേഹം പറഞ്ഞു. ''മാ കേ ദൂധ് മേം കഭി ദരാര്‍ നഹി ഹോ ശക്തി''. ''ഐക്യത്തിന്റെ ഈ മന്ത്രമാണ് ആത്യന്തിക മറുമരുന്ന്. ഐക്യത്തിന്റെ മന്ത്രം പ്രതിജ്ഞയും ഇന്ത്യയുടെ കരുത്തുമാണ്. ഇന്ത്യക്കു പ്രൗഢി കൈവരിക്കാനുള്ള ഏക മാര്‍ഗവും ഇതാണ്''- പ്രധാനമന്ത്രി പറഞ്ഞു.

ഇത് ഇന്ത്യയുടെ അമൃതകാലം മാത്രമല്ല, ഇന്ത്യയിലെ യുവാക്കളുടെ അമൃത കാലം കൂടിയാണെന്നും രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിജയങ്ങളുടെ കൊടുമുടിയില്‍ യുവാക്കളായിരിക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''നാം ഒരവസരവും നഷ്ടപ്പെടുത്തരുത്; ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകണം''- ശ്രീ മോദി ഉപസംഹരിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്, ഡിജി എന്‍സിസി ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബീര്‍പാല്‍ സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി, പ്രതിരോധ സെക്രട്ടറി ശ്രീ ഗിര്‍ധര്‍ അമമാനെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

Addressing the NCC rally in Delhi. We are proud of the determination of the cadets. https://t.co/9QkgIrXELa

— Narendra Modi (@narendramodi) January 28, 2023

India is extremely proud of the determination and spirit of service of the NCC cadets. pic.twitter.com/mS78KOUiys

— PMO India (@PMOIndia) January 28, 2023

Yuva Shakti is the driving force of India's development journey. pic.twitter.com/6Cj4DZDxL2

— PMO India (@PMOIndia) January 28, 2023

हर तरफ एक ही चर्चा है कि भारत का समय आ गया है, India’s time has arrived. pic.twitter.com/GK7BPvifb4

— PMO India (@PMOIndia) January 28, 2023

New sectors are being opened for the country's youth. pic.twitter.com/hgIPiAqMBm

— PMO India (@PMOIndia) January 28, 2023

*****

-NS--


(Release ID: 1894395) Visitor Counter : 158