പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


“നമ്മുടെ യുവശക്തിയുടെ ‘ചെയ്യാൻ കഴിയു’മെന്ന മനോഭാവം ഏവർക്കും പ്രചോദനമാണ്”



“അമൃതകാലത്തു രാജ്യത്തെ മുന്നോട്ടു നയിക്കാൻ നമ്മുടെ കടമകൾ തിരിച്ചറിയുകയും അവയ്ക്ക് ഊന്നൽനൽകുകയും വേണം”



“യുവശക്തിയാണ് ഇന്ത്യയുടെ യാത്രയുടെ ചാലകശക്തി. രാജ്യം കെട്ടിപ്പടുക്കുന്നതിൽ അടുത്ത 25 വർഷം പ്രാധാന്യമർഹിക്കുന്നു”



“ചെറുപ്പമാകുക എന്നാൽ നമ്മുടെ ശ്രമങ്ങളിൽ ചലനാത്മകത കൊണ്ടുവരലാണ്. ചെറുപ്പമാകുക എന്നാൽ നമ്മുടെ കാഴ്ചപ്പാടു വിശാലമാക്കലാണ്. ചെറുപ്പമാകുക എന്നാൽ പ്രായോഗികമാകലാണ്”



“ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്നു ലോകം പറയുന്നു. ഇതു നിങ്ങളുടെ നൂറ്റാണ്ടാണ്; ഇന്ത്യയുടെ യുവതയുടെ നൂറ്റാണ്ട്”



“യുവാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിന്, നാം ശുഭകരമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതും വികസിതരാജ്യങ്ങളെപ്പോലും മുന്നോട്ടുനയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്”



“സ്വാമി വിവേകാനന്ദന്റെ ഇരട്ട സന്ദേശങ്ങളായ സ്ഥാപനവും നവീകരണവും ഓരോ യുവാക്കളുടെയും ജീവിതത്തിന്റെ ഭാഗമാകണം”



“വികസിത ഭാരതം, ശക്തമായ ഭാരതം എന്നതാണ് ഇന്നു രാജ്യത്തിന്റെ ലക്ഷ്യം”


Posted On: 12 JAN 2023 6:56PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്തു. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്.  ‘വികസിത യുവത - വികസിത ഭാരതം’ എന്നതാണു മേളയുടെ പ്രമേയം.  ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കുകയും ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും. 

കർണാടകത്തിലെ ഹുബ്ബള്ളി മേഖല സംസ്കാരത്തിനും പാരമ്പര്യത്തിനും അറിവിനും പേരുകേട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇവിടെനിന്നു നിരവധി മഹാരഥർ ജ്ഞാനപീഠപുരസ്കാരത്തിന് അർഹരായിട്ടുണ്ട്. പണ്ഡിറ്റ് കുമാർ ഗന്ധർവ്, പണ്ഡിറ്റ് ബസവരാജ് രാജ്ഗുരു, പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ, ഭാരതരത്ന ഭീംസെൻ ജോഷി, പണ്ഡിത ഗംഗുഭായ് ഹംഗൽ തുടങ്ങിയ നിരവധി മികച്ച സംഗീതജ്ഞരെ ഈ പ്രദേശം സൃഷ്ടിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി ഈ വ്യക്തികൾക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുകയുംചെയ്തു. 

2023ലെ ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി, ഒരുവശത്ത്, നമുക്ക് അതിമനോഹരമായ ദേശീയ യുവജനോത്സവവും മറുവശത്ത്, ആസാദി കാ അമൃത് മഹോത്സവും ഉണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ പ്രയത്നിക്കുക”- സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിലെ യുവാക്കളുടെ ജീവിതതത്വമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ അമൃതകാലത്തു രാജ്യത്തെ മുന്നോട്ടു നയിക്കാൻ നമ്മുടെ കടമകൾ തിരിച്ചറിയണമെന്നും അവയ്ക്ക് ഊന്നൽനൽകണമെന്നും പറഞ്ഞു. ഈ ഉദ്യമത്തിൽ ഇന്ത്യയിലെ യുവാക്കൾ സ്വാമി വിവേകാനന്ദനിൽനിന്നു പ്രചോദനം ഉൾക്കൊണ്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഈ സവിശേഷവേളയിൽ സ്വാമി വിവേകാനന്ദന്റെ പാദങ്ങൾക്കുമുന്നിൽ ഞാൻ ശിരസു നമിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ അന്തരിച്ച ശ്രീ സിദ്ധേശ്വര സ്വാമിക്കും പ്രധാനമന്ത്രി ആദരാഞ്ജലിയർപ്പിച്ചു. 

കർണാടകവുമായി സ്വാമി വിവേകാനന്ദനുള്ള ബന്ധത്തെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. സ്വാമിജി പലതവണ കർണാടകം സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ചിക്കാഗോ സന്ദർശനത്തിനു പ്രധാന പിന്തുണ നൽകിയവരിൽ ‌ഒരാൾ മൈസൂർ മഹാരാജാവായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. “സ്വാമിയുടെ ഭാരതഭ്രമണം രാഷ്ട്ര ബോധത്തിന്റെ ഐക്യത്തിനു സാക്ഷ്യംവഹിക്കുന്നു. ഇത് ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന മനോഭാവത്തിന്റെ അനശ്വര ഉദാഹരണമാണ്”- അദ്ദേഹം പറഞ്ഞു. 

“യുവത്വത്തിന്റെ ശക്തി നമുക്കുണ്ടാകുമ്പോൾ ഭാവിയുടെയും രാജ്യത്തിന്റെയും വികസനം എളുപ്പമാകും”- സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു.  രാഷ്ട്രത്തോടുള്ള തങ്ങളുടെ കടമകൾക്കു മുൻതൂക്കം നൽകുകയും വളരെ ചെറുപ്പത്തിൽതന്നെ അസാധാരണ നേട്ടങ്ങൾ കൈവരിക്കുകയുംചെയ്ത നിരവധി വ്യക്തിത്വങ്ങളെ കർണാടകം  രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റൂർ മഹാറാണി ചിന്നമ്മയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിശ്ചയദാർഢ്യം തകർത്തെറിഞ്ഞ സംഗൊല്ലി രായണ്ണയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പതിനാലാം വയസിൽ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച നാരായണ മഹാദേവ് ഡോണിയെക്കുറിച്ചും പരാമർശിച്ചു. സിയാച്ചിനിലെ -55 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിച്ച ലാൻസ് നായിക് ഹനുമന്തപ്പ കോപ്പാഡിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യൻ യുവാക്കൾ പുതിയ കുതിപ്പു കൈവരിക്കുകയാണെന്നു രാജ്യത്തിന്റെ ബഹുമുഖപ്രതിഭകളെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 

മാറുന്ന കാലത്തിന്റെ വെളിച്ചത്തിൽ ദേശീയ ലക്ഷ്യങ്ങളുടെ മാറുന്ന സ്വഭാവം ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി. എന്തെന്നാൽ, ഇന്ന് ഇന്ത്യ വലിയ യുവജനസംഖ്യയുള്ള യുവത്വമാർന്ന രാജ്യമാണ്. “യുവശക്തിയാണ് ഇന്ത്യയുടെ യാത്രയുടെ ചാലകശക്തി”- പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കെട്ടിപ്പടുക്കുന്നതിൽ അടുത്ത 25 വർഷം പ്രാധാന്യമർഹിക്കുന്നു. യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും, ഇന്ത്യയുടെ ദിശയും ലക്ഷ്യവും തീരുമാനിക്കുന്നു. യുവശക്തിയുടെ അഭിനിവേശം ഇന്ത്യയുടെ പാത നിർണയിക്കുന്നു. ഈ യുവശക്തിയെ പ്രയോജനപ്പെടുത്താൻ നാം നമ്മുടെ ചിന്തകളിലും പ്രയത്നങ്ങളിലും ചെറുപ്പമായിരിക്കണം! ചെറുപ്പമാകുക എന്നാൽ നമ്മുടെ ശ്രമങ്ങളിൽ ചലനാത്മകത കൊണ്ടുവരലാണ്. ചെറുപ്പമാകുക എന്നാൽ നമ്മുടെ കാഴ്ചപ്പാടു വിശാലമാക്കലാണ്. ചെറുപ്പമാകുക എന്നാൽ പ്രായോഗികമാകലാണ്! പ്രതിവിധികൾതേടി ലോകം നമ്മെ നോക്കുന്നുവെങ്കിൽ അതു നമ്മുടെ ‘അമൃത’തലമുറയുടെ അർപ്പണബോധത്താലാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യ ഇന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും “അതിനെ ആദ്യ മൂന്നിലെത്തിക്കുകയാണു ഞങ്ങളുടെ ലക്ഷ്യ”മെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക-കായിക മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി ആവർത്തിക്കുകയും ഈ മാറ്റത്തിനു യുവാക്കളുടെ ശക്തിയെ പ്രകീർത്തിക്കുകയുംചെയ്തു. രാഷ്ട്രചരിത്രത്തിലെ ഈ കാലത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, കായികമേഖല, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ ശക്തമായ അടിത്തറ പാകിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. “നിങ്ങളുടെ ടേക്ക് ഓഫിന് റൺവേ തയ്യാറാണ്! ഇന്ന് ഇന്ത്യയ‌ിലും യുവജനങ്ങളിലും  വലിയ ശുഭാപ്തിവിശ്വാസമാണു ലോകത്തിനുള്ളത്. ഈ ശുഭാപ്തിവിശ്വാസം നിങ്ങളെക്കുറിച്ചാണ്. ഈ ശുഭാപ്തിവിശ്വാസം നിങ്ങൾ കാരണമാണ്. ഈ ശുഭാപ്തിവിശ്വാസം നിങ്ങൾക്കുള്ളതാണ്! ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് ഇന്നു ലോകം പറയുന്നു. ഇതു നിങ്ങളുടെ നൂറ്റാണ്ടാണ്; ഇന്ത്യയുടെ യുവത്വത്തിന്റെ നൂറ്റാണ്ട്! ശുഭാപ്തിവിശ്വാസവും അവസരവും ഒത്തുചേരുന്ന ചരിത്രവേളയാണിത്”- അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ കരുത്തു നിലനിർത്തുന്നതിൽ സ്ത്രീശക്തിയുടെ പങ്കു വ്യക്തമാക്കിയ പ്രധാനമന്ത്രി, സായുധസേനയിലും ബഹിരാകാശ സാങ്കേതികവിദ്യയിലും ബഹിരാകാശ‌-കായികമേഖലകളിലും മികവുകാട്ടുന്ന വനിതകളെക്കുറിച്ചു പരാമർശിക്കുകയുംചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കുന്നതിനുള്ള ഭാവിചിന്തയുടെയും സമീപനത്തിന്റെയും പ്രാധാന്യവും ശ്രീ മോദി ചൂണ്ടിക്കാട്ടി. “യുവാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിന്, നാം ശുഭകരമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതും വികസിതരാജ്യങ്ങളെപ്പോലും മുന്നോട്ടുനയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്”- അദ്ദേഹം പറഞ്ഞു. അത്യാധുനികമേഖലകൾ പരാമർശിച്ച്,  ഇപ്പോൾ നിലവിലില്ലാത്ത ജോലികൾ പോലും ഭാവിയിൽ നമ്മുടെ യുവാക്കളുടെ മുഖ്യധാരാ പ്രൊഫഷനുകളായിരിക്കുമെന്നും, അതിനാൽ, നമ്മുടെ യുവാക്കൾ ഭാവിനൈപുണ്യത്തിനായി തയ്യാറെടുക്കേണ്ടതു പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസനയത്തിലൂടെ ഉയർന്നുവരുന്ന പ്രായോഗികവും ഭാവിക്കനുയോജ്യവുമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഈ ലോകത്ത് ഓരോ യുവാക്കളുടെയും ജീവിതത്തിന്റെ ഭാഗമാകേണ്ട സ്വാമി വിവേകാനന്ദന്റെ രണ്ടു സന്ദേശങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. “ഈ രണ്ടു സന്ദേശങ്ങൾ സ്ഥാപനങ്ങളും നവീകരണവുമാണ്!” അദ്ദേഹം പറഞ്ഞു. നമ്മുടെ ആശയം വിപുലീകരിക്കുകയും ഒത്തിണക്കത്തോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഒരു സ്ഥാപനം രൂപപ്പെടുന്നത് എന്നു പ്രധാനമന്ത്രി വിശദീകരിച്ചു. വ്യക്തിപരമായ വിജയം ടീമിന്റെ വിജയത്തിന്റെ രൂപത്തിൽ വർധിപ്പിക്കണമെന്ന് ഇന്നത്തെ ഓരോ യുവാക്കളോടും അദ്ദേഹം അഭ്യർഥിച്ചു. “ഈ ‌ഒത്തിണക്കം വികസിത ഇന്ത്യയെ ‘ടീം ഇന്ത്യ’ ആയി മുന്നോട്ടു കൊണ്ടുപോകും”- പ്രധാനമന്ത്രി പറഞ്ഞു. 

സ്വാമി വിവേകാനന്ദന്റെ നവീകരണ ആശയത്തിലേക്കു വെളിച്ചംവീശി, ഓരോ പ്രവൃത്തിയും പരിഹാസം, പ്രതിഷേധം, സ്വീകാര്യത എന്നീ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പണമിടപാടുകൾ, ശുചിത്വഭാരതയജ്ഞം, ജൻധൻ യോജന, തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിൻ എന്നിവ പ്രധാനമന്ത്രി ഉദാഹരണങ്ങളാക്കി. ഇതെല്ലാം ആദ്യമായി അവതരിപ്പിച്ചപ്പോൾ അതു പരിഹസിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യ ഡിജിറ്റൽ പണമിടപാടുകളിൽ ലോകത്തിൽതന്നെ മുന്നിലാണെന്നും ജൻധൻ അക്കൗണ്ടുകൾ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയ ശക്തിയായി മാറിയെന്നും വാക്സിനുകളുടെ മേഖലയിലെ ഇന്ത്യയുടെ നേട്ടം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് എന്തെങ്കിലും പുതിയ ആശയമുണ്ടെങ്കിൽ, നിങ്ങളെ പരിഹസിക്കുകയോ എതിർക്കുകയോ ചെയ്തേക്കാമെന്ന് ഓർക്കുക. എന്നാൽ നിങ്ങളുടെ ആശയത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അതിൽ ഉറച്ചുനിൽക്കുക. അതിൽ വിശ്വാസമർപ്പിക്കുക” - പ്രധാനമന്ത്രി പറഞ്ഞു. 

യുവാക്കളെ ഒപ്പംകൂട്ടി നിരവധി പുതിയ ശ്രമങ്ങളും പരീക്ഷണങ്ങളും രാജ്യത്തു നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. മത്സരാധിഷ്ഠിതവും സഹകരണാധിഷ്ഠിതവുമായ ഫെഡറലിസത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടി, ദേശീയ യുവജനോത്സവത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ജയിക്കുന്നത് ഇന്ത്യയായിരിക്കുമെന്നതിനാൽ ആരു ജയിച്ചാലും പ്രശ്നമില്ലെന്നും ഇവിടുത്തെ യുവാക്കൾ പരസ്പരം മത്സരിക്കുക മാത്രമല്ല സഹകരിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിന്റെയും സഹകരണത്തിന്റെയും ഈ മനോഭാവം മുന്നോട്ടുവച്ച്, രാജ്യത്തിന്റെ വിജയമാണു നമ്മുടെ വിജയം അളക്കുന്നത് എന്ന ചിന്ത വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 

“വികസിത ഇന്ത്യ, ശക്തമായ ഇന്ത്യ എന്നതാണ് ഇന്നു രാജ്യത്തിന്റെ ലക്ഷ്യം!”- പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യയെന്ന സ്വപ്നം പൂർത്തീകരിക്കുന്നതുവരെ നമുക്കു പ്രയത്നങ്ങൾ അവസാനിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ യുവാക്കളും ഈ സ്വപ്നം തങ്ങളുടേതാക്കുമെന്നും രാജ്യത്തിന്റെ ഉത്തരവാദിത്വം അവരുടേതായിക്കാണുമെന്നും പറഞ്ഞാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. 

കർണാടക ഗവർണർ  ശ്രീ. താവർ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ശ്രീ. ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ ശ്രീ. അനുരാഗ് സിങ് താക്കൂർ, ശ്രീ. നിസിത് പ്രമാണിക്, കർണാടക മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം: 

കഴിവുറ്റ നമ്മുടെ യുവാക്കളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നതിനും രാഷ്ട്രനിർമാണത്തിനു പ്രചോദിപ്പിക്കുന്നതിനുമായാണ് എല്ലാക്കൊല്ലവും ദേശീയ യുവജനോത്സവം നടത്തുന്നത്. ഇതു രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കും. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും. ഈ വർഷം, ജനുവരി 12 മുതൽ 16 വരെ കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിലാണു “വികസിത യുവത - വികസിത ഭാരതം” എന്ന പ്രമേയത്തിലൂന്നി മേള നടക്കുന്നത്. 

യുവജനസമ്മേളനത്തിനും മേള സാക്ഷ്യംവഹിക്കും. ഇതു ജി20, വൈ20 പരിപാടികളിൽനിന്ന് ഉരുത്തിരിഞ്ഞ അഞ്ചു വിഷയങ്ങളിൽ പ്ലീനറി ചർച്ചകൾക്കു വേദിയാകും. തൊഴിലിന്റെ ഭാവിയും വ്യവസായവും നവീനാശയങ്ങളും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൈദഗ്ധ്യങ്ങൾ; കാലാവസ്ഥാവ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും; സമാധാനം സൃഷ്ടിക്കലും അനുരഞ്ജനവും; ജനാധിപത്യത്തിലെയും ഭരണത്തിലെയും ഭാവി-യുവ പങ്കാളിത്തം; ആരോഗ്യവും ക്ഷേമവും എന്നിവയാണവ. അറുപതിലധികം വിദഗ്ധർ ഉച്ചകോടിയിൽ പങ്കാളികളാകും. മത്സരാധിഷ്ഠിതവും അല്ലാത്തതുമായ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. മത്സരപരിപാടികളിൽ നാടോടിനൃത്തങ്ങളും പാട്ടുകളും ഉൾപ്പെടും. ഒപ്പം, പ്രാദേശിക പരമ്പരാഗത സംസ്കാരങ്ങൾക്കും പ്രചോദനമേകും. പത്തുലക്ഷത്തോളംപേർ അണിനിരക്കുന്ന ‘യോഗത്തോൺ’ മത്സരേതര പരിപാടികളുടെ ഭാഗമാകും. ദേശീയതലത്തിലുള്ള കലാകാരന്മാർ തദ്ദേശീയമായ എട്ടു കായിക ഇനങ്ങളും ആയോധനകലകളും അവതരിപ്പിക്കും. ഭക്ഷ്യമേള, യുവകലാക്യാമ്പ്, സാഹസിക-കായിക പ്രവർത്തനങ്ങൾ, ‘നിങ്ങളുടെ കര-നാവിക-വ്യോമ സേനകളെ തിരിച്ചറിയൂ’ പ്രത്യേക ക്യാമ്പുകൾ എന്നിവയാണു മറ്റ് ആകർഷണങ്ങൾ.

 

 

The 'can do' spirit of our Yuva Shakti inspires everyone. Addressing National Youth Festival in Hubballi, Karnataka. https://t.co/dIgyudNblI

— Narendra Modi (@narendramodi) January 12, 2023

The National Youth Festival in 2023 is very special. pic.twitter.com/reQ7T1LWHB

— PMO India (@PMOIndia) January 12, 2023

India's talented Yuva Shakti amazes the entire world. pic.twitter.com/c8CDvIMPbW

— PMO India (@PMOIndia) January 12, 2023

Yuva Shakti is the driving force of India’s journey!

The next 25 years are important for building the nation. pic.twitter.com/SlOUVe5dRa

— PMO India (@PMOIndia) January 12, 2023

India's youth is the growth engine of the country. pic.twitter.com/ZjA13meoU5

— PMO India (@PMOIndia) January 12, 2023

You are a special generation: PM @narendramodi to India's Yuva Shakti pic.twitter.com/WAuXvQbkAK

— PMO India (@PMOIndia) January 12, 2023

It is the century of India’s youth! pic.twitter.com/9GkqePm7ev

— PMO India (@PMOIndia) January 12, 2023

This is a historic time – when optimism and opportunity are coming together. pic.twitter.com/PoMU8B6lKL

— PMO India (@PMOIndia) January 12, 2023

India's Nari Shakti has strengthened the nation. pic.twitter.com/ViwUBNtD0u

— PMO India (@PMOIndia) January 12, 2023

We have to make 21st century India's century. pic.twitter.com/Rv0Cm2NQB6

— PMO India (@PMOIndia) January 12, 2023

*****

ND


(Release ID: 1890842) Visitor Counter : 211