പ്രധാനമന്ത്രിയുടെ ഓഫീസ്
26-ാം ദേശീയ യുവജനോത്സവം കർണാടകത്തിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി ജനുവരി 12ന് ഉദ്ഘാടനം ചെയ്യും
‘വികസിത് യുവ - വികസിത് ഭാരത്’ എന്നതാണു മേളയുടെ പ്രമേയം
തൊഴിലും വ്യവസായവും നവീനാശയങ്ങളും; കാലാവസ്ഥാവ്യതിയാനം; ആരോഗ്യം; സമാധാനം; ഭാവി പങ്കിടൽ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകൾ ഉൾക്കൊള്ളുന്ന അഞ്ചു പ്രമേയങ്ങളിലെ ചർച്ചകൾക്കു യുവജനസമ്മേളനം സാക്ഷ്യംവഹിക്കും
പ്രാദേശിക പാരമ്പര്യ സംസ്കാരങ്ങൾക്ക് ഊർജം പകരുകയെന്ന കാഴ്ചപ്പാടോടെയാണു മത്സരപരിപാടികൾ സംഘടിപ്പിക്കുന്നത്
പത്തുലക്ഷത്തോളം പേരെ യോഗയ്ക്കായി അണിനിരത്തുന്ന ‘യോഗത്തോൺ’ മേളയുടെ പ്രധാന ആകർഷണമാകും
തദ്ദേശീയമായ എട്ടു കായിക ഇനങ്ങളും ആയോധനകലകളും ദേശീയതലത്തിലുള്ള കലാകാരന്മാർ അവതരിപ്പിക്കും
Posted On:
10 JAN 2023 3:34PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജനുവരി 12ന് 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്യും. വൈകിട്ടു 4നു കർണാടകത്തിലെ ഹുബ്ബള്ളിയിലാണു പരിപാടി. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്.
കഴിവുറ്റ നമ്മുടെ യുവാക്കളെ ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നതിനും രാഷ്ട്രനിർമാണത്തിനു പ്രചോദിപ്പിക്കുന്നതിനുമായാണ് എല്ലാക്കൊല്ലവും ദേശീയ യുവജനോത്സവം നടത്തുന്നത്. ഇതു രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കും. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും. ഈ വർഷം, ജനുവരി 12 മുതൽ 16 വരെ കർണാടകത്തിലെ ഹുബ്ബള്ളി-ധാർവാഡിലാണു “വികസിത് യുവ - വികസിത് ഭാരത്” എന്ന പ്രമേയത്തിലൂന്നി മേള നടക്കുന്നത്.
യുവജനസമ്മേളനത്തിനും മേള സാക്ഷ്യംവഹിക്കും. ഇതു ജി20, വൈ20 പരിപാടികളിൽനിന്ന് ഉരുത്തിരിഞ്ഞ അഞ്ചു വിഷയങ്ങളിൽ പ്ലീനറി ചർച്ചകൾക്കു വേദിയാകും. തൊഴിലിന്റെ ഭാവിയും വ്യവസായവും നവീനാശയങ്ങളും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വൈദഗ്ധ്യങ്ങൾ; കാലാവസ്ഥാവ്യതിയാനവും ദുരന്തസാധ്യത കുറയ്ക്കലും; സമാധാനം സൃഷ്ടിക്കലും അനുരഞ്ജനവും; ജനാധിപത്യത്തിലെയും ഭരണത്തിലെയും ഭാവി-യുവ പങ്കാളിത്തം; ആരോഗ്യവും ക്ഷേമവും എന്നിവയാണവ. അറുപതിലധികം വിദഗ്ധർ ഉച്ചകോടിയിൽ പങ്കാളികളാകും. മത്സരാധിഷ്ഠിതവും അല്ലാത്തതുമായ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. മത്സരപരിപാടികളിൽ നാടോടിനൃത്തങ്ങളും പാട്ടുകളും ഉൾപ്പെടും. ഒപ്പം, പ്രാദേശിക പരമ്പരാഗത സംസ്കാരങ്ങൾക്കും പ്രചോദനമേകും. പത്തുലക്ഷത്തോളംപേർ അണിനിരക്കുന്ന ‘യോഗത്തോൺ’ മത്സരേതര പരിപാടികളുടെ ഭാഗമാകും. ദേശീയതലത്തിലുള്ള കലാകാരന്മാർ തദ്ദേശീയമായ എട്ടു കായിക ഇനങ്ങളും ആയോധനകലകളും അവതരിപ്പിക്കും. ഭക്ഷ്യമേള, യുവകലാക്യാമ്പ്, സാഹസിക-കായിക പ്രവർത്തനങ്ങൾ, ‘നിങ്ങളുടെ കര-നാവിക-വ്യോമ സേനകളെ തിരിച്ചറിയൂ’ പ്രത്യേക ക്യാമ്പുകൾ എന്നിവയാണു മറ്റ് ആകർഷണങ്ങൾ.
--ND--
(Release ID: 1890022)
Visitor Counter : 146
Read this release in:
Assamese
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada