മന്ത്രിസഭ

15-ാം ധനകാര്യ കമ്മീഷന്റെ (2022-23 മുതൽ 2025-26 വരെ) ശേഷിക്കുന്ന കാലയളവിൽ 12,882.2 കോടി രൂപ മുതൽമുടക്കുള്ള വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയത്തിന്റെ പദ്ധതികളുടെ തുടർച്ചയ്ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 05 JAN 2023 4:08PM by PIB Thiruvananthpuram

15-ാം ധനകാര്യ കമ്മീഷന്റെ (2022-23 മുതൽ  2025-26 വരെ) ശേഷിക്കുന്ന കാലയളവിലേക്ക് 12,882.2 കോടി രൂപ മുതൽമുടക്കുള്ള വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയത്തിന്റെ പദ്ധതികൾ തുടരുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

എക്സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ (ഇഎഫ്‌സി) നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, നിലവിൽ തുടർന്നുപോകുന്ന പദ്ധതികളുടെ ബാധ്യത ഉൾപ്പെടെ, വടക്ക്-കിഴക്കൻ പ്രത്യേക അടിസ്ഥാനസൗകര്യവികസന പദ്ധതിയുടെ (എൻഇഎസ്ഐഡിഎസ്) വിഹിതം 8139.5 കോടി രൂപയായിരിക്കും. 3202.7 കോടി രൂപയാണ് എൻഇസി പദ്ധതികൾക്കുള്ള മുതൽമുടക്ക്. അസമിലെ ബിടിസി, ഡിഎച്ച്എടിസി, കെഎഎടിസി എന്നീ പ്രത്യേക പാക്കേജുകൾക്കുള്ള ചെലവ് 1540 രൂപയാണ് (ബിടിസി- 500 കോടി രൂപ, കെഎടിസി – 750 കോടി രൂപ, ബിടിസി, ഡിഎച്ച്എടിസി & കെഎഎടിസി എന്നിവയുടെ പഴയ പാക്കേജുകൾക്ക്– 290 കോടി രൂപ). 100% കേന്ദ്ര ധനസഹായത്തോടെയുള്ള കേന്ദ്രമേഖലാ പദ്ധതിയായ എൻഇഎസ്ഐഡിഎസ്, എൻഇഎസ്ഐഡിഎസ് (റോഡുകൾ), എൻഇഎസ്ഐഡിഎസ് (ഗതാഗതവികസനം ഒഴികെ) എന്നീ രണ്ട് വിഭാഗങ്ങളായി പുനഃക്രമീകരിച്ചിട്ടുണ്ട്.

"വടക്ക് കിഴക്കൻ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം - പിഎം-ഡിവൈൻ" (6, 600 കോടി രൂപ അടങ്കൽ)   എന്ന മന്ത്രാലയത്തിന്റെ പുതിയ പദ്ധതിയ്ക്ക് 2022 ഒക്ടോബറിൽ പ്രത്യേക അംഗീകാരം നൽകിയിയിരുന്നു. അടിസ്ഥാനസൗകര്യം, സാമൂഹ്യവികസനം, ഉപജീവന മേഖലകൾ എന്നിവ പദ്ധതിയുടെ കീഴിൽ വരുന്നു.

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രയത്നങ്ങൾക്ക് അനുബന്ധമായി പ്രവർത്തിക്കുക എന്നതിനൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കും, സുതാര്യമായ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കും പൂരകമായി വർത്തിക്കുക എന്നതാണ് എംഡോണെർ പദ്ധതികളുടെ ലക്ഷ്യങ്ങൾ. യാത്രാസൗകര്യങ്ങളും സാമൂഹിക മേഖലയിലെ പോരായ്മകൾ ലഘൂകരിക്കലും മേഖലയിലെ ഉപജീവനവും തൊഴിലവസരങ്ങളുടെ വർധനയും അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പടെയുള്ള പദ്ധതി ഏറ്റെടുത്തുകൊണ്ട്, എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവശ്യ വികസന പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാൻ എംഡോണെർ പദ്ധതികൾ സഹായിക്കുന്നു.

15-ാം ധനകാര്യ കമ്മീഷന്റെ ശേഷിക്കുന്ന കാലയളവിലെ (2025-26 വരെ) അംഗീകൃത പദ്ധതികളുടെ വിപുലീകരണത്തിലൂടെ,
പദ്ധതികൾ നടപ്പിലാക്കുന്നതിന് മികച്ച ആസൂത്രണം പ്രാപ്തമാക്കുക,
പദ്ധതി അനുമതിയ്ക്ക് മുൻകൂട്ടി ധനം വകയിരുത്തുക,  കൂടാതെ
കാലാവധിക്കുള്ളിൽ തന്നെ പദ്ധതി നടപ്പാക്കുക
എന്നിവ ലക്ഷ്യമിടുന്നു.

2025-26 ഓടെ പരമാവധി പദ്ധതികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതിലൂടെ ഈ വർഷത്തിന് ശേഷമുള്ള ബാധ്യതകളിൽ കുറവുണ്ടാകും. അതിനാൽ, പ്രാഥമികമായി 2022-23, 2023-24 വർഷങ്ങളിൽ പദ്ധതികൾക്ക് പുതിയ അനുമതി ലഭ്യമാക്കുന്നതിനൊപ്പം, 2024-25 ലും 2025-26 ലും ചെലവ് വഹിക്കുന്നത് തുടരും. നിലവിൽ അനുവദിച്ചിട്ടുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ബദ്ധശ്രദ്ധരായി പ്രവർത്തിക്കും.

സ്വയംപര്യാപ്ത ഇന്ത്യക്കായുള്ള ആത്മനിർഭർ ഭാരത് അഭിയാന്റെ അഞ്ച് സ്തംഭങ്ങൾക്ക് (സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യങ്ങൾ, വ്യവസ്ഥിതി, ഊർജസ്വലതയുള്ള ജനം, ആവശ്യകത) പദ്ധതി ബലമേകും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടെ പ്രധാനമന്ത്രി 50-ലധികം തവണയും, 74 മന്ത്രിമാർ 400-ലധികം തവണയും വടക്ക് കിഴക്കൻ മേഖലയിൽ സന്ദർശനം നടത്തി.

അശാന്തി, ബോംബ് സ്‌ഫോടനങ്ങൾ, ബന്ദുകൾ തുടങ്ങിയവയ്ക്കാണ് മുമ്പ് വടക്ക്-കിഴക്കൻ മേഖല പേരുകേട്ടിരുന്നതെങ്കിൽ, കഴിഞ്ഞ എട്ട് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു.

മേഖലയിലെ കലാപങ്ങളിൽ 74% കുറവും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ 60% കുറവും പൗരന്മാരുടെ മരണങ്ങളിൽ 89% കുറവും ഉണ്ടായിട്ടുണ്ട്. തങ്ങൾക്കും കുടുംബത്തിനും മെച്ചപ്പെട്ട ഭാവി സ്വാഗതം ചെയ്തുകൊണ്ട് ഏകദേശം 8,000 യുവാക്കൾ കീഴടങ്ങി മുഖ്യധാരയ്ക്കൊപ്പം ചേർന്നു, .

കൂടാതെ 2019-ൽ ത്രിപുര നാഷണൽ ലിബറേഷൻ ഫ്രണ്ടുമായുള്ള കരാർ, 2020-ൽ ബിആർയു, ബോഡോ കരാർ, 2021-ലെ കർബി ഉടമ്പടി എന്നിവയും പൂർത്തിയാക്കി. അസം-മേഘാലയ, അസം-അരുണാചൽ അതിർത്തി തർക്കങ്ങളും ഏതാണ്ട് അവസാനിച്ചു. സമാധാനം പുനഃസ്ഥാപിച്ചതോടെ വടക്കുകിഴക്കൻ മേഖല വികസനത്തിന്റെ പാതയിലേക്ക് നീങ്ങി.

2014 മുതൽ മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിൽ വൻ വർധനയാണു നാം കണ്ടത്. 2014 മുതൽ  മേഖലയ്ക്കായി 4 ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ 4 വർഷങ്ങളിലായി എംഡോണെർ പദ്ധതികൾക്ക് കീഴിൽ ചെലവഴിച്ചത് 7534.46 കോടി രൂപയാണ്. അതേസമയം, 2025-26 വരെയുള്ള അടുത്ത നാല് വർഷത്തെ ചെലവിനായി വകയിരുത്തിയിരിക്കുന്നത് 19482.20 കോടി രൂപയാണ് (ഏകദേശം 2.60 മടങ്ങ്)

മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി മികച്ച ശ്രമങ്ങൾ നടന്നിട്ടുണ്ട്. സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

റെയിൽവേ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 2014 മുതൽ 51,019 കോടി രൂപ ചെലവഴിച്ചു. 77,930 കോടി രൂപ ചിലവുള്ള 19 പുതിയ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

2009-14 കാലയളവിലെ  ശരാശരി വാർഷിക ബജറ്റ് വിഹിതമായ 2,122 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ 8 വർഷത്തിനിടയിലെ 9,970 കോടി രൂപയിലൂടെ ശരാശരി വിഹിതത്തിൽ 370% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1.05 ലക്ഷം കോടി രൂപ ചിലവുള്ള 375 പദ്ധതികളുടെ  പ്രവർത്തനങ്ങളാണ് നടക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 209 പദ്ധതികളിലായി 9,476 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഗവണ്മെന്റ് സ്ഥാപിക്കും. ഇതിനായി കേന്ദ്രഗവണ്മെന്റ് 1,06,004 കോടി രൂപയാണ് ചിലവഴിക്കുന്നത്.

വ്യോമ ഗതാഗതത്തിലും ഗണ്യമായ പുരോഗതിയുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 68 വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ മേഖലയിൽ 9 വിമാനത്താവളങ്ങൾ മാത്രമാണുണ്ടായിരുന്നത്. എട്ട് വർഷത്തിനിടെ ഇത് 17 ആയി ഉയർന്നു.

2014 മുതൽ വടക്ക് കിഴക്കൻ മേഖലയിലെ വ്യോമഗതാഗതം 113% വർധിച്ചു. മേഖലയിലെ വ്യോമഗതാഗതത്തിന് കൂടുതൽ ഉത്തേജനം നൽകാൻ സിവിൽ ഏവിയേഷനിൽ 2,000 കോടി രൂപ നിക്ഷേപിക്കും.

ടെലികോം മേഖല മെച്ചപ്പെടുത്തുന്നതിനായി 2014 മുതൽ 10% ജിബിഎസിനു കീഴിൽ 3466 കോടി രൂപ ചെലവഴിച്ചു. മേഖലയിലെ 4,525 ഗ്രാമങ്ങളിൽ 4ജി സേവനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഈ വർഷാവസാനത്തോടെ മേഖലയിൽ സമ്പൂർണ ടെലികോം ബന്ധം ലഭ്യമാക്കാനാണ് കേന്ദ്രഗവണ്മെന്റ്  ലക്ഷ്യമിടുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജീവിതത്തിലും സംസ്കാരത്തിലും ജലപാതകൾ അവിഭാജ്യമാണ്. പ്രദേശത്തെ ഈ സുപ്രധാന മേഖലയെ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി മോദിയുടെ ഗവണ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. 2014-ന് മുമ്പ് മേഖലയിൽ ഒരു ദേശീയ ജലപാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ 18 ദേശീയ ജലപാതകളുണ്ട്. അടുത്തിടെ  ദേശീയ ജലപാത 2, ദേശീയ ജലപാത 16 എന്നിവയുടെ വികസനത്തിനായി 6000 കോടി രൂപ അനുവദിച്ചു.

വടക്ക് കിഴക്കൻ മേഖലയിലെ നൈപുണ്യ വികസന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും,  ഗവൺമെന്റ് ഐടിഐകളെ മാതൃകാ ഐടിഐകളാക്കി മാറ്റുന്നതിനുമായി   2014 നും 2021 നും ഇടയിൽ 190 കോടി രൂപ ചെലവഴിച്ചു. 193 പുതിയ നൈപുണ്യ വികസന സ്ഥാപനങ്ങൾ സ്ഥാപിച്ചു. നൈപുണ്യ മേഖലയ്ക്കായി 81.83 കോടി രൂപ  ചെലവഴിച്ചു. വിവിധ പദ്ധതികളിലായി 16,05,801 പേർ വൈദഗ്ധ്യം സ്വായത്തമാക്കിയിട്ടുണ്ട്.

സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾക്ക് കീഴിൽ  സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 978 യൂണിറ്റുകളുടെ സജ്ജീകരണത്തിനും സംരക്ഷണത്തിനും 645.07 കോടി രൂപ ചെലവഴിച്ചു. ഡിപിഐഐടിയുടെ കണക്കനുസരിച്ച് വടക്കുകിഴക്കൻ മേഖലയിൽ നിന്ന് 3,865 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും കഴിഞ്ഞ എട്ട് വർഷമായുള്ള ഒരു പ്രധാന ലക്ഷ്യമാണ്. 2014-15 മുതൽ ഈ രംഗത്ത് ഗവണ്മെന്റ് ചെലവാക്കിയത് 31,793.86 കോടി രൂപയാണ്.

കാൻസർ പദ്ധതിയുടെ തൃതീയ പരിചരണം ശക്തിപ്പെടുത്തുന്ന പദ്ധതിയ്ക്ക് കീഴിൽ 19 സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളും, 20 ത്രിതീയ പരിചരണ കാൻസർ സെന്ററുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ എട്ട് വർഷമായി മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

2014 മുതൽ ഇതുവരെ 14,009 കോടി രൂപയാണ് വടക്കുകിഴക്കൻ മേഖലയിലെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് ചെലവഴിച്ചത്. 191 പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 2014 മുതൽ സ്ഥാപിതമായ സർവകലാശാലകളുടെ എണ്ണത്തിൽ 39% വർധന ഉണ്ടായിട്ടുണ്ട്. 2014-15 മുതൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 40% വർധന രേഖപ്പെടുത്തി.

തൽഫലമായി, ഉന്നതവിദ്യാഭ്യാസ രംഗത്തെ മൊത്തം വിദ്യാർഥികളുടെ പ്രവേശനത്തിൽ 29% വർധനയുണ്ടായി.

മേഖലയിലെ വികസനത്തിന് ശക്തിപകരുന്നതിനായി ഊർജസൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2014-15 മുതൽ ഈ മേഖലയിൽ ഗവണ്മെന്റ് 37,092 കോടി രൂപ അനുവദിച്ചതിൽ, 10,003 കോടി രൂപ ഇതുവരെ ചെലവഴിച്ചു.

വടക്ക് കിഴക്കൻ മേഖലയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള വടക്ക് കിഴക്കൻ ഗ്യാസ് ഗ്രിഡ് (എൻഇജിജി) പദ്ധതിയ്ക്കായി 9,265 കോടി രൂപ വൈകാതെ വകയിരുത്തും.

അരുണാചൽ പ്രദേശിന്റെ അതിർത്തി ഗ്രാമങ്ങൾ വൈദ്യുതീകരിക്കാൻ പ്രധാനമന്ത്രി 550 കോടി രൂപയുടെ പാക്കേജ്  പ്രഖ്യാപിച്ചിരുന്നു.

ഇതാദ്യമായി ജില്ലാതല സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചിക സജ്ജമാക്കി. സൂചികയുടെ രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കും.

 

--ND--



(Release ID: 1888988) Visitor Counter : 99