പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഡിസംബർ 30ന് (നാളെ) പശ്ചിമ ബംഗാൾ സന്ദർശിക്കും
പശ്ചിമ ബംഗാളിൽ 7800 കോടി രൂപയുടെ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും
കൊൽക്കത്തയിൽ ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും
പശ്ചിമ ബംഗാളിൽ മലിനജലം പുറന്തള്ളലിനുള്ള 2550 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും
ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയിലെ ജോക്ക-താരാതല ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
വിവിധ റെയിൽവേ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും; ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും തറക്കല്ലിടും
ഡോ. ശ്യാമ പ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
29 DEC 2022 11:28AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 30നു പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11.15ഓടെ പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയുടെ ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎൻഎസ് നേതാജി സുഭാഷിൽ പ്രധാനമന്ത്രി എത്തിച്ചേരും. നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.
പ്രധാനമന്ത്രി ഐഎൻഎസ് നേതാജി സുഭാഷിൽ:
രാജ്യത്തു സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പായി, 2022 ഡിസംബർ 30നു കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ഗംഗാ കൗൺസിലിന്റെ (എൻജിസി) രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും. യോഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രി, സമിതി അംഗങ്ങളായ മറ്റു കേന്ദ്ര മന്ത്രിമാർ, ഉത്തരാഖണ്ഡ്-ഉത്തർപ്രദേശ്-ബിഹാർ-ഝാർഖണ്ഡ്-പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും. ഗംഗാനദിയുടെയും പോഷകനദികളുടെയും മലിനീകരണം തടയുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള മുഴുവൻ ചുമതലയും ദേശീയ ഗംഗ കൗൺസിലിനാണ്.
ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു (എൻഎംസിജി) കീഴിൽ 990 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച 7 മലിനജല അടിസ്ഥാനസൗകര്യ പദ്ധതികൾ (20 മലിനജല ശുദ്ധീകരണ പ്ലാന്റുകളും 612 കി.മീ ശൃംഖലയും) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നബദ്വീപ്, കാഞ്ചഡാപാഡാ, ഹാലിഷഹർ, ബജ്-ബജ്, ബേരക്‌പുർ, ചന്ദൻ നഗർ, ബാൻസ്‌ബെരിയ, ഉത്തർപാഡാ കോത്‌രങ്, ബൈദ്യബാടി, ഭദ്രേശ്വർ, നൈഹാട്ടി, ഗാരുലിയ, ടീറ്റാഗഢ്, പാനീഹാട്ടി എന്നീ മുനിസിപ്പാലിറ്റികൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും. ഈ പദ്ധതികൾ പശ്ചിമ ബംഗാളിൽ 200 എംഎൽഡിയിലധികം മലിനജലസംസ്കരണശേഷി കൂട്ടിച്ചേർക്കും.
ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു (എൻഎംസിജി) കീഴിൽ 1585 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന 5 മലിനജല അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് (8 മലിനജല സംസ്കരണ പ്ലാന്റുകളും 80 കിലോമീറ്റർ ശൃംഖലയും) പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികൾ പശ്ചിമ ബംഗാളിൽ 190 എംഎൽഡിയുടെ എസ്ടിപി ശേഷി കൂട്ടിച്ചേർക്കും. വടക്കൻ ബേരക്‌പുർ, ഹൂഗ്ലി-ചിസുര, കൊൽക്കത്ത കെഎംസി മേഖല- ഗാർഡൻ റീച്ച് & ആദി ഗംഗ (ടോളി നാലാ), മഹെസ്താല ടൗൺ എന്നീ പ്രദേശങ്ങൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.
ഏകദേശം 100 കോടി രൂപ ചെലവിൽ കൊൽക്കത്തയിലെ ഡയമണ്ട് ഹാർബർ റോഡിലെ ജോക്കയിൽ വികസിപ്പിച്ച ഡോ. ശ്യാമ പ്രസാദ് മുഖർജി – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജലം, ശുചീകരണം, ശുചിത്വം (വാഷ്) എന്നിവയിൽ രാജ്യത്തെ പരമോന്നത സ്ഥാപനമായി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഗവണ്മെന്റുകളുടെയും വിവരങ്ങളുടെയും അറിവുകളുടെയും കേന്ദ്രമായി ഇത് പ്രവർത്തിക്കും.
പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ
ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഹൗറ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക സെമി ഹൈസ്പീഡ് ട്രെയിനിൽ അത്യാധുനിക യാത്രാസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമുള്ള യാത്രയിൽ മാൾഡ ടൗൺ, ബർസോയ്, കിഷൻഗഞ്ച് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
ജോക്ക-എസ്പ്ളനേഡ് മെട്രോ പ്രോജക്ടിന്റെ (പർപ്പിൾ പാത) ജോക്ക-താരാതല ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജോക്ക, താക്കൂർപുക്കൂർ, സഖേർ ബസാർ, ബെഹാല ചൗരസ്ത, ബെഹാല ബസാർ, താരാതല എന്നിങ്ങനെ 6 സ്റ്റേഷനുകളുള്ള 6.5 കിലോമീറ്റർ ഭാഗം 2475 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. കൊൽക്കത്ത നഗരത്തിന്റെ തെക്കൻ ഭാഗങ്ങളായ സർസുന, ഡാക്ഘർ, മുച്ചിപ്പാഡ, ദക്ഷിണ 24 പർഗാനാസ് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഈ പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ വലിയ പ്രയോജനം ലഭിക്കും.
നാല് റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 405 കോടി രൂപ ചെലവിൽ വികസിപ്പിച്ച ബോഞ്ചി - ശക്തിഗഢ് മൂന്നാം പാത; 565 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഡാങ്കുനി - ചന്ദൻപൂർ നാലാംപാത പദ്ധതി; 254 കോടി രൂപ ചെലവിൽ വികസിപ്പിച്ച നിമിതിയ - ന്യൂ ഫർക്ക ഇരട്ടപ്പാത; 1080 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച അംബാരി ഫർക്ക - ന്യൂ മായാനഗരി - ഗുമാനിഹാട് ഇരട്ടിപ്പിക്കൽ പദ്ധതി എന്നിവയാണവ. 335 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
---ND---
(Release ID: 1887260)
Visitor Counter : 168
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada