ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ലോകമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ നിലവിലെ സ്ഥിതിഗതികളും പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകളും ഡോ. മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു

Posted On: 21 DEC 2022 3:05PM by PIB Thiruvananthpuram

ചില രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യവും, നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ, മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.


ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും  വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു.  കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രചരിക്കുന്നുണ്ടെങ്കിൽ അവ യഥാസമയം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ,  INSACOG നെറ്റ്‌വർക്കിലൂടെ വകഭേദങ്ങൾ നിരീക്ഷിച്ച്, സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താൻ ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ കോവിഡ്-19 കേസുകളുടെയും സാമ്പിളുകൾ INSACOG ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് (IGSLs) ദിവസേന അയയ്‌ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 6 ആഴ്‌ചയായി ആഗോള പ്രതിദിന ശരാശരി വർദ്ധിക്കുന്നതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ, ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ BF.7 വകഭേദം ആണെന്ന് കണ്ടെത്തി.

 

 "കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച നിരീക്ഷണ സംവിധാനങ്ങൾക്കായുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ" 2022 ജൂണിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പുതിയ SARS-CoV  -2 വകഭേദങ്ങളുടെ അണുബാധ നേരത്തെ കണ്ടെത്തുന്നതിനും രോഗിയെ അന്യരില്‍ നിന്നുമകററി നിര്‍ത്തുന്നതിനും പരിശോധനയ്ക്കും, സമയബന്ധിതമായി രോഗബാധിതരെ കൈകാര്യം ചെയ്യുന്നതിനും നിർദ്ദേശിക്കുന്നു. നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

***


(Release ID: 1885429) Visitor Counter : 368