പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇറ്റലിയിലെ റോമിൽ എഫ്എഒ ആസ്ഥാനത്ത് അന്താരാഷ്ട്ര ചെറുധാന്യവർഷത്തിന്റെ സമാരംഭച്ചടങ്ങിൽ പ്രധാനമന്ത്രി നൽകിയ സന്ദേശം


2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന് ഐക്യരാഷ്ട്രസഭയെയും ഭക്ഷ്യ-കാർഷിക സംഘടനയെയും അഭിനന്ദിച്ചു


“നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്ന മഹാമാരിയും സംഘർഷസാഹചര്യവും നമ്മുടെ ഭൂമിയുടെ ഭക്ഷ്യസുരക്ഷ ഇപ്പോഴും ആശങ്കയിലെന്നു ചൂണ്ടിക്കാട്ടുന്നു”



“ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം”



“ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്”
“കൃഷിയും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ”



“‘ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം’ സൃഷ്ടിക്കൽ ഈ മുന്നേറ്റത്തിന്റെ സുപ്രധാനഭാഗമാണ്”


Posted On: 06 DEC 2022 7:52PM by PIB Thiruvananthpuram

ഇറ്റലിയിലെ റോമിൽ ഇന്ന്, ഭക്ഷ്യ-കാർഷികസംഘടനയുടെ (എഫ്എഒ) ആസ്ഥാനത്ത് അന്താരാഷ്ട്ര ചെറുധാന്യവർഷത്തിന്റെ സമാരംഭച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം പങ്കുവച്ചു. റോമിൽ നടന്ന സമാരംഭച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത കേന്ദ്ര കാർഷിക-കർഷകക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പ്രധാനമന്ത്രിയുടെ സന്ദേശം വിശിഷ്ടാതിഥികൾക്കായി വായിച്ചു. ലോകമെമ്പാടുമുള്ള 70ലധികം രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര പൊതുസഭ 2023നെ ‘അന്താരാഷ്ട്ര ചെറുധാന്യവർഷ’മായി പ്രഖ്യാപിക്കുന്നതിലേക്കു നയിച്ചതു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനാലും മുൻകൈയാലുമാണ്.  സുസ്ഥിര കൃഷിയിൽ ചെറുധാന്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും, വിശിഷ്ടവും മെച്ചപ്പെട്ടതും എന്ന നിലയിൽ അതിന്റെ നേട്ടങ്ങളെക്കുറിച്ചും, ലോകമെമ്പാടും അവബോധം സൃഷ്ടിക്കാൻ ഇതു സഹായിക്കും.

 

2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന് ഐക്യരാഷ്ട്രസഭയെയും ഭക്ഷ്യ-കാർഷിക സംഘടനയെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്കു നന്ദി അറിയിക്കുകയുംചെയ്തു.

 

മനുഷ്യർ വളർത്തിയെത്ത ആദ്യകാല വിളകളിൽപ്പെടുന്നതാണു ചെറുധാന്യങ്ങളെന്നും ഇതു പോഷകങ്ങളുടെ പ്രധാന സ്രോതസാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇവ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതിനു ഊന്നൽ നൽകണമെന്നും ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയുടെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി, നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന മഹാമാരിയെക്കുറിച്ചും ലോകമെമ്പാടും ഉയർന്നുവരുന്ന സംഘർഷങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കാലാവസ്ഥാവ്യതിയാനം ഭക്ഷ്യലഭ്യതയെ എങ്ങനെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട ആഗോള മുന്നേറ്റം ഭക്ഷ്യസുരക്ഷയെന്ന ദിശയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണെന്നു പറഞ്ഞ പ്രധാനമന്ത്രി, വളരാൻ എളുപ്പമുള്ളതാണു ചെറുധാന്യങ്ങളെന്നും കാലാവസ്ഥയെയും വരൾച്ചയെയും പ്രതിരോധിക്കുന്നതാണെന്നും ചൂണ്ടി‌ക്കാട്ടി. സമീകൃത പോഷണത്തിന്റെ സമ്പന്നമായ ഉറവിടമാണു ചെറുധാന്യങ്ങൾ. സ്വാഭാവിക കൃഷിരീതികളുമായി പൊരുത്തപ്പെടുന്ന ഇവയ്ക്കു വെള്ളത്തിന്റെ ആവശ്യകത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ഭൂമിയിലും തീൻമേശയിലും വൈവിധ്യത്തിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കൃഷി ഏകവിളയായി മാറുന്നതു നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി. കാർഷിക-ഭക്ഷ്യവൈവിധ്യം വർധിപ്പിക്കാനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദേശം ഉപസംഹരിക്കവേ, ‘ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം’ സൃഷ്ടിക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിക്കുകയും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇക്കാര്യത്തിൽ സുപ്രധാന പങ്കുവഹിക്കാനാകുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. വ്യവസ്ഥാപിത സംവിധാനങ്ങൾക്കു ചെറുധാന്യ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും നയപരമായ സംരംഭങ്ങളിലൂടെ ലാഭകരമാക്കാനും കഴിയും.  ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കി വ്യക്തികൾക്ക് ആരോഗ്യകരവും ഭൂസൗഹൃദവുമായ  നടപടികൾ സ്വീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രിയുടെ സന്ദേശം ചുവടെ:

 

“2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന് ഐക്യരാഷ്ട്രസഭയെയും ഭക്ഷ്യ-കാർഷിക സംഘടനയെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

 

അന്താരാഷ്ട്ര ചെറുധാന്യവർഷം ആചരിക്കാനുള്ള ഞങ്ങളുടെ നിർദേശത്തെ പിന്തുണച്ച വിവിധ അംഗരാജ്യങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്.

 

മനുഷ്യർ നട്ടുവളർത്തിയ ആദ്യകാല വിളകളിൽ ചെറുധാന്യങ്ങൾക്കു മഹത്തായ ചരിത്രമുണ്ട്. മുൻകാലങ്ങളിൽ അവ പ്രധാന ഭക്ഷണസ്രോതസായിരുന്നു. എന്നാൽ ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണു കാലഘട്ടത്തിന്റെ ആവശ്യം!

 

നൂറ്റാണ്ടിലൊരിക്കൽ മാത്രമുണ്ടാകുന്ന മഹാമാരിയും സംഘർഷസാഹചര്യവും നമ്മുടെ ഭൂമിയുടെ ഭക്ഷ്യസുരക്ഷ ഇപ്പോഴും ആശങ്കയിലെന്നു ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാവ്യതിയാനം ഭക്ഷ്യലഭ്യതയെയും ബാധിക്കും.

 

ഈ സാഹചര്യത്തിൽ, ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട ആഗോളമുന്നേറ്റം സുപ്രധാന ചുവടുവയ്പാണ്. കാരണം വളരാൻ എളുപ്പമുള്ള ചെറുധാന്യങ്ങൾ കാലാവസ്ഥയെയും വരൾച്ചയെയും പ്രതിരോധിക്കും.

 

ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്. ഉപഭോക്താക്കൾക്കു സമീകൃത പോഷകാഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് അവ. കൃഷിക്കാർക്കും നമ്മുടെ പരിസ്ഥിതിക്കും അവ പ്രയോജനം ചെയ്യുന്നു. കാരണം അവയ്ക്കു വെള്ളത്തിന്റെ ആവശ്യകത കുറവായതിനാൽ സ്വാഭാവിക കൃഷിരീതികളുമായി അതു പൊരുത്തപ്പെടുന്നു.

 

ഭൂമിയിലും നമ്മുടെ തീൻമേശകളിലും വൈവിധ്യം ആവശ്യമാണ്. കൃഷി ഏകവിളയായി മാറുന്നതു നമ്മുടെ ആരോഗ്യത്തെയും ഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കും. കാർഷിക വൈവിധ്യവും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ.

 

‘ചെറുധാന്യങ്ങളെക്കുറിച്ചുള്ള അവബോധം’ സൃഷ്ടിക്കൽ ഈ മുന്നേറ്റത്തിന്റെ സുപ്രധാനഭാഗമാണ്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.

 

വ്യവസ്ഥാപിത സംവിധാനങ്ങൾക്കു ചെറുധാന്യങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും നയപരമായ സംരംഭങ്ങളിലൂടെ അതു ലാഭകരമാക്കാനും കഴിയും. ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കി വ്യക്തികൾക്ക് ആരോഗ്യകരവും ഭൂസൗഹൃദവുമായ  നടപടികൾ സ്വീകരിക്കാനാകും.

അന്താരാഷ്ട്ര ചെറുധാന്യവർഷമായ 2023 സുരക്ഷിതവും സുസ്ഥിരവും ആരോഗ്യകരവുമായ ഭാവിയിലേക്കുള്ള ബഹുജനമുന്നേറ്റത്തിനു തുടക്കംകുറിക്കുമെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു.” 

പശ്ചാത്തലം:
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2023 ‘അന്താരാഷ്ട്ര ചെറുധാന്യവർഷ’മായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 70ലധികം രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭയുടെ ഈ പ്രമേയം അംഗീകരിക്കുന്നതിലേക്കു നയിച്ചതു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും മുൻകൈയുമാണ്. സുസ്ഥിര കൃഷിയിൽ ചെറുധാന്യങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ചും മികച്ചതും വിശിഷ്ടവുമായ ഭക്ഷണം എന്ന നിലയിലുള്ള അതിന്റെ നേട്ടങ്ങളെക്കുറിച്ചും ലോകമെമ്പാടും അവബോധം സൃഷ്ടിക്കാൻ ഇതു സഹായിക്കും. 170 ലക്ഷം ടണ്ണിലധികം ഉൽപ്പാദിപ്പിക്കുന്ന, ചെറുധാന്യങ്ങളുടെ ആഗോള കേന്ദ്രമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇത് ഏഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെ 80 ശതമാനത്തിലധികം വരും. ഈ ധാന്യങ്ങളുടെ കൃഷ‌ിയുടെ ആദ്യകാല തെളിവുകൾ കണ്ടെത്തിയതു സിന്ധു നാഗരികതയിലാണ്. ഭക്ഷണത്തിനായി വളർത്തിയ ആദ്യ സസ്യജാലങ്ങളിൽ ഇവ ഉൾപ്പെടുന്നു. ഏകദേശം 131 രാജ്യങ്ങളിൽ വളരുന്ന ഇവ ഏഷ്യയിലും ആഫ്രിക്കയിലുമായി ഏകദേശം 60 കോടി ജനങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്. 

ഇന്ത്യയിലെ ചെറുധാന്യങ്ങൾ, പാചകക്കുറിപ്പുകൾ, മൂല്യവർധ‌ിത ഉൽപ്പന്നങ്ങൾ എന്നിവ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിന്, ജനകീയമുന്നേറ്റമാക്കി മാറ്റാനായി 2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുമെന്ന് ഇന്ത്യാഗവൺമെന്റ് പ്രഖ്യാപിച്ചു. ആഗോള ഉൽപ്പാദനം വർധിപ്പിക്കാനും കാര്യക്ഷമമായ സംസ്കരണവും ഉപഭോഗവും ഉറപ്പാക്കാനും, വിവിധ വിളകളുടെ കൃഷിയിലൂടെ മെച്ചപ്പെട്ട വിനിയോഗം പ്രോത്സാഹിപ്പിക്കാനും, ഭക്ഷ്യധാന്യങ്ങളുടെ പ്രധാന ഘടകമായി ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു ഭക്ഷ്യ സംവിധാനങ്ങളിലുടനീളം മികച്ച സമ്പർക്കസൗകര്യം ഒരുക്കാനും ‘അന്താരാഷ്ട്ര ചെറുധാന്യവർഷം’ സവിശേഷാവസരമൊരുക്കുന്നു.

ഭക്ഷ്യ-കാർഷിക സംഘടന ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ചെറുധാന്യ വർഷം (ഐവൈഎം) 2023ന്റെ ഉദ്ഘാടനച്ചടങ്ങ്, എഫ്എഒ അംഗങ്ങളുമായും മറ്റു പ്രസക്തമായ പങ്കാളികളുമായും കൂടിച്ചേർന്ന് ഐവൈഎം 2023ന്റെ കാര്യത്തിൽ അവബോധം സൃഷ്ടിക്കാനും, ചെറുധാന്യങ്ങളുടെ സുസ്ഥിര കൃഷിയുടെയും ഉപഭോഗത്തിന്റെയും ആക്കം കൂട്ടാനും ലക്ഷ്യമിടുന്നതായി എഫ്എഒ ഹ്രസ്വസന്ദേശത്തിൽ വ്യക്തമാക്കി.

 

--ND--


(Release ID: 1881277) Visitor Counter : 2354