പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്ക് ഇന്ന് സമാരംഭം
- ശ്രീ നരേന്ദ്ര മോദി, പ്രധാനമന്ത്രി
Posted On:
01 DEC 2022 9:59AM by PIB Thiruvananthpuram
ജി20 യുടെ മുൻ 17 അധ്യക്ഷ രാജ്യങ്ങൾ, സ്ഥൂല-സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നികുതികൾ യുക്തിസഹമാക്കുന്നതിനും രാജ്യങ്ങളുടെ കടബാധ്യത ഒഴിവാക്കുന്നതിനും മറ്റ് പല മേഖലകളിലും പ്രബലമായ ഫലങ്ങൾ നൽകി. ഈ നേട്ടങ്ങളിൽ നിന്ന് ഞങ്ങൾ പ്രയോജനം നേടുകയും അവയിൽ കൂടുതൽ പ്രവർത്തിക്കുകയും ചെയ്യും.
എന്നിരുന്നാലും, ഇന്ത്യ ഈ സുപ്രധാന സ്ഥാനം ഏറ്റെടുക്കുമ്പോൾ, ഞാൻ സ്വയം ചോദിക്കുന്നു - ജി 20 യ്ക്ക് ഇനിയും കൂടുതൽ മുന്നോട്ട് പോകാൻ കഴിയുമോ? മനുഷ്യരാശിക്ക് മൊത്തത്തിൽ പ്രയോജനം ചെയ്യുന്നതിനായി, അടിസ്ഥാനപരമായ ചിന്തഗതിയിൽ ഒരു മാറ്റത്തെ നമുക്ക് ഉത്തേജിപ്പിക്കാൻ കഴിയുമോ?
നമുക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് നമ്മുടെ മാനസികാവസ്ഥ രൂപപ്പെടുന്നത്. ചരിത്രത്തിലുടനീളം, മനുഷ്യരാശി ക്ഷാമത്തിലാണ് ജീവിച്ചിരുന്നത്. പരിമിതമായ വിഭവങ്ങൾക്കായി നാം പോരാടി, കാരണം ഓരോരുത്തരുടെയും അതിജീവിതം മറ്റുള്ളവർക്ക് അത് നിഷേധിക്കുന്നതിനെ ആശ്രയിച്ചിരുന്നു. ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും സ്വത്വങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും മത്സരവും സാധാരണമായി.
നിർഭാഗ്യവശാൽ, ഇന്നും നമ്മൾ ഉപ്പാദനക്ഷമമല്ലാത്ത സമാന ചിന്തഗതിയിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യങ്ങൾ ഭൂപ്രദേശത്തിനോ വിഭവങ്ങൾക്കോ വേണ്ടി പോരാടുന്നത് നാം കാണുന്നു. അവശ്യവസ്തുക്കളുടെ വിതരണം ആയുധമാക്കുന്നത് നാം കാണുന്നു. ദുർബലരായി ദശലക്ഷക്കണക്കിന് ആളുകൾ തുടരുമ്പോഴും, വാക്സിനുകൾ ചുരുക്കം ചിലർ പൂഴ്ത്തിവെക്കുന്നത് നാം കാണുന്നു.
ഏറ്റുമുട്ടലും അത്യാഗ്രഹവും മനുഷ്യ സ്വഭാവം മാത്രമാണെന്ന് ചിലർ വാദിച്ചേക്കാം. ഞാൻ വിയോജിക്കുന്നു. മനുഷ്യർ അന്തർലീനമായി സ്വാർത്ഥരാണെങ്കിൽ, അടിസ്ഥാനപരമായി നമ്മുടെ ഏകത്വത്തെപ്പറ്റി പറയുന്ന ആത്മീയ പാരമ്പര്യങ്ങളുടെ ശാശ്വതമായ സ്വാധീനത്തെ എങ്ങനെ വിശദീകരിക്കും?
ഇന്ത്യയിൽ പ്രചാരത്തിലുള്ള അത്തരം ഒരു പാരമ്പര്യം, എല്ലാ ജീവജാലങ്ങളെയും, നിർജീവ വസ്തുക്കളെയും, അഞ്ച് അടിസ്ഥാന ഘടകങ്ങളായ - ഭൂമി, ജലം, അഗ്നി, വായു, ബഹിരാകാശം എന്നിവയുടെ പഞ്ച തത്വങ്ങൾ ഉൾക്കൊള്ളുന്നതായി കാണുന്നു. നമ്മുടെ ഉള്ളിലും നമുക്കിടയിലും ഈ ഘടകങ്ങൾ തമ്മിലുള്ള ഐക്യം, നമ്മുടെ ശാരീരികവും സാമൂഹികവും പാരിസ്ഥിതികവുമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ജി20 അധ്യക്ഷത ഈ സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കും. അതിനാൽ ഞങ്ങളുടെ പ്രമേയം - 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ്.
ഇത് വെറുമൊരു മുദ്രാവാക്യമല്ല. നമ്മൾകൂട്ടായി വിലമതിക്കുന്നതിൽ പരാജയപ്പെട്ട, മാനുഷിക സാഹചര്യങ്ങളിലെ സമീപകാല മാറ്റങ്ങൾ ഇത് കണക്കിലെടുക്കുന്നു.
ഇന്ന്, ലോകത്തിലെ എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഉൽപ്പാദനത്തിനുള്ള മാർഗങ്ങൾ നമുക്കുണ്ട്.
ഇന്ന്, നമ്മുടെ നിലനിൽപ്പിനായി പോരാടേണ്ട ആവശ്യമില്ല - നമ്മുടെ യുഗം യുദ്ധത്തിന്റെ ഒന്നായിരിക്കരുത്. തീർച്ചയായും, അത് അങ്ങനെ ആവരുത്!
ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ - കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ - പരസ്പരം പോരാടുന്നതിലൂടെയല്ല, ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പരിഹരിക്കാനാകൂ.
ഭാഗ്യവശാൽ, ഇന്നത്തെ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ പ്രശ്നങ്ങൾ വ്യാപകമായ തോതിൽ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും നൽകുന്നു. ഇന്ന് നമ്മൾ വസിക്കുന്ന ബൃഹത്തായ വെർച്വൽ ലോകം ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകൾ പ്രകടമാക്കുന്നു.
മനുഷ്യരാശിയുടെ ആറിലൊന്ന് പേരെ ഉൾക്കൊള്ളുന്നതും, ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ അപാരമായ വൈവിധ്യവുമുള്ള ഇന്ത്യ, ലോകത്തിന്റെ ഒരു സൂക്ഷ്മരൂപമാണ്.
കൂട്ടായ തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾക്കൊപ്പം, ജനാധിപത്യത്തിന്റെ അടിസ്ഥാന തലത്തിലേക്ക് ഇന്ത്യ സംഭാവന ചെയ്യുന്നു. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിൽ, ഇന്ത്യയുടെ ദേശീയ സമവായം രൂപപ്പെടുന്നത് ആജ്ഞയിലൂടെയല്ല, മറിച്ച് ദശലക്ഷക്കണക്കിന് സ്വതന്ത്ര ശബ്ദങ്ങളെ ഒരു യോജിപ്പുള്ള ഈണത്തിൽ സമന്വയിപ്പിച്ചാണ്.
ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ പൗര-കേന്ദ്രീകൃത ഭരണ മാതൃക, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പൗരന്മാരെപ്പോലും പരിപാലിക്കുന്നു. അതേസമയം നമ്മുടെ യുവാക്കളുടെ സർഗ്ഗാത്മക പ്രതിഭയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ദേശീയ വികസനം മുകളിൽ നിന്ന് താഴേക്കുള്ള ഭരണ പ്രക്രിയ അല്ല, മറിച്ച് പൗരന്മാർ നയിക്കുന്ന 'ജനകീയ പ്രസ്ഥാനം' ആക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.
തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പരം പ്രവർത്തിക്കാവുന്നതുമായ ഡിജിറ്റൽ പൊതുജന സേവനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങൾ പ്രയോജനപ്പെടുത്തി. സാമൂഹിക സംരക്ഷണം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഇലക്ട്രോണിക് പേയ്മെന്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ ഇവ വിപ്ലവകരമായ പുരോഗതി കൈവരിച്ചു.
ഈ കാരണങ്ങളാൽ, ആഗോള പരിഹാരങ്ങൾക്കുള്ള സാധ്യമായ ഉൾക്കാഴ്ച നൽകാൻ ഇന്ത്യയുടെ അനുഭവങ്ങൾക്ക് കഴിയും.
ഞങ്ങളുടെ G20 അധ്യക്ഷ കാലത്ത്, ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് സാധ്യമായ ടെംപ്ലേറ്റുകളായി ഞങ്ങൾ അവതരിപ്പിക്കും.
G20 മുൻഗണനകൾ ഞങ്ങളുടെ G20 പങ്കാളികളുമായി മാത്രമല്ല, ആഗോളതലത്തിൽ, ദക്ഷിണ മേഖലയിലെ ഞങ്ങളുടെ സഹയാത്രികരുമായും കൂടിയാലോചിച്ചായിരിക്കും രൂപപ്പെടുത്തുന്നത്. അവരുടെ ശബ്ദം പലപ്പോഴും എവിടെയും കേൾക്കാറില്ല.
ഞങ്ങളുടെ മുൻഗണനകൾ, നമ്മുടെ 'ഒരു ഭൂമി'യെ സംരക്ഷിക്കുന്നതിനും നമ്മുടെ 'ഒരു കുടുംബ'ത്തിനുള്ളിൽ ഐക്യം സൃഷ്ടിക്കുന്നതിനും നമ്മുടെ 'ഒരു ഭാവി'യെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.
നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിന്, പ്രകൃതിയോടുള്ള വിശ്വാസം എന്ന ഇന്ത്യൻ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി ഞങ്ങൾ പ്രോത്സാഹിപ്പിക്കും.
മനുഷ്യ രാശിയുടെ കുടുംബത്തിനുള്ളിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന്, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ മാനുഷിക പ്രതിസന്ധികളിലേക്ക് നയിക്കാതിരിക്കാൻ, ആഗോളതലത്തിൽ ഭക്ഷണം, രാസവളങ്ങൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവൽക്കരിക്കാൻ ഞങ്ങൾ ശ്രമിക്കും. നമ്മുടെ സ്വന്തം കുടുംബത്തിലെന്നപോലെ, ഏറ്റവും വലിയ ആവശ്യങ്ങൾ ഉള്ളവർക്ക് ആയിരിക്കണം എപ്പോഴും നമ്മുടെ പ്രഥമ പരിഗണന.
നമ്മുടെ ഭാവി തലമുറകളിൽ പ്രത്യാശ വളർത്തുന്നതിനായി, നശീകരണ ആയുധങ്ങൾ ഉയർത്തുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ആഗോള സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഏറ്റവും ശക്തമായ രാജ്യങ്ങൾക്കിടയിൽ സത്യസന്ധമായ സംഭാഷണം ഞങ്ങൾ പ്രോത്സാഹിപ്പിക്കും.
ഇന്ത്യയുടെ ജി 20 അജണ്ട എല്ലാവരേയും ഉൾക്കൊള്ളുന്നതും അഭിലാഷ പൂർണ്ണവും പ്രവർത്തന-കേന്ദ്രീകൃതവും നിർണായകവും ആയിരിക്കും.
ഇന്ത്യയുടെ ജി20 അധ്യക്ഷതയെ ഐക്യത്തിന്റെയും പ്രത്യാശയുടെയും പരിഹാരത്തിന്റെയും അധ്യക്ഷതയാക്കാൻ നമുക്ക് ഒരുമിക്കാം.
മനുഷ്യ-കേന്ദ്രീകൃത ആഗോളവൽക്കരണത്തിന്റെ ഒരു പുതിയ മാതൃക രൂപപ്പെടുത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
***
(Release ID: 1880149)
Visitor Counter : 288
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada