പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോവ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


സംസ്ഥാനത്തെ പ്രാഥമികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാനസൗകര്യവികസനം എന്നതാണു ‘സ്വയംപൂർണഗോവ’ എന്ന കാഴ്ചപ്പാട്”

“സംസ്ഥാനത്തിന്റെ വികസനത്തിനായി ഗോവ ഗവണ്മെന്റ് പുതിയ രൂപരേഖ കൊണ്ടുവന്നു”


“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വർഷമാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. ഗോവയുടെ വികസനത്തോടൊപ്പം 2047ലെ നവ ഇന്ത്യ എന്ന ലക്ഷ്യവും നിങ്ങൾക്കുണ്ട്”

Posted On: 24 NOV 2022 12:14PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോസന്ദേശത്തിലൂടെ ഗോവ ഗവണ്മെന്റിന്റെ തൊഴിൽമേളയെ ഇന്ന് അഭിസംബോധനചെയ്തു. 

കേന്ദ്രതലത്തിൽ തൊഴിൽമേള എന്ന ആശയത്തിനു പ്രധാനമന്ത്രി ധൻതേരസിൽ തുടക്കമിട്ടിരുന്നു. കേന്ദ്രഗവണ്മെന്റ്തലത്തിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകാനുള്ള ക്യാമ്പയിന്റെ തുടക്കമായിരുന്നു ഇത്. അതിനുശേഷം ഗുജറാത്ത്, ജമ്മു കശ്മീർ, മഹാരാഷ്ട്ര ഗവണ്മെന്റുകളുടെ തൊഴിൽമേളകളെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു, കൂടാതെ വിവിധ ഗവണ്മെന്റ് വകുപ്പുകളിൽ പുതുതായി നിയമിതരായ എല്ലാവർക്കും ഓൺലൈൻ ഓറിയന്റേഷൻ കോഴ്സുകൾക്കായുള്ള ‘കർമയോഗി പ്രാരംഭ് മൊഡ്യൂളി’നും തുടക്കംകുറിച്ചു. പുതുതായി നിയമിക്കപ്പെട്ട 71,000 പേർക്കു കഴിഞ്ഞ ദിവസം നിയമനക്കത്തുകളും വിതരണംചെയ്തിരുന്നു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, നിയമനക്കത്തുകൾ ലഭിച്ച യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗോവ ഗവണ്മെന്റിന്റെ സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വരുംമാസങ്ങളിൽ ഗോവ പൊലീസിലും മറ്റു വകുപ്പുകളിലും കൂടുതൽ നിയമനയജ്ഞങ്ങൾ നടക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. “ഇതു ഗോവ പൊലീസ് സേനയെ ശക്തിപ്പെടുത്തുകയും പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും മെച്ചപ്പെട്ട സുരക്ഷാസംവിധാനം ഒരുക്കുകയും ചെയ്യും”- അദ്ദേഹം പറഞ്ഞു. 

“കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി തൊഴിൽമേളകൾ സംഘടിപ്പിക്കുന്നു. അതോടൊപ്പം കേന്ദ്രഗവണ്മെന്റ് ആയിരക്കണക്കിനു യുവാക്കൾക്കു തൊഴിലും നൽകുന്നു”- ശ്രീ മോദി പറഞ്ഞു. യുവാക്കളുടെ ശാക്തീകരണത്തിനായി സ്വന്തംനിലയിൽ ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിന് ഇരട്ട എൻജിൻ ഗവണ്മെന്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. 

കഴിഞ്ഞ 8 വർഷത്തിനിടെ കേന്ദ്രഗവണ്മെന്റ് ഗോവയുടെ വികസനത്തിനായി ആയിരക്കണക്കിനു കോടിരൂപ നിക്ഷേപിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മോപ്പയിൽ അടുത്തുതന്നെ ഉദ്ഘാടനംചെയ്യാനിരിക്കുന്ന, ഏകദേശം 3000 കോടിരൂപ ചെലവിൽ നിർമിച്ച, വിമാനത്താവളത്തിലേക്കു വെളിച്ചംവീശി, സംസ്ഥാനത്തു നടക്കുന്ന സമ്പർക്കസൗകര്യ-അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പോലെ, ഗോവയിൽനിന്നുള്ള ആയിരക്കണക്കിനുപേർക്ക് ഇതു പ്രധാന തൊഴിൽ സ്രോതസായി മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു.  “സംസ്ഥാനത്തെ പ്രാഥമികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാനസൗകര്യവികസനം എന്നതാണു ‘സ്വയംപൂർണഗോവ’ എന്ന കാഴ്ചപ്പാട്”- പ്രധാനമന്ത്രി പറഞ്ഞു. ഗോവ വിനോദസഞ്ചാര ആസൂത്രണപദ്ധതിയെക്കുറിച്ചും നയത്തെക്കുറിച്ചും പരാമർശിച്ച്, വിനോദസഞ്ചാരമേഖലയിൽ നിക്ഷേപത്തിനും അതുവഴി വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പുതിയ സാധ്യതകൾ തുറന്ന്, ഗോവയുടെ വികസനത്തിനായി സംസ്ഥാന ഗവണ്മെന്റ് പുതിയ രൂപരേഖ കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത കൃഷിയിൽ തൊഴിൽ വർധിപ്പിക്കുന്നതിനു ഗോവയിലെ ഗ്രാമീണ മേഖലകൾക്കു സാമ്പത്തിക ശക്തി പകരുന്നതിനുള്ള നടപടികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, നെല്ലുൽപ്പാദിപ്പിക്കുന്ന കർഷകർ, പഴസംസ്കരണം നടത്തുന്നവർ, നാളികേരവും ചണവും സുഗന്ധവ്യഞ്ജനങ്ങളും ഉൽദിപ്പിക്കുന്ന കർഷകർ എന്നിവരെ സ്വയംസഹായസംഘങ്ങളുമായി കൂട്ടിയിണക്കുന്നുവെന്നും പറഞ്ഞു. ഈ ശ്രമങ്ങൾ ഗോവയിൽ തൊഴിൽ-സ്വയംതൊഴിൽ എന്നിവയിൽ നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഗോവയുടെയും രാജ്യത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കാൻ പുതുതായി നിയമിക്കപ്പെട്ടവരോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി “നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വർഷമാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്” എന്നു ചൂണ്ടിക്കാട്ടി. വികസിത ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിലേക്കു വെളിച്ചംവീശിയാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. 2047ലെ നവ ഇന്ത്യ എന്ന ലക്ഷ്യവും അദ്ദേഹം മുന്നോട്ടുവച്ചു. “ഗോവയുടെ വികസനത്തോടൊപ്പം 2047ലെ നവ ഇന്ത്യ എന്ന ലക്ഷ്യവും നിങ്ങൾക്കുണ്ട്. നിങ്ങളേവരും പൂർണ അർപ്പണബോധത്തോടും സന്നദ്ധതയോടുംകൂടി നിങ്ങളുടെ കടമയുടെ പാത പിന്തുടരുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ഉപസംഹരി‌ച്ചു.

-ND-

(Release ID: 1878491) Visitor Counter : 148