പ്രധാനമന്ത്രിയുടെ ഓഫീസ്
ജനജാതിയ ഗൗരവ ദിവസത്തില്‍ പ്രധാനമന്ത്രി നല്‍കിയ സന്ദേശം
Posted On:
15 NOV 2022 9:15AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
'ജനജാതിയ ഗൗരവ് ദിവസ'(ആദിവാസികളുടെ അഭിമാന ദിനം)ത്തില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
ഇന്ന് രാജ്യം മുഴുവന്‍ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ആദരവോടെ ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ മഹാനായ പുത്രനായ മഹാനായ വിപ്ലവകാരി ഭഗവാന്‍ ബിര്‍സ മുണ്ടയെ ഞാന്‍ നമിക്കുന്നു. നവംബര്‍ 15 ഇന്ത്യയുടെ ഗോത്ര പാരമ്പര്യത്തിന്റെ മഹത്വപൂര്‍ണമായ ദിനമാണ്. നവംബര്‍ 15 'ജനജാതിയ ഗൗരവ് ദിവസ്' ആയി പ്രഖ്യാപിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഗവണ്‍മെന്റിനു ലഭിച്ച അംഗീകാരമായി ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
ഭഗവാന്‍ ബിര്‍സ മുണ്ട നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ നായകന്‍ മാത്രമല്ല, നമ്മുടെ ആത്മീയവും സാംസ്‌കാരികവുമായ ഊര്‍ജ്ജത്തിന്റെ വാഹകനുമായിരുന്നു. ഭഗവാന്‍ ബിര്‍സ മുണ്ട ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് ഗോത്രവീരന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്കാണ് രാജ്യം ഇന്ന് നീങ്ങുന്നത്. സ്വാതന്ത്ര്യത്തിന്റെ 'പഞ്ചപ്രാണങ്ങള്‍' (അഞ്ച് പ്രതിജ്ഞകള്‍) അതിന് ഊര്‍ജം പകരുന്നു. 'ജനജാതിയ ഗൗരവ് ദിവസ്' വഴി, രാജ്യത്തിന്റെ ഗോത്ര പാരമ്പര്യത്തിലുള്ള അഭിമാനവും ആദിവാസി സമൂഹത്തിന്റെ വികസനത്തിനുള്ള ദൃഢനിശ്ചയവും ഈ ഊര്‍ജ്ജത്തിന്റെ ഭാഗമായിത്തീരുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ ഗോത്ര സമൂഹം ബ്രിട്ടീഷുകാരുടെ മുന്നിലും വിദേശ ഭരണാധികാരികളുടെ മുന്നിലും തങ്ങളുടെ കഴിവ് പ്രകടമാക്കിയിരുന്നു. സന്താലില്‍ തിലക മാഞ്ചിയുടെ നേതൃത്വത്തില്‍ പോരാടിയ 'ഡാമിന്‍ സംഗ്രാം' നമ്മെ അഭിമാനിതരാക്കുന്നു. ബുദ്ധു ഭഗതിന്റെ നേതൃത്വത്തിലുള്ള 'ലാര്‍ക്ക പ്രസ്ഥാനം' നമുക്ക് അഭിമാനകരമാണ്. 'സിദ്ധു-കന്‍ഹു ക്രാന്തി'യില്‍ നാം അഭിമാനിക്കുന്നു. 'താന ഭഗത് പ്രസ്ഥാനത്തില്‍' നാം അഭിമാനിക്കുന്നു. ബേഗഡ ഭില്‍ പ്രസ്ഥാനം, നായിക്ദ പ്രസ്ഥാനം, സന്ത് ജോറിയ പരമേശ്വര്, രൂപ് സിംഗ് നായക് എന്നിവര്‍ നമ്മെ അഭിമാനികളാക്കുന്നു.
ദഹോദിലെ ലിംബ്ഡിയില്‍ ബ്രിട്ടീഷുകാരെ തോല്‍പിച്ചോടിച്ച ഗോത്രവീരന്മാരെ ഓര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. മാംഗറിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചതിന് ഗോവിന്ദ് ഗുരുജിയെ ഓര്‍ത്ത് നാം അഭിമാനിക്കുന്നു. അല്ലൂരി സീതാരാമ രാജുവിന്റെ നേതൃത്വത്തിലുള്ള റമ്പ പ്രസ്ഥാനത്തില്‍ നമുക്ക് അഭിമാനമുണ്ട്. അത്തരം നിരവധി പ്രസ്ഥാനങ്ങള്‍ ഈ ഭാരതഭൂമിയെ വിശുദ്ധീകരിക്കുകയും ഗോത്രവീരന്മാരുടെ ത്യാഗങ്ങള്‍ ഭാരതമാതാവിനെ രക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ ദിവസം റാഞ്ചിയിലെ ബിര്‍സ മുണ്ട മ്യൂസിയം രാജ്യത്തിന് സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഇന്ന് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട നിരവധി മ്യൂസിയങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ എല്ലാ ഉദ്യമങ്ങളിലും പദ്ധതികളിലും നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാര്‍ മുന്‍പന്തിയിലാണ്. ജന്‍ധന്‍ മുതല്‍ ഗോവര്‍ധന്‍ വരെയും വന്‍ധന്‍ വികാസ് കേന്ദ്രം മുതല്‍ വന്‍ധന്‍ സ്വയംസഹായ സംഘം വരെയും സ്വച്ഛ് ഭാരത് മിഷന്‍ മുതല്‍ ജല്‍ ജീവന്‍ മിഷന്‍ വരെയും പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ വരെയും മാതൃ വന്ദന യോജന മുതല്‍ പോഷകാഹാരത്തിനായുള്ള ദേശീയ പ്രചാരണം വരെയും ഗ്രാമീണ റോഡ് പദ്ധതി മുതല്‍ മൊബൈല്‍ കണക്റ്റിവിറ്റി വരെയും ഏകലവ്യ സ്‌കൂളുകള്‍ മുതല്‍ ആദിവാസി സര്‍വ്വകലാശാലകള്‍ വരെയും മുളയുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ മാറ്റുന്നത് മുതല്‍ ഏകദേശം 90 വന ഉല്‍പന്നങ്ങള്‍ക്കു തറവില നിശ്ചയിക്കുന്നതു വരെയും, അരിവാള്‍ രോഗം തടയുന്നതു മുതല്‍ ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതു വരെയും കൊറോണയുടെ സൗജന്യ വാക്‌സിനുകള്‍ മുതല്‍ നിരവധി മാരക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് വരെയും ഉള്ള പദ്ധതികളിലൂടെ രാജ്യത്തെ കോടിക്കണക്കിന് ആദിവാസി കുടുംബങ്ങളുടെ ജീവിതം സുഗമമാക്കിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. രാജ്യത്തുടനീളം നടക്കുന്ന വികസനത്തിന്റെ പ്രയോജനം അവര്‍ക്ക് ലഭിച്ചു.
സുഹൃത്തുക്കളെ,
ആദിവാസി സമൂഹത്തില്‍ ധീരതയുണ്ട്, പ്രകൃതിയുമായുള്ള സഹവാസവും ഉള്‍ക്കൊള്ളലുമുണ്ട്. മഹത്തായ ഈ പൈതൃകത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ ഭാവി രൂപപ്പെടുത്തേണ്ടത്. ഈ ദിശയില്‍ 'ജനജാതിയ ഗൗരവ് ദിവസ്' നമുക്ക് ഒരു സുപ്രധാന മാധ്യമമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ദൃഢനിശ്ചയവുമായി, ഞാന്‍ ഒരിക്കല്‍ കൂടി ഭഗവാന്‍ ബിര്‍സ മുണ്ടയുടെയും കോടിക്കണക്കിന് ഗോത്രവീരന്മാരുടെയും പാദങ്ങളില്‍ വണങ്ങുന്നു.
ഒത്തിരി നന്ദി!
--ND--
(Release ID: 1877613)
Visitor Counter : 132
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu