ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനവും പ്രദർശനവും, 2022 നവംബർ 4 മുതൽ 6 വരെ കൊച്ചിയിൽ നടക്കും

Posted On: 03 NOV 2022 11:27AM by PIB Thiruvananthpuram

 


കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് എസ് പുരിയും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി നാളെ (2022 നവംബർ 4 ന്) സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

"ആസാദി@75 - സുസ്ഥിര ആത്മനിർഭര നഗര ഗതാഗതം" എന്ന പ്രമേയത്തിലൂന്നിയാണ് UMI സമ്മേളനവും, എക്‌സ്‌പോ 2022 ഉം സംഘടിപ്പിച്ചിരിക്കുന്നത്


ന്യൂഡൽഹി: നവംബർ 03, 2022

15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനവും എക്‌സ്‌പോ 2022 ഉം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എന്നിവർ സംയുക്തമായി നാളെ (2022 നവംബർ 4 ന്) കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. കേരള ഗവൺമെന്റുമായി സഹകരിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് 2022 നവംബർ 4 മുതൽ 6 വരെ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നയരൂപീകരണ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ, മെട്രോ റെയിൽ കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ, ഗതാഗത സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർമാർ, അന്താരാഷ്‌ട്ര വിദഗ്ധർ, പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങൾക്കും ആശ്രയിക്കാവുന്ന തരത്തിൽ തുല്യവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും, നഗര ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിലും നഗര തലത്തിലും ശേഷി വികസിപ്പിക്കുന്നതിലും ഇന്ത്യാ ഗവൺമെന്റിന്റെ 2006-ലെ ദേശീയ നഗര ഗതാഗത നയം (NUTP) ശക്തമായ ഊന്നൽ നൽകുന്നു.

NUTP പ്രഖ്യാപനങ്ങളുടെ ഭാഗമായി, അർബൻ മൊബിലിറ്റി ഇന്ത്യ അഥവാ UMI പ്രമേയമാക്കി, വാർഷിക അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നതിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ്  മുൻകൈ എടുക്കുന്നത്. ആഗോളതലത്തിൽ തന്നെ ഏറ്റവും നവീനവും മികച്ചതുമായ നഗര ഗതാഗത സംവിധാനങ്ങൾ സംബന്ധിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കുകയും, നഗര ഗതാഗത സംവിധാനങ്ങൾ കാലികമായി നിലനിർത്താൻ ഉതകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം.

ആഭ്യന്തര-അന്തർദേശീയ പ്രൊഫഷണലുകൾ, സാങ്കേതികവിദ്യകൾ-സേവന ദാതാക്കൾ എന്നിവരുമായി സംവദിക്കാൻ സമ്മേളനം അവസരം ഒരുക്കുന്നു. പ്രതിനിധികൾക്ക് സ്വന്തം നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ സുസ്ഥിര പാതയിൽ വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ സമ്മേളനത്തിൽ നിന്ന് ഉൾക്കൊള്ളാൻ കഴിയും. ദേശീയ അന്തർദേശീയ വിദഗ്ധർ, സാങ്കേതിക-സേവന ദാതാക്കൾ, നയ രൂപകർത്താക്കൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, നഗര ഗതാഗത മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവരെ സമ്മേളനം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു.

ഈ വർഷം, അർബൻ മൊബിലിറ്റി ഇന്ത്യ (UMI) സമ്മേളനവും പ്രദർശനവും "ആസാദി@75 - സുസ്ഥിര ആത്മനിർഭര നഗര ഗതാഗതം" എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നഗരങ്ങളിൽ കാര്യക്ഷമവും ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ ഗതാഗത സംവിധാനം രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും സമ്മേളനം ഊന്നൽ നൽകും. വിവരസാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റവും ഈ മേഖലയിലെ നൂതനാശയങ്ങളും സമസ്ത ജനവിഭാഗങ്ങളുടെയും ഗതാഗത ആവശ്യങ്ങൾ നിറവേറ്റും വിധം നഗര ഗതാഗത സംവിധാനങ്ങളുടെ സമുചിതമായ ഉപയോഗം സാധ്യമാക്കുന്നു.

നൂതനാശയങ്ങൾ വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങൾ ഉയർന്നുവരുന്നതിലേക്ക് നയിച്ചു. അതുവഴി യാത്രക്കാർക്ക് വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള വിശാല സാധ്യത തുറന്നു നൽകുന്നു. ഉദാഹരണത്തിന്, മെട്രോ നിയോ, മെട്രോ ലൈറ്റ് എന്നിവ മെട്രോ റെയിലിന്റെ കുറഞ്ഞ ചെലവിലുള്ള പകരം സംവിധാനമായി ഉയർന്നുവന്നിട്ടുണ്ട്. ഇവ ഇടത്തരം നഗരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. പ്രാദേശിക ഗതാഗത സേവനം മെച്ചപ്പെടുത്തുന്നതിനായി നഗരങ്ങൾ നൂതനമായ സർക്കുലേറ്റർ സേവനങ്ങൾ ആസൂത്രണം ചെയ്യുന്നു. അതുവഴി മോട്ടോർ വാഹനങ്ങളുടെ വ്യക്തിഗത ആവശ്യകത പരമാധി ഒഴിവാക്കാനാകുന്നു.

 

UMI സമ്മേളനം, എക്‌സ്‌പോ 2022-ന്റെ പ്രതിദിന പരിപാടികൾ വിശദമായി അറിയാൻ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/nov/doc2022113121001.pdf 
 
RRTN/SKY


(Release ID: 1873407) Visitor Counter : 181