പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആഗോള നിക്ഷേപകസംഗമം ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തി‌ലൂടെ അഭിസംബോധനചെയ്തു


“കഴിവിന്റെയും സാങ്കേതികവിദ്യയുടെയും കാര്യമെടുക്കുമ്പോൾ മനസിൽ ഓടിയെത്തുന്നതു ‘ബ്രാൻഡ് ബംഗളൂരു’വാണ്”

“‘ഇൻവെസ്റ്റ് കർണാടക 2022’ മത്സരക്ഷമവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ ഉത്തമോദാഹരണമാണ്”

“അനിശ്ചിതത്വത്തിന്റെ ഈ കാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചു ലോകത്തിനു ബോധ്യമുണ്ട്”

“നിക്ഷേപകരെ ചുവപ്പുനാടയിൽ കുടുക്കുന്നതിനുപകരം, നിക്ഷേപത്തിനായി ചുവന്ന പരവതാനി വിരിക്കുന്ന അന്തരീക്ഷമാണു ഞങ്ങൾ സൃഷ്ടിച്ചത്”

“ധീരമായ പരിഷ്കരണങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, മികച്ച പ്രതിഭകൾ എന്നിവയിലൂടെയേ നവഇന്ത്യ കെട്ടിപ്പടുക്കാനാകൂ”

“നിക്ഷേപത്തിലും മനുഷ്യമൂലധനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാലേ വികസനലക്ഷ്യങ്ങൾ കൈവരിക്കാനാകൂ”

“ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ശക്തി കർണാടകത്തിന്റെ വികസനത്തെ മുന്നോട്ടുനയിക്കുന്നു”

“ഇന്ത്യയിൽ നിക്ഷേപിക്കുക എന്നതിനർഥം, ഏവരും ഉൾപ്പെടുന്നതിൽ നിക്ഷേപിക്കുക എന്നാണ്; ജനാധിപത്യത്തിൽ നിക്ഷേപിക്കുക എന്നാണ്; ലോകത്തിനായി നിക്ഷേപിക്കുക എന്നാണ്; മികച്ചതും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭൂമിക്കായി നിക്ഷേപിക്കുക എന്നാണ്”

Posted On: 02 NOV 2022 11:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ആഗോള നിക്ഷേപകസംഗമമായ ‘ഇൻവെസ്റ്റ് കർണാടക 2022’ന്റെ ഉദ്ഘാടനച്ചടങ്ങിനെ വിദൂരദൃശ്യസംവിധാനത്തി‌ലൂടെ അഭിസംബോധനചെയ്തു. 

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, കർണാടകജനത ഇന്നലെ ആചരിച്ച രാജ്യോത്സവത്തിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രകൃതിയുടെയും സംസ്കാരത്തിന്റെയും അതിശയകരമായ വാസ്തുവിദ്യയുടെയും ഊർജസ്വലമായ സ്റ്റാർട്ടപ്പുകളുടെയും സംയോജനമാണു കർണാടകമെന്നു പ്രധാനമന്ത്രി പറഞ്ഞു. “കഴിവിന്റെയും സാങ്കേതികവിദ്യയുടെയും കാര്യമെടുക്കുമ്പോൾ മനസിൽ ഓടിയെത്തുന്നതു ‘ബ്രാൻഡ് ബംഗളൂരു’വാണ്. ഈ പേര് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സുപ്രസിദ്ധമാണ്”- ശ്രീ മോദി പറഞ്ഞു. 

കർണാടകത്തിൽ നിക്ഷേപകസംഗമം സംഘടിപ്പിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. മത്സരക്ഷമവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ ഉത്തമോദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. നിർമാണവും ഉൽപ്പാദനവും പ്രധാനമായും സംസ്ഥാനഗവണ്മെന്റിന്റെ നയങ്ങളെയും നിയന്ത്രണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ ആഗോള നിക്ഷേപകസംഗമത്തിലൂടെ സംസ്ഥാനങ്ങൾക്കു പ്രത്യേക മേഖലകൾ ലക്ഷ്യംവയ്ക്കാനും മറ്റു രാജ്യങ്ങളുമായി പങ്കാളിത്തമുണ്ടാക്കാനും കഴിയും”- അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിനു കോടിരൂപയുടെ പങ്കാളിത്തം ഈ സംഗമത്തിൽ ആസൂത്രണംചെയ്തിട്ടുണ്ട്. ഇതു രാജ്യത്തെ യുവജനങ്ങൾക്കു തൊഴിലവസരം വർധിപ്പിക്കും.


21-ാം നൂറ്റാണ്ടിൽ, നിലവിലെ സാഹചര്യത്തിൽനിന്ന് ഇന്ത്യക്കു മുന്നോട്ടുമാത്രമേ പോകാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 84 ബില്യൺ ഡോളറിന്റെ റെക്കോർഡ് വിദേശനിക്ഷേപമാണ് ഇന്ത്യക്കു ലഭിച്ചത്. ഇന്ത്യയോട് ആഗോളതലത്തിലുള്ള ശുഭാപ്തിവിശ്വാസത്തെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “ഇത് അനിശ്ചിതത്വങ്ങളുടെ കാലമാണ്. ഇപ്പോഴും മിക്ക രാജ്യങ്ങൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് അവബോധമുണ്ട്. വിഘടനത്തിന്റെ ഈ കാലഘട്ടത്തിൽ, ഇന്ത്യ ലോകത്തോടൊപ്പം നീങ്ങുകയും ലോകത്തോടൊപ്പം പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്യുന്നു”. വിതരണശൃംഖല തടസപ്പെട്ട കാലഘട്ടത്തിൽ മരുന്നുകളുടെയും പ്രതിരോധമരുന്നുകളുടെയും വിതരണത്തിൽ ഇന്ത്യക്കു ലോകത്തിന് ഉറപ്പുനൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിപണി തകർന്ന കാലമായിരുന്നിട്ടും, നമ്മുടെ പൗരന്മാരുടെ വ‌ികസനസ്വപ്നങ്ങളാൽ നമ്മുടെ ആഭ്യന്തരവിപണികൾ ശക്തമാണ്. ആഗോളപ്രതിസന്ധിയുടെ സമയത്തും, വിദഗ്ധരും വിശകലന വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ഇന്ത്യയെ ശോഭനമായ സ്ഥലമായി വാഴ്ത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, നമ്മുടെ അടിസ്ഥാനകാര്യങ്ങളുടെ ഉറപ്പുവർധിപ്പിക്കുന്നതിനായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു”- ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പാത മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 9-10 വർഷംമുമ്പു രാജ്യം നയവും നടപ്പാക്കലും സംബന്ധിച്ച പ്രശ്നങ്ങളുമായി മല്ലിട്ടിരുന്ന സമീപനത്തിൽനിന്നുള്ള മാറ്റം അദ്ദേഹം വിശദീകരിച്ചു. “നിക്ഷേപകരെ ചുവപ്പുനാടയിൽ കുടുക്കുന്നതിനുപകരം, നിക്ഷേപത്തിനായി ചുവന്ന പരവതാനി വിരിക്കുന്ന അന്തരീക്ഷം ഞങ്ങൾ സൃഷ്ടിച്ചു. പുതിയ സങ്കീർണനിയമങ്ങൾ സൃഷ്ടിക്കുന്നതിനുപകരം ഞങ്ങൾ അവ യുക്തിസഹമാക്കി”- അദ്ദേഹം പറഞ്ഞു.
 

ധീരമായ പരിഷ്കരണങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, മികച്ച പ്രതിഭകൾ എന്നിവയിലൂടെയേ നവഇന്ത്യ കെട്ടിപ്പടുക്കാൻ സാധിക്കൂവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നു ഗവൺമെന്റിന്റെ എല്ലാ മേഖലകളിലും ധീരമായ പരിഷ്കരണങ്ങൾ നടപ്പാക്കുന്നു. ജിഎസ്‌ടി, ഐബിസി, ബാങ്കിങ് പരിഷ്കരണങ്ങൾ, യുപിഐ, കാലഹരണപ്പെട്ട 1500 നിയമങ്ങളും ആവശ്യമില്ലാത്ത 40,000 ചട്ടങ്ങൾ പാലിക്കലും ഒഴിവാക്കൽ എന്നിവ അദ്ദേഹം പരാമർശിച്ചു. പല കമ്പനിനിയമവ്യവസ്ഥകളും ഒഴിവാക്കൽ,നേരിട്ടെത്തേണ്ടതില്ലാത്ത മൂല്യനിർണയം, എഫ്ഡിഐക്കുള്ള പുതിയ വഴികൾ, ഡ്രോൺ നിയമങ്ങളുടെയും ജിയോസ്പേഷ്യൽ-ബഹിരാകാശ-പ്രതിരോധ മേഖലകളുടെയും ഉദാരവൽക്കരണം തുടങ്ങിയ നടപടികൾ അഭൂതപൂർവമായ ഊർജം കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായെന്നും 20ലധികം നഗരങ്ങളിൽ മെട്രോ വിപുലീകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പിഎം-ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ ലക്ഷ്യം ഉയർത്തിക്കാട്ടി, സംയോജിത അടിസ്ഥാനസൗകര്യവികസനമാണ് ഇതു ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു മാത്രമല്ല, നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾക്കുമായി രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി നടപ്പിലാക്കുന്നതിൽ ഏറ്റവും കാര്യക്ഷമമായ മാർഗം ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതറ്റംവരെയുമുള്ള സമ്പർക്കസൗകര്യങ്ങൾക്കും, ഉൽപ്പന്നത്തെയോ സേവനത്തെയോ ലോകോത്തര നിലവാരത്തിലാക്കി മെച്ചപ്പെടുത്തുന്നതിനുള്ള മാർഗത്തിനും ഊന്നൽ നൽകണമെന്നു ശ്രീ മോദി പറഞ്ഞു. ഈ യാത്രയിൽ യുവാക്കൾ കൈവരിച്ച മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടി, യുവശക്തിയുടെ ഊർജത്താൽ ഇന്ത്യയിലെ എല്ലാ മേഖലകളും മുന്നേറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.


“നിക്ഷേപത്തിലും മനുഷ്യമൂലധനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചാലേ വികസനലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. ഈ ചിന്തയിൽ മുന്നോട്ടുപോകവേയാണ്, നാം ആരോഗ്യ-വിദ്യാഭ്യാസമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിച്ചത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും മനുഷ്യമൂലധനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണു നമ്മുടെ ലക്ഷ്യം”- പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപരിപാലനപദ്ധതികൾക്കൊപ്പം ഉൽപ്പാദന ആനുകൂല്യങ്ങൾ, വ്യവസായനടത്തി‌പ്പു സുഗമമാക്കലും ആരോഗ്യ-സൗഖ്യകേന്ദ്രങ്ങളും, ഹൈവേ ശൃംഖലയും കക്കൂസുകൾക്കും ശുദ്ധമായ കുടിവെള്ളത്തിനുമുള്ള മാർഗങ്ങളും,  ഭാവ‌ി കണക്കാക്കിയുള്ള അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ട് സ്കൂളുകളും തുടങ്ങിയ കാര്യങ്ങളിൽ ഒരേസമയം ഉത്തേജനം നൽകുന്നതിനെപ്പറ്റി പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തിന്റെ പരിസ്ഥിതിസൗഹൃദവളർച്ചയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “ഹരിതവളർച്ചയ്ക്കും സുസ്ഥിര ഊർജത്തിനും വേണ്ടിയുള്ള നമ്മുടെ സംരംഭങ്ങൾ കൂടുതൽ കൂടുതൽ നിക്ഷേപകരെ ആകർഷിച്ചു. തങ്ങൾക്കായുള്ള മുതൽമുടക്കു തിരികെനൽകാനും ഭൂമിയോടുള്ള ഉത്തരവാദിത്വം നിറവേറ്റാനും ആഗ്രഹിക്കുന്നവർ പ്രതീക്ഷയോടെ ഇന്ത്യയിലേക്കു നോക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. 

കർണാടകത്തിലെ ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശക്തിയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാനത്തെ പല മേഖലകളുടെയും വേഗത്തിലുള്ള വികസനത്തിന് ഇതു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി. വ്യവസായനടത്ത‌ിപ്പു സുഗമമാക്കുന്നതിൽ കർണാടകം ഒന്നാംസ്ഥാനത്തു തുടരുന്നുവെന്നും എഫ്ഡിഐയുടെ കാര്യത്തിൽ മുൻനിരസംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിന്റെ ഖ്യാതിയിലാണു കർണാടകമെന്നും ഉദാഹരണങ്ങൾ നൽകി പ്രധാനമന്ത്രി പറഞ്ഞു. “ഫോർച്യൂൺ 500 കമ്പനികളിൽ 400 എണ്ണവും ഇന്ത്യയിലെ 100ലധികം യൂണികോൺ കമ്പനികളിൽ 40ലധികവും കർണാടത്തിലാണ്”- അദ്ദേഹം പറഞ്ഞു. വ്യവസായം, വിവരസാങ്കേതികവിദ്യ, ഫിൻടെക്, ബയോടെക്, സ്റ്റാർട്ടപ്പുകൾ, സുസ്ഥിര ഊർജം എന്നിവയുടെ ആസ്ഥാനമായ കർണാടകം ഇന്നു ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവ‌ിദ്യാമേഖലയായി കണക്കാക്കപ്പെടുന്നുവെന്നു പ്രധാനമന്ത്രി പരാമർശിച്ചു. “എല്ലാ മേഖലയിലും വികസനത്തിന്റെ പുതിയ കഥ എഴുതപ്പെടുന്നു”-അദ്ദേഹം പറഞ്ഞു. കർണാടകത്തിന്റെ നിരവധി വികസനമാനദണ്ഡങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മാത്രമല്ല, ചില രാജ്യങ്ങളെയും വെല്ലുവിളിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാണമേഖലയുടെ പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ദേശീയ സെമികണ്ടക്ടർ ദൗത്യത്തെക്കുറിച്ചു പരാമർശിക്കുകയും ചിപ്പ് രൂപകല്പനയും നിർമാണവും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. 

നിക്ഷേപകന്റെ വീക്ഷണവും ഇന്ത്യയുടെ കാഴ്ചപ്പാടും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടി, നിക്ഷേപകൻ ഇടക്കാലത്തേക്കും ദീർഘകാലത്തേയ്ക്കുമുള്ള കാഴ്ചപ്പാടോടെ മുന്നോട്ടുപോകുമ്പോൾ, ഇന്ത്യക്കു പ്രചോദനാത്മകമായ ദീർഘകാലാടിസ്ഥാനമുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നാനോ യൂറിയ, ഹൈഡ്രജൻ ഊർജം, ഹരിത അമോണിയ, കൽക്കരി വാതകമാക്കൽ, ബഹിരാകാശ ഉപഗ്രഹങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ നിരത്തിയ അദ്ദേഹം, ഇന്ത്യയിന്നു ലോകത്തിന്റെ വികസനമന്ത്രവുമായി മുന്നോട്ടുപോകുന്നുവെന്നു ചൂണ്ടിക്കാട്ടി. “ഇതാണ് ഇന്ത്യയുടെ അമൃതകാലം. ‘ആസാദി കാ അമൃത് മഹോത്സവി’ൽ രാജ്യത്തെ ജനങ്ങൾ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയെടുക്കുകയാണ്”- അദ്ദേഹം പറഞ്ഞു. 2047ഓടെ വികസിതരാഷ്ട്രമായി മാറുക എന്ന ലക്ഷ്യമാണ് ഇന്ത്യ പിന്തുടരുന്നത്. അത‌ിനായി, ഏവരേയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവും ശക്തവുമായ ഇന്ത്യയുടെ വികസനം ലോകത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നതിനാൽ, നിക്ഷേപവും ഇന്ത്യയുടെ പ്രചോദനവും ഒന്നിക്കേണ്ടതു വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിൽ നിക്ഷേപിക്കുക എന്നതിനർഥം, ഏവരും ഉൾപ്പെടുന്നതിൽ നിക്ഷേപിക്കുക എന്നാണ്; ജനാധിപത്യത്തിൽ നിക്ഷേപിക്കുക എന്നാണ്; ലോകത്തിനായി നിക്ഷേപിക്കുക എന്നാണ്; മികച്ചതും വൃത്തിയുള്ളതും സുരക്ഷിതവുമായ ഭൂമിക്കായി നിക്ഷേപിക്കുക എന്നാണ്”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

പശ്ചാത്തലം:  

ഭാവിനിക്ഷേപകരെ ആകര്‍ഷിക്കാനും അടുത്ത ദശാബ്ദത്തേക്കുള്ള വികസന അജന്‍ഡ രൂപീകരിക്കാനും ലക്ഷ്യമിട്ടാണ് ഈ സംഗമം. നവംബര്‍ 2 മുതല്‍ 4 വരെ ബംഗളൂരുവില്‍ നടക്കുന്ന ത്രിദിനപരിപാടി 80ലധികം സെഷനുകള്‍ക്കു സാക്ഷ്യംവഹിക്കും. കുമാര്‍ മംഗലം ബിര്‍ള, സജ്ജന്‍ ജിന്‍ഡാല്‍, വിക്രം കിര്‍ലോസ്കര്‍ എന്നിവരുള്‍പ്പെടെയുള്ള വ്യവസായപ്രമുഖര്‍ പ്രഭാഷകരായുണ്ട്. മുന്നൂറിലധികം പ്രദര്‍ശകരുള്ള നിരവധി വ്യവസായപ്രദർശനങ്ങളും വിവിധ രാജ്യങ്ങൾക്കായുള്ള സെഷനുകളും സമാന്തരമായി നടക്കും. വിവിധ രാജ്യങ്ങൾക്കുള്ള സെഷനുകളിൽ ഫ്രാന്‍സ്, ജർമനി, നെതര്‍ലാന്‍ഡ്സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവ  ആതിഥേയത്വം വഹിക്കും.  ഉന്നതതലമന്ത്രിമാരുടെയും വ്യാവസായികപ്രതിനിധികളുടെയും സംഘങ്ങളെ അതതു രാജ്യങ്ങളില്‍ നിന്നെത്തിക്കും. പരിപാടിയുടെ ആഗോളമാനം കര്‍ണാടകത്തിന് അതിന്റെ സംസ്കാരം ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവുമേകും.

PM @narendramodi is addressing inaugural function of ‘Invest Karnataka 2022’. https://t.co/j8BUYFyzwv

— PMO India (@PMOIndia) November 2, 2022

जब भी Talent और Technology की बात आती है, तो दिमाग में जो नाम सबसे पहले आता है, वो है Brand Bengaluru. pic.twitter.com/r3fkKvVYs1

— PMO India (@PMOIndia) November 2, 2022

Despite global uncertainties, India is growing rapidly. pic.twitter.com/iaxKUhcOHQ

— PMO India (@PMOIndia) November 2, 2022

Global experts have hailed India as a bright spot. pic.twitter.com/NpNc0IUAOP

— PMO India (@PMOIndia) November 2, 2022

India is rolling out red carpet for the investors. pic.twitter.com/ZO3fzJAZiS

— PMO India (@PMOIndia) November 2, 2022

New India is focusing on -

Bold reforms,

Big infrastructure,

Best talent. pic.twitter.com/43iU4dUvEy

— PMO India (@PMOIndia) November 2, 2022

PM-GatiShakti National Master Plan is aimed at integrated infrastructure development. pic.twitter.com/rqhsyDvWYk

— PMO India (@PMOIndia) November 2, 2022

Today, every sector in India, is moving ahead with the power of youth. pic.twitter.com/SAs84qD00X

— PMO India (@PMOIndia) November 2, 2022

India is setting an example for the world when it comes to renewable energy. pic.twitter.com/017etyeHoV

— PMO India (@PMOIndia) November 2, 2022

Investment in India means - Investment in Inclusion, Investment in Democracy. pic.twitter.com/66lqECQ57J

— PMO India (@PMOIndia) November 2, 2022

--ND--


(Release ID: 1872983) Visitor Counter : 237