രാജ്യരക്ഷാ മന്ത്രാലയം

ആഭ്യന്തര ഉത്പാദകരിൽ നിന്ന് സംഭരിക്കാനുദ്ദേശിക്കുന്ന 101 പ്രതിരോധ ഇനങ്ങളടങ്ങിയ നാലാമത്തെ പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടിക DefExpo 2022 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു

Posted On: 19 OCT 2022 11:06AM by PIB Thiruvananthpuram

ഇന്ന് (2022 ഒക്ടോബർ 19 ന്) ഗുജറാത്തിലെ ഗാന്ധിനഗറിൽ, DefExpo 2022 ന്റെ ഉദ്ഘാടന വേളയിൽ, ആഭ്യന്തര ഉത്പാദകരിൽ നിന്ന് മാത്രം സംഭരിക്കാനുദ്ദേശിക്കുന്ന 101 ഇനങ്ങളടങ്ങിയ 'നാലാമത്തെ പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടിക' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഇനങ്ങളും തദ്ദേശീയ സ്രോതസ്സുകളിൽ നിന്ന് ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയർ (DAP) 2020 വ്യവസ്ഥകൾ പ്രകാരം സംഭരിക്കുന്നതാണ്.

വ്യവസായ മേഖല ഉൾപ്പെടെയുള്ള പങ്കാളികളുമായി നിരന്തര കൂടിയാലോചനകൾക്ക് ശേഷമാണ് നാലാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം (MoD) തയ്യാറാക്കിയത്. വികസന ഘട്ടത്തിലുള്ളതും അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഓർഡർ നൽകി സംഭരിക്കാവുന്നതുമായ  ഉപകരണങ്ങൾ/സംവിധാനങ്ങൾ എന്നിവ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ മൂന്ന് ലിസ്റ്റുകൾ പോലെ, നിരന്തര ആവശ്യകതയുള്ള വെടിയുണ്ടയുടെയും മറ്റും ഇറക്കുമതിക്ക് പകരം ആഭ്യന്തര സംഭരണത്തിന് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ വർദ്ധിച്ചുവരുന്ന ശേഷിയും വൈദഗ്ധ്യവും നാലാമത്തെ പട്ടിക വ്യക്തമാക്കുന്നു. കൂടാതെ സാങ്കേതികവിദ്യയിലും ഉത്പാദനത്തിലും പുതിയ നിക്ഷേപം ആകർഷിക്കുന്നതിലൂടെ ആഭ്യന്തര ഗവേഷണത്തിന്റെയും വികസനത്തിന്റെയും സാധ്യതകൾ വർദ്ധിക്കാനും സാധ്യതയുണ്ട്.

'നാലാമത്തെ പോസിറ്റീവ് സ്വദേശിവൽക്കരണ പട്ടിക'യിൽ വ്യക്തമാക്കിയിരിക്കുന്ന സമയക്രമം  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യവസായമേഖലയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും പ്രതിരോധ മന്ത്രാലയം (MoD) നൽകുകയും തദ്വാരാ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും രാജ്യത്തിന്റെ കയറ്റുമതി ശേഷി സമയബന്ധിതമായി വികസിപ്പിക്കുകയും ചെയ്യും. വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ് പ്രതിരോധ മന്ത്രാലയം (MoD) വെബ്സൈറ്റിൽ (www.mod.gov.in) ലഭ്യമാണ്.

 

നാലാമത്തെ പോസിറ്റീവ് സ്വദേശിവത്കരണ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/oct/doc20221019118701.pdf
 
 RRTN
***


(Release ID: 1869214) Visitor Counter : 128