പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ രണ്ടു ജലവൈദ്യുതപദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു



പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്വൈ)-IIIനു പ്രധാനമന്ത്രി തുടക്കം തുറിച്ചു



'അടുത്ത 25 വര്‍ഷം 130 കോടി ഇന്ത്യക്കാര്‍ക്ക് ഏറെ നിര്‍ണായകമാണ്'



'ഹിമാചല്‍ പ്രദേശിന്റെ വികസനവേഗത ഇരട്ടിയാക്കിയ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശക്തി സംസ്ഥാനം ഇന്നു തിരിച്ചറിയുന്നു'



'മലയോരമേഖലകളിലും എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള മേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന്റെ മഹായജ്ഞം നടക്കുന്നു'



''നിങ്ങളുടെ (ജനങ്ങളുടെ) ഉത്തരവാണ് എനിക്കു പരമപ്രധാനം. നിങ്ങളാണ് എന്റെ ഹൈക്കമാന്‍ഡ്'



'സേവനമനോഭാവം ശക്തമാകുമ്പോള്‍ മാത്രമേ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കൂ'



'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് മാത്രമേ ആത്മീയതയുടെയും വിനോദസഞ്ചാരത്തിന്റെയും ശക്തി തിരിച്ചറിയൂ'


Posted On: 13 OCT 2022 2:48PM by PIB Thiruvananthpuram


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ രണ്ടു ജലവൈദ്യുത പദ്ധതികള്‍ക്കു തറക്കല്ലിടുകയും പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)-IIIനു തുടക്കംകുറിക്കുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, രണ്ടുദിവസംമുമ്പു താന്‍ മഹാകാല്‍ നഗരം സന്ദര്‍ശിച്ചെന്നും ഇന്നു മണിമഹേശ്വരന്റെ ശരണാശ്രമത്തിലാണു താന്‍ എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചമ്പയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു പ്രദേശത്തെ അധ്യാപകന്‍ എഴുതിയ കത്തിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. 'മന്‍ കി ബാത്തി'ല്‍ പ്രധാനമന്ത്രി കത്തു പങ്കുവച്ചിരുന്നു.

ചമ്പയിലും മറ്റു വിദൂരഗ്രാമങ്ങളിലും റോഡുകള്‍ ബന്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിവിധ പദ്ധതികള്‍ ആരംഭിക്കാന്‍ തനിക്ക് അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ തന്റെ നാളുകള്‍ അദ്ദേഹം അനുസ്മരിച്ചു. കുന്നുകളിലെ യുവത്വവും വെള്ളവും കുന്നുകള്‍ക്കായി ഉപയോഗിക്കുന്നില്ല എന്നര്‍ഥം വരുന്ന 'പഹാഡ് കാ പാനി ഔര്‍ പഹാഡ് കി ജവാനി പഹാഡ് കേ കാം നഹി ആതി' എന്ന പഴമൊഴിക്ക് ഇന്നു മാറ്റംവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ഇനി മലയോരത്തെ യുവാക്കള്‍ ഈ പ്രദേശത്തിന്റെ വികസനത്തില്‍ സജീവമായ പങ്കുവഹിക്കും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അടുത്ത 25 വര്‍ഷം 130 കോടി ഇന്ത്യക്കാര്‍ക്ക് ഏറെ നിര്‍ണായകമാണ്'- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ വികസിതരാജ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ഇന്ത്യയുടെ 'ആസാദി കാ അമൃത് കാല്‍' ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വരുംമാസങ്ങളില്‍ ഹിമാചല്‍ സംസ്ഥാനം സ്ഥാപിതമായിട്ട് 75 വര്‍ഷം തികയുകയാണ്. അതായത്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, ഹിമാചലും നിലവില്‍ വന്നതിന്റെ 100 വര്‍ഷം ആഘോഷിക്കും. അതുകൊണ്ടാണു വരാനിരിക്കുന്ന 25 വര്‍ഷങ്ങളിലെ ഓരോദിവസവും നമുക്കു വളരെ പ്രധാനപ്പെട്ടതാകുന്നത്''- പ്രധാനമന്ത്രി വിശദീകരിച്ചു.

ഹിമാചല്‍ പ്രദേശിനു ഡല്‍ഹിയില്‍ കാര്യമായ സ്വാധീനമില്ലാതിരുന്ന കാലത്തെപ്പറ്റിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഹിമാചലിന്റെ ആവശ്യങ്ങളും അഭ്യര്‍ഥനകളും അവഗണിക്കപ്പെട്ടതിന്റെ ഫലമായി ചമ്പപോലുള്ള പ്രധാന വിശ്വാസകേന്ദ്രങ്ങളും പ്രകൃതിസൗന്ദര്യവും വികസനത്തില്‍ പിന്നാക്കം പോയതായും പ്രധാനമന്ത്രി പറഞ്ഞു. ചമ്പയുടെ കരുത്തിനെക്കുറിച്ച് അറിയാവുന്നതിനാല്‍ വികസനംകാക്ഷിക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേകശ്രദ്ധ ചെലുത്തിയതായി ശ്രീ മോദി അറിയിച്ചു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' പദ്ധതിയുടെ ഭാഗമായി കേരളത്തില്‍നിന്നുള്ള കുട്ടികള്‍ ഹിമാചലിലേക്കു വരുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ വികസനവേഗത ഇരട്ടിയാക്കിയ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശക്തി ഹിമാചല്‍ ഇന്നു തിരിച്ചറിയുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജോലിഭാരവും സമ്മര്‍ദവും കുറഞ്ഞതും രാഷ്ട്രീയനേട്ടങ്ങള്‍ കൂടുതലുള്ളതുമായ മേഖലകളില്‍ മാത്രമാണു മുന്‍ ഗവണ്‍മെന്റുകള്‍ സേവനങ്ങള്‍ നല്‍കിയത് എന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിനാല്‍, വിദൂര-ഗിരിവര്‍ഗമേഖലകളില്‍ വികസനനിരക്കു വളരെ കുറവായിരുന്നു. 'അതു റോഡോ വൈദ്യുതിയോ വെള്ളമോ ആകട്ടെ, അത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവുമൊടുവിലായാണ് ആനുകൂല്യങ്ങള്‍ ലഭിച്ചത്'- ശ്രീ മോദി പറഞ്ഞു. 'ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനശൈലി മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാണ്. ജനങ്ങളുടെ ജീവിതം എങ്ങനെ സുഗമമാക്കാം എന്നതിനാണു ഞങ്ങളുടെ മുന്‍ഗണന. അതുകൊണ്ടാണു ഞങ്ങള്‍ ഗിരിവര്‍ഗമേഖലകളിലും മലയോര മേഖലകളിലും പരമാവധി ഊന്നല്‍ നല്‍കുന്നത്.' പാചകവാതകകണക്ഷനുകള്‍ നല്‍കിയതും, പൈപ്പുവെള്ളം, ആരോഗ്യസേവനങ്ങള്‍, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ എത്തിച്ചതും റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചതുമെല്ലാം വിദൂര-മലയോരമേഖലകളിലെ ജീവിതത്തെ മാറ്റിമറിച്ച നടപടികളാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഗ്രാമങ്ങളില്‍ സൗഖ്യകേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും, അതേസമയം, ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ തുറക്കുകയുംചെയ്യുന്നു'- അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരമേഖലയെ സംരക്ഷിക്കുന്നതിനായി പ്രതിരോധകുത്തിവയ്പിന്റെ കാര്യത്തില്‍ ഹിമാചല്‍ പ്രദേശിനു മുന്‍ഗണന നല്‍കിയതിനെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഏറ്റവും വേഗത്തില്‍ നൂറുശമാനം പ്രതിരോധകുത്തിവയ്പ് നടത്തിയതിനു മുഖ്യമന്ത്രിയെയും സംഘത്തെയും ശ്രീ മോദി അഭിനന്ദിച്ചു.

ഗ്രാമീണ റോഡുകളുടെ നിര്‍മണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സ്വാതന്ത്ര്യാനന്തരം 2014 വരെ 1800 കോടിരൂപ ചെലവഴിച്ച് 7000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രാമീണ റോഡുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 12000 കിലോമീറ്റര്‍ റോഡുകള്‍ വെറും 5000 കോടിരൂപ ചെലവില്‍ നിര്‍മിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പദ്ധതികള്‍ 3000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അഭ്യര്‍ഥനകളുമായി ഹിമാചല്‍ പ്രദേശ്, ഡല്‍ഹിയില്‍ വന്നിരുന്ന നാളുകള്‍ അവസാനിച്ചെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഹിമാചല്‍ വരുന്നത്, പുതിയ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും അതിന്റെ പുരോഗതിയുടെ വിശദാംശങ്ങള്‍ തരാനും തങ്ങളുടെ അവകാശങ്ങള്‍ നേടാനുമായാണ്. ''നിങ്ങളുടെ (ജനങ്ങളുടെ) ഉത്തരവാണ് എനിക്കു പരമപ്രധാനം. നിങ്ങളാണ് എന്റെ ഹൈക്കമാന്‍ഡ്. ഇത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതുകൊണ്ടാണു നിങ്ങളെ സേവിക്കുന്നതു വ്യത്യസ്തമായ സന്തോഷമേകുന്നതും എനിക്ക് ഊര്‍ജം പകരുന്നതും'' - പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 8 വര്‍ഷത്തെ വികസനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ''രാജ്യത്തുടനീളമുള്ള മലയോരമേഖലകളിലും എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഗിരിവര്‍ഗമേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിന്റെ മഹായജ്ഞം നടന്നുകൊണ്ടിരിക്കുകയാണ്.'' ഇതിന്റെ നേട്ടങ്ങള്‍ ഹിമാചലിലെ ചമ്പയില്‍ മാത്രമല്ല, പാംഗി-ഭര്‍മൗര്‍, ഛോട്ടാ-ബഡാ ഭംഗല്‍, ഗിരിമ്പാര്‍, കിന്നൗര്‍, ലഹൗള്‍-സ്പിതി തുടങ്ങിയ പ്രദേശങ്ങള്‍ക്കും ലഭിക്കുമെന്നു ശ്രീ മോദി പറഞ്ഞു. വികസനംകാംക്ഷിക്കുന്ന ജില്ലകളുടെ വികസനറാങ്കിങ്ങില്‍ രണ്ടാംസ്ഥാനം നേടിയതിനു ചമ്പയെ അദ്ദേഹം അഭിനന്ദിച്ചു.

 

ഗിരിവര്‍ഗസമൂഹങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കി, സിര്‍മൗറിലെ ഗിരിപാര്‍ പ്രദേശത്തെ ഹാടി സമുദായത്തിനു ഗോത്രപദവി നല്‍കുന്നതിനുള്ള മറ്റൊരു സുപ്രധാനതീരുമാനം ഗവണ്മെന്റ് സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''ഗോത്രവര്‍ഗക്കാരുടെ വികസനത്തിനു നമ്മുടെ ഗവണ്മെന്റ്  എത്രത്തോളം മുന്‍ഗണന നല്‍കുന്നുവെന്നു ഇതു കാണിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചലിലെയും കേന്ദ്രത്തിലെയും മുന്‍ ഗവണ്മെന്റുകള്‍ വിദൂര-ഗിരിവര്‍ഗഗ്രാമങ്ങളെക്കുറിച്ചു തെരഞ്ഞെടുപ്പുവേളയില്‍മാത്രമാണു ചിന്തിച്ചിരുന്നതെന്നും എന്നാല്‍ ഇന്നത്തെ ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് 24x7 ജനങ്ങളെ സേവിക്കാനാണു ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ മഹാമാരിയുടെ കാലത്തു പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസംപകരാന്‍ ഗവണ്മെന്റ് നടത്തിയ ശ്രമങ്ങള്‍ അനുസ്മരിച്ചു സൗജന്യ റേഷന്‍ പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''കഴിഞ്ഞ ഒന്നരവര്‍ഷമായി രാജ്യത്തെ 80 കോടിയിലധികം ജനങ്ങള്‍ക്കു ഗവണ്മെന്റ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നകാര്യത്തില്‍, അത്ഭുതത്തോടെയാണു ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ കോവിഡ് പ്രതിരോധകുത്തിവയ്പുപരിപാടിയുടെ വിജയവും ശ്രീ മോദി ചൂണ്ടിക്കാട്ടി. അതിന്റെ വിജയത്തിന് ആരോഗ്യവകുപ്പു ജീവനക്കാരുടെയും ആശാപ്രവര്‍ത്തകരുടെയും സജീവപങ്കാളിത്തത്തിനാണു കടപ്പാടെന്നു പ്രധാനമന്ത്രി പറഞ്ഞു. ''സേവനമനോഭാവം ശക്തമാകുമ്പോള്‍ മാത്രമേ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കൂ''- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

തൊഴിലിന്റെ കാര്യത്തില്‍ മലയോര-ഗിരിവര്‍ഗമേഖലകള്‍ നേരിടുന്ന വെല്ലുവിളികളിലേക്കു വെളിച്ചംവീശി, പ്രദേശത്തിന്റെ ശക്തി ഇവിടത്തെ ജനങ്ങളുടെ ശക്തിയാക്കി മാറ്റാനാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ഗിരിവര്‍ഗമേഖലകളിലെ ജല-വനസമ്പത്തു വിലമതിക്കാനാകാത്തതാണ്''- അദ്ദേഹം പറഞ്ഞു. രാജ്യത്തു ജലവൈദ്യുതോല്‍പ്പാദനത്തിനു തുടക്കമിട്ട പ്രദേശത്താണു ചമ്പയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു തറക്കല്ലിട്ട പദ്ധതികള്‍ ഊര്‍ജോല്‍പ്പാദനമേഖലയില്‍ ചമ്പയുടെയും ഹിമാചലിന്റെയും പങ്കുവര്‍ധിപ്പിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ചമ്പയും ഹിമാചലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍നിന്നു നൂറുകണക്കിനു കോടികള്‍ സമ്പാദിക്കുമെന്നും ഇവിടത്തെ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''കഴിഞ്ഞവര്‍ഷവും അത്തരത്തില്‍ 4 വലിയ ജലവൈദ്യുതപദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും എനിക്കവസരം ലഭിച്ചു. കുറച്ചുദിവസംമുമ്പു ബിലാസ്പുരില്‍ ആരംഭിച്ച ഹൈഡ്രോ എന്‍ജിനിയറിങ് കോളേജ് ഹിമാചലിലെ യുവാക്കള്‍ക്കും പ്രയോജനപ്പെടും''- അദ്ദേഹം പറഞ്ഞു.

തോട്ടക്കൃഷി, മൃഗസംരക്ഷണം, കരകൗശലമേഖല, കലകള്‍ എന്നിവയില്‍ ഹിമാചലിന്റെ കരുത്തുയര്‍ത്തിക്കാട്ടി, പൂക്കള്‍, ചമ്പയുടെ ചുഖ്, രാജ്മ മദ്ര, ചമ്പ ചപ്പല്‍, ചമ്പ താല്‍, പാംഗി കി താംഗി തുടങ്ങിയ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പ്രാദേശിക സ്വയംസഹായസംഘങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ഉല്‍പ്പന്നങ്ങളെ അദ്ദേഹം രാജ്യത്തിന്റെ പൈതൃകം എന്നും വിശേഷിപ്പിച്ചു. പ്രാദേശികതയ്ക്കായുള്ള ശബ്ദമെന്നതിന്റെ ഉദാഹരണം ഉദ്ധരിച്ച്, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കു പ്രേരണനല്‍കുന്ന സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 'ഒരു ജില്ല ഒരുല്‍പ്പന്നം' പദ്ധതിക്കുകീഴിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഹിമാചലിന്റെ പേരു ലോകമെമ്പാടും ഉയര്‍ത്താനും കൂടുതല്‍പേരില്‍ ഹിമാചലില്‍ നിര്‍മിച്ച ഈ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുമായി, വിദേശത്തെ ഉന്നതവ്യക്തികള്‍ക്കുമുന്നില്‍ ഈ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംസ്‌കാരത്തെയും പൈതൃകത്തെയും വിശ്വാസത്തെയും മാനിക്കുന്ന ഗവണ്മെന്റാണ് ഇരട്ട എന്‍ജിന്‍ ഗവണ്മെന്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ചമ്പ ഉള്‍പ്പെടെ, മുഴുവന്‍ ഹിമാചലും വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും നാടാണ്. ഹിമാചല്‍ പ്രദേശിന്റെ പൈതൃകത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും കലവറയിലേക്കു വെളിച്ചംവീശി, കുളുവിലെ ദസറ ആഘോഷവേളയില്‍ താന്‍ സന്ദര്‍ശനംനടത്തിയതിനെ അനുസ്മരിച്ച പ്രധാനമന്ത്രി, നമുക്ക് ഒരുവശത്തു പൈതൃകവും മറുവശത്തു വിനോദസഞ്ചാരവുമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഡല്‍ഹൗസി, ഖജ്ജിയാര്‍ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആത്മീയതയുടെയും വിനോദസഞ്ചാരസമ്പത്തിന്റെയും കാര്യത്തില്‍ ഹിമാചലിന്റെ ചാലകശക്തിയാകും. ''ഇരട്ട എന്‍ജിന്‍ ഗവണ്മെന്റ് മാത്രമേ ഈ ശക്തി തിരിച്ചറിയൂ. പഴയ ആചാരങ്ങള്‍ പരിഷ്‌കരിച്ചു പുതിയൊരു പാരമ്പര്യം സൃഷ്ടിക്കാന്‍ ഹിമാചല്‍ ഉറച്ചുകഴിഞ്ഞു.''- പ്രധാനമന്ത്രി പറഞ്ഞു.

ഈ ബൃഹദ് സമ്മേളനത്തില്‍ ഹിമാചലിന്റെ വളര്‍ച്ചയുടെയും ദൃഢനിശ്ചയങ്ങളുടെയും ശക്തിയാണു താന്‍ കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ ദൃഢനിശ്ചയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇനിയും തന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍, പാര്‍ലമെന്റ് അംഗങ്ങളായ കിഷന്‍ കപൂര്‍, ഇന്ദു ഗോസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ് തുടങ്ങിയവര്‍ പങ്കെടുത്തു.

പശ്ചാത്തലം

48 മെഗാവാട്ടിന്റെ ചഞ്ജു-III ജലവൈദ്യുത പദ്ധതി, 30 മെഗാവാട്ടിന്റെ ദിയോത്തല്‍ ചഞ്ജു ജലവൈദ്യുത പദ്ധതി എന്നീ രണ്ടു ജലവൈദ്യുതപദ്ധതികളുടെ തറക്കല്ലിടലാണു പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഈ രണ്ടുപദ്ധതികളും പ്രതിവര്‍ഷം 270 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഈ പദ്ധതികളില്‍നിന്നു ഹിമാചല്‍ പ്രദേശിന് ഏകദേശം 110 കോടിരൂപയുടെ വാര്‍ഷികവരുമാനമാണു പ്രതീക്ഷിക്കുന്നത്.

ഹിമാചല്‍ പ്രദേശിലെ 3125 കിലോമീറ്റര്‍ റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) - III പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെ 15 അതിര്‍ത്തികളിലും വിദൂരബ്ലോക്കുകളിലുമായി 440 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിന് ഈ ഘട്ടത്തില്‍ കേന്ദ്രഗവണ്മെന്റ് 420 കോടിയിലധികംരൂപ അനുവദിച്ചു.

 

Delighted to be in Chamba. Numerous initiatives are being launched here which will further Himachal Pradesh's growth. https://t.co/PLixerpOtU

— Narendra Modi (@narendramodi) October 13, 2022

In Chamba, PM @narendramodi recalls when a teacher from Himachal Pradesh had shared insights for #MannKiBaat. pic.twitter.com/vdxemJZDGi

— PMO India (@PMOIndia) October 13, 2022

The next 25 years are very crucial for 130 crore Indians. pic.twitter.com/EnIgOmhPx9

— PMO India (@PMOIndia) October 13, 2022

Double engine government of Himachal Pradesh is devoted to all-round development of the state. pic.twitter.com/oCvq6zfud3

— PMO India (@PMOIndia) October 13, 2022

A 'mahayagya' of development is going on and Himachal Pradesh is greatly benefitting from it. pic.twitter.com/mRDXvRCmVz

— PMO India (@PMOIndia) October 13, 2022

A decision which will benefit numerous citizens. pic.twitter.com/58Tt1zzvBu

— PMO India (@PMOIndia) October 13, 2022

 

*****

--ND--

 


(Release ID: 1867481)