പ്രധാനമന്ത്രിയുടെ ഓഫീസ്
ഐക്യരാഷ്ട്ര സഭയുടെ ലോക ജിയോസ്‌പേഷ്യല്‍ അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
Posted On:
11 OCT 2022 11:39AM by PIB Thiruvananthpuram
അന്താരാഷ്ട്ര പ്രതിനിധികളെ, ആഗോള ജിയോ സ്‌പേഷ്യല്‍ മേഖലയിലെ വിദഗ്ധരെ, ബഹുമാനപ്പെട്ട പങ്കാളികളെ, സുഹൃത്തുക്കളെ. ഇന്ത്യയിലേക്ക് സ്വാഗതം!
ഐക്യരാഷ്ട്ര സഭയുടെ രണ്ടാം ലോക ജിയോ സ്‌പേഷ്യല്‍ അന്താരാഷ്ട്ര കോണ്‍ഗ്രസിന്റെ ഭാഗമായി നിങ്ങളുമായി സംവദിക്കുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. നാം നമ്മുടെ ഭാവി ഒരുമിച്ച് കെട്ടിപ്പടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ ചരിത്ര സന്ദര്‍ഭത്തില്‍ ആതിഥ്യമരുളുന്നതില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സമ്മേളനം ഹൈദരാബാദില്‍ നടക്കുന്നുവെന്നത് വിസ്മയകരമാണ്. തനതായ സംസ്‌കാരത്തിനും പാചകക്രമത്തിനും ആതിഥ്യമര്യാദയ്ക്കും ഉന്നതമായ സാങ്കേതിക കാഴ്ചപ്പാടിനും പേരുകേട്ടതാണ്. ഈ നഗരം.
സുഹൃത്തുക്കളെ,
'' ‘ആഗോളഗ്രാമത്തെ ഭൗമാധിഷ്ഠിതമാക്കൽ: ഒരാളെയും മാറ്റിനിർത്തരുത്'' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ സ്വീകരിച്ച നടപടികളില്‍ കാണാവുന്ന ഒരു പ്രമേയമാണിത്. അന്ത്യോദയയ എന്ന വീക്ഷണത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, അതായത് ഏതുകോണിലുമുള്ള ഏതുവ്യക്തിയെയും ദൗത്യമെന്നനിലയിൽ ശാക്തീകരിക്കൽ . ഈ ദര്‍ശനമാണ് ഏറ്റവും പിന്നിലുള്ളവരെപ്പോലും വലിയ തോതില്‍ ശാക്തീകരിക്കുന്നതിലേക്ക് നമ്മെ നയിച്ചത്. ബാങ്കുകളുമായി ബന്ധമില്ലാതിരുന്ന 450 ദശലക്ഷം ആളുകളെ ബാങ്കുകളുമായി ബന്ധപ്പെടുത്തി, ഇത് യു.എസ്സിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണ്, ഇന്‍ഷ്വര്‍ ചെയ്യാതിരുന്ന 135 ദശലക്ഷം ജനങ്ങളെ ഇന്‍ഷ്വര്‍ ചെയ്യിച്ചു, ഇത് ഫ്രാന്‍സിലെ ജനസംഖ്യയുടെ ഇരട്ടിയാണ്, 110 ദശലക്ഷം കുടുംബങ്ങള്‍ക്ക് ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കി, 60 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കി, ആരും പിന്നിലാകുന്നില്ലെന്ന് ഇന്ത്യ ഉറപ്പുവരുത്തുന്നു.
സുഹൃത്തുക്കളെ,
സാങ്കേതികവിദ്യയും പ്രതിഭയും എന്ന രണ്ടു തൂണുകള്‍ ഇന്ത്യയുടെ വികസന യാത്രയില്‍, സുപ്രധാനമാണ്. നമുക്ക് ആദ്യത്തെ തൂണായ-സാങ്കേതികവിദ്യയെക്കുറിച്ച് പരിശോധിക്കാം. സാങ്കേതികവിദ്യ പരിവര്‍ത്തനം കൊണ്ടുവരുന്നു. തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇന്ത്യ ലോകത്തിലെ ഒന്നാം സ്ഥാനത്താണെന്ന് നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാകും. നിങ്ങള്‍ പുറത്തുപോകുമ്പോൾ , ഏറ്റവും ചെറിയ കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നത്, അതിന് മുന്‍ഗണന നല്‍കുന്നത് നിങ്ങള്‍ കാണാനാകും. അതുപോലെ, കോവിഡ്-19 കാലത്ത് സാങ്കേതികവിദ്യയിലൂടെയാണ് നാം പാവപ്പെട്ടവരെ സഹായിച്ചത്. നമ്മുടെ സാങ്കേതിക വിദ്യാധിഷ്ഠിതമായ ജാം ത്രിത്വം 800 ദശലക്ഷം ആളുകള്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്തു! ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് ദൗത്യം പോലും ഒരു സാങ്കേതികവിദ്യ വേദി ഉപയോഗിച്ചായിരുന്നു നടപ്പാക്കിയത്. ഇന്ത്യയില്‍, സാങ്കേതികവിദ്യ ഒരു ഒഴിവാക്കല്‍ ഏജന്റല്ല. അത് ഉള്‍ച്ചേര്‍ക്കലിന്റെ ഒരു ഏജന്റാണ്. നിങ്ങളെല്ലാവരും ജിയോ-സ്‌പേഷ്യല്‍ മേഖലയുമായി ബന്ധപ്പെട്ടവരാണ്. ജിയോ-സ്‌പേഷ്യല്‍ സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ക്കലിനും പുരോഗതിക്കും കാരണമാകുന്നു എന്നറിയുന്നതില്‍ നിങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടാകും. നമ്മുടെ സ്വാമിത്വ പദ്ധതിയെ ഉദാഹരണമായി എടുക്കാം. ഗ്രാമങ്ങളിലെ വസ്തുവകകള്‍ മാപ്പ് ചെയ്യാന്‍ നാം ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച്, ഗ്രാമീണര്‍ക്ക് ആസ്തികാര്‍ഡുകള്‍ ലഭിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി, ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വ്യക്തമായ ഉടമസ്ഥതാ രേഖകളുണ്ടായി. ലോകത്തെവിടെയായാലും സ്വത്തവകാശം സമൃദ്ധിയുടെ ശിലാശാസനമാണെന്ന് നിങ്ങളില്‍ മിക്കവര്‍ക്കും അറിയാം. സ്ത്രീകള്‍ ഉടമസ്ഥതയുടെ പ്രധാന ഗുണഭോക്താക്കളാകുമ്പോള്‍ ഈ അഭിവൃദ്ധി കൂടുതല്‍ ത്വരിതപ്പെടുത്താനാകും.
ഇതാണ് ഇന്ത്യയില്‍ നാം ചെയ്യുന്നത്. നമ്മുടെ പൊതു ഭവന പദ്ധതി ഏകദേശം 24 ദശലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കി. ഈ വീടുകളില്‍ ഏതാണ്ട് 70% ത്തിലും ഏക അവകാശികള്‍ അല്ലെങ്കില്‍ സംയുക്ത ഉടകള്‍ സ്ത്രീകളാണ്. ഈ നട പടികള്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ദാരിദ്ര്യത്തിലും ലിംഗസമത്വത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ബഹുമാതൃക അടിസ്ഥാനസൗകര്യം നിര്‍മ്മിക്കുകയാണ് നമ്മുടെ അതിപ്രാധാന്യമുള്ള പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍പ്ലാന്‍. ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ സമുദ്രങ്ങളുടെ പരിപാലനത്തിനായി നമ്മുടെ ഡിജിറ്റല്‍ ഓഷ്യന്‍ പ്ലാറ്റ്‌ഫോമും ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നമ്മുടെ പരിസ്ഥിതിക്കും സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ഇത് നിര്‍ണായകമാണ്. ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ഇന്ത്യ ഇതിനകം തന്നെ മാതൃകയായിട്ടുണ്ട്. നമ്മുടെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം നമ്മുടെ അയല്‍പക്കത്തെ ബന്ധിപ്പിക്കലുകള്‍ വര്‍ദ്ധിപ്പിക്കുകയും ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കുന്നതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നു. ഇനി നമുക്ക് രണ്ടാമത്തെ സ്തംഭമായ പ്രതിഭയിലേക്ക് വരാം. മഹത്തായ നൂതനാശയ മനോഭാവമുള്ള ഒരു യുവ രാഷ്ട്രമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നാണ് നാം. 2021 മുതല്‍, ഞങ്ങള്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏതാണ്ട് ഇരട്ടിയാക്കി. ഇന്ത്യയുടെ യുവപ്രതിഭയാണ് ഇതിന് കാരണം. കോളനിവാഴ്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ഇന്ത്യ ആഘോഷിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്ന് നൂതനാശയത്തിനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യയിലെ ജിയോ സ്‌പേഷ്യല്‍ മേഖലയ്ക്ക് ഇത് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ ശോഭയുള്ള യുവ മനസ്സുകള്‍ക്ക് നാം ഈ മേഖല തുറന്നുകൊടുത്തു. രണ്ട് നൂറ്റാണ്ടുകളായി ശേഖരിച്ച എല്ലാ വിവരങ്ങളും അതിവേഗം സൗജന്യവും ലഭ്യമാകാവുന്നതുമായി മാറി. ജിയോ സ്‌പേഷ്യല്‍ വിവരങ്ങളുടെ ശേഖരണം, ഉല്‍പ്പാദനം, ഡിജിറ്റല്‍വല്‍ക്കരണം എന്നിവ ഇപ്പോള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു. ഇത്തരം പരിഷ്‌കാരങ്ങള്‍ ഒറ്റപ്പെട്ടതല്ല. ജിയോ സ്‌പേഷ്യല്‍ മേഖലയ്‌ക്കൊപ്പം, നമ്മുടെ ഡ്രോണ്‍ മേഖലയ്ക്കും നാം പ്രധാനപ്പെട്ട ഉത്തേജനം നല്‍കി. സ്വകാര്യ പങ്കാളിത്തത്തിനായി നമ്മുടെ ബഹിരാകാശ മേഖലയും തുറന്നുകൊടുത്തു. ഇന്ത്യയിലും 5ജിക്ക് തുടക്കം കുറിയ്ക്കുകയാണ്. നിലവിലുള്ള വിവരങ്ങളുടെ ലഭ്യത, പുതിയ വിവരങ്ങള്‍ നേടുന്നതിണുള്ള ഡ്രോണ്‍ സാങ്കേതികവിദ്യ, ബഹിരാകാശ കാര്യശേഷികള്‍ക്കുള്ള വേദി, അതിവേഗ ബന്ധിപ്പിക്കല്‍ എന്നിവ യുവ ഇന്ത്യയേയും ലോകത്തിനേയും മാറ്റിമറിക്കുന്നതാകും.
സുഹൃത്തുക്കളെ,
'ആരും ഉപേക്ഷിക്കപ്പെടരുത്' എന്ന് നാം പറയുമ്പോള്‍, അത് എല്ലായിടത്തും ബാധകമാകുയാണ്. എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നതിന് ലോകത്തിനെ ഉണര്‍ത്തുന്നതിനുള്ള ഒരു വിളിയായിരിക്കണം കോവിഡ്-19 മഹാമാരി. രോഗനിര്‍ണയം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രതിരോധകുത്തിവയ്പ്പുകള്‍ എന്നിവയും മറ്റും വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ക്ക് ആവശ്യമായിരുന്നു. എന്നിട്ടും, അവരെ സ്വന്തം വിധിക്ക് വിട്ടുകൊടുത്തു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സ്ഥാപനപരമായ ഒരു സമീപനം ആവശ്യമാണ്. ഐക്യരാഷ്ട്രസഭ പോലെയുള്ള ആഗോള സംഘടനകള്‍ക്ക് എല്ലാ പ്രദേശങ്ങളിലെയും ഏറ്റവും അവസാന ആളിലേക്ക് വരെ വിഭവങ്ങള്‍ എത്തിക്കുന്നതിന് വഴികാട്ടാനാകും. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ പോലും, ശ്രദ്ധയോടുകൂടിയ പരസ്പര സഹായവും സാങ്കേതികവിദ്യ കൈമാറ്റവും നിര്‍ണായകമാണ്. നാം ഒരേ ഗ്രഹം പങ്കിടുകയാണ്. നമ്മുടെ ഗ്രഹത്തെ രക്ഷിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ പങ്കുവെക്കാന്‍ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. സുസ്ഥിര നഗരവികസനം, ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുകയും ലഘൂകരിക്കുകയും ചെയ്യുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പിന്തുടരുക, വനപരിപാലനം, ജലപരിപാലനം, മരുഭൂമിവല്‍ക്കരണം തടയല്‍, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സാദ്ധ്യതകള്‍ അനന്തമാണ്. ജിയോ സ്‌പേഷ്യല്‍ സാങ്കേതികവിദ്യയിലൂടെ നമ്മുടെ ഗ്രഹത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. അത്തരം സുപ്രധാന മേഖലകളിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി ഈ സമ്മേളനം മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
സുഹൃത്തുക്കളെ,
രണ്ടാം യു.എന്‍ വേള്‍ഡ് ജിയോ സ്‌പേഷ്യല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് എന്നെ ശുഭാപ്തിവിശ്വാസി ആക്കുകയാണ്. ആഗോള ജിയോ സ്‌പേഷ്യല്‍ വ്യവസായത്തിന്റെ ഓഹരി ഉടമകള്‍ ഒത്തുചേരുകയും, നയങ്ങള്‍ രൂപീകരിക്കുന്നവരും അക്കാദമി ലോകവും പരസ്പരം സംവദിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഗ്ലോബല്‍ വില്ലേജിനെ (ആഗോള ഗ്രാമത്തെ) ഒരു പുതിയ ഭാവിയിലേക്ക് നയിക്കാന്‍ ഈ സമ്മേളനം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നന്ദി!
--ND--
(Release ID: 1866736)
Visitor Counter : 231
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada