വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ ശ്രീ എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു

Posted On: 23 SEP 2022 4:27PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്തംബർ 23 , 2022

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ ശ്രീ എം. വെങ്കയ്യ നായിഡു, കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ എന്നിവരുമായി ചേർന്ന് പ്രകാശനം ചെയ്തു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷൻസ് ഡിവിഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2019 മെയ് മുതൽ 2020 മെയ് വരെ വിവിധ വിഷയങ്ങൾ അധികരിച്ച് പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി, തുടർച്ചയായ നിരീക്ഷണത്തിലൂടെ എല്ലാ പദ്ധതികളും സമയക്രമം പാലിക്കുന്നുണ്ടെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്നും അന്തിമ ഗുണഫലം ലഭ്യമാകുന്നുണ്ടെന്നും ഉറപ്പാക്കുന്നതായും ചടങ്ങിൽ സംസാരിച്ച മുൻ ഉപരാഷ്ട്രപതി പറഞ്ഞു. അപാരമായ ആശയവിനിമയ വൈദഗ്ധ്യം വരദാനമായി ലഭിച്ച പ്രധാനമന്ത്രി മോദിക്ക് രാജ്യത്തെ സമസ്ത ജനവിഭാഗങ്ങളുമായും ഒരുപോലെ ഇടപഴകാൻ കഴിയുന്നതായി ശ്രീ നായിഡു ചൂണ്ടിക്കാട്ടി.

ഈ പുസ്തകത്തിലൂടനീളം ഒരു പൊതു തന്തു ദൃശ്യമാണെന്നും, അത് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീ ശാക്തീകരണത്തിനും പ്രധാനമന്ത്രി നൽകുന്ന ശ്രദ്ധയാണെന്നും കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുത്തലാഖിനെ കുറിച്ച് സംസാരിച്ച അദ്ദേഹം, ചരിത്രപരമായ ഈ തീരുമാനത്തിന്റെ ഫലം വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ-സാമൂഹിക ചിന്തകർ വിശകലനം ചെയ്യുമ്പോൾ അനുഭവവേദ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീം സ്ത്രീകളുടെ വിമോചകനായി സ്മരിക്കപ്പെടുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിക്ക് മുമ്പ് രാജ്യത്തിന്റെ വികസനം സർക്കാരിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ഉത്തരവാദിത്തം മാത്രമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാലിപ്പോൾ, രാജ്യത്തിന്റെ വികസനം പൊതുജനപങ്കാളിത്തമുള്ള (ജൻ ഭാഗിദാരി) ഒരു പരിപാടിയായി മാറുന്നുവെന്ന് പ്രധാനമന്ത്രി മോദി ഉറപ്പാക്കി. രാജ്യത്തെ ജനങ്ങൾ പദ്ധതിനടത്തിപ്പിലും ഗുണഫലങ്ങളിലും തുല്യ പങ്കാളികളാകുന്നു. ഇത് ജനാധിപത്യം എന്ന ആശയം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ സാക്ഷാത്കരിച്ചു.

സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഴത്തിലുള്ള ധാരണയും വ്യക്തമായ കാഴ്ചപ്പാടും പുസ്തകത്തിലൂടെ വ്യക്തമാകുന്നതായി കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു. ഭാവിയിലെ ചരിത്രകാരന്മാർക്ക് ഈ സമാഹാരം വളരെയധികം ഉപകാരപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, ഡയറക്‌ടറേറ്റ് ഓഫ് പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടർ ജനറൽ മോനിദീപ മുഖർജി, മന്ത്രാലയത്തിലെ വിവിധ മാധ്യമ യൂണിറ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

'ജനപങ്കാളിത്തത്തോടെ, എല്ലാരെയും കൂട്ടിയോജിപ്പിച്ച്' ('Jan Bhagidari—Taking All Together’) നവ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതും, സമഗ്രമായ വികസനം സാധ്യമാക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും കൂട്ടായ വിശ്വാസത്തിന്റെയും ദർശനവുമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്.

വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങൾ ഇതിലുൾപ്പെടുത്തിയിരിക്കുന്നു. പത്ത് വിഷയാധിഷ്ഠിത മേഖലകളിലായി വിഭജിക്കപ്പെട്ടിട്ടുള്ള പ്രസംഗങ്ങൾ, സ്വാശ്രയവും പ്രതിരോധസജ്ജവും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ കഴിവുള്ളതുമായ ‘ന്യൂ ഇന്ത്യ’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയ പുസ്തകങ്ങൾ പബ്ലിക്കേഷൻസ് ഡിവിഷന്റെ രാജ്യത്തുടനീളമുള്ള വിൽപ്പനശാലകളിലും ന്യൂ ഡൽഹിയിലെ CGO കോംപ്ലക്‌സിലെ സൂചനാ ഭവന്റെ ബുക്ക് ഗാലറിയിലും ലഭിക്കും. പ്രസിദ്ധീകരണ വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെയും ഭാരത്‌കോശ് പ്ലാറ്റ്‌ഫോമിലൂടെയും പുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം. ആമസോണിലും ഗൂഗിൾ പ്ലേയിലും ഇ-ബുക്കുകൾ ലഭ്യമാണ്.

 
RRTN/SKY
 
*****


(Release ID: 1861789) Visitor Counter : 173