ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യ മന്ഥൻ 2022 ഡോ. മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും

Posted On: 23 SEP 2022 1:43PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്തംബർ 23, 2022

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന (AB PM-JAY) നടപ്പാക്കിയതിന്റെ നാലുവർഷവും ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) നടപ്പാക്കിയതിന്റെ ഒന്നാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന വൈചാരിക സമ്മേളനമായ “ആരോഗ്യ മന്ഥൻ 2022” കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2022 സെപ്തംബർ 25-ന് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കും.

മേഖലയിലെ വിദഗ്ദ്ധ സംഘത്തിനും അക്കാദമിക്, വ്യവസായ, മാധ്യമ പ്രതിനിധികൾക്കുമൊപ്പം ആരോഗ്യ സംരക്ഷണ മേഖലയിലെ ആഗോള, ദേശീയ വിദഗ്ധരുടെ സജീവ പങ്കാളിത്തം രണ്ട് ദിവസത്തെ പരിപാടിയിൽ ഉണ്ടാകും.

2022 സെപ്റ്റംബർ 23-ന് രാജ്യത്തുടനീളമുള്ള AB-PMJAY യുടെ ഗുണഭോക്താക്കളുമായി സംവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

AB-PMJAY 2022 സെപ്തംബർ 23-ന് നാല് വർഷം പൂർത്തിയാക്കും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) അതിന്റെ ഒന്നാം വാർഷികം 2022 സെപ്റ്റംബർ 27-ന് ആഘോഷിക്കും.

പദ്ധതി നടപ്പാക്കുന്ന 33 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും 2022 സെപ്റ്റംബർ 15 മുതൽ 30 വരെ AB-PMJAY യുടെ വാർഷികത്തോടനുബന്ധിച്ച് 'ആയുഷ്മാൻ പഖ്‌വാഡ'യ്ക്ക് കീഴിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ പരിശോധന ക്യാമ്പുകൾ, ആയുഷ്മാൻ കാർഡ് എടുക്കുന്നതിനുള്ള സൗകര്യം എന്നിവ ഉണ്ടാകും.

ഡിജി ഹെൽത്ത് എക്‌സ്‌പോയിൽ നൂതന ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പൊതു-സ്വകാര്യ മേഖലയിൽ നിന്നുള്ള നവസംരംഭകരുടെ സാന്നിധ്യമുണ്ടാകും.

PMAM-കൾ (പ്രധാനമന്ത്രി ആരോഗ്യ മിത്ര), AB PM-JAY യുടെ കീഴിലുള്ള പൊതു ആശുപത്രികൾ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങൾ, ജില്ലകൾ, പൊതു-സ്വകാര്യ ആരോഗ്യ സൗകര്യങ്ങൾ, ABDM ന് കീഴിലുള്ള ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ എന്നിവയെ അംഗീകരിക്കുന്നതിനായി ആയുഷ്മാൻ ഉത്കൃഷ്ടത പുരസ്‌കാരം 2022 (ആയുഷ്മാൻ എക്‌സലൻസ് അവാർഡുകൾ) NHA സമ്മാനിക്കും. ABDM ഹാക്കത്തോൺ പരമ്പര റൗണ്ട് 1 വിജയികൾക്കും ചടങ്ങിൽ സമ്മാനം നൽകും.

 
RRTN/SKY
 


(Release ID: 1861769) Visitor Counter : 201