സാംസ്‌കാരിക മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലഭിച്ച അഭിമാനകരവും അവിസ്മരണീയവുമായ 1200-ലധികം സ്മരണികകളുടെയും സമ്മാനങ്ങളുടെയും ഇ-ലേലം നാളെ ആരംഭിക്കും
Posted On:
16 SEP 2022 2:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 16, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലഭിച്ച അവിസ്മരണീയ സമ്മാനങ്ങളുടെ ഇ-ലേലത്തിന്റെ നാലാമത്തെ പതിപ്പ് 2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നു. ലേലത്തെക്കുറിച്ച് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി മാധ്യമങ്ങളോട് വിശദീകരിച്ചു. സാംസ്‌കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്‌വാളും ശ്രീമതി. മീനാക്ഷി ലേഖിയും പങ്കെടുത്തു.
2019ൽ ആദ്യ റൗണ്ടിൽ 1805 സമ്മാനങ്ങളും രണ്ടാം റൗണ്ടിൽ 2772 സമ്മാനങ്ങളും ലേലത്തിൽ വെച്ചതായി ശ്രീ ജി.കിഷൻ റെഡ്ഡി പറഞ്ഞു. 2021-ൽ, സെപ്റ്റംബറിൽ 1348 ഇനങ്ങളുടെ ഇ-ലേലവും സംഘടിപ്പിച്ചു . ഈ വർഷം ഏകദേശം 1200 മെമന്റോകളും സമ്മാനങ്ങളും ഇ-ലേലത്തിൽ വെച്ചിട്ടുണ്ട്. സ്മരണികകളുടെ പ്രദർശനം ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടന്നു. ഈ ഇനങ്ങൾ വെബ്‌സൈറ്റിലും കാണാമെന്നും മന്ത്രി പറഞ്ഞു.
അതിമനോഹരമായ പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ കലാരൂപങ്ങൾ എന്നിവ ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അയോധ്യയിലെ ശ്രീരാമമന്ദിറിന്റെയും വാരണാസിയിലെ കാശി-വിശ്വനാഥ ക്ഷേത്രത്തിന്റെയും മാതൃകകൾ ആകർഷകമായ മറ്റ് ഇനങ്ങളിൽ ഉൾപ്പെടുന്നു. കായിക ഇനങ്ങളിലെ വിജയികളും ടീമുകളും സമ്മാനമായി നൽകിയ സ്മരണികകളുടെ ഒരു വിഭാഗവും ഉണ്ട് . ഇ -ലേലത്തിൽ ഇത്തരത്തിൽ 25 പുതിയ കായിക സ്മരണികകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ലേലത്തിലൂടെ ലഭിക്കുന്ന തുക നമാമി ഗംഗേ പദ്ധതിക്കായി ഉപയോഗിക്കും. https://pmmementos.gov.in എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് / രജിസ്റ്റർ ചെയ്തുകൊണ്ട് പൊതുജനങ്ങൾക്ക് ഇ-ലേലത്തിൽ പങ്കെടുക്കാം-
(Release ID: 1859851)
Visitor Counter : 148